പ്രവാചകനെ ചിത്രീകരിക്കുമ്പോള്‍
എന്തു കൊണ്ടാണ് പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള ദൃശ്യാവിഷ്‌കാരങ്ങള്‍ ഇസ്‌ലാമില്‍ നിഷിദ്ധമായിരിക്കുന്നത്? ഈ നിരോധനത്തിന്റെ അടിസ്ഥാനം എന്താണ്?. മുന്‍കാലങ്ങളില്‍ പലപ്പോഴും പ്രവാചകന്‍ സചിത്രമായി പ്രതിനിധാനം ചെയ്യപ്പട്ടിരുന്നുവെന്നും ഈയിടെയായി മാത്രമാണ് ഇത്തരം ആവിഷ്‌കാരങ്ങള്‍ക്ക് വ്യാപകമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് എന്നുമുളള ഒരവകാശവാദം ഇസ്‌ലാമിനെ കുറിച്ചുള്ള ചില ആധികാരിക ഗ്രന്ഥങ്ങളില്‍ ഉള്ളതായി ഒരു ലേഖനത്തില്‍ വായിക്കാനിടയായി. സുന്നികള്‍ക്കിടയില്‍ പ്രവാചക ചിത്രങ്ങള്‍ അപൂര്‍വമാണെങ്കിലും ശിയാ മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ സാധാരണമാണ്. വ്യക്തമാക്കാമോ?
ദൃശ്യാവിഷ്‌കാരങ്ങളോടുള്ള വിരോധം മുസ്‌ലിം അചാരവിചാരങ്ങളുടെ പ്രത്യേകതയാണ്. ഈ
വിരോധത്തിന്റെ ഭാഗമായി മുസ്‌ലിംകള്‍ക്കിടയിലെ ഒരു ന്യൂനപക്ഷം തങ്ങളുടെ പൊതു-സ്വകാര്യ ജീവിതത്തിലെ എല്ലാ വിധ ദൃശ്യാവിഷ്‌കാര ശ്രമങ്ങളെയും കണ്ണടച്ച് എതിര്‍ക്കുകയോ, നിരോധിക്കുകയോ പോലും ചെയ്യുന്ന അവസ്ഥ സംജാതമായി. അത്തരത്തിലുള്ള ഒരവസ്ഥാവിശേഷത്തിനു പിന്നില്‍ വഹാബി നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണ്.
കാണ്ടഹാറിലെ ശ്രീ ബുദ്ധ ചിത്രങ്ങളോടുള്ള താലിബാന്റെ കടുത്ത അസഹിഷ്ണുത ഇതിന്റെ തുടര്‍ച്ചയാണ്. അസഹിഷ്ണുതയുടെ അടിസ്ഥാനം വിഗ്രഹാരാധനയോടുള്ള എതിര്‍പ്പിലും ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഇസ്‌ലാമിക വിവക്ഷയിലും തന്നെയാണ് ചെന്നെത്തുന്നത്. ദൈവത്തില്‍ പങ്കുചേര്‍ക്കുന്നതൊഴിച്ചുള്ള പാപങ്ങള്‍ ദൈവം ഇച്ചിക്കുന്നവര്‍ക്ക് പൊറുത്തു കൊടുക്കുമെന്ന ഖുര്‍ആന്‍ സൂക്തവും (4:48), അബ്രഹാം, മോസസ് തുടങ്ങിയ പ്രവാചകന്മാര്‍ വിഗ്രഹങ്ങള്‍ തകര്‍ത്തതായി പറയുന്ന ഖുര്‍ആന്‍ സൂക്തങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ ദൃശ്യാവിഷ്‌കാരങ്ങളോടുള്ള അന്ധമായ എതിര്‍പ്പിനെ ബലപ്പെടുത്തി.
എന്നാല്‍ ഈ സൂക്തങ്ങളൊന്നും തന്നെ ദൃശ്യാവിഷ്‌കാരങ്ങളെ വിരോധിക്കാന്‍ തക്ക കാരണങ്ങളായി തീരുന്നില്ല. ഇത്തരത്തിലുള്ള ദൃശ്യാവിഷ്‌കാരങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരു ചിത്രകാരനും ഏകദൈവ വിശ്വാസത്തെ സംബന്ധിച്ച ഖുര്‍ആനികാധ്യാപനങ്ങള്‍ കൃത്യമായി പിന്‍പറ്റുക സാധ്യവുമാണ്.
എന്നിരുന്നാലും, ദൃശ്യാവിഷ്‌ക്കാരങ്ങളെ വിരോധിക്കുന്ന പ്രവാചക കല്‍പനകളും അനവധിയുണ്ട്. അവയില്‍ ചിലത് ഇവയാണ്:
‘അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞതായി ഇബ്‌നു ഉമര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ദൃശ്യാവിഷ്‌കാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ശിക്ഷിക്കപ്പെടുന്നതാണ്. തങ്ങളുടെ സൃഷ്ടികള്‍ക്ക് ജീവന്‍ നല്‍കാന്‍ അന്നവരോടു പറയപ്പെടും.’ (സ്വഹീഹു മുസ്ലിം, Vol 3, no 5268)
‘അബു മുആവിയ മുഖേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഹദീസ്: നരക വാസികളില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഏറ്റവും കഠിന ശിക്ഷക്ക് വിധേയരാക്കപ്പെടുന്നവര്‍ ചിത്ര രചനയില്‍ ഏര്‍പ്പെടുന്നവരായിരിക്കും’. (സ്വഹീഹു മുസ്ലിം, Vol 3, no 5271)
‘ആയിഷ മുഖേന നിവേദനം: ഒരിക്കല്‍ പ്രവാചകന്‍ എന്റെ അടുക്കലേക്കു വന്നപ്പോള്‍ നിറയെ ചിത്രങ്ങളുള്ള(മൃഗങ്ങളുടെ) ഒരു കര്‍ട്ടന്‍ അദ്ധേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ദേഷ്യത്താല്‍ അദ്ധേഹത്തിന്റെ മുഖം ചുവക്കുകയും, ഉടന്‍ അതെടുത്തു കീറികളയുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ഉയിര്‍ത്തെഴുന്നേല്‍പ്പു നാളില്‍ ഏറ്റവും കടുത്ത ശിക്ഷക്ക് വിധേയരാക്കപ്പെടുന്നവര്‍ ഇത്തരത്തിലുള്ള ആവിഷ്‌കാരങ്ങളില്‍ ഏര്‍പ്പെടുന്നവരായിരിക്കും’. (ബുഖാരി, Vol 8, Book 73, No. 130)
ദൃശ്യാവിഷ്‌കാരങ്ങളോട് മുസ്‌ലിംകള്‍ക്കിടയില്‍ ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത തരത്തിലുള്ള സമീപനങ്ങളാണ് ഉണ്ടായത്. അവയെ നമുക്ക് മൂന്നായി തരം തിരിക്കാം.
1. ദൃശ്യാവിഷ്‌കാരങ്ങളോടുള്ള കടുത്ത വിരോധം.
2. മതവിലക്കുകളെ ലംഘിക്കാതെയുള്ള അനുവദനീയമായ കയ്യെഴുത്ത് രചനകള്‍ക്ക് ബദല്‍ ദൃശ്യാവിഷ്‌കാരമെന്ന നിലയില്‍ കടുത്ത യാഥാസ്ഥികരായ ന്യൂനപക്ഷത്തിന്റെ എതിര്‍പ്പ് മാത്രം നേരിടേണ്ടി വന്നു. ചൈനയുടെയും മറ്റു രാജ്യങ്ങളുടെയും സ്വാധീനഫലമായി 8, 9 നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക ലോകം വിവിധ ഡിസൈനിംഗ് സാങ്കേതികതകളുടെ സാധ്യത ഉപയോഗിച്ച് കൊണ്ടുള്ള വ്യത്യസ്ത ദൃശ്യാവിഷ്‌കരണ പരീക്ഷണങ്ങള്‍ക്ക് തയ്യാറായി. ഈ രീതിയിലുള്ള ദൃശ്യാവിഷ്‌കാരങ്ങളെല്ലാം മനുഷ്യരെയും മൃഗങ്ങളെയും ചിത്രീകരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തോടനുബന്ധിച്ചുള്ള ചില പ്രദേശങ്ങളില്‍ നിലനിന്നിരുന്ന പുരാതനാചാരങ്ങളോട് ബന്ധപെട്ടുള്ള ദൃശ്യാവിഷ്‌കാരങ്ങളില്‍ അപൂര്‍വമായി പ്രത്യക്ഷപെട്ട പക്ഷികളുടെയും, മനുഷ്യരുടെയും ചിത്രങ്ങള്‍ മാത്രമായിരുന്നു ഏക അപവാദം. ലിങ്ക്: (http://www.religionfacts.com/islam/things/depictions-of-muhammad-in-isla…).
3. ആരംഭദശയിലുള്ള മുസ്‌ലിം ഉമ്മത്തിന്റെ സാഹചര്യങ്ങളുടെയും, ചുറ്റുപാടുകളുടെയും പ്രത്യേകത കണക്കിലെടുത്തതിനാലാവാം പ്രവാചകന്‍ ചിത്രങ്ങളെയും പ്രതീകങ്ങളെയും വിലക്കുന്നതില്‍ ബദ്ധശ്രദ്ധാലുവായതെന്ന് ഈ ഹദീസുകളെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വായിക്കുമ്പോള്‍ മനസ്സിലാക്കാവുന്നതാണ്. കടുത്ത വിഗ്രഹാരാധന നിലനിന്നിരുന്ന ഒരു സമൂഹത്തില്‍ നിന്നും ഇസ്‌ലാമിലേക്ക് കടന്നു വന്ന തന്റെ അനുയായികള്‍ക്കിടയില്‍ ദൃശ്യാവിഷ്‌കാരങ്ങളോടുള്ള മൃദു സമീപനം പല തെറ്റായ പ്രവണതകള്‍ക്കും ഇടയാകിയേക്കാം എന്ന തിരിച്ചറിവായിരിക്കാം പ്രവാചകനെ ഇത്തരത്തില്ലുള്ള ആവിഷ്‌കാരങ്ങളെ പൂര്‍ണമായും വിലക്കുന്നതിലേക്ക് നയിച്ചത്. ദൈവത്തോടുള്ള ഏതു തരത്തിലുള്ള പങ്ക് ചേര്‍ക്കലിനെയും കടുത്ത രീതിയില്‍ എതിര്‍ത്തു പോന്ന മതമെന്ന നിലക്ക് ആ നിലപാട് അത്യന്താപേക്ഷിതവുമായിരുന്നു.
തൗഹീദ്, ശിര്‍ക്ക് എന്നിവ ഖുര്‍ആനിലെ രണ്ടു സുപ്രധാന വാക്കുകളാണ്. ഉപരിതലത്തില്‍ നിന്ന് കൊണ്ട് വിഗ്രഹാരാധനയുമായി ബന്ധപെടുത്തി മാത്രം ഈ വാക്കുകളെ നിര്‍വചിക്കാനാവില്ല. പലയിടത്തും തൗഹീദ് എന്ന പദം ദൈവത്തിന്റെ ശിരസ്സുമായുള്ള അടിമയുടെ സൂക്ഷ്മ ബന്ധത്തെ സൂചിപ്പിക്കുന്നതായിട്ടാണ് ഉപയോഗിക്കപ്പെട്ടത്. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ ബന്ധങ്ങളില്‍ നിന്നുമുള്ള വേര്‍പ്പെടലിനെ സൂചിപ്പിക്കാനാണ് ശിര്‍ക്ക് എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഉദ്യാനത്തില്‍ സ്ഥാപിക്കപെട്ട ഒരു വിഗ്രഹം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വെറും ഒരു സൂചകം മാത്രമായി നിലകൊളളാനിടയില്ല എന്ന തിരിച്ചറിവാണ് വിഗ്രഹങ്ങളെ കടുത്ത രീതിയില്‍ വിരോധിക്കാന്‍ മതത്തെ പ്രേരിപ്പിക്കുന്ന ഘടകം. ഇത് കൊണ്ട് തന്നെയായിരിക്കാം പ്രവാചകന്‍ പരവതാനിയിലേതടക്കമുള്ള ചിത്രങ്ങളോട് മുഖം തിരിച്ചതും. കടുത്ത വിഗ്രഹാരാധകര്‍ക്കിടയില്‍ നിന്നും ഇസ്‌ലാമിലേക്ക് കടന്നു വന്ന പുത്തന്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ചിത്രങ്ങള്‍ വിഗ്രഹങ്ങളുടെ അതേ ഫലം ഉണ്ടാക്കുമോ എന്ന് പ്രവാചകന്‍ ഭയപ്പെട്ടിരിക്കാം.
എന്നിരുന്നാലും ഇസ്‌ലാമിക ചരിത്രം വരകളാലും ചിത്രങ്ങളാലും സമ്പുഷ്ഠമായിരുന്നു. ഇറാനില്‍ മംഗോളിയ കാലഘട്ടത്തിലെ ആലങ്കാരിക ചുവര്‍ ചിത്രങ്ങളുടെയും കയ്യെഴുത്ത് പ്രതികളുടെയും രൂപത്തിലുള്ള പേര്‍ഷ്യന്‍ കലാരൂപങ്ങള്‍ ഏവരുടേയും സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബെഹ്‌സാദ് (1455-1536) ആയിരുന്നു അന്ന് സുപ്രസിദ്ധിയാര്‍ജിച്ച ഇസ്‌ലാമിക ചിത്രകാരന്‍. അദ്ധേഹത്തിന് ഇറാനില്‍ ആര്‍ട്ട് അക്കാദമി തന്നെ ഉണ്ടായിരുന്നു. കളിമണ്‍ പാത്രങ്ങളും, ഓടുകളും നിര്‍മ്മിക്കുന്നതിലെ വൈദഗ്ധ്യത്തിന്റെ പേരില്ലായിരുന്നു അന്നത്തെ ഓട്ടോമന്‍ തുര്‍ക്കികള്‍ (15-19നൂറ്റാണ്ട്) അറിയപ്പെട്ടിരുന്നതെങ്കിലും ചെറിയ രൂപത്തിലുള്ള ആലങ്കാരിക ചിത്ര രചനകളിലും അവര്‍ ഏര്‍പ്പെട്ടിരുന്നു. പ്രവാചകന്റെയും ഖുര്‍ആനിലെയും കല്‍പനകളെ കുറിച്ച് ഈ കലാകാരന്മാര്‍ക്ക് അറിവുണ്ടായിരുന്നില്ല എന്ന് കരുതാവുന്നതല്ല മറിച്ച് അവര്‍ കല്‍പനകളെ സൂചകാര്‍ത്ഥത്തില്‍ എടുത്തിരിക്കാനാണ് സാധ്യത. ലിങ്ക്:(http://www.religionfacts.com/islam/things/depictions-of-muhammad-in-isla…)
സാമാന്യ രൂപകങ്ങള്‍ക്കനുസൃതമായി പ്രവാചകനെ കുറിച്ച വ്യത്യസ്ത വര്‍ണ്ണനകള്‍ നിലനില്‍ക്കുന്നുണ്ട്. പ്രവാചക ജന്മദിനം ആഘോഷിക്കുന്നത് അതിലൊന്ന് മാത്രമാണ്. വഹാബി-സലഫി ചായ്‌വുള്ള പണ്ഡിതര്‍ ഇത്തരത്തിലുള്ള എല്ലാ ആഘോഷങ്ങളെയും അതിനോടനുബന്ധിച്ചുള്ള മൗലിദ് പോലുള്ള സ്തുതി ഗീതങ്ങളെയും കടുത്ത രീതിയില്‍ എതിര്‍ത്തു പോന്നു. പ്രവാചകന്‍ ഒരു ചരിത്ര പുരുഷന്‍ മാത്രമായിരുന്നില്ല മറിച്ച് അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ അനുയായികളുടെ പ്രണയഭാജനം കൂടിയായിരുന്നു. അന്ന് മുതല്‍ അവര്‍ അദ്ധേഹത്തെ പ്രകീര്‍ത്തിച്ചു പാടുന്നു.
പ്രവാചകനെ ദൃശ്യവല്‍കരിച്ചു തുടങ്ങുന്നതും യഥാര്‍ത്ഥത്തില്‍ മംഗോളിയന്‍ കാലഘട്ടത്തിലാണ്. പേര്‍ഷ്യന്‍ ആലങ്കാരിക കലകളുടെ ഭാകമായി കഥാഖ്യാന രൂപേണയാണു അവര്‍ പ്രവാചകനെയും, ഇറാനിയന്‍ രാജാക്കന്മാരെയും, മറ്റു പലരെയും ദൃശ്യവല്‍ക്കരിച്ചത്. ഈ ചിത്രങ്ങളില്‍ പ്രവാചക വദനം ഒരു പ്രകാശ വലയത്താലോ മറ്റോ മറഞ്ഞ രീതിയിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ലോകത്താകമാനമുള്ള മ്യൂസിയങ്ങളില്‍ ഇത്തരത്തിലുള്ള കയ്യെഴുത്തുപ്രതികള്‍ നമുക്ക് കണ്ടെത്താവുന്നതാണ്. ചില ചിത്രങ്ങള്‍ പ്രവാചകനെ മുഴുവനായി ആലേഖനം ചെയ്ത രീതിയിലും മറ്റുള്ളവ പ്രവാചകന്റെ മുഖം ചിത്രീകരിക്കാതെയും ദൈവവുമായുള്ള അടുപ്പം സൂചിപ്പിക്കുന്ന വിധത്തില്‍ ഒരു ദിവ്യ പ്രഭയാല്‍ മറഞ്ഞ രീതിയിലുമാണ്. ലിങ്ക്: (http://www.religionfacts.com/islam/things/depictions-of-muhammad-example…).
1315-ല്‍ ‘ജാമി അല്‍ തവാരിക്’ എന്ന ഗ്രന്ഥം അടിസ്ഥാനപ്പെടുത്തി തബ്രിസില്‍ പ്രവാചകന്റെ ജനനം, ബാഹിറ എന്ന പുരോഹിതനുമായുള്ള കൂടികാഴ്ച, ഹജറുല്‍ അസ്‌വദ് കഅ്ബയില്‍ പ്രതിഷ്ഠിക്കുന്നതുമായി ബന്ധപെട്ട തര്‍ക്ക പരിഹാരവുമെല്ലാം ഇത്തരത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടു. ഈ ചിത്രങ്ങളിലൊന്നും തന്നെ പ്രവാചകന്‍ പ്രത്യക്ഷപ്പെട്ടത് മുഖം മറക്കപ്പെട്ട രീതിയിലായിരുന്നില്ല. ശിയാ മുസ്‌ലിംകള്‍ക്കിടയില്‍ പ്രത്യേകിച്ച് തുര്‍ക്കിയിലെ അലവികള്‍ക്കിടയില്‍ പ്രവാചകന്റെയും അലിയുടെയും ചിത്രങ്ങള്‍ സാധാരണമാണ്. പ്രവാചകന്‍ തന്റെ കാലഘട്ടത്തിലെ അനുയായികള്‍ക്കിടയില്‍ പ്രത്യക്ഷനായിരുന്നത് പോലെയും ജീവിച്ചിരുന്നത് പോലെയുമുള്ള യാഥാര്‍ത്ഥ്യ ബോധം കൈവരിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ അവര്‍ക്ക് ആവശ്യമായിരുന്നിരിക്കാം. അങ്ങിനെ അവര്‍ക്ക് പ്രവാചകനെ ആരാധിക്കാനും അതല്ലെങ്കില്‍ പ്രവാചകനായി മാത്രം കണക്കാക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്.
ഒമിദ് സാഫിയുടെ ‘Memories of Muhammad: Why the Prophet Matters’ പ്രവാചക ദൃശ്യാവിഷ്‌കരണത്തെ കുറിച്ച ചര്‍ച്ചകളില്‍ താല്‍പര്യമുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന പ്രധാന ഗ്രന്ഥങ്ങളിലൊന്നാണ്.
ഈ രീതിയിലുള്ള ചിത്രീകരണങ്ങളെ വ്യതിചലനങ്ങളായി കാണാനാവില്ല. ഡാനിഷ് കാര്‍ട്ടൂണുകളുമായോ സല്‍മാന്‍ റുഷ്ദിയുടെ വ്യാജമായ ചിത്രീകരണങ്ങളുമായോ താരതമ്യപ്പെടുത്താവുന്നതുമല്ല. പ്രവാചകനിന്ദ എന്നതിനേക്കാള്‍ പൊതുവേ പ്രചാരത്തിലിരുന്ന ചിത്രീകരണങ്ങളുടെയും ആവിഷ്‌കാരങ്ങളുടെയും ഭാഗം മാത്രമാണവ. ആധികാരികതയുടെയും കൃത്യതയുടെയും കാര്യത്തില്‍ ആര്‍ക്കും ഈ ചിത്രങ്ങളെ വിമര്‍ശന വിധേയമാക്കാവുന്നതാണ് (ഒരു കലാകാരന്റെ ഭാവന മാത്രമാണ് അതിന്റെ അടിസ്ഥാനം എന്നുള്ളതിനാലും പ്രവാചകന്‍ ഇത്തരത്തില്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നതിനാലുമാണത്. എന്തായിരിക്കാം ഈ ചിത്രങ്ങള്‍ക്കുള്ള മാതൃക? കലാകാരന് സ്വന്തം അഭീഷ്ടപ്രകാരം തന്നെ മാതൃകയാക്കി പോലും ഇത്തരത്തില്‍ പ്രവാചക ചിത്രങ്ങള്‍ തീര്‍ക്കാവുന്നതാണ്).
സമഗ്രമായ രീതിയില്‍ ചിത്രീകരിക്കപ്പെട്ടില്ലെങ്കിലും ജനപ്രിയ മാധ്യമങ്ങളും പ്രവാചകനെ പലപ്പോഴായി ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. മുസ്തഫ അക്കാദിന്റെ ‘Mohammed, Messenger of God’ അത്തരത്തിലൊന്നാണ്. ഇത്തരത്തിലുള്ള മാതൃകകളും ദൃശ്യാവിഷ്‌കാരങ്ങളൊന്നുമില്ലെങ്കിലും പ്രവാചകന്‍ കാലങ്ങളായി സമ്പുഷ്ഠമായ കാവ്യ രചനകളുടെയും, മികച്ച കലാരൂപങ്ങളുടെയും ഭാഗമായി തീര്‍ന്നിട്ടുണ്ട്.
Connect
Connect with us on the following social media platforms.