സെല്ലുലോയിഡിന്റെ പ്രവാചകന്‍
പ്രവാചകനെ ആദരിക്കലും സ്‌നേഹം പ്രകടിപ്പിക്കലും ഇസ്‌ലാമില്‍ വിശ്വാസത്തിന്റെ ഭാഗമാണ്. കലയിലും സാഹിത്യങ്ങളിലും ആവിഷ്‌കരിക്കപ്പെട്ട പ്രവാചക പ്രതിനിധാനങ്ങളാണ് പിന്നീട് ചരിത്രപരമായ ആഖ്യാനങ്ങള്‍ക്ക് വിപുലമായ സാധ്യത നല്‍കിയത്. പ്രവാചക സ്‌നേഹം സംഗീത- സാഹിത്യമായി ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ചില സാമ്പ്രദായിക ശീലങ്ങള്‍ അതുപോലെ തുടര്‍ന്ന് വരിയാണ് ചെയ്യാറുള്ളത്. കടുത്ത യഥാസ്ത്ഥിക നിലപാടുകള്‍ കാരണം പ്രവാചകനെ കുറിച്ചുള്ള സാഹിത്യ- സംഗീത ആവിഷ്‌കാരങ്ങളേക്കാള്‍ വലിയ കോലാഹലങ്ങളാണ് പ്രവാചക ദൃശ്യാവിഷ്‌കാരങ്ങള്‍ നേരിടേണ്ടി വരുന്നത്. പ്രവാചകനെ കുറിച്ച് ആധികാരികമായി വിരലിലെണ്ണാവുന്ന ദൃഷ്യാവിഷ്‌കാരങ്ങള്‍ / സിനിമകള്‍ മാത്രമാണിറങ്ങിയത്. പക്ഷേ ഇതിനിടയിലും യേശു കൃസ്തു നിരവധി തവണ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു. മാര്‍ട്ടിന്‍ സ്‌കോര്‍സേസിന്റെ(Martin Scorces) ദ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ദ ക്രൈസ്റ്റ് (The Last Temptation of the Christ), മെല്‍ ഗിബ്‌സണിന്റെ (Mel Gibson) പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് (Passion of the Christ) എന്നിവയാണ് ജീസസ് സിനിമകളില്‍ ശ്രദ്ദേയം. പക്ഷേ പ്രവാചകന്‍ മുഹമ്മദ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത് വിരലിലെണ്ണാവുന്ന തവണകള്‍ മാത്രമാണ്. പ്രവാചകനെ കുറിച്ചുള്ള പഴയ കാഴ്ച്ചകളും അതിലുപരി പുതിയ കാഴ്ച്ചകളുമാണ് ഇത്തരം സിനിമകളിലൂടെ ചിത്രീകരിക്കുന്നത്.
1976 ല്‍ മുസ്തഫ അക്കാദ് സംവിധാനം ചെയ്ത ‘ദ മെസ്സേജ്’ ( The Message) സംവിധാന മികവുള്ളതും പ്രവാചക ജീവിതത്തെ കൃത്യമായി ആവിഷ്‌കരിക്കുകയും ചെയ്ത സിനിമയാണ്. എഴുപതുകളിലെ പരിമിതമായ സാങ്കേതികതയെ വളരെ ബുദ്ധിപൂര്‍വ്വം മുസ്തഫ അക്കാദ് ഈ സിനിമയില്‍ കൂടി മറികടന്നിരിക്കുന്നു. സിനിമയില്‍ ഒരിടത്തും പ്രവാചകനെ കാണിക്കുകയോ ശബ്ദം ഉള്‍പ്പെടുത്തുകയോ ചെയ്യുന്നില്ല. സാമ്പ്രദായിക യാഥാസ്ഥിക വീക്ഷണത്തെ പ്രതീകാത്മകമായി വെല്ലുവിളിക്കുകയായിരുന്നു. എന്നിരുന്നാലും മുസ്‌ലിം വേള്‍ഡ് ലീഗ് മക്കയും, സൗദി അറേബ്യയും കുവൈത്തും സിനിമക്ക് എതിരായിരുന്നു. ഈജിപ്തിലെ അല്‍ അസ്ഹര്‍ സിനിമയ്ക്കനുകൂലവും ലിബിയയുംമൊറോക്കൊയും
സാമ്പത്തിക സഹകരണവും പ്രഖ്യാപിച്ചു. ലിബിയന്‍ ഭരണാധികാരി ഗദ്ദാഫിയാണ് സിനിമയ്ക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കിയത്. ഹോളിവുഡ് അഭിനേതാക്കളായ ആന്റണി ക്യന്നും(Anthony Quinn) അയ്‌റീന്‍ പാപാസും(Irene Papas) സിനിമയില്‍ യഥാക്രമം പ്രവാചകന്റെ അമ്മാവന്‍ ഹംസയായും ശത്രു പക്ഷത്തെ നേതാവിന്റെ ഭാര്യ ഹിന്ദ് ആയും അഭിനയിച്ചിരിക്കുന്നത്. മത നിന്ദയിലും അരാജക ജീവിതത്തിലും അഭിരമിച്ച് ജീവിച്ച അറേബ്യന്‍ ജനതയെ ദൈവ സന്ദേശ വാഹകനായി വന്ന് പ്രവാചകന്‍ മുഹമ്മദ് ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നതും, ഏറെ ക്ലേശവും ത്യാഗവും സഹിച്ച് ഇസ്‌ലാം പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ സുവര്‍ണ്ണ കാലഘട്ടത്തെയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ശത്രുക്കളുമായുണ്ടായ പ്രധാന യുദ്ധങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ജാക്ക് ഹില്‍യാഡിന്റെ(Jack Hildyard)ഛായാഗ്രഹണം ഏറെ മികവുറ്റതാണ്.
സിനിമയില്‍ യുദ്ധം ചിത്രീകരിച്ചിരിക്കുന്നത് ഒരു രക്തച്ചൊരിച്ചില്‍ കാണിക്കുന്ന ത്രല്ലിലല്ല മറിച്ച് അതിന്റെ പ്രാധാന്യത്തെ / പ്രസക്തിയെ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇസ്‌ലാമിക ആശയ- രാഷ്ട്രീയത്തെ സിനിമ ഒരു തരത്തിലും പോറലേല്‍പ്പിക്കുന്നില്ല.എന്നിരുന്നാലും ചില യാഥാസ്ഥിക ഗ്രൂപ്പുകള്‍ക്ക് അദ്ദേഹത്തോട് പകയുണ്ടായിരുന്നു.ലിബിയയിലെ വീരയോദ്ധാവ് ഉമര്‍ മുഖ്താറിനെ കുറിച്ചുള്ള സിനിമ ലെയണ്‍ ഓഫ് ദ ഡെസ്സേര്‍ട്ടിനു(Lion of the Desert) ശേഷം നിര്‍മ്മിച്ച ‘ഹാലോവീന്‍ ‘ ഹൊറര്‍ സിനിമകളിലൂടെയാണ് മുസ്തഫ അക്കാദ് ഹോളീവുഡില്‍ അറിയപ്പെട്ടിരുന്നത്. 2005-ലെ ജോര്‍ദാനിലെ ഹോട്ടലില്‍ അല്‍ഖാഇദ നടത്തിയ ബോംബാക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. അതോടെ ഇസ്‌ലാമിലുണ്ടായിരുന്ന വാര്‍പ്പ് മാതൃകകളെ ധൈര്യപൂര്‍വ്വം തിരസ്‌കരിച്ച് പ്രവാചക ജീവിതത്തെ സ്‌ക്രീനിലെത്തിച്ച കലാകാരനെ ലോകത്തിന് നഷ്ടമായി.
അക്കാദിന്റെ മരണത്തിനു മൂന്നു വര്‍ഷങ്ങങ്ങള്‍ക്ക് മുമ്പ് 2002-ല്‍ പ്രവാചകന്‍ വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ബദര്‍ ഇന്റര്‍നാഷനല്‍ കോര്‍പ്പറേഷന്റെ നിര്‍മ്മാണത്തില്‍ റിച്ചാഡ് റിച്ച്(Richard Rich) സംവിധാനം ചെയ്ത ആനിമേഷന്‍ മൂവിയാണ് 2002 ല്‍ അമേരിക്കയില്‍ പുറത്തിറങ്ങിയ ‘മുഹമ്മദ്: ദ ലാസ്റ്റ് പ്രൊഫെറ്റ്‘ (Muhammed: The Last Prophet). പ്രവാചക ജീവിതത്തിന്റെ നൂതന ദൃശ്യാവിഷ്‌കാരുന്നു ഈ ആനിമേഷന്‍ സിനിമ. പ്രവാചക ജീവിതത്തെയും ഇസ്‌ലാമിക ആശയവും എല്ലാവരിലുമെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. മെസ്സേജില്‍ മുസ്തഫാ അക്കാദ് സ്വീകരിച്ച അവതരണ രീതിയായിരുന്നു ഈ ആനിമേഷന്‍ സിനിമയിലും പ്രവാചകനെ ചിത്രീകരിക്കുന്നതിന് അവലംബിച്ചിരിക്കുന്നത്. പ്രവാചകന്‍ സിനിമയില്‍ ക്യാമറയുടെ പോയിന്റ് ഓഫ് വ്യൂ ആണ്. ആനിമേഷന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ച് വിവാദങ്ങള്‍ക്കിട നല്‍കാതെ പ്രവാചക ജീവിതത്തെ ദൃഷ്യ ഭാഷയില്‍ പുനരാവിഷ്‌കരിക്കാന്‍ ബദര്‍ ഇന്റര്‍നാഷനലിന് സാധിച്ചു.
2002-ല്‍ തന്നെ അമേരിക്കയില്‍ മിഷേല്‍ വൂള്‍ഫും (Michael Wolf) അലെക്‌സ് ക്രൊണീമറും (Alex Kronemer) മിഷേല്‍ ഷ്വാസും (Michael Schwarz) പി.ബി.എസുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഡോക്യുമെന്ററിയാണ് ‘മുഹമ്മദ്: ദ ലെഗസി ഓഫ് എ പ്രൊഫെറ്റ് ‘ (Muhammed: The Legacy of a Prophet). മൂന്നു വര്‍ഷമെടുത്തു ചിത്രീകരിച്ച ഡോക്യുമെ്ന്ററി പ്രവാചകന്റെ ജീവിതത്തിലൂടെയും ഇസ്‌ലാമിക ചരിത്രത്തിലൂടെയും കടന്നു പോവുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മനുഷ്യര്‍ക്കിടയിലെ പ്രവാചകസ്വാധീനത്തെ കുറിച്ചുള്ള ഒരന്വേഷണമാണിത്. അമേരിക്കയിലെ ഇസ്‌ലാമിക പണ്ഡിതരായ സെയ്ദ് ഹുസൈന്‍ നസര്‍(Sayyed Husain Nasr) , കാരെന്‍ ആംസ്‌ട്രോങ്ങ് (Karen Armstrong), മുഹമ്മദ് സകരിയ്യ (Muhammad Zakariya), മിഷേല്‍ വൂള്‍ഫ് തുടങ്ങിയ പ്രമുഖര്‍ ഡോക്യുമെന്ററിയില്‍ കടന്നു വരുന്നുണ്ട്. പാശ്ചാത്യര്‍ക്കിടയില്‍ പ്രവാചകനെ കൂടുതല്‍ മനസ്സിലാക്കാനും ഇസ്‌ലാമിന്റെ ചരിത്രത്തെ കുറിച്ച് ഒരവബോധം സൃഷ്ടിക്കാനും ഈ ഡോക്യുമെന്ററിക്കായിട്ടുണ്ട്.
ഹോളീവുഡില്‍ കൊട്ടിഘോഷിക്കപ്പെട്ട കൊമേഷ്യല്‍ സിനിമകളുടെ നിര്‍മ്മാതാവ് ബാരി ഓസ്‌ബോണ്‍ (Barrie Osborne) ഒരിക്കല്‍ പ്രവാചകനെ കുറിച്ച് സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരം എഴുതുകയുണ്ടായി. ആള്‍ട്ട് മുസ്‌ലിമിന്റെ (www.altmuslim.com) ചീഫ് എഡിറ്റര്‍ ഷാഹിദ് അമാനുള്ള (Shahid Amanulla) ഗാര്‍ഡിയനില്‍ ആശങ്കയോടെ എഴുതിയത് കൊമേഷ്യല്‍ സംവിധായകനെ സംബന്ധിച്ചിടത്തോളം മെസ്സേജ് പോലെയുള്ള ക്ലാസിക്കിന്റെ പുനരാവിഷ്‌കരണം സാധ്യമാകുമോ എന്നും ഇസ്‌ലാമിക ആശയത്തെ പ്രചരിപ്പിക്കുക എന്ന ഉദ്ദേഷ്യമാണെങ്കില്‍ ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാനികളായ ഇബ്‌നു ബതൂത, ജലാലുദ്ദീന്‍ റൂമി, മുല്ലാ നസ്‌റുദ്ദീന്‍ തുടങ്ങിയവരെ കുറിച്ചുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതല്ലേ കൂടുതല്‍ അനുയോജ്യം എന്നുമായിരുന്നു.
സാങ്കേതിക രംഗത്ത് മാറ്റങ്ങളുണ്ടായപ്പോഴും മുസ്തഫ അക്കാദ് മെസ്സേജിനെ റീമെയ്ക്ക് ചെയ്യുന്നതിനെ കുറിച്ചാലോചിച്ചിരുന്നില്ല. മറിച്ച് ഉമര്‍ മുഖ്താറിനെ കുറിച്ച് സിനിമ ചെയ്യുകയാണുണ്ടായത്. 2005ല്‍ സലാഹുദ്ദീനും കുരിശു യുദ്ധവും സിനിമയാക്കുവാന്‍ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നപ്പോഴായിരുന്നു മുസ്തഫ അക്കാദ് കൊല്ലപ്പെടുന്നത്. അദ്ദേഹമൊരിക്കലും മെസ്സേജിനെ പുനര്‍ നിര്‍മ്മിക്കാനാഗ്രഹിച്ചില്ലായിരുന്നു എന്നു വേണം കരുതാന്‍. കൂടാതെ മെസ്സേജിന്റെ കൂടെ പ്രവര്‍ത്തിച്ച ഒസ്‌കാര്‍ സൊഗ്ബി(Oscar Zogbi) മുസ്തഫ അക്കാദ് മെസ്സേജിന്റെ പുനര്‍ നിര്‍മ്മാണത്തെ കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നെന്ന് സ്ഥിരീകരിച്ചിരുന്നു.
എങ്കിലും ഇറാനിയന്‍ സംവിധായകനായ മാജിദ് മജീദിയുടെ( Majid Majidi) അടുത്ത സിനിമ പ്രവാചകനെ കുറിച്ചാണെന്നുള്ളത് സിനിമാ പ്രേമികളില്‍ പ്രതീകഷ നല്‍കുന്നുണ്ട്. ചില്‍ഡ്രന്‍ ഒഫ് ഹെവന്‍ പോലെയുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മാജിദ് മജീദി ഈയടുത്ത് സ്‌പെയിനിലെ മുര്‍ഷ്യയില്‍ (Murcia) ഇബ്‌നു അറബി അവാര്‍ഡ് സ്വീകരിച്ച് കൊണ്ടാണ് തന്റെ അടുത്ത സിനിമ പ്രവാചകന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ളതായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പേര്‍ഷ്യന്‍, അറബി, ഇംഗ്ലീഷ് ഭാഷകളിലുമായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സിനിമ ജൂലൈയില്‍ ഷൂട്ടിങ്ങ് ആരംഭിക്കും. ഇറാനും വടക്കെ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ചില ഭാഗങ്ങളുമാണ് ലൊക്കേഷനുകള്‍. കള്‍ച്ചര്‍ ആന്റ് ഇസ്‌ലാമിക് ഗൈഡന്‍സ് ഫോര്‍ സിനിമയുടെ(Culture and Islamic guidence for cinema) ഡെപ്പ്യൂട്ടി മിനിസ്റ്റര്‍ ആയിരുന്ന മുഹമ്മദ് മെഹ്ദി ഹെയ്ദാറിയന്‍ (Mohammed Mehdi Heidarian) ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയാണിത്. മൂന്നു വര്‍ഷത്തോളം മാജിദ് മജീദി ഇറാനിയന്‍ സംവിധായകനായ കംബൂസിയ പര്‍ത്തവിയുടെ (Kambozia Partovi) കൂടെ ഈ സിനിമയുടെ തിരക്കഥാ പ്രവര്‍ത്തനങ്ങളിലായിരുന്നു. 2012 നവംബറില്‍ അദ്ദേഹം ഇന്ത്യന്‍ ഗവണ്‍മെന്റിനോട് രാജസ്ഥാനില്‍ ഷൂട്ട് ചെയ്യാന്‍ അനുവാദം ചോദിച്ചിരുന്നു. സെന്‍സിറ്റീവായ വിഷയത്തിന്റെ പരിണിതഫലം മുന്‍കൂട്ടി മനസ്സിലാക്കിയത് കൊണ്ടായിരിക്കാം ഇന്ത്യന്‍ ഗവണ്‍മെന്റ് ഷൂട്ടിങ്ങിന് അനുവാദം നല്കുകയുണ്ടായില്ല എന്നാണ് ചില ആധികാരിക റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്.
Connect
Connect with us on the following social media platforms.