ദയാപരനായ ദൈവത്തിനെങ്ങനെയാണ് മാപ്പു നല്‍കാതിരിക്കാനാവുക?
സൂറ ബഖറയിലെ 8-20 വരെയുള്ള സൂക്തങ്ങള്‍ മനസിലാക്കാന്‍ പ്രയാസം അനുഭവപ്പെടുന്നു. നമുക്കിതേ കാര്യം ബൈബിളിലും ധാരാളമായി കാണാം. ഇസ്‌ലാമിനെക്കുറിച്ച് മാത്രമല്ല ഏകദൈവത്വത്തെക്കുറിച്ച് പൊതുവായി സൂചിപ്പിക്കുകയാണ് .
മാപ്പു നല്‍കാത്ത, വഴി പിഴച്ചു പോയവരെ പരിഹസിക്കുന്ന ദൈവം എന്ന തരത്തില്‍ ദൈവത്തിന്റെ ഒരു വല്യേട്ടന്‍ ഭാവമാണ് അവര്‍ പ്രകടമാക്കുന്നത് എന്ന് തോന്നുന്നു. . ഖുര്‍ആന്‍ വിവരിക്കുന്ന ദയാപരനായ ദൈവവുമായി ഇതെങ്ങനെയാണ് ഒത്തു പോവുന്നത്?സമാനമായ സംഘര്‍ഷം ക്രിസ്തു മതത്തിലും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സ്‌നേഹനിധിയായ ദൈവവും- പ്രതികാരദാഹിയായ ദൈവവും. തങ്ങളുടെ പെരുമാറ്റത്തെ ന്യായീകരിക്കാന്‍ എങ്ങനെയാണ് ചില വിശ്വാസികള്‍ ഏകദൈവത്വത്തിന്റെ ഈ വശങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചാലോചിക്കുമ്പോള്‍ ഏകദൈവത്വത്വത്തിന്റെ ചില വശങ്ങള്‍ ആശങ്കയുളവാക്കുന്നുണ്ട്. ഇവ ചരിത്രപരമായി സാഹചര്യത്തിലധിഷ്ഠിതവുമാണ്. പുതിയ ഒരു മതം സ്ഥാപിക്കാനും കപടവിശ്വാസികളില്‍ നിന്ന് യഥാര്‍ത്ഥവിശ്വാസികളെ തിരിച്ചറിയാനും ശ്രമിച്ച പ്രവാചകന്‍ മുഹമ്മദിന്റെ സാഹചര്യങ്ങളുമായല്ലേ ഈ സൂക്തങ്ങള്‍ കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്? അല്ലെങ്കില്‍ അവക്ക് ഇപ്പോഴും പ്രസക്തിയുണ്ടോ?
അന്ത്യദിനത്തെയും പരലോകത്തെയും കുറിച്ച പരാമര്‍ശങ്ങളും മനസിലാക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു. വിദൂരസംഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം മതകീയ പ്രവര്‍ത്തനങ്ങള്‍ക്ക് നമുക്ക് സമീപകാല സംഭവങ്ങളില്‍ ശ്രദ്ധിച്ചുകൂടെ? ഇസ്‌ലാമിനെക്കുറിച്ച് മാത്രമല്ല എല്ലാ ഏകദൈവത്വാധിഷ്ഠിത വിശ്വാസങ്ങളെയും കുറിച്ചാണ് എന്റെ ചോദ്യം.
സിയാഉദ്ദീന്‍ സര്‍ദാര്‍
എന്റെ അഭിപ്രായത്തില്‍ ഏതൊരു ദിവ്യവെളിപാടും നമുക്ക് നല്ല ഒരനുഭവമാവുക എന്നതിലുപരി മാനുഷികവികാരങ്ങളുടെ പൂര്‍ണതലങ്ങളിലൂടെ നമ്മെ ഇളക്കിവിടുകയാണ് ചെയ്യുന്നത്. അല്ലാതെ എങ്ങനെയാണ് മടിയന്മാരും പരുക്കന്മാരുമായ നമ്മെ ഒരു വിശുദ്ധഗ്രന്ഥത്തിന് നാം വിശ്വസിക്കുന്ന, ശരിയായ ദൈനംദിന ചര്യയിലേക്ക് നയിക്കാനാവുക? അതു കൊണ്ട് ഈ സൂക്തങ്ങളില്‍ പ്രകടമാവുന്ന രോഷം ഉദ്ദേശപൂര്‍വമാണ്. അതിന്റെ ഉദ്ദേശം നിങ്ങളെ ചില വിശ്വാസികളുടെ പ്രവൃത്തികളിലേക്ക് നയിക്കാനാണ്.
ഈ സൂക്തങ്ങള്‍ക്ക് ഇന്ന് വലിയ പ്രാധാന്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഈ പ്രാധാന്യം ചില വിശ്വാസികള്‍ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ ഖുര്‍ആന്‍ സൂക്തങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്ന താങ്കളുടെ പോയന്റുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിശ്വാസികളുടെ മറ്റെല്ലാ വിഭാഗങ്ങളെക്കാളും ഒരു കൂട്ടര്‍ എന്നില്‍ വല്ലാതെ ഉല്‍ക്കണ്ഠയുളവാക്കുന്നു. അത് എല്ലാവരുടെയും ചിന്താവിഷയമാവേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. വ്യത്യസ്തരൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇക്കൂട്ടരെ ഖുര്‍ആന്‍ കപടവിശ്വാസികള്‍ എന്ന് വിശേഷിപ്പിക്കുന്നു. അവരുടെ തീവ്ര ഭക്തി-ബാഹ്യ അടയാളങ്ങളിലൂടെയും, ആചാരങ്ങള്‍ക്കു മേലുള്ള കടും പിടുത്തത്തിലൂടെയും, അറു പിന്തിരിപ്പന്‍ വിവരദോഷങ്ങളി്‌ലൂടെയും അത്തരത്തിലുള്ള പല വഴികളിലൂടെയും പ്രകടിപ്പിച്ച് അവര്‍ നമ്മെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു . നിങ്ങളുടെ മതസ്വത്വം നിങ്ങളുടെ വസ്ത്രമായി ധരിക്കണം എന്ന് ഞാന്‍ കരുതുന്നില്ല. വിശേഷിച്ചും പ്രധാനം എന്തെന്ന് വെച്ചാല്‍ ഇക്കൂട്ടര്‍ നമ്മള്‍ മനുഷ്യരെ മാത്രമല്ല ദൈവത്തെയും കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ദൈവത്തെ കബളിപ്പിക്കുക എന്നാല്‍ എന്താണ്?
അവരുടെ വിശ്വാസത്തിന്റെ പ്രകൃതവുമായി ഇതിന് ബന്ധമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അവരുടെ വിശ്വാസം സമുദായത്തിലെ ഭൂരിഭാഗം പേരെയും പോലെയല്ല. എന്നാല്‍ ഒരു തരത്തിലുള്ള വിശ്വാസം അവര്‍ക്കുണ്ട് താനും. മറ്റെല്ലാ മുസ്‌ലിംകളെയും പോലെ അവരും ദൈവത്തിന്റെ കാരുണ്യ സാഗരത്തില്‍ തങ്ങളുടെ ചെറുവിരല്‍ മുക്കിയിട്ടുണ്ട്. ദൈവവുമായുള്ള ഇടപെടല്‍ നയിക്കുന്നത് അല്ലെങ്കില്‍ നയിക്കേണ്ടത് തങ്ങളെ സൂക്ഷ്മതയുള്ളവരും വിനയാന്വിതരും സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരുമാക്കുന്ന തഖ്‌വയിലേക്കാണ്- ആ വാക്ക് മുഴുവന്‍ അര്‍ത്ഥങ്ങളും ഉള്‍ക്കൊള്ളുന്നു. എന്നാല്‍ കപടവിശ്വാസികള്‍ മറ്റൊരു ദിശയിലാണ് സഞ്ചരിക്കുന്നത്. ദൈവത്തോടുള്ള ബഹുമാനം തങ്ങള്‍ക്ക് ഒരു പ്രത്യേക കൈകാര്യകര്‍തൃത്വം നല്‍കുന്നു എന്നാണ് അവര്‍ കരുതുന്നത്. ദൈവമെന്ന യാഥാര്‍ത്ഥ്യത്തെ അറിയുക മാത്രമല്ല അതിനെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു, ചിലര്‍ കുറച്ചു കൂടി കടന്ന് തങ്ങള്‍ തന്നെയാണ് സത്യം എന്ന് കരുതുന്നു. ഈയര്‍ത്ഥത്തില്‍ അവര്‍ മനസിലാക്കുന്നില്ലെങ്കില്‍ക്കൂടി ദൈവത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു, .
ഇക്കൂട്ടര്‍ ഭൂരിഭാഗം വിശ്വാസികളെയും വിഢികളായി ഗണിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. ദൈവത്തിന്റെ യാഥാര്‍ത്ഥ്യത്തിന്റെ നേരിട്ടുള്ള ലഭ്യതയിലൂടെ കരഗതമായ വിശേഷാധികാരം തങ്ങളെ സവിശേഷവ്യക്തികളാക്കുന്നു എന്നാണ് അവര്‍ കരുതുന്നത്. ഇവര്‍ തങ്ങള്‍ എല്ലാം തികഞ്ഞവരാണെന്ന ധാരണ പുലര്‍ത്തുകയും അപകടകരമായ ധാര്‍മിക ഔന്നത്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു- ഇതാണ് അവരുടെ ഹൃദയങ്ങളെ ബാധിച്ച രോഗം.
അധീശത്വം പുലര്‍ത്താനുള്ള ആഗ്രഹത്തിലേക്കാണ് ഇതെല്ലാം നയിക്കുന്നത്. അക്രമത്തിലേക്കും നാശത്തിലേക്കും കുഴപ്പങ്ങളിലേക്കും നയിക്കുന്ന തരത്തില്‍ ഇവര്‍ തങ്ങളുടെ യാഥാര്‍ത്ഥ്യത്തിന്റെ ഏകശിലാത്മകരൂപത്തെ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു. തങ്ങളുടെ ചെയ്തികള്‍ തീര്‍ത്തും ശരിയാണെന്ന് മാത്രമല്ല എന്ത് വില കൊടുത്തും അവ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതും ശരിയാണ് എന്നാണ് അവര്‍ വിശ്വസിക്കുന്നത്. അവരുടെ ചെയ്തികളുടെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അവര്‍ എളുപ്പത്തില്‍ പറയുന്നു- ഞങ്ങള്‍ കാര്യങ്ങള്‍ നേരെയാക്കുക മാത്രമാണ് ചെയ്യുന്നത്.
അവരെക്കുറിച്ച് വിവരിക്കാന്‍ ഖുര്‍ആന്‍ നിരവധി ഉപമകള്‍ ഉപയോഗിക്കുന്നുണ്ട്. അവര്‍ വെളിച്ചമന്വേഷിക്കുന്നു, പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുന്നു. ആഗതമാവുന്ന കൊടുങ്കാറ്റിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ചവര്‍ അന്വേഷിക്കുന്നു എന്നാല്‍ ഇടിമിന്നലില്‍ നിന്ന് രക്ഷപ്പെടാന്‍ അവരുടെ ചെവിക്കുള്ളില്‍ വിരലുകള്‍ തിരുകി. ഈ വിഷയവും ഉപമകളും സൂറ അല്‍ മുനാഫിഖൂനില്‍ ആവര്‍ത്തിക്കപ്പെടുന്നു. ദൈവത്തിലുള്ള വിശ്വാസം വെറുതെ പ്രഖ്യാപിക്കുന്നത് നിരര്‍ത്ഥകമാണെന്ന് ഇതില്‍ നിന്ന് മനസിലാക്കാം. വിശ്വാസികളുടെ ചെയ്തികളുടെ വിധി് നിര്‍ണയിക്കപ്പെടേണ്ടതുണ്ട്.
ആര്‍ക്കു നേരെയും വിരല്‍ ചൂണ്ടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കപടവിശ്വാസികളുടെ ആധുനിക പതിപ്പുകള്‍ നമുക്കുചുറ്റുമുണ്ട്. അവരുടെ പ്രവൃത്തികളിലേക്ക് വെറുതെ നോക്കിയാല്‍ മതി.
പരലോകമെന്ന വിദൂരരംഗം ഈ ലോകത്തെ ഒരുവന്റെ പ്രവര്‍ത്തനഫലമാണ്. വിശ്വാസികളുടെ പ്രവൃത്തികളെക്കുറിച്ചെന്നപോലെ അന്ത്യദിനത്തിലെ വിധിനിര്‍ണയത്തിലും അത് ശ്രദ്ധചെലുത്തുന്നു. ലക്ഷ്യം ഒരിക്കലും മാര്‍ഗത്തെ സാധൂകരിക്കുന്നില്ല എന്നും എല്ലാ യാഥാര്‍ത്ഥ്യങ്ങളും തങ്ങളുടെ ഉടമസ്ഥതയിലാണെന്നുള്ളത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും ഖുര്‍ആന്‍ ഊന്നിപ്പറയുന്നു. പരലോകത്തെ ആനന്ദകരമായ ജീവിതമെന്ന ലക്ഷ്യം മാനവികതയില്‍ ഊന്നിക്കൊണ്ടുള്ള സല്‍പ്രവൃത്തികളിലൂടെ നേടിയെടുക്കേണ്ടതാണ്- നമ്മുടെ ഐഹികജീവിതമെന്ന യാത്രയുടെ അവസാന വാസസ്ഥലം.