banner ad
January 7, 2013 By നിലൂഫര്‍ ഗുല്‍ 0 Comments

‘മറ’ ഉയര്‍ത്തുമ്പോള്‍ കാണുന്നത്

തുര്‍ക്കിഷ് പാരമ്പര്യത്തെയും പരിഷ്‌കരണത്തെയും പ്രശ്‌നവല്‍കരിക്കുമ്പോള്‍

അഭിമുഖം: നിലൂഫര്‍ ഗുല്‍

ഇസ്താംബൂളിലെ സൊഗാച്ചി യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി പ്രോഫസര്‍. ഫ്രാന്‍സിലായിരുന്നു വിദ്യാഭ്യാസം. വിഖ്യാതനായ അലൈന്‍ ടൂറി(Alain Touraine)ന്റെ കീഴില്‍ യൂറോപ്പിലെ നവ സാമൂഹ്യ പ്രസ്ഥാനങ്ങളെക്കുറിച്ച് പത്ത് വര്‍ഷത്തോളം പഠനം നടത്തി. തുര്‍ക്കിഷ് സമൂഹത്തിലെ പെണ്ണിടങ്ങളെക്കുറിച്ചും രാഷ്ട്രീയ ജീവിതത്തിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ചുമുള്ള സംവാദങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് പ്രൊഫസര്‍ നിലൂഫര്‍ ഗുല്ലിന്റേത്.

മുസ്‌ലിം സ്ത്രീകളിലെ ഹിജാബ് സമ്പ്രദായത്തെ പ്രശ്‌നവല്‍ക്കരിക്കുന്നതാണ് ഗുല്ലിന്റെ ഏറ്റവും പുതിയ പുസ്തകം. സ്ത്രീ ജീവിതത്തില്‍ ‘മറ’യുടെ സാമൂഹിക, വൈയക്തിക തലങ്ങളുടെ മര്‍മ്മത്തെ സ്പര്‍ശിക്കുന്നതാണ്‌ ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച അവരുമായി ‘മാനുഷി’ നടത്തിയ ഈ അഭിമുഖം. മത ചോദ്യങ്ങളോടുള്ള തുര്‍ക്കിയിലെ മതേതര പൊതുബോധത്തിന്റെ സമീപനത്തെ പറ്റിയുള്ള അവരുടെ നിരീക്ഷണങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്.

കഴിഞ്ഞ ഒരു ദശകത്തോളമായി തുര്‍ക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്‌നമാണ് ഹിജാബ് (veiling). തുര്‍ക്കിയില്‍ മാത്രമല്ല യൂറോപ്പില്‍ മുഴുക്കെ ഇസ്‌ലാമികവല്‍ക്കരണത്തിന്റെ ചിഹ്നമായി ഈ കാലഘട്ടത്തില്‍ ‘മറ’ മാറി. ശിരോവസ്ത്രമണിയാനുള്ള അവകാശത്തിനായി ഫ്രാന്‍സില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ശക്തമായ സമരം തന്നെ നടത്തി. ഫ്രാന്‍സില്‍ ശിരോവസ്ത്ര വിവാദം (head scarf dispute) എന്നറിയപ്പെടുന്ന ഈ പ്രശ്‌നമാണ് ഫ്രഞ്ച് സെക്കുലറിസം മുന്നോട്ട് വെയ്കുന്ന കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. തുര്‍ക്കിയുള്‍പ്പെടെയുള്ള പാശ്ചാത്യേതര മൂന്നാം രാജ്യങ്ങളില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മറ്റു പ്രശ്‌നങ്ങളുടെ തുടര്‍ച്ചയല്ല; അടിസ്ഥാന പ്രശ്‌നം തന്നെയാണ്. ആധുനികവല്‍കരണത്തിന്റെ ചരിത്രത്തെക്കുറിച്ചും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെക്കുറിച്ചും മനസ്സിലാക്കുന്നതിനുള്ള ഒരു സൂചകമായി ഇതിനെ കണക്കാക്കാം. വസ്ത്രധാരണത്തിലെ ആധുനികവും പാരമ്പര്യവുമായ മുഖങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ മാത്രമായി ഇതിനെ ലളിതവല്‍ക്കരിക്കുന്നത് അപക്വമാവും. സ്ത്രീയുടെയും അവളുടെ ശരീരത്തിന്റെയും പ്രതീകാത്മക അര്‍ഥതലങ്ങളും, കര്‍തൃത്വവുമെല്ലാം അപഗ്രഥനത്തിന്റെ കേന്ദ്രസ്ഥാനത്ത് വരേണ്ടതുണ്ട്.

തുര്‍ക്കിഷ് സ്ത്രീകള്‍ പാരമ്പര്യമായി ശിരോവസ്ത്രമണിയാറുണ്ടോ?

തീര്‍ച്ചയായും. പക്ഷെ, അവക്ക് ആധുനിക മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന സ്‌കാര്‍ഫുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. ചുമലും തലമുടിയും പൂര്‍ണ്ണമായി മറക്കുന്ന രീതിയില്‍ വര്‍ണവൈവിധ്യങ്ങളില്ലാത്ത തരം ശിരോവസ്ത്രമാണ് അവര്‍ അണിയാറുള്ളത്.

ഇന്ത്യയില്‍ പല മുസ്‌ലിം പുരുഷന്മാരും പാരമ്പര്യ ശിരോവസ്ത്രം കൊണ്ട് മാത്രം തൃപ്തരല്ല. അവര്‍ മുഖവും ശരീരവും പൂര്‍ണ്ണമായി മറക്കുന്ന ബുര്‍ഖ അണിയാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്നു. തുര്‍ക്കിഷ് സ്ത്രീകളും ഇത്തരം സമ്മര്‍ദ്ദങ്ങള്‍ നേരിടുണ്ടോ?

വളരെക്കുറച്ച് സ്ത്രീകള്‍ക്ക് മാത്രം കുടുംബത്തിലെ പുരുഷാംഗങ്ങളുടെ നിര്‍ബന്ധപ്രകാരം ബുര്‍ഖ അണിയേണ്ടി വരുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗത്തിന്റെയും സ്ഥിതി അതല്ല. ഗവേഷണത്തിന്റെ ഭാഗമായി ഞാന്‍ മനസ്സിലാക്കിയ വസ്തുതയാണിത്. പൊടുന്നനെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവരുടെ ദൃശ്യത വര്‍ധിപ്പിക്കുന്നതിനുള്ള പ്രതീകമായി ശിരോവസ്ത്രത്തെ ഉപയോഗിച്ചു തുടങ്ങി. ഈ പ്രതിഭാസത്തിന്റെ ഉള്ളറകളില്‍ നിന്ന് അതിനെ മനസ്സിലാക്കാനാണ് എന്റെ ശ്രമം. ശിരോവസ്ത്രമണിയുന്ന ഈ സ്ത്രീകള്‍ യഥാര്‍ഥത്തില്‍ ആരാണ്? പ്രധാന നഗരങ്ങളില്‍ നിന്നല്ല അവര്‍ വരുന്നത്. തുര്‍ക്കിയുടെ കാര്യമെടുക്കുകയാണെങ്കില്‍ നഗര പ്രാന്തങ്ങളിലും, കുറച്ചു കൂടി യാഥാസ്ഥിതിക പശ്ചാത്തലങ്ങളുള്ള ചെറു പട്ടണങ്ങളില്‍ നിന്നു വരുന്നവരാണ് ഈ പ്രസ്ഥാനത്തെ പിന്തുണക്കുന്നതില്‍ ഭൂരിഭാഗവും. പക്ഷെ, കൗതുകകരമായ കാര്യം നഗരങ്ങളില്‍ വന്നതിന് ശേഷമാണ് ഇത്തരം പശ്ചാത്തലങ്ങളില്‍ നിന്നു വരുന്ന സ്ത്രീകള്‍ ശിരോവസ്ത്രമണിയാന്‍ തുടങ്ങുന്നതെന്നാണ്. മറ ഒരു നാഗരിക പ്രതിഭാസമാണ്.

നാട്ടിന്‍ പുറങ്ങളിലെ സ്ത്രീകളുടെ കാര്യമോ?

നാട്ടിന്‍ പുറത്തെ സ്ത്രീകള്‍ പരമ്പരാഗത ശിരോവസ്ത്രമണിയുന്നവരാണ്. ‘തീവ്രത’യുടെ പ്രതിനിധാനമായി വിവക്ഷിക്കപ്പെടുന്ന ഈ പുത്തന്‍ വസ്ത്രധാരണ രീതിയല്ല അവര്‍ പിന്തുടരുന്നത്. മുമ്പ് സൂചിപ്പിച്ച പോലെ മറ സമ്പ്രദായം (veiling) വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്കിടയിലെ നാഗരിക പ്രതിഭാസമാണ്. ഈ പെണ്‍കുട്ടികള്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷകള്‍ പാസായവരാണ്. തുര്‍ക്കിയില്‍ ഈ കടമ്പ കടക്കാന്‍ ഒട്ടധികം ശ്രമകരം തന്നെയാണ്. നല്ല കഴിവുള്ളവര്‍ക്കേ ഇത്തരം പരീക്ഷകളില്‍ നന്നായി സ്‌കോര്‍ ചെയ്യാന്‍ കവിയുകയുള്ളൂ. ഗവേഷണത്തിലൂടെ എനിക്ക് കണ്ടെത്താന്‍ സാധിച്ച മറ്റൊരുകാര്യം ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ സജീവമല്ലാത്ത യുവതികള്‍ സജീവമായവരെ അപേക്ഷിച്ച് വിദ്യാഭ്യാസം കുറഞ്ഞവരാണെന്നാണ്. ഗ്രാമീണ മേഖലയില്‍ നിന്ന് വരുന്ന വിദ്യാവിഹീനരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുമായ സ്ത്രീകളുടെ കൂട്ടായ്മയായി ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലെ സ്ത്രീ സാന്നിദ്ധ്യത്തെ വില കുറച്ച് കാണുന്നത് ശരിയല്ല. തീവ്ര രാഷ്ട്രീയ നിലപാടുകളുള്ള വളരെയധികം ചലനാത്മകമായ സ്ത്രീകളുടെ കൂട്ടായ്മയാണത്. ഉപരിപ്ലവമായ മതാത്മകതയിലോ ഇസ്‌ലാമിക ജീവിത ശൈലിയിലോ മാത്രം അഭിരമിക്കാതെ മതത്തില്‍ നിന്നയിര്‍കൊള്ളുന്ന ശക്മായ രാഷ്ട്രീയ ചലനങ്ങളെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്. ഇതിന് വൈരുദ്ധ്യം നിറഞ്ഞ മറ്റൊരു വശം കൂടിയുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ സജീവമാകുന്ന സ്ത്രീകള്‍ അവരുടെ സ്വകാര്യ ഇടങ്ങള്‍(ഗാര്‍ഹിക ഇടങ്ങള്‍) ഉപേക്ഷിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും രാഷ്ട്രീയവല്‍ക്കരണത്തിലൂടെയുമാണ് പരമ്പരാഗതമായി നിശ്ചയിച്ചുറപ്പിക്കപ്പെട്ട സ്ത്രീ ധര്‍മ്മങ്ങളില്‍ നിന്ന് അവര്‍ പുറത്തു കടക്കുന്നത്. പത്രകോളങ്ങളില്‍ സജീവമായ ഇവര്‍ എഴുത്തുകാരായും ബുദ്ധിജീവികളായും രാഷ്ട്രീയ പ്രവര്‍ത്തകരായും പൊതുമണ്ഡലത്തില്‍ ദൃശ്യത കൈവരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.

മുമ്പുണ്ടായിരുന്നില്ലാത്ത ദൃശ്യത അവര്‍ കൈവരിച്ചിട്ടുണ്ട് എന്നാണോ?

അതെ, ഇത്ര മാത്രം ദൃശ്യത അവര്‍ക്ക് മുമ്പുണ്ടായിരുന്നില്ല. അവര്‍ പൊതുമണ്ഡലത്തില്‍ സജീവമാവാന്‍ തുടങ്ങുന്നതേയുള്ളൂ. ആധുനിക വിദ്യാഭ്യാസവും വിജ്ഞാനവും ആര്‍ജ്ജിക്കുന്നതിലൂടെയും പത്രങ്ങളിലും ജേര്‍ണലുകളിലും എഴുതുന്നതിലൂടെയും പൊതുസംവാദവേദികളിലൂടെയുമാണ് പൊതുമണ്ഡലത്തിലെ അവരുടെ പങ്കാളിത്തം രൂപപ്പെടുന്നത്. ഇതൊരു പുതിയ പ്രതിഭാസമാണ്. പരമ്പരാഗതമായി നിശ്ചയിക്കപ്പെട്ട ഗാര്‍ഹിക പരിസരങ്ങളില്‍ അമ്മയായും ഭാര്യയായും അനുസരണയോടെ ഒതുങ്ങിക്കഴിയുന്നവള്‍ എന്ന പൊതുഭാവനയിലെ പാരമ്പര്യ മുസ്‌ലിം സ്ത്രീ ചിത്രത്തെ ഈ പെണ്‍കൂട്ടായ്മ മാറ്റിവരക്കുന്നു.

ആധുനികതയെ ഏറെ മുമ്പ് തന്നെ വരവേരറ്റവര്‍ എന്ന നിലക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു തുര്‍ക്കിഷ് സ്ത്രീ ചിത്രമാണ് ഞാന്‍ പ്രതീക്ഷിച്ചത്?

തീര്‍ച്ചയായും, മാറ്റത്തിനു വേണ്ടി വാദിക്കുന്ന ഇസ്‌ലാമിസ്റ്റ് സ്ത്രീകള്‍ ചെറിയ ഒരു ന്യൂനപക്ഷമാണ്. മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികം വരില്ല അവര്‍. ഇപ്പോഴത്തെ അവസ്ഥയില്‍ മൊത്തം തുര്‍ക്കിഷ് ജനതയെ അതിന്റെ കുടക്കീഴില്‍ അണിനിരത്താനുള്ള കെല്‍പൊന്നും അതിനായിട്ടില്ല. ഭൂരിഭാഗം ജനങ്ങളും വ്യത്യസ്തമായ പ്രത്യശാസ്ത്രത്തെ ഉപജീവിച്ച് കൂറേകൂടി ആധുനികമായ ജീവിത ശൈലിയാണ് പിന്തുടരുന്നത്. കമാല്‍ അത്താതുര്‍ക്കിന്റെ കാലം മുതല്‍ക്ക് തന്നെ ആധുനികതയുമായുള്ള ഇടപാടുകളില്‍ തുര്‍ക്കി വ്യതിരിക്തമായ വഴിയിലാണ്.

അതിന്റെ പശ്ചാത്തലം അല്‍പം കൂടെ വ്യക്തമാക്കാമോ?

അതെ. 1876 ല്‍ താന്‍സിമത് കാലഘട്ടത്തിലാണ് തുര്‍ക്കിയില്‍ ആധുനികവല്‍കരണത്തിനുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നത്. ആധുനിവല്‍ക്കരണത്തിന്റെ പര്യായമായി ഗണിക്കപ്പെട്ടിരുന്നത് പാശ്ചാത്യവല്‍ക്കരണമായിരുന്നു. ഏതറ്റം വരെയാണ് തുര്‍ക്കി പാശ്ചാത്യവല്‍ക്കരണത്തെ പുല്‍കേണ്ടതെന്നും സ്വന്തം സാംസ്‌കാരികസ്വത്വം ഏതളവ് വരെ നിലനിര്‍ത്തണമെന്നുമായിരുന്നു അന്നത്തെ പ്രധാന ചോദ്യം. 1923-ല്‍ മുസ്തഫാ കമാല്‍ പാഷയുടെ നേതൃത്വത്തില്‍ തുര്‍ക്കിഷ് ദേശരാഷ്ട്രം നിലവില്‍ വരുന്നത് വരെയുള്ള പ്രധാന പ്രശ്‌നമായിരുന്നു ഇത്. സ്ത്രീ വിമോചനത്തിലൂടെ മാത്രമേ യഥാര്‍ഥ ഉയര്‍ച്ച  കൈവരിക്കാന്‍ സാധിക്കൂ എന്ന് പരിഷ്‌കരണവാദികള്‍ വാദിച്ചു. പാരമ്പര്യ ചിഹ്‌നങ്ങള്‍ കൈയൊഴിച്ചാല്‍ സ്വത്വം നഷ്ടപ്പെട്ടു പോവും എന്നായിരുന്നു പാരമ്പര്യവാദികളുടെ വാദം. അതുകൊണ്ട് തന്നെ പരമ്പരാഗത ധര്‍മ്മങ്ങള്‍ക്കപ്പുറമുള്ള ജോലികള്‍ക്ക് സ്ത്രീകളെ അനുവദിക്കരുതെന്നും അവര്‍ വാദിച്ചു. സ്ത്രീകളുടെ സക്രിയത പരിമിതപ്പെടുത്തുന്നതിലൂടെയാണ് പരമ്പര്യവാദികള്‍ അവരുടെ രാഷ്ട്രീയ പദ്ധതി നിര്‍വച്ചത്. ഗാര്‍ഹിക ഇടങ്ങളില്‍ സ്ത്രീകളെ തളച്ചിടുക എന്നതാണ് സ്വത്വം നിലനിര്‍ത്തുക എന്നതുകൊണ്ട് ഉദ്ദശിക്കുന്നത്. സാമൂഹിക സദാചാരത്തിന്റെ അളവുകോലായിട്ടായിരുന്നു സ്ത്രീകള്‍ കണക്കാക്കപ്പെട്ടിരുന്നത്. പക്ഷേ, 1923 മുതല്‍ മുസ്തഫാ അത്താതുര്‍ക്കിന്റെ കീഴില്‍ തീവ്ര ആധുനികവല്‍കരണമാണ് നാം കാണുന്നത്. 1926-ല്‍ സ്വിസ് സിവില്‍കോഡിനെ അവലംബിച്ച് നമ്മുടെ സിവില്‍കോഡ് പൂര്‍ണ്ണമായും മതേതരമായി.

ഫ്രഞ്ച് നെപ്പോളിയനിക് കോഡിന് പകരം സ്വിസ്വില്‍ കോഡിനെ മാതൃകയാക്കാനുള്ള പശ്ചാത്തലം എന്തായിരുന്നു?

ആ കാലഘട്ടത്തില്‍ ഏറ്റവും പുരോഗനാത്മകമായ സിവില്‍ കോഡായി കണക്കാക്കപ്പെട്ടിരുന്നത് സ്വിസ് സിവില്‍ കോഡായിരുന്നു. സ്ത്രീ വിമോചനമാണ് ആധുനികവല്‍കരണം കൊണ്ട് പ്രധാനമായും വിവക്ഷിക്കപ്പെട്ടത്. കുറച്ചുകൂടി വ്യക്തമാക്കുകയാണെങ്കില്‍ പൊതുജീവിതത്തിലെ സ്ത്രീ ദൃശ്യത. സ്വകാര്യ ധര്‍മ്മങ്ങള്‍ ചോദ്യം ചെയ്യാതെ പൊതുധര്‍മ്മം ഏറ്റെടുത്ത സ്ത്രീകളിലാണ് തുര്‍ക്കിഷ് ആധുനികത അതിന്റെ ദൃശ്യത പ്രകടമാക്കി തുടങ്ങുന്നത്. കമാലിസ്റ്റ് പരിഷ്‌കരണങ്ങള്‍ സ്ത്രീകളെ പൊതുമണ്ഡലത്തിലേക്ക് തള്ളിനീക്കി. പൗരാവാകാശം നല്‍കുന്നതിലൂടെയും വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും സ്വശരീരത്തിനുമേല്‍ പൂര്‍ണ്ണാധികാരം നല്‍കുന്നതിലൂടെയുമാണ് ഇത് സാധിച്ചെടുത്തത്. പൗരത്വാവകാശങ്ങളാണ് സ്ത്രീകളുടെ അവകാശങ്ങളേക്കാള്‍ പരിഷ്‌കരണങ്ങള്‍ക്ക് ഈടും പാവും നിര്‍ണയിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്ള മിശ്രവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെട്ടു. മുസ്‌ലിം പ്രാസ്ഥാനിക സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നായ ഈ വേര്‍തിരിവില്‍ നിന്നുള്ള മാറ്റം സുപ്രധാനമാണ്. നമ്മെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീയുടെ സദാചാരബന്ധത എന്നത് അവള്‍ എങ്ങനെ ശരീരം മറക്കുന്നു എന്നതുമായി ബന്ധപ്പെട്ടായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത് സ്വകാര്യ ജീവിതവും (സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ടതും വിലക്കപ്പെട്ടതുമായ എല്ലാം ഈ പരിധിയില്‍ വരുന്നു) പൊതുജീവിതം അല്ലെങ്കില്‍ മഹ്‌റം(അന്യനേത്രങ്ങള്‍ക്കോ പുരുഷന്‍മാര്‍ക്കോ വിലക്കപ്പെട്ടത്) തമ്മിലുള്ള വേര്‍തിരിവിനെ സൂചിപ്പിക്കുന്നു.

എന്തുകൊണ്ടാണ് തുര്‍ക്കിഷ് പുരുഷന്‍മാര്‍ അധുനികതയെ ഈ രീതിയില്‍ നിര്‍വചിച്ചത്?

സാമൂഹിക ജീവിതത്തെ കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ച്ചപ്പാടിന് നേര്‍വിപരീതമാണ് ആധുനികത മനസ്സിലാക്കപ്പെട്ടത്. വിപരീത ദിശയിലുള്ള ദ്വന്ദ്വമായാണ് ആധുനികത സ്വീകരിക്കപ്പെട്ടത് (ഇസ്‌ലാം/ആധുനികത). ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്നുള്ള കുതറി മാറലായി ആധുനികത വ്യാഖ്യാനിക്കപ്പെട്ടു. അടിമുടി ഇസ്‌ലാം വിരുദ്ധമായ ഒരാശയമാണ് ഫ്രഞ്ച് ആധുനികതയുടെ ഈ വികൃതാനുകരണത്തെ ഞാന്‍ മനസ്സിലാക്കുന്നത്.

സ്ത്രീ വിമോചന പദ്ധതി കൂടാതെ ആധുനികവല്‍ക്കരണത്തിന്റെ മറ്റു ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു?

വിവിധ  വംശീയതകളുടെ കൂട്ടായ്മയായ ഒട്ടോമന്‍ സാമ്രാജ്യത്വത്തില്‍ നിന്ന് റിപ്പബ്ലിക്കന്‍ ദേശരാഷ്ട്രത്തിലേക്കുള്ള പരിവര്‍ത്തനമാണ് ശ്രദ്ധേയമായ മറ്റൊരു ഘടകം. ദേശീയവാദ പ്രത്യയശാസ്ത്രം ഒരു തരം ഏകതാന പ്രക്രിയയില്‍ ഊന്നിയിട്ടുള്ളതായിരുന്നു. അര്‍മീനിയന്‍ പ്രശ്‌നമടക്കം ആധുനിക തുര്‍ക്കി അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളുടെയും തുടക്കം വിവിധ ഭാഷാവിഭാഗങ്ങളുടെ നിരോധനമാണ്. ദേശരാഷ്ട്ര രൂപീകരണത്തിന് മുമ്പ് തന്നെ അര്‍മീനിയന്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ദേശീയവല്‍ക്കരണ പ്രക്രിയയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിത്തന്നെ വേണം അതിനെ മനസ്സിലാക്കാന്‍.

കുര്‍ദിഷ് അര്‍മീനിയന്‍ വംശജരെ കൂട്ടത്തോടെ കൊന്നൊടുക്കിയതിനെയാണോ താങ്കള്‍ ഉദ്ദേശിച്ചത്?

അതെ. വംശശുദ്ധിയിലും ഭാഷാശുദ്ധിയിലും ചരിത്രശുദ്ധിയിലുമുള്ള ബോധമാണ് മുഴുവന്‍ ദേശീയ പ്രത്യയശാസ്ത്രങ്ങളെയും നയിക്കുന്നത്. തുര്‍ക്കിഷ് ഭാഷയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി അറബിക്, പേര്‍ഷ്യന്‍ സ്വാധീനങ്ങളില്‍ നിന്ന് ഭാഷയെ ശുദ്ധീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു. ദേശീയതയുടെയും പാശ്ചാത്യ കേന്ദ്രീകൃത ദേശീയതയുടെ ഉല്‍പന്നമായ ഫെമിനസത്തിന്റെയും കൂടിച്ചേരലിനാണ് നാം സാക്ഷ്യം വഹിച്ചത്. യഥാര്‍ത്ഥത്തില്‍ ദേശീയ വാദവും സ്ത്രീവാദവും അവിഭാജ്യ ഘടകങ്ങളായ പാശ്ചാത്യവല്‍ക്കരണ പരിപാടിയായിരുന്നു അത്.

റിപബ്ലിക്കിനു മുമ്പ് ഒട്ടോമന്‍ സാമ്രാജ്യത്തില്‍ വംശീയ ബന്ധങ്ങളുടെ കിടപ്പ് എങ്ങനെയായിരുന്നു?

‘മില്ലത്തി’നു കീഴിലെ വ്യക്തികള്‍ ഉള്‍കൊള്ളുന്ന കമ്മ്യൂണിറ്റികളെയാണ് സാമ്രാജ്യം ഭരിച്ചത്. മില്ലത്തുകള്‍ നിയന്ത്രിക്കപ്പെട്ടിരുന്നെങ്കിലും ഏകനിയമവ്യവസ്ഥയുടെ കീഴില്‍ ഏകോപിപ്പിക്കപ്പെട്ടിരുന്നില്ല.

ഇറാനിലെ ഷായുടെ ആധുനികവല്‍ക്കരണ പദ്ധതി അതിന്റെ പ്രയോഗത്തില്‍ ആക്രമണാത്മകമായ ഒന്നായിരുന്നു. ഉദാഹരണത്തിന് പര്‍ദ്ധ നിരോധന നിയമം മൂലം അടിച്ചേല്‍പിച്ചു. എന്തായിരുന്നു തുര്‍ക്കിയിലെ സ്ഥിതി?

തുര്‍ക്കിയിലെ ആധുനികവല്‍കരണ പ്രക്രിയ വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെയാണ് സംഭവിച്ചത്. രാജവാഴ്ച തുടരുകയായിരുന്ന ഇറാനില്‍ നിന്ന് വിഭിന്നമായി സമൂഹത്തിലെ ഉപരിവര്‍ഗ പാളിയില്‍ വിള്ളലുകള്‍ ഉണ്ടാക്കാന്‍ കമാലിസ്റ്റ് പരിഷ്‌കരണവാദികള്‍ക്ക് കഴിഞ്ഞു. അവര്‍ക്ക് ജനങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. പലരും സിവില്‍, മിലിട്ടറി ഉദ്യോഗസ്ഥന്‍മാരായിരുന്നു. ഇടക്കിടെയുള്ള സൈനിക ഇടപെടലുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വളരെ സമ്പന്നമായ രാഷ്ട്രീയാനുഭവങ്ങളുള്ള രാജ്യമാണ് തുര്‍ക്കി. ഇറാനികളില്‍ നിന്ന് വിഭിന്നമായി സമ്പന്നമായ ജനാധിപത്യാനുഭവങ്ങളും തുര്‍ക്കിക്കാര്‍ക്കുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും പൊതുസമൂഹവും സാമൂഹ്യപ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ധ ഗ്രൂപ്പുകളും സ്വതന്ത്ര്യ മാധ്യമ സമൂഹവുമെല്ലാം ഒന്നിച്ചണിചേര്‍ന്ന മാറ്റമാണ് തുര്‍ക്കിയില്‍ സംഭവിച്ചത്. ഇറാനില്‍, പക്ഷെ, സ്ഥിതി വ്യത്യസ്തമായിരുന്നു.
1920 മുതല്‍ 50 വരെയുള്ള കാലഘട്ടത്തില്‍ നിരവധി മാറ്റങ്ങള്‍ക്ക് തുര്‍ക്കി സാക്ഷ്യം വഹിച്ചു. 1923 മുതല്‍ 46 വരെയുള്ള കാലഘട്ടം റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ കീഴില്‍ ഏകകക്ഷി വാഴ്ചയായിരുന്നു. കമാലിസ്റ്റ് പരിഷ്‌കരണ വാദികളുടെ സന്തതിയായിരുന്നു ഈ ഭരണകൂടം. എന്റെ വീക്ഷണത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ മതേതരത്വം നടപ്പിലാക്കുന്നത് സമഗ്രാധിപത്യ ഭരണകൂടങ്ങളാണ്. പൊതുജനാഭിലാഷം പ്രതിഫലിക്കുന്ന രീതിയില്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ കാര്യങ്ങള്‍ നീങ്ങിയാല്‍ പാരമ്പര്യ സമൂഹത്തിലേക്ക് ജനങ്ങള്‍ തിരിച്ചു പോകുമെന്ന് അവര്‍ കരുതി. ആരംഭം മുതല്‍ക്ക് തന്നെ തുര്‍ക്കിയില്‍ ജനാധിപത്യത്തിന്റെയും സെക്കുലരിസത്തിന്റെയും ഇടയില്‍ അസ്വാരസ്യം നിലനില്‍ക്കാന്‍ ഇതാണ് കാരണം.

എത്രമാത്രം സമഗ്രാധിപത്യപരമായിരുന്നു ഈ ഭരണകൂടം?

ഇറാനിലെ ഷാ ഭരണകൂടത്തിന്റെയത്ര ഏകാധിപത്യപരമായിരുന്നില്ല ഈ ഭരണകൂടം. 1950 മുതല്‍ക്ക് തന്നെ രാജ്യം ജനാധിപത്യത്തിലേക്ക് നീങ്ങുന്ന പ്രവണതകള്‍ കണ്ടുതുടങ്ങിയിരുന്നു. മറ്റു പലയിടങ്ങളിലേയും പോലെ സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ പരമ്പര തുര്‍ക്കിയില്‍ കാണാന്‍ സാധിക്കില്ല. ജനാധിപത്യത്തിലേക്കുള്ള മാറ്റം മധ്യ വര്‍ഗ്ഗങ്ങളുണ്ടാവാന്‍ കാരണമായി. ഈ മധ്യവര്‍ഗ സമൂഹം അധികാരത്തിലേക്കുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്തു. 1946-ല്‍ ആരംഭിച്ച ഈ മാറ്റങ്ങള്‍ മൂലം വിവിധ കക്ഷികള്‍ മാറി മാറി ഭരിക്കുന്ന പ്രവണതയാണ് തുര്‍ക്കിയില്‍ ഉള്ളഥ്. ഡെമോക്രാറ്റിക് പാര്‍ട്ടി 1950 ല്‍ മുഖ്യ പ്രതിപക്ഷ കക്ഷിയായി. ഇസ്‌ലാമടക്കമുള്ള പാരമ്പര്യ മൂല്യങ്ങളോട് സഹിഷ്ണുത പുലര്‍ത്തുമ്പോഴും സാമ്പത്തിക, രാഷ്ട്രീയ തലങ്ങളില്‍ ഈ പാര്‍ട്ടി തീര്‍ത്തും സ്വാതന്ത്ര നിലപാട് പുലര്‍ത്തുന്നു. തുര്‍ക്കിയെ സംബന്ധിച്ചെടുത്തോളം 1950-കള്‍ നിര്‍ണായകമായ വഴിത്തിരിവാണ്. ഈ കാലയളവിലാണ് വ്യത്യസ്ത സാമൂഹിക ഗ്രൂപ്പുകള്‍ ആദ്യമായി പ്രാതിനിധ്യം നേടിയെടുക്കുന്നത്.

മതേതരത്വം അടിച്ചേല്‍പ്പിക്കാന്‍ പരിഷ്‌കരണവാദികളുടെ ഭരണകൂടം തെരഞ്ഞെടുത്ത മാര്‍ഗങ്ങള്‍ എന്തൊക്കെയായിരുന്നു?

ആദ്യമായി മിക്കവാറും എല്ലാ മതസംഘടനകളും നിരോധിക്കപ്പെട്ടു. മതനിയമങ്ങളുടെ പ്രാബല്യം പൂര്‍ണമായും എടുത്തു കളഞ്ഞിട്ട് പകരം സ്വിസ് സിവില്‍ കോഡ് നടപ്പിലാക്കി. രണ്ടാമതായി മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ക്കുള്ള അംഗീകാരം സ്റ്റേറ്റ് അവസാനിപ്പിച്ചു. സാമൂഹികമായി അംഗീകാരമുണ്ടെങ്കിലും മതാചാരപ്രകാരമുള്ള വിവാഹങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പാര്‍മെന്റിന്റെ പ്രത്യേകാനുമതി കൂടാതെ നിയമപ്രകാരമുള്ള അനുകൂല്യങ്ങള്‍ ലഭിക്കാതായി. പൗരത്വാവകാശം, സ്വത്താവകാശം, അനന്തരാവകാശം മുതലായവയെല്ലാം ഇതില്‍ പെടും. മതാചാരപ്രകാരമുള്ള വിവാഹങ്ങളില്‍ ജനിച്ച കുട്ടികളെ നിയമപരിരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പാര്‍ലമെന്റ് പ്രത്യേക നടപടികള്‍ സ്വീകരിക്കാറുണ്ട്. മതാചാരപ്രകാരം മാത്രം വിവാഹിതരായ സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന സമൂഹസിവില്‍ വിവാഹമാണ് പുരോഗമന ചിന്താഗതിക്കാര്‍ നടത്തുന്ന കാമ്പയിനുകളിലെ പ്രധാനപ്പെട്ട ഒരിനം. ഇത് മുമ്പ് വിവാഹമോചനമടക്കമുള്ള നിഷേധിക്കപ്പെട്ട അടിസ്ഥാന അവകാശങ്ങള്‍ക്ക് അവരെ പര്യാപ്തരാക്കുന്നു.
ഇന്ത്യയില്‍ ഇത്തരം വിഷയങ്ങളില്‍ പൊതുവെ ഭരണകൂടത്തിന് ഒന്നും ചെയ്യാനില്ല.

വിവാഹം കൊണ്ടുള്ള വിവക്ഷ തന്നെ സാമൂഹാംഗീകാരമാണ്. തുര്‍ക്കിയില്‍ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും മതാചാരപ്രകാരമാണോ വിവാഹം നടത്തുന്നത്?

ചിലര്‍ സിവില്‍ നിയമപ്രകാരവും മതാചാരപ്രകാരവും വിവാഹം നടത്താറുണ്ട്. എന്നാല്‍ പല മധ്യവര്‍ഗക്കാരും മതപരമായ ആചാരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നു.

ഗ്രാമീണമേഖലയിലെ അവസ്ഥയെന്താണ്? അവരും സിവില്‍ വിവാഹങ്ങള്‍ക്കാണോ മുന്‍ഗണന നല്‍കുന്നത്?

മതാചാരപ്രകാരം മാത്രം വിവാഹിതരാകുന്ന കുറച്ചു പേരുണ്ട്. മുമ്പ് സൂചിപ്പിച്ച സിവില്‍ വിവാഹ കാമ്പയിനുകള്‍ക്ക് പ്രേരണയതാണ്. ഇത്തരം വിവാഹങ്ങളില്‍ ജനിക്കുന്ന കുട്ടികളെ നിയമപരമായി അംഗീകരിക്കാന്‍ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ട്. ഭൂരിഭാഗം മധ്യവര്‍ഗ സ്ത്രീകളും സെക്കുലര്‍ ജീവിത ശൈലിയോട് വളരെയധികം ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഈ പ്രസ്ഥാനത്തിന് ശക്തമായ ജനകീയാടിത്തറയാണെന്നൊന്നും പറയാന്‍ പറ്റില്ല. ഇഷ്ടാനുസരണമുള്ള ജീവിതം തെരഞ്ഞെടുക്കാന് വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് സെക്കുലര്‍ ചിന്താഗതിക്കാരുടെ പക്ഷം. മദ്യപാനം, നിശാക്ലബുകള്‍, ശരീരം മറക്കാനും മറക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം മുതലായവയെല്ലാം വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് അവര്‍ വിശ്വസിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഇവര്‍ സെന്‍സര്‍ഷിപ്പിനെ എതിര്‍ക്കുന്നു. അതേ സമയം അനുവദനീയമായതിന്റെയും വിലക്കപ്പെട്ടതിന്റെയും ഇടയില്‍ നിയന്ത്രണങ്ങള്‍ക്കായാണ്   ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്.

ന്യൂനപക്ഷമാണെങ്കിലും സ്വാധീനശേഷിയും ഉറച്ച നിലപാടുകളുമുള്ള പ്രസക്തമായ ന്യൂനപക്ഷമാണ് ഇസ്‌ലാമിസ്റ്റുകള്‍. 1970 മുതല്‍ തുര്‍ക്കിയിലെ രാഷ്ട്രീയ ചിത്രത്തിലുള്ള ഇസ്‌ലാമിക പാര്‍ട്ടി ഇവര്‍ വര്‍ഷം തോറും മുഖ്യധാരയില്‍ സജീവമാകുന്നു എന്നത് രാഷ്ട്രീയ നിരീക്ഷകരില്‍ താല്‍പര്യമുണര്‍ത്തുന്ന സംഗതിയാണ്. സര്‍വകലാശാലകള്‍ അടക്കമുള്ള ആധുനിക, നഗര, രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഇസ്‌ലാമിക പാര്‍ട്ടി സ്വാഗതം ചെയ്യപ്പെടുന്നു. ഇത് ലോകത്തെല്ലായിടത്തും കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനങ്ങളുള്‍പ്പെടെ മാറ്റിനിര്‍ത്തപ്പെടുന്നവരുടെ കൂട്ടായ്മകള്‍ ‘നടുത്തള’ രാഷ്ട്രീയത്തില്‍ കൂടുതല്‍ പങ്കാളിത്തം നേടിക്കൊണ്ടിരിക്കുന്നു. നമ്മള്‍ പൂര്‍ണമായും അകറ്റി നിര്‍ത്തിയിരുന്ന വംശീയ സ്വത്വവും, മതകീയ സ്വത്വവുമെല്ലാം രാഷ്ട്രീയ മണ്ഡലത്തില്‍ സ്വന്തം ഇടം രേഖപ്പെടുത്തുന്നുണ്ടെന്നര്‍ഥം.

ഇസ്‌ലാമിന്റെ അല്ലെങ്കില്‍ ദേശീയതയുടെ ബാനര്‍ അവര്‍ ഉപയോഗിക്കുന്നുണ്ടോ?

ഇസ്‌ലാമിന്റെ ബാനര്‍ അവര്‍ ഉപയോഗിക്കാറുണ്ട്, കുര്‍ദ് വംശീയ പ്രശ്‌നം ദേശീയതയുടെയും ഇസ്‌ലാമികതയുടെയും വ്യത്യസ്ത മാനദണ്ഡങ്ങളെ മനസ്സിലാക്കാന്‍ ഉപകരിക്കും.

സ്റ്റേറ്റിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് പുറമെ പുരോഗമനാത്മകമെന്ന് പറയുന്ന ഈ കോഡിനെ വ്യത്യസ്തമാക്കുന്നതെന്തൊക്കെയാണ്. എന്തൊക്കെ അവകാശങ്ങളാണ് പൗരന്മാര്‍ക്ക് അവ നല്‍കുന്നത്?

വിവാഹം, തുല്യ അനന്തരാവകാശം, സമ്മതിദാനാവകാശം തുടങ്ങിയ മേഖലകളില്‍ അവ സ്ത്രീക്ക് നിയമ പരിരക്ഷ നല്‍കുന്നു. കൂടാതെ വിവാഹമോചനം കൂടുതല്‍ സുഗമമായി നടത്താനുള്ള സൗകര്യവും നല്‍കുന്നു.

സ്ത്രീകള്‍ക്ക് ആകര്‍ഷകമാം വിധം സാമൂഹ്യനീതിയിലധിഷ്ഠിതമായണ് ഈ കോഡെന്ന് താങ്ങള്‍ക്ക് അഭിപ്രായമുണ്ടോ?

1920-കളില്‍ നടപ്പിലാക്കിയ സിവില്‍ കോഡിലെ വേണ്ടത്ര പുരോഗമനാത്മകമല്ലാത്ത ചില വകുപ്പുകള്‍ നീക്കം ചെയ്യണമെന്ന് പുരോഗമന ചിന്താഗതിയുള്ള സ്ത്രീകളും സ്ത്രീപക്ഷ പ്രസ്ഥാനങ്ങളും ആവശ്യമുയര്‍ത്തുന്നുണ്ട്. ഉദാഹരണത്തിന് വീടിന് പുറത്ത് ജോലി ചെയ്യണമെങ്കില്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതം തേടണം എന്ന വകുപ്പ്. യഥാര്‍ഥത്തില്‍ ഇതൊന്നും ആരും ഗൗനിക്കാറില്ലെങ്കിലും ഒരു കടലാസു നിയമമായിപ്പോലും അതുണ്ടാവാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല. പാരമ്പര്യ വസ്ത്രധാരണ രീതിക്കും നിയമം മൂലം നിരോധനം വന്നു. ഒട്ടോമന്‍ മുസ്‌ലിംകള്‍ പാരമ്പര്യ ചിഹ്‌നമായി കൊണ്ടുനടന്നിരുന്ന തൊപ്പി(ഫെസ്) നിയമം മൂലം നിരോധിച്ചു.

അപ്പോള്‍ ഹിജാബ്?

ഇല്ല. അത് നിരോധിക്കപ്പെട്ടിരുന്നില്ല. പക്ഷെ നിരുത്സാഹപ്പെടുത്തപ്പെട്ടു. സ്‌കൂളുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രമണിയാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. ഇതിനെതിരെയുള്ള പ്രതികരണമാണ് യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ ശിരോവസ്ത്ര പ്രസ്ഥാനം(Islamic veiling movement). കാമ്പസുകളിലും ക്ലാസുകളിലും ശിരോവസ്ത്രമണിയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്നാണ് അവരുടെ ആവശ്യം. ശുദ്ധ ഇസ്‌ലാമികവാദികള്‍ സ്വാഭാവികമായും ദേശീയതാവാദത്തിനെതിരാണ്.

കടപ്പാട് : കാമ്പസ് അലൈവ് മാഗസിന്‍ ഹിജാബ് പതിപ്പ്

Translator: ബിഷ്‌റ് മുഹമ്മദ്‌

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting