banner ad
January 7, 2013 By സബാ മഹ്മൂദ് I ചാള്‍സ് ഹഷ്‌കിന്ദ് 0 Comments

ഫെമിനിസം, താലിബാന്‍, പ്രതിഭീകരത

99 മാര്‍ച്ചിലെ ഒരു തണുത്ത വൈകുന്നേരം, താലിബാനിന്റെ സ്ത്രീകള്‍ക്കെതിരായ ക്രൂരനടപടികള്‍ക്കെതിരെ ഫെമിനിസ്റ്റുകളുടെ കാമ്പയിനിന് പിന്തുണ പ്രഖ്യാപിച്ച് ഹോളിവുഡ് സെലിബ്രിറ്റികളടക്കം വലിയൊരു കൂട്ടം ആളുകള്‍ രംഗത്തുവരികയുണ്ടായി. സെലിബ്രിറ്റികളുടെ പിന്തുണക്കൊപ്പം തന്നെ സ്വജെണര്‍, ഓഫ് അവര്‍ ബാക്ക്‌സ്, മിസ് തുടങ്ങിയ ഫെമിനിസ്റ്റ് ജേര്‍ണലുകളും ഇതര ജനപ്രിയ വനിതാ പ്രസിദ്ധീകരണങ്ങളും ‘അഫ്ഗാനിലെ ലിംഗവിവേചനം തടയുക’ എന്ന കാമ്പയിനില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ഭാഗമായത് ഫെമിനിസ്റ്റുകളെ തന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി.

താലിബാനിന്റെ സ്ത്രീകളോടുള്ള വിവേചനപരമായ സമീപനം അതിനെ നശീകരണം അര്‍ഹിക്കുന്ന പൊതുധാരയുടെ തന്നെ ശത്രുവാക്കി മാറ്റുന്നതില്‍ പ്രസ്തുത കാമ്പയിന്‍ മുഖ്യകാരണമായി. 9/11 ആക്രമണത്തിന് ശേഷം ബുര്‍ഖയില്‍ മൂടിയ അഫ്ഗാന്‍ സ്ത്രീ അമേരിക്കയുടെയും മൊത്തം ആഗോളസമൂഹത്തിന്റെ അദൃശ്യ ശത്രുവിന്റെ പ്രത്യക്ഷ ചിഹ്നമായി മാറി.

2007 നവംബര്‍ 17 ന് രാഷ്ട്രത്തെ അഭിസംബോധന  ചെയ്തുകൊണ്ട് ലോറ ബുഷ് പറഞ്ഞു: ”അഫ്ഗാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നമ്മുടെ ഹൃദയങ്ങള്‍ വെമ്പല്‍കൊള്ളുന്നതുകൊണ്ട് മാത്രമല്ല, നമ്മുടെ മേലും ഭീകരര്‍ ആ സാമൂഹിക ഘടന അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് കൂടിയാണ് അവര്‍ക്കെതിരെ നാം സംസാരിക്കുന്നത്.”

അഫ്ഗാന്‍ സ്ത്രീകളോട് ഇത്രമേല്‍ അനുഭാവം കാണിക്കുമ്പോഴും അമേരിക്കയുടെ ആക്രമണ പരമ്പരകളില്‍ കൊല്ലപ്പെട്ട കണക്കറ്റ അഫ്ഗാന്‍ പൗരന്മാരെക്കുറിച്ച് ഭൂരിപക്ഷം അമേരിക്കക്കാരും മൗനം പാലിക്കുന്നത് വൈരുദ്ധ്യം തന്നെ.

ഫെമിനിസ്റ്റുകളുടെ പോരായ്മകളും വീഴ്ചകളുമല്ല കാര്യം. പക്ഷെ, ആ അബദ്ധങ്ങളെ സാധ്യമാക്കിയ മുന്‍ധാരണകളും സമീപനങ്ങളുമാണ് ഇവിടെ പരിശോധിക്കുന്നത്. ഇത് ഫെമിനിസ്റ്റുകളില്‍ മാത്രമല്ല, നവ ഇസ്‌ലാമിക സമൂഹത്തില്‍ സ്ത്രീകളെ സംബന്ധിക്കുന്ന നിയമങ്ങളെ കുറിച്ച് പൊതുസമൂഹത്തിനു തന്നെയുമുള്ള കാഴ്ചപ്പാടിലും ഇത് കാണാവുന്നതാണ്. ഇസ്‌ലാമിന് മേല്‍ പൊതുവില്‍ ആളുകള്‍ ചാര്‍ത്തുന്ന സ്ത്രീ വിരുദ്ധതയുടെയും മൗലികവാദത്തിന്റെയും മൂര്‍ത്തരൂപമായി താലിബാന്‍ മാറിക്കഴിഞ്ഞു.

അഫ്ഗാനിലെ രാഷ്ട്രീയം  ഛിന്നഭിന്നമാക്കിയത് ആഗോള രാഷ്ട്രീയ ശക്തികളുടെ അധികാര കളികളാണ്. എന്നാലും നാം കുറ്റപ്പെടുത്തുന്നത് ഇസ്ലാമിക ഫണ്ടമെന്റലിസത്തെയും അതിന്റെ സ്ത്രീവിരുദ്ധപ്രവൃത്തികളെയുമാണ്. ഇസ്ലാമിനെക്കുറിച്ചുള്ള പൊതുചിത്രം എത്രമാത്രം വികലമാണെന്നാണ് ഇത് കാട്ടിത്തരുന്നത്.

പ്രതിഭീകരത

താലിബാന്‍ ക്രൂരത, മുസ്‌ലിം ഫണ്ടമെന്റലിസം, സ്ത്രികളെ അടിച്ചമര്‍ത്തല്‍ എന്നിങ്ങനെ ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നത് അത്ഭുതം തന്നെ, അഫ്ഗാന്റെ ആഭ്യന്തരകലാപത്തില്‍ അമേരിക്കക്കുള്ള പങ്ക് വളരെ വ്യക്തമായിക്കഴിഞ്ഞിട്ടും. നമുക്ക് അല്‍പം ചരിത്രം മനസ്സിലാക്കാം. 1979 ല്‍ സോവിയറ്റ് റഷ്യ  അധിനിവേശം നടത്തുന്നതു വരെ സൗത്ത്‌വെസ്റ്റ് ഏഷ്യയിലെ ഈ ഭാഗത്തോട് അമേരിക്കക്ക് പ്രത്യേക താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. സോവിയറ്റ് സൈന്യത്തെ അലോസരപ്പെടുത്താന്‍ വേണ്ടിയാണ് ‘മുജാഹിദീന്‍’ എന്നറിയപ്പെട്ടിരുന്ന അഫ്ഗാന്‍ പോരാളികള്‍ക്ക് രഹസ്യമായി ആയുധങ്ങളും പണവും നല്‍കി സഹായിക്കാനുള്ള കരാര്‍ ജിമ്മി കാര്‍ട്ടര്‍ ഒപ്പുവെച്ചത്. 1986 ആകുമ്പോഴേക്കും റീഗന്റെ കീഴില്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യ ഓപറേഷനായി ഇത് മാറി. മൂന്ന് മില്ല്യണ്‍ ഡോളറിലധികം അമേരിക്ക ഇവര്‍ക്ക് നല്കി. അത്ര തന്നെ സഹായം അടിയുറച്ച അമേരിക്കന്‍ ഭക്തരായ സൗദി ഗവണ്‍മെന്റും നല്‍കി.

സി.ഐ.എയുടെ രഹസ്യ സഹായത്തെ വിമര്‍ശിച്ചവര്‍ പ്രധാനമായും പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്നാമത്, അഫ്ഗാനിലെ  ഏറ്റവും യാഥാസ്ഥിതികവും തീവ്രവാദികളുമായ ഇസ്‌ലാമികവിഭാഗത്തിനാണ് ഈ ഫണ്ട് പോയത്. മറ്റൊന്ന് അഫ്ഗാന്‍-പാക്കിസ്ഥാന്‍ പ്രദേശം ഹെറോയിന്റെയും അനധികൃത ആയുധവ്യാപാരത്തിന്റെയും കേന്ദ്രമായി മാറി.  ഈ മേഖലയില്‍ തീവ്ര മുസ്‌ലിം ഗ്രൂപ്പുകളെ വളര്‍ത്തുക എന്നതായിരുന്നു സി.ഐ.എയുടെ പോളിസി. തുടര്‍ന്നുള്ള പത്ത് കൊല്ലത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ താലിബാന്റെ വളര്‍ച്ച പ്രതീക്ഷിക്കാവുന്ന ഒന്നായിരുന്നു. സോവിയറ്റ് റഷ്യയും അമേരിക്കയും ഇവിടം വിട്ടുപോയി കുറെ കഴിഞ്ഞാണ് 1995ല്‍ താലിബാന്‍ അധികാരത്തില്‍ വരുന്നത്. തുടക്കത്തില്‍ അമേരിക്ക സഹായിച്ച മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെ നയങ്ങള്‍ തന്നെയായിരുന്നു താലിബാനും കൈകൊണ്ടത്. താലിബാനെതിരെ മനസ്സില്ലാമനസ്സോടെ അമേരിക്ക പിന്തുണച്ച വടക്കന്‍ സഖ്യത്തിന്റെ സ്വഭാവവും വ്യത്യസ്തമായിരുന്നില്ല. അമേരിക്ക ഐ.എസ്.ഐക്കും  മുജാഹിദീനും  ഇടയില്‍ വിതരണം ചെയ്ത ആയുധങ്ങള്‍ പലതും  എത്തിച്ചേര്‍ന്നിരുന്നത് ഏറ്റവും ക്രൂരമായ നടപടികളെടുത്തിരുന്ന പോരാളി ഗ്രൂപ്പുകളിലായിരുന്നു.  ഈ ആയുധ ചോര്‍ച്ചയെ സി.ഐ.എ കണ്ടില്ലെന്നു നടിച്ചു. ഫലമോ ? ലോകത്തിലെ ഏറ്റവും വലിയ ആയുധപ്പുരയായി ഈ പ്രദേശം മാറി. അഫ്ഗാന്റെ മിക്ക ഭാഗങ്ങളിലും മുജാഹിദീന്‍ ഗ്രൂപ്പുകള്‍  നിയന്ത്രണം നേടിയെടുത്തു. പോരാട്ടത്തെ സഹായിക്കാനായി കഞ്ചാവ് കൃഷി ചെയ്യാന്‍ അനുകൂലികളോട് അവര്‍ ആവശ്യപ്പെട്ടു. പാക്ക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ സി.ഐ.എയുടെയും പാക്ക് സര്‍ക്കാറിന്റെയും സംരക്ഷണത്തോടെ പാക്ക് സൈന്യവും അഫ്ഗാന്‍ പോരാളികളും ഹെറോയിന്‍ ലാബ് തുറന്നു.

1981 ഓടെ അമേരിക്കക്ക് വേണ്ട 60 ശതമാനം ഹെറോയിനും നല്‍കുന്ന പ്രധാന കേന്ദ്രമായി ഇവിടം മാറി. ഇത്  പാക്കിസ്ഥാനിലുണ്ടാക്കിയ ഫലം അതിഭീകരമായിരുന്നു. ലഹരിക്കടിപ്പെട്ടവര്‍ 1979 ല്‍ വിരലിലെണ്ണാവുന്നവരായിരുന്നു. 1995 ആകുമ്പോഴേക്കും ഇത് 1.2 മില്യണ്‍ ആളുകളായി പെരുകി. അഫ്ഗാന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായി താലിബാനെ ഉയര്‍ത്തിക്കാട്ടുന്നത് യഥാര്‍ത്ഥ പ്രശ്‌നത്തെയും അതിന്റെ പരിഹാരത്തെയും മനസ്സിലാക്കുന്നതിന് തടസ്സമാണ്. ഫെമിനിസ്റ്റുകളുടെ വാദം വികലമാകുന്നതിന്റെ കാരണം ഇതാണ്. ”താലിബാന്റെ ഭരണത്തിന്‍ കീഴില്‍ ലോകത്തിലെ നമ്പര്‍ വണ്‍ കഞ്ചാവുല്‍പ്പാദന കേന്ദ്രമായി അഫ്ഗാനിസ്ഥാന്‍ മാറി.” എന്നാണ് അവര്‍ പറയുന്നത്. ഇതില്‍ വലിയ വസ്തുതാപിശകുണ്ട്. കാരണം 1995ല്‍ ആണ് താലിബാന്‍ അഫ്ഗാന്റെ ഭരണത്തിലെത്തുന്നത്. 1985 ഓടെ ത്തന്നെ ഹെറോയിന്‍ ഉല്‍പ്പാദനകേന്ദ്രമായി ഈ പ്രദേശം മാറിയിരുന്നു. സത്യത്തില്‍ യു.എന്നിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഭരണത്തില്‍ വന്നയുടനെത്തന്നെ അവര്‍ക്ക് അധികാരമുള്ള സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവു കൃഷി താലിബാന്‍ തുടച്ചു നീക്കിയെന്നാണ്. താലിബാനെ മാത്രം ഉന്നം വെച്ചുള്ളതായിരുന്നു ഫെമിനിസ്റ്റുകളുടെ വിമര്‍ശനങ്ങള്‍. അഫ്ഗാനിലുണ്ടായിരുന്ന അനേകം ഗ്രൂപ്പുകളില്‍ ഒന്നു മാത്രമായിരുന്നു താലിബാന്‍ എന്നതാണ്  നാം മനസ്സിലാക്കേണ്ട കാര്യം. മറ്റനേകം ക്രൂരരായ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അമേരിക്ക ഒഴുക്കിക്കൊടുത്ത സാമ്പത്തിക സഹായത്തെ ക്കുറിച്ച് ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ മൗനം പാലിച്ചു.

യുദ്ധവും അതിന്റെ കെടുതികളും പട്ടിണിയും സ്ത്രീകള്‍ക്ക് എന്തുമാത്രം ദുരിതങ്ങളാണുണ്ടാക്കിയതെന്ന് ഇവര്‍ ശ്രദ്ധിച്ചതേയില്ല. പകരം വിദ്യഭ്യാസവും തൊഴിലും പാശ്ചാത്യ വസ്ത്രങ്ങളും ഇല്ലാത്തതാണ് അഫ്ഗാനിലെ സ്ത്രീകളുടെ ഏറ്റവും ഭയങ്കര പ്രശ്‌നമെന്ന നിലയിലാണ് അവര്‍ കാര്യങ്ങളെ അവതരിപ്പിച്ചത്. താലിബാന്‍ ഭരണത്തിനു കീഴിലുള്ള അഫ്ഗാനിസ്ഥാന്റെ പ്രശ്‌നങ്ങളെ അവരുടെ ആവശ്യത്തിനനുസരിച്ചാണ് ഫെമിനിസ്റ്റുകള്‍ വായിച്ചത്. അതിനാല്‍ അവര്‍ക്ക് അഫ്ഗാനിലെ സ്ത്രീപ്രശ്‌നങ്ങളുടെ സൂക്ഷ്മമായ വശങ്ങളെ കാണാന്‍ പറ്റിയില്ല. ഉദാഹരണത്തിന് പെണ്‍കുട്ടികള്‍ സ്‌കൂളിലേക്ക് പോകരുതെന്ന താലിബാന്റ തിട്ടൂരം നഗരപ്രദേശങ്ങളിലെ കുറച്ചു സ്ത്രീകളെ മാത്രം ബാധിച്ച കാര്യമാണെന്നതാണ് സത്യം. ജനസംഖ്യയിലെ ഭൂരിപക്ഷം പേരും താമസിക്കുന്ന ഗ്രാമീണമേഖലയില്‍ വിദ്യാലയങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത്തരം തിട്ടൂരങ്ങള്‍ അവരെ ബാധിക്കുന്നില്ല. അഫ്ഗാനിസ്ഥാനിലെ 90 ശതമാനം പെണ്ണുങ്ങളും 60 ശതമാനം ആണുങ്ങളും നിരക്ഷരരാണ്.

ജനങ്ങളുടെ കൈവശം സുലഭമായി ഉണ്ടായിരുന്ന ആയുധങ്ങള്‍ പിടിച്ചു വാങ്ങി താലിബാന് നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ അവര്‍ സുരക്ഷ ഉറപ്പു വരുത്തി. അതിനാല്‍ ബലാല്‍സംഗം ചെയ്യപ്പെടുമെന്ന പേടി ഇല്ലാതെ കുറെ കാലങ്ങള്‍ക്ക്  ശേഷം ആദ്യമായി സ്ത്രീകള്‍ക്ക്   വീടിന് പുറത്തിറങ്ങി യാത്ര ചെയ്യാന്‍ സാധിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്. ധാര്‍മ്മികമായ മര്യാദാലംഘനങ്ങള്‍ക്ക് തല്ല് കൊടുക്കേണ്ട അന്തരീക്ഷം അപ്പോഴും നിലനിന്നിരുന്നു. താലിബാന്റെ ഈ നയങ്ങളൊക്കെ പൊല്ലാപ്പ് ഉണ്ടാക്കിയത് നഗരവാസികളായ സ്ത്രീകള്‍ക്കാണ്. ഭൂരിപക്ഷം വരുന്ന ഗ്രാമീണ സ്ത്രീകള്‍ക്ക് ഇതൊന്നും ഒട്ടും ദോഷകരമായി ബാധിച്ചില്ല. കാരണം ആ നയങ്ങള്‍ ഗ്രാമീണമേഖലയുടെ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കിക്കൊണ്ടുള്ളതായിരുന്നു. മാത്രമല്ല അവ അടിച്ചേല്‍പ്പിച്ചിരുന്നുമില്ല. അഫ്ഗാനിലെ സ്ത്രീകളെ സഹായിക്കണമെന്നുള്ളവര്‍ ഇപ്പറഞ്ഞതിനെ സൂക്ഷ്മമായി കണക്കിലെടുക്കണം. ഫെമിനിസ്റ്റുകളുടെ കാമ്പയിന്റെ ഫലമായി അഫ്ഗാനിലേക്കുള്ള സാമ്പത്തിക സഹായങ്ങള്‍ വളരെയധികം വെട്ടിക്കുറച്ചു. അഫ്ഗാനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ താലിബാന്റെ ക്രൂരത എന്ന സ്ഥിരം ചട്ടക്കൂടിന് പുറത്തേക്ക് പോകേണ്ടതുണ്ട്. എന്നാല്‍ ഇങ്ങനെ സംസാരിക്കുന്നത് സ്ത്രീ വിരുദ്ധമാണെന്ന നിലപാടാണ് മിക്കയാളുകളും ഇപ്പോഴും വെച്ചുപുലര്‍ത്തുന്നത്.

മൗലികവാദം

ശീതയുദ്ധകാലത്ത്  തങ്ങളുടെതായ പങ്ക് നിര്‍വ്വഹിച്ചതിലൂടെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സ്വന്തം വിധി കീഴ്‌മേല്‍ മറിക്കുകയായിരുന്നു. വ്യാപകമായ ആയുധവിതരണവും സൈനികവല്‍ക്കരണവും കൊഴുത്ത മയക്കുമരുന്നു വ്യാപാരവും ഈ മേഖലയിലെ ധാര്‍മ്മിക-രാഷ്ട്രീയ ശീലങ്ങളിന്മേല്‍   ഭീകരമായ പോറലുകളാണേല്‍പ്പിച്ചത്. ഇവിടെ, കൊളമ്പിയയിലെ സാഹചര്യങ്ങളുമായി പാക്ക്-അഫ്ഗാന്‍ മേഖലയിലെ അവസ്ഥ താരതമ്യം ചെയ്യുന്നത് ഉചിതമായിരിക്കും. അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ കൊളമ്പിയയില്‍ വ്യാപകമായ അതിക്രമങ്ങള്‍ക്ക് മയക്കുമരുന്ന് വ്യാപാരത്തിനും അതിന് അകമ്പടി സേവിക്കാനുള്ള ആയുധങ്ങളുടെ വ്യാപകമായ വിതരണവുമായും അഭേദ്യമായ ബന്ധമുണ്ട്. എന്നാല്‍ കൊളമ്പിയയിലെ അതിക്രമങ്ങള്‍ക്ക് മയക്കുമരുന്നും സൈനികവല്‍ക്കരണവും കാരണം പറയുമ്പോള്‍ അഫ്ഗാനിസ്ഥാന്റെ കാര്യം വരുമ്പോള്‍ മതമൗലികവാദികളുടെ മനശ്ശാസ്ത്രമാണ് കാരണമായി വിശദീകരിക്കുന്നത്.

ഇത്തരം സമീപനത്തിന് ബാര്‍ബറ എറന്റീച്ചി(Barbara Ehrenreich)നെ പോലുള്ള ഫെമിനിസ്റ്റുകള്‍ക്കിടയില്‍ പോലും സ്വീകാര്യത ലഭിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. താലിബാനും ഇസ്‌ലാമിക മതമൗലികവാദ സംഘങ്ങളും സാധാരണ പ്രകടിപ്പിക്കുന്ന അപരിഷ്‌കൃതമായ സ്ത്രീവിരുദ്ധ സമീപനങ്ങളെയാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. ഈ സ്ത്രീവിരുദ്ധമനോഭാവത്തിനുള്ള കാരണം മൂന്നാം ലോകരാജ്യങ്ങളില്‍ തൊഴിലിടങ്ങളിലേക്കും രാഷ്ട്രീയമണ്ഡലങ്ങളിലേക്കും സ്ത്രീകള്‍ തള്ളിക്കയറിയത് മൂലമുണ്ടായ ‘ആഗോള പൗരുഷ പ്രതിസന്ധി’(global masculinity crisis) കാരണമാണെന്നു വരെ തുടര്‍ന്ന് അവര്‍ വിശദീകരിക്കുന്നുണ്ട്. താലിബാന്റെ സ്ത്രീ വിരുദ്ധതക്ക് മറ്റൊരു കാരണം അവര്‍ കണ്ടെത്തുന്നത് പുരുഷ വ്യവസ്ഥകളിന്‍മേല്‍ നിലനില്‍ക്കുന്ന മദ്രസകളെയാണ്.

അമേരിക്കയിലെ ലിംഗവിവേചനത്തിന് കളമൊരുക്കിയ ഭൗതികസാഹചര്യങ്ങളെ പലപ്പോഴും വസ്തുനിഷ്ഠമായി നിവാരണം ചെയ്യുന്ന ബാര്‍ബറ തന്നെ ഇസ്‌ലാമിനെ സംബന്ധിക്കുമ്പോള്‍, ഫെമിനിസ്റ്റുകളെപ്പോലെ തന്നെ അഫ്ഗാനിലെ ഗോത്ര-വംശീയ അതിക്രമങ്ങള്‍, ശീതയുദ്ധത്തിന്റെ അനന്തരമായുണ്ടായ അസന്തുലിതത്വം തുടങ്ങിയ ഗൗരവമേറിയ കാരണങ്ങള്‍ ശ്രദ്ധിക്കുന്നതേയില്ലെന്നത് നടുക്കമുണ്ടാക്കുന്നതാണ്. പകരം അവര്‍ ആഖ്യാനങ്ങള്‍ ചമക്കുന്നത് ആധുനികവല്‍ക്കരണത്തിന്റെ തിരിച്ചടിമൂലമുണ്ടായ ‘പൗരുഷ പ്രതിസന്ധി’, ‘മതമൗലികവാദം’ തുടങ്ങിയ പൊതുസമ്മതി നേടിയ കസര്‍ത്തുകളിന്മേലാണ്

ലോകത്തിലെ എരപ്പാളികള്‍

ആഗോള മതതീവ്രവാദം എന്ന കാഴ്ചപ്പാട് സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ക്ക് ഒരുദാഹരണം നമുക്ക് പരിശോധിക്കാം. അഫ്ഗാന്‍ സ്ത്രീകളെപ്പോലെ തന്നെ എണ്‍പതുകളില്‍ ആയത്തുള്ള ഖുമൈനി ജീവനാന്ത വധശിക്ഷ വിധിച്ചപ്പോള്‍ സല്‍മാന്‍ റുഷ്ദിയും പാശ്ചാത്യരാല്‍ പ്രതിരോധിക്കപ്പെട്ട ശരീരമായിരുന്നല്ലോ. യൂറോപ്പിലും അമേരിക്കയിലും ഉദാരമൂല്യങ്ങളുടെ വക്താവ് എന്ന നിലയില്‍ സമ്മതി നേടിയ റുഷ്ദിയുടെ വാഷിംഗ്ടണ്‍ പോസ്റ്റില്‍ 2001 ല്‍ എഴുതിയ കുറിപ്പില്‍ നിന്നും ഉദ്ദരിക്കുന്നത് ഉചിതമാകും. അദ്ദേഹമെഴുതുന്നു: ”കൊലയാളികള്‍ നേടാന്‍ ശ്രമിച്ചത് എന്തുമാകട്ടെ, മറ്റൊരു ലോകം പണിയുക എന്ന മോഹവും അതിന്റെ പിന്നിലുണ്ടായിരുന്നിരിക്കണം. കെട്ടിടങ്ങള്‍ക്കപ്പുറം പലതും നിലം പൊത്തിക്കാന്‍ മതമൗലിക വാദികള്‍ ശ്രമിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, രാഷ്ട്രീയത്തിലെ ബഹുകക്ഷ സമ്പ്രദായം, ജൂതന്മാര്‍, സ്വവര്‍ഗ്ഗരതിക്കാര്‍, സ്ത്രീ സ്വാതന്ത്ര്യം, ബഹുസ്വരത, മതേതരത്വം, നൃത്തം, മിനിസ്‌കേര്‍ട്ടുകള്‍, പരിണാമസിദ്ധാന്തം എന്നിങ്ങനെയുള്ള ചുരുക്കം ചിലത് നിരത്തുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ക്കെല്ലാം അവര്‍ എതിരാണ്”. അദ്ദേഹം പിന്നീട് തുടരുന്നു, ”നമ്മള്‍ ഒന്നിലും വിശ്വസിക്കാത്തവരാണെന്ന് മതമൗലികവാദി കരുതുന്നു. അവന്റെ ലോകവീക്ഷണത്തില്‍ എല്ലാ സംഗതികള്‍ക്കും അന്തിമമായ തീര്‍പ്പുകളുണ്ടെന്നും നമ്മളൊക്കെയും കുഴപ്പങ്ങളില്‍ ഉഴലുകയാണെന്നും അവന്‍ കരുതുന്നു. അവന്‍ തെറ്റാണെന്ന് അവനെ ബോധ്യപ്പെടുത്തുന്നതിന് മുമ്പ് അവന്‍ ശരിയല്ലെന്ന് നമുക്ക് ബോധ്യപ്പെടേണ്ടതുണ്ട്… പരസ്യ ചുംബനം, പോര്‍ക് സാന്‍വിച്ച്, വിയോജിപ്പുകള്‍, ഫാഷന്‍, സാഹിത്യം, ദയാവായ്പ്, ജലം, ആഗോളവിഭവങ്ങളുടെ തുല്യമായ പങ്കുവെപ്പ്, സിനിമ, സംഗീതം, അഭിപ്രായ സ്വാതന്ത്ര്യം, പ്രണയം, സൗന്ദര്യം: ഏതേത് കാര്യങ്ങളിന്മേലാണ് നാം സന്ധി ചെയ്യേണ്ടത്.”

ഉദാര രാഷ്ട്രീയത്തിന്റെ അടിസ്ഥാനമായി കൊണ്ടാടപ്പെടുന്ന പദാവലികളും പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ മഹിമയായി കൊണ്ടാടുന്ന ഇക്കിളിപ്പെടുത്തുന്ന സംജ്ഞകളും വിചിത്രമായ രീതിയില്‍ ഈ പട്ടികയില്‍ കൂട്ടിക്കുഴച്ചിരിക്കുന്നത് കാണാം. ആദ്യത്തെതിന്റെ (രാഷ്ട്രീയ പദാവലികളുടെ) മഹത്ത്വം തിരിച്ചറിയണമെങ്കില്‍ രണ്ടാമത്തെ ലൈംഗികപ്രസരണമുള്ള വാക്കുകളില്ലാതെ ആവില്ലെന്ന് റുഷ്ദി ഭയക്കുന്നതായി തോന്നാം (അഫ്ഗാന്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടിക നിരത്തുമ്പോള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് വസ്ത്രധാരണത്തെക്കുറിച്ചുള്ള ലേഖനങ്ങളാണെന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്).  ഈ ദ്വന്ദ്വങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്: മിനി സ്‌കര്‍ട്ട് ധരിക്കാന്‍ അനുവാദമില്ലാത്തൊരു സമൂഹത്തില്‍  പ്രായപൂര്‍ത്തി വോട്ടവകാശത്തിനും സ്ഥാനമുണ്ടായിരിക്കുകയില്ല. പരസ്യ ചുംബനം ചെയ്യുന്നവര്‍ വിഭവങ്ങളുടെ നീതിപൂര്‍വ്വകമായ വീതംവെപ്പുകള്‍ ഉറപ്പു നല്‍കുന്നു. പന്നി മാംസം കഴിക്കുന്നതോടെ ഒരാള്‍ക്ക് സാഹിത്യത്തിലും സിനിമയിലും അഭിരുചി സിദ്ധിക്കുന്നു. ജീവിതത്തിലും രാഷ്ട്രീയത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും ഇസ്ലാമിന് പ്രാധാന്യം കല്‍പിക്കുന്നവര്‍- അതുകൊണ്ടു തന്നെ പന്നി മാംസം കഴിക്കാത്ത, പരസ്യചുംബനം ചെയ്യാത്ത, പരിണാമവാദത്തോടു യോജിക്കാത്ത- സര്‍വ്വാധിപത്യപരവും അസഹിഷ്ണുതാപരവും സ്ത്രീ വിരുദ്ധവുമായ സമൂഹത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്.

പാശ്ചാത്യ മൂല്യങ്ങളില്‍ നിന്നും ഏതു വിധേനയുമുള്ള അകല്‍ച്ചയും നമ്മുടെ രാഷ്ട്രീയ വ്യവസ്ഥ തൊട്ട് സ്വകാര്യ ആനന്ദങ്ങള്‍ വരെയുള്ള ജീവിതത്തിന്റെ എല്ലാ നന്മകള്‍ക്കും വെല്ലുവിളിയാകുമെന്നാണ് ഇതിന്റെ പരോക്ഷ ധ്വനി. സംശയാസ്പദരായ ആളുകളെ കുറിച്ച് നിരന്തരം ജാഗരൂകരായിരിക്കണമെന്ന് കൂടെക്കൂടെ നിര്‍ദ്ദേശിക്കപ്പെടുന്ന ഒരു കാലത്താണ് ഇത്തരം വാദങ്ങള്‍ പ്രയോഗിക്കുന്നതെന്നതും നമ്മെ ഇരുത്തി ചിന്തിക്കേണ്ടതാണ്.

മതമൗലികവാദത്തെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും ചിത്രീകരിക്കുന്നതിന് റുഷ്ദി നിരത്തുന്ന വാദങ്ങള്‍ നമ്മെ തെറ്റായ ദിശയിലേക്കാണ് നയിക്കുന്നത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ ഭൂരിഭാഗവും ബഹുകക്ഷി സമ്പ്രദായത്തിനോ പ്രായപൂര്‍ത്തി വോട്ടവകാശത്തിനോ എതിരല്ലെന്നതാണ് വസ്തുത. മുസ്‌ലിം ലോകത്തിന്റെ പല ഭാഗങ്ങളിലും (ഈജിപ്ത്, ഇന്തോനേഷ്യ, തുര്‍ക്കി, തുനീഷ്യ….) ഇസ്‌ലാമിക രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ ജനാധിപര്യവല്‍ക്കരണത്തിനും രാഷ്ട്രീയ വിമോചനത്തിനും വേണ്ടി പണിയെടുക്കുകയും  തുറന്ന അവസരം കിട്ടുമ്പോള്‍ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഈജിപ്തിലെ ലേബര്‍ പാര്‍ട്ടി(ഹിസ്ബുല്‍ അമല്‍) മധ്യേഷ്യയിലെ മുഖ്യ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ ഒന്നായ മുസ്‌ലിം ബ്രദര്‍ഹുഡുമായി സഖ്യം ചേര്‍ന്ന് ദേശീയ-പ്രാദേശിക  തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിരത്താറുണ്ട്. കൂടാതെ കഴിഞ്ഞ പത്തു വര്‍ഷമായി ഈജിപ്തിലെ ഡോക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും ഇതര പ്രൊഫഷനലുകളുടെയും കൂട്ടായ്മകളുടെ തലപ്പത്തേക്ക് ഇസ്‌ലാമിക ആക്റ്റിവിസ്റ്റുകള്‍ തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. എന്നാല്‍  പലപ്പോഴും സെക്കുലര്‍ മുഖമണിഞ്ഞ സര്‍ക്കാറുകളാണ് ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിനെ തടയുന്നത്.

പൊതുമതം

മുസ്‌ലിം ലോകം ആധുനികവും നാഗരികവുമായിത്തീരണമെങ്കില്‍ ഇസ്‌ലാമിനെ സ്വകാര്യവും വ്യക്തിപരവുമായ ഇടങ്ങളിലേക്ക് ചുരുക്കണമെന്ന ഒരു വാദം പലരും ഉയര്‍ത്താറുണ്ട്. മതം പൊതുസംവാദങ്ങളിലേക്കും രാഷ്ട്രീയ അവകാശവാദങ്ങളിലേക്കും പ്രവേശിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും ദ്രോഹകരമായ അസഹിഷ്ണുതാപരവും സങ്കുചിതവുമായ നയങ്ങളിലേക്കാണ് നയിക്കുക എന്നും പറയപ്പെടാറുണ്ട്.

ആധുനിക സമൂഹത്തില്‍ പൊതുവും(Public) സ്വകാര്യവും ബന്ധപ്പെട്ടിരിക്കുന്ന വ്യത്യസ്ത കൈവഴികളെ അവഗണിക്കുന്നു എന്നതാണ് ഇത്തരം വാദഗതികളുടെ പ്രശ്‌നങ്ങളിലൊന്ന്. പൊതുവും സ്വകാര്യവും തീര്‍ത്തും പരസ്പരബന്ധിതവും വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നതാണെന്നും ഇന്നു പല പണ്ഡിതന്മാരും തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖാവരണം (veil) സ്വീകരിച്ചത് യൂറോപ്പിലും ചില മധ്യപൗരസ്ത്യ ദേശങ്ങളിലും സൃഷ്ടിച്ച പ്രകോപനങ്ങള്‍ ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്നാണ്. ഫ്രാന്‍സില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രം (head scarf) ധരിക്കാനുള്ള തീരുമാനം ഫ്രാന്‍സിലെ പൊതുജീവിതത്തിന് തന്നെ അപകടകരമാണെന്ന് പറഞ്ഞാണ് നിരുത്സാഹപ്പെടുത്തിയത്. 1994-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പൊതുസ്‌കൂളുകളില്‍ ശിരോവസ്ത്രം നിരോധിക്കുകയും ചെയ്തു. തതുല്യമായി 1998 നും 2000 ത്തിനുമിടയില്‍ ശിരോവസ്ത്രം നീക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തുര്‍ക്കിയിലെ കോളെജ് കാമ്പസുകളില്‍ 25,000 ഓളം പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. നൂറോളം സര്‍ക്കാര്‍ ജോലിക്കാരായ സ്ത്രീകള്‍ പുറത്താക്കപ്പെടുകയോ തരംതാഴ്ത്തപ്പെടുകയോ സ്ഥലം മാറ്റത്തിന് വിധേയമാവുകയോ ചെയ്തു. ശിരോവസ്ത്രം ഞങ്ങളുടെ സ്വകാര്യമായ വിശ്വാസത്തിന്റെ പ്രകടനമാണെന്നും ഭരണകൂട കേന്ദ്രീകൃതമായ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രകടനമല്ല എന്ന മുസ്‌ലിം യുവതികളുടെ വാദങ്ങള്‍ ഈ സംഭവങ്ങളിലെല്ലാം പരിഗണിക്കാതെ പോയി.

പൊതുവും സ്വകാര്യവും പരസ്പര ബന്ധിതമാണെന്നു മാത്രമല്ല, ചില പ്രത്യേക ‘സ്വകാര്യ വിശ്വാസങ്ങ’ളുടെ പ്രകടനങ്ങള്‍ (എന്നാല്‍ മറ്റു ചിലത് അനുവദിക്കപ്പെടുകയും ചെയ്യും) ആധുനിക ലിബറല്‍ സമൂഹത്തിനകത്തുപോലും സഹിക്കപ്പെടുകയില്ല എന്നും ഈ സംഭവങ്ങള്‍ തെളിയിച്ചു. അതായത് സ്വകാര്യ മണ്ഡലത്തിലേക്ക് ഒതുക്കപ്പെട്ട പലതും ഇപ്പോഴും പൊതുതീരുമാനങ്ങളുടെ വരുതിയില്‍ തന്നെയാണ്. അതുകൊണ്ട് സെക്കുലര്‍ ഭാവുകത്വങ്ങള്‍ക്ക് സ്വീകാര്യരാവുന്നതിന് മുസ്‌ലിംകള്‍ തങ്ങളുടെ വിശ്വാസങ്ങളെ സ്വകാര്യ മണ്ഡലത്തിലേക്ക് ചുരുക്കണമെന്ന ആശയത്തെ നാം പ്രശ്‌നവത്കരിക്കണം.

ശിരോവസ്ത്രം ഇസ്‌ലാമിലെ സ്ത്രീകളുടെ ആശ്രിത പദവി(subordinate status)യുടെ പ്രതീകമാണെന്ന ധാരണയാണ് ഫ്രാന്‍സിലെ ഫെമിനിസ്റ്റുകളെ വികാരപരമായ പ്രതികരണത്തിലേക്ക് നയിച്ചതിന്റെ ഒരു കാരണം. കുറെയധികം ഫെമിനിസ്റ്റുകള്‍ ശിരോവസ്ത്ര വിവാദത്തെ പിന്തുണച്ചു. ഫ്രാന്‍സിലെ പ്രമുഖ ഫെമിനിസ്റ്റ് ബുദ്ധിജീവിയായ എലിസബത്ത് ബാഡിന്റര്‍ (Elizebath Badinder) 1994 ലെഴുതി: ”മുഖാവരണം ഒരു പ്രത്യേക ലിംഗത്തിന്റെ അടിച്ചമര്‍ത്തലിന്റെ പ്രതീകമാണ്. കീറിയ ജീന്‍സ് ധരിക്കുന്നതും മഞ്ഞയോ പച്ചയോ നീലയോ മുടി ചൂടുന്നതും സാമൂഹിക നടപ്പനുസരിച്ച് സ്വാതന്ത്ര്യത്തിന്റെ നടപടികളാണ്. ശിരോവസ്ത്രമണിയുന്നത് വിധേയത്വത്തിന്റെ നടപടിയാണ്. അത് സ്ത്രീകളുടെ ജീവിതം മുഴുവനും ഭാരമുള്ളതാക്കിത്തീര്‍ക്കുന്നു.” ശിരോവസ്ത്രത്തിന്റെ പ്രതീകാത്മക അര്‍ഥത്തെക്കുറിച്ച് അതിനെ എതിര്‍ക്കുന്നവരും നിരന്തരം ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും പ്രശ്‌നം അവര്‍ സൂചിപ്പിച്ചതിനേക്കാള്‍ സങ്കീര്‍ണമായിരുന്നു. സമകാലിക സാമൂഹിക രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ശിരോവസ്ത്രം വിവിധങ്ങളായ അര്‍ഥങ്ങള്‍ വഹിക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീയുടെ പ്രതീകമെന്ന ഒറ്റ അര്‍ഥത്തിലേക്ക് അതിനെ ചുരുക്കുന്നത് ബോദ്ധ്യപ്പെടാന്‍ ആവാത്തതാണ്.

ബഡിന്റെര്‍ മുസ്‌ലിം പെണ്‍കുട്ടിയുടെ ശിരോവസ്ത്രം ധരിക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നത് അത് ”സാമൂഹിക നടപ്പനുസരിച്ചുള്ള സ്വാതന്ത്ര്യത്തിന്റെ നടപടിയല്ല” എന്ന കാരണത്താലാണ് എന്നത് ശ്രദ്ധേയമാണ്. സ്ത്രീകളുടെ സ്വഭാവനടപടികളെക്കുറിച്ച ഇസ്‌ലാമിക കാഴ്ച്ചപ്പാടുകളനുസരിച്ചുള്ള വസ്ത്രധാരണരീതിയാണ് ശിരോവസ്ത്രമെന്നതും അവരെ എതിര്‍ക്കാന്‍ ബഡിന്റെര്‍ പ്രേരിപ്പിക്കുന്നു. ഫെമിനിസത്തിന്റെ സ്വാഭാവിക വിഷയി വിമോചനപരമായ ഒന്നായി തീരുന്നതിന്റെ പരിധിയെ ഇത് ചൂണ്ടിക്കാണിക്കുന്നു. കീറിയ ജീന്‍സണിഞ്ഞും മുടി ഡൈ ചെയ്തുമുള്ള സാമൂഹിക നടപ്പുശീലങ്ങളോട്് കലഹിക്കുന്നവരോട് മുഖ്യധാരാ ഫെമിനിസത്തിന്റെ വിമോചനമുഖം പുറംതിരിഞ്ഞു നില്‍ക്കുന്നു. അതേ സമയം പരമ്പരാഗതമായി അനുവദിക്കപ്പെട്ട നന്മകളുടെ അടിസ്ഥാനത്തില്‍ ജീവിതസമരങ്ങളില്‍ ഏര്‍പ്പെടുകയും അതില്‍ അഭിമാനവും മൂല്യവും ലക്ഷ്യവും കാണുകയും ചെയ്യുന്നവരെ മുഖ്യധാരാ ഫെമിനിസത്തിന്റെ സ്വാഭാവിക വിഷയിസ്ഥാനം കാണാതെ പോവുകയും ചെയ്യുന്നു.

പുരുഷാധിപത്യ പ്രയോഗങ്ങള്‍ എന്ന് കരുതപ്പെടുന്നവയുടെ സ്ത്രീകളുടെ സ്വാഭാവികമായ സ്വീകരണത്തെ ഫെമിനിസ്റ്റുകള്‍ വിശദീകരിക്കുന്നത് തെറ്റായ അബോധം എന്ന നിലയിലോ പുരുഷാധിപത്യ മൂല്യങ്ങളുടെ ആന്തരീകരണം എന്ന നിലയിലോ ആണ്. സാമൂഹിക നടപ്പുകള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ സ്ത്രീകളുടെ വിധ്വംസക കര്‍തൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നവര്‍ പോലും അതിനെ വിധേയത്വത്തിന്റേയും വിധേയത്വമില്ലായ്മയുടേയും യുക്തിയില്‍ അതിനെ പരിമിതപ്പെടുത്തുന്നുണ്ട്. അഥവാ മുസ്‌ലിം സ്ത്രീക്ക് രണ്ടാലൊരു അവസ്ഥയേയുള്ളൂ, ഒന്നുകില്‍ ഒന്നും മറക്കാതെ അഥവാ വിമോചിതയായി അല്ലെങ്കില്‍ ശിരോവസ്ത്രമണിഞ്ഞ് ഒരു പരിധിവരെ വിധേയപ്പെട്ട.് നമ്മുടെ ബ്രാകളും ടൈകളും പാന്റും മിനിസ്‌കര്‍ടും അടിവസ്ത്രങ്ങളും കുളിവസ്ത്രങ്ങളും ഇത്തരം രണ്ടു ഭാഗങ്ങളിലേക്കു തിരിച്ചുള്ള വിഭജനങ്ങള്‍ക്ക് വഴങ്ങുന്നതാണോ? നമ്മുടെ ജീവിതത്തിലെ ദൈനംദിന തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും സ്വാതന്ത്ര്യം അടിമത്വം എന്ന യുക്തിക്കുള്ളില്‍ മനസ്സിലാക്കപ്പെടാവുന്നതും ഉള്‍ക്കൊള്ളാവുന്നതുമാണോ?

ഇത്തരം ലളിതമായ വിപരീത ദ്വന്ദങ്ങള്‍ക്കപ്പുറത്തുനിന്ന് മുസ്‌ലിം സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനുള്ള മാര്‍ഗ്ഗം നാം കണ്ടെത്തണം. പ്രത്യേകിച്ചും നമ്മുടേതുപോലുള്ള ഒരു പ്രതിസന്ധിയുടെ വര്‍ത്തമാനകാലത്ത്; നാം ആശ്ലേഷിക്കുന്ന നമ്മുടെ സന്തോഷങ്ങളും പ്രതീക്ഷകളും സവിശേഷമായ കാമനകളും മനുഷ്യജീവിതത്തിന്റെ അലങ്കാരസാധ്യതകളെ അനിവാര്യമായും ക്ഷീണിപ്പിക്കേണ്ടതല്ല എന്നത് നാം മറന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍. ധരിക്കുന്ന സ്ത്രീകളില്‍ എന്തു പ്രതിഫലനം അത് സൃഷ്ടിച്ചാലും ശിരോവസ്ത്രം നമ്മുടെ കാഴ്ച്ചകളെ അപരിചിതമാക്കുന്നുണ്ടെന്നും മുസ്‌ലിം സമുദായത്തെ സ്ത്രീവിദ്വേഷത്തിന്റേയും പുരുഷഹിംസയുടേയും ഇടങ്ങളായല്ലാതെ തിരിച്ചറിയാനുള്ള നമ്മുടെ കഴിവിനെ അത് സംശയത്തിലാക്കുന്നുണ്ടെന്നും നാം തിരിച്ചറിയണം. ഇത്തരത്തിലുള്ള ഹിംസകളോട് ധാര്‍മ്മികമായും രാഷ്ട്രീയമായും ഉത്തരവാദിത്വബോധത്തോടെ പ്രതികരിക്കുന്നത് നമ്മുടെ കാഴ്ച്ചയുടെ വ്യാപ്തിയെ ഇനിയും വിപുലപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും നാം തിരിച്ചറിയണം.

കടപ്പാട് : കാമ്പസ് അലൈവ് മാഗസിന്‍ ഹിജാബ് പതിപ്പ്

Translator: ഉമ്മുല്‍ ഫായിസ

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting