പടിഞ്ഞാറ് മറിയം ജമീലയെ വായിക്കുമ്പോള്‍
ജീവചരിത്രമെഴുതുന്നതിനുള്ള സര്‍വപ്രധാനമായ വ്യവസ്ഥ എന്താണ്? വിശ്വാസദൃഢതയാണ് പ്രധാനമെങ്കില്‍ സബ്ജക്റ്റിനോടൊപ്പമോ അതായത് ജീവചരിത്രമെഴുതപ്പെടുന്ന വ്യക്തി അല്ലെങ്കില്‍ അവരുടെ വിശ്വാസയോഗ്യനായ ആത്മമിത്രത്തോടൊപ്പമോ ഉള്ള അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ലേ ഒരാള്‍ ഇതെഴുതേണ്ടത്? സബ്ജക്റ്റുകളുടെ സമ്മതപ്രകാരമാണ് വിശ്വസനീയമായ മിക്ക ജീവചരിത്രങ്ങളും രചിക്കപ്പെട്ടത്. സബ്ജക്റ്റും ജീവചരിത്രകാരനും തമ്മിലുള്ള വിജയകരമായ ബന്ധത്തിന്റെ ഫലമായി പുറത്തിറങ്ങിയ പാട്രിക് ഫ്രഞ്ചിന്റെ വി.എസ് നെയ്പാളിനെക്കുറിച്ചുള്ള വിശ്വസനീയമായ ജീവചരിത്രത്തെ (The world is what it is) ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഒരു വ്യക്തിയെന്നത് അയാള്‍ ജീവിച്ച ഭൂതകാലത്തിന്റെ ഉടമസ്ഥനാണ്. മറ്റൊരാള്‍ ഈ ഭൂതകാലത്തെ പരതുമ്പോള്‍ തന്നേക്കാള്‍ അറിവുള്ള തന്റെ സബ്ജക്റ്റിനോട് അയാള്‍ വിനയം കാണിക്കേണ്ടതുണ്ട്. സബ്ജക്റ്റിന്റെ ബോധമണ്ഡലത്തിലേക്ക് തന്റെ ലോകസങ്കല്‍പം ഒരിക്കലും അയാള്‍ അടിച്ചേല്‍പിക്കരുത്. തന്റെ പുസ്തകത്തിലൂടെ ( The convert: A tale of exile and extremism പരിവര്‍ത്തിത: നാടുകടത്തലിന്റെയും തീവ്രവാദത്തിന്റെയും കഥ) മറിയം ജമീലയുടെ ജീവിതത്തിന്റെ മറ നീക്കിയപ്പോള്‍ ഡിബോറ ബേക്കര്‍ എന്താണ് പറയാന്‍ താത്പര്യപ്പെടുന്നതെന്ന് വായിക്കുക.
“എന്റെ സബ്ജക്റ്റുകളുടെ ജീവിതങ്ങളെ പോലെ തന്നെ ചിന്തിക്കുന്നത് വരെ ഞാനവയെ പിന്തുടരും. ഞാന്‍ ആലേഖനം ചെയ്യുമ്പോള്‍ അവയുടെ ശബ്ദങ്ങളെ അനുകരിച്ചു കൊണ്ടും അവയുടെ സ്വപ്‌നങ്ങളെ വ്യാഖ്യാനിച്ചു കൊണ്ടും എന്റെ പഠനത്തിന്റെ വാതായനങ്ങള്‍ക്കു പിറകില്‍ കാലപ്പഴക്കം ചെന്ന വസ്ത്രങ്ങളെ പോലെ ഞാനവയെ എടുത്തണിയുന്നു. യാഥാര്‍ത്ഥ്യബോധത്തോടെ തങ്ങളുടെ ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്ന നിരീക്ഷകന്‍മാരും കവികളും അസാധ്യമായ പിച്ചിലേക്ക് ട്യൂണ്‍ ചെയ്യപ്പെട്ടവരും എന്റെ മനസ്സിനെ സ്പര്‍ശിക്കുന്നു. ഗ്രന്ഥപുരകളെ പിന്തുടര്‍ന്നും യാതനകളാല്‍ ക്രമപ്പെടുത്തപ്പെട്ട കത്തുകളും സംസാരിക്കാന്‍ കഴിയാത്ത ചിന്തകളാല്‍ നിറഞ്ഞ ജേര്‍ണലുകളും വായിച്ചും അശാന്തമായ ആത്മാവുകളുടെ സ്വകാര്യമുറികളെ ഞാനറിയുന്നു, നിര്‍മിക്കാന്‍ കഴിയുമെന്ന് ഒരാള്‍ പോലും ചിന്തിക്കാത്ത നാടകങ്ങളുടെ ചുരുളുകള്‍ ഞാനഴിക്കുന്നു.”
അജ്ഞാതാവസ്ഥയാണ് അവരുടെ അഭിരുചി എന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഡിബോറ ഇതെല്ലാം ചെയ്യുന്നുണ്ട്. ചുമതലാബോധത്തെ എന്നെന്നേക്കുമായി മുക്കിക്കളയാനുള്ള തന്ത്രമാണോ അജ്ഞാതാവസ്ഥ?.
മൂടുപടത്തെക്കുറിച്ച്
“മാര്‍ഗരറ്റ് മാര്‍ക്കസ് വളര്‍ന്നപ്പോള്‍ ഫോട്ടോഗ്രാഫുകള്‍ അവളെ സംബന്ധിച്ചിടത്തോളം പൊറുക്കാനാകാത്ത തിന്‍മയായിത്തീര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിലക്ഷണതയാണ് അവളില്‍ നിന്നും പ്രസരിച്ചത്. കൗതുകമുണര്‍ത്തുന്ന പ്രച്ഛന്ന വേഷത്തില്‍ സ്വയം ബന്ധിച്ച് കൊണ്ട് ആദണീയരായ മാതാപിതാക്കളില്‍ നിന്നും ലിപ്സ്റ്റിക് പുരട്ടിയ സഹോദരിയില്‍ നിന്നും അവള്‍ അകലം പാലിച്ചു. ഇരുപത് വയസ്സായപ്പോള്‍ അവള്‍ തലമറക്കാന്‍ തുടങ്ങി. ഒടുവില്‍ പാകിസ്ഥാനിലെത്തിയതിന് ശേഷം സൂര്യപ്രകാശമേറ്റ ഒരു വാതിലിന് മുന്നില്‍ ബുര്‍ഖ ധരിച്ച് നില്‍ക്കുന്ന അവളുടെ ന്യൂസ് ഫോട്ടോ പ്രസിദ്ധീകരിക്കപ്പെട്ടു. അവളുടെ കൈകളും കാലുകളും മാത്രമാണ് അതില്‍ ദൃശ്യമായിരുന്നത്. അതിനാല്‍ ഒരു ജീവിതത്തില്‍ നിന്നും മറ്റൊന്നിന്റെ വസ്ത്രങ്ങളിലേക്ക് കൂടുമാറാന്‍ മാര്‍ഗരറ്റിന് സാധിച്ചു. അവളെ സംബന്ധിച്ചിടത്തോളം അതൊരു യഥാര്‍ത്ഥ ജീവിതമായിരുന്നു; സാങ്കല്‍പികമായിരുന്നില്ല.”
മതപരിവര്‍ത്തനത്തിന്റെ ഭയാനകതയെക്കുറിച്ച് ലിബറല്‍ വായനക്കാരെ ഓര്‍മിപ്പിക്കുന്നതും വിലക്ഷണത പ്രസരിക്കുന്നതുമായ ഈ ഫോട്ടോയാണ് പുസ്തകത്തിന്റെ കവറിലുള്ളത്. പുസ്തകം എങ്ങനെയെങ്കിലും കൈക്കലാക്കുവാനും വായിക്കുവാനും ഈ കവര്‍ വായനക്കാരെ പ്രലോഭിപ്പിക്കുന്നു. തലമുതല്‍ കാല്‍ വരെ മറയുന്ന ബുര്‍ഖ ധരിച്ച 1962ലെ മറിയം ജമീലയാണത്. വിമോചനത്തിന്റെ വായു ശ്വസിക്കുന്ന, സ്ത്രീകളുടെ ശരീരം മറയരുതെന്നും അവരുടെ സ്വകാര്യഭാഗങ്ങള്‍ പരസ്യമായി ദൃശ്യമാകണമെന്നും ആഗ്രഹിക്കുന്ന നമ്മുടെ വായനക്കാര്‍ ഈ പുസ്തകത്തെ കൈവിടില്ലെന്ന് തീര്‍ച്ചയാണ്. ഞാനും കൈവിട്ടില്ല. ഇഷ്ടമുള്ള വസ്ത്രം തെരെഞ്ഞെടുക്കാനും അല്ലാത്തവ നിഷേധിക്കാനും കഴിയും വിധം പ്രമാണങ്ങളെ (texts) വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും സ്ത്രീകള്‍ക്ക് ഇല്ലാത്തിടത്തോളം കാലം പുരുഷാധിപത്യ മതത്തിന്റെ നിര്‍മ്മാണമാണ് മൂടുപടം എന്ന വ്യവഹാരത്തെ ഞാന്‍ നിസ്സാരമായി കാണുകയില്ല. എന്നാല്‍ നേരെ തിരിച്ച് മൂടുപടത്തെയും വിമോചനത്തെയും കുറിച്ച നമ്മുടെ നിര്‍മ്മാണത്തെ അവളുടെ മേല്‍ നാം അടിച്ചേല്‍പ്പിക്കേണ്ടതുണ്ടോ? വിശേഷിച്ച് സ്വന്തം താല്‍പര്യപ്രകാരമാണ് അവള്‍ മൂടുപടം ധരിക്കുന്നതെന്നിരിക്കെ? മോഹ്ജ കഹ്ഫിന്റെ ചുവടെയുള്ള വാദത്തെ നിങ്ങളെങ്ങനെ കാണുന്നു.
“പുരുഷന്‍മാര്‍ എപ്പോഴും സ്ത്രീ ശരീരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കലാണ് മൂടുപടത്തിന്റെ നീണ്ട ചരിത്ര സാന്നിധ്യത്തെ വ്യാഖ്യനിക്കാനുള്ള ഏക വഴി. ഇതൊരു പക്ഷേ ശരിയായിരിക്കാം, ഇസ്‌ലാമിക- ജൂത- ക്രിസ്ത്യന്‍ അധികാരികള്‍ മൂടുപടത്തെകുറിച്ച അവരുടെ തന്നെ നിര്‍വ്വചനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നത് യാഥാര്‍ത്യമാണ്. എന്നാല്‍ ഇതൊരിക്കലും മൂടുപടത്തെ കുറിച്ച് പകുതി കഥ പോലും പറയുന്നില്ല. മാതൃത്വം എന്ന സ്ഥാപനത്തിലൂടെ സ്ത്രീ ശരീരങ്ങളെ നിയന്ത്രിക്കാന്‍ പുരുഷന്‍മാര്‍ ശ്രമിച്ചിട്ടുണ്ട്. പുനരുല്‍പാദനത്തെ നിയന്ത്രിക്കുന്ന നിയമങ്ങളിലൂടെ ഇപ്പോഴുമത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. എന്നാല്‍ അഡ്രിയാന്‍ റീഷ് (Adrienne rich) പറഞ്ഞ പോലെ ഇത് മാതൃത്വത്തെ പുരുഷാധിപത്യ കല്‍പനകളിലേക്ക് സമീകരിക്കുന്നില്ല. സ്ത്രീകളുടെ ജീവിതങ്ങളില്‍ നിന്നും ഉരുവം കൊള്ളുന്ന മാതൃത്വത്തിന്റെ അനുഭവങ്ങളില്‍ നിന്ന് ആണ്‍ നിര്‍വചനങ്ങളാല്‍ നിര്‍ദേശിക്കപ്പെട്ട മാതൃത്വത്തെ റീഷ് വേര്‍തിരിക്കുന്നു. സ്ത്രീകള്‍ അവരുടെ താല്‍പര്യപ്രകാരം മൂടുപടം ധരിക്കുന്നതും മുകളില്‍ നുര്‍വചിക്കപ്പെട്ട മൂടുപടത്തെകുറിച്ച നിയമങ്ങളും തമ്മിലും ഇതേ രീതിയിലുള്ള വ്യത്യാസമാണ് നിലനില്‍ക്കുന്നത്.” (കാലിഫോര്‍ണിയ സര്‍വകലാശാല പ്രസ് പുറത്തിറക്കിയ, ജെന്നിഫര്‍ ഹീത്ത് എഡിറ്റ് ചെയ്ത ഹെര്‍ റോയല്‍ ബോഡി ദി റോള്‍ വാസ് റിമൂവ്ഡ് എന്ന ഗ്രന്ഥത്തില്‍ നിന്ന്)
അജ്ഞാതയായ പാശ്ചാത്യ മൗലികവാദി
പാട്രിക് ഫ്രഞ്ച് അല്ല ഡിബോറ ബേക്കര്‍ . തന്റെ സബ്ജക്റ്റിന്റെ ഉദ്ധേശങ്ങളെയും കൗശലങ്ങളെയും അവര്‍ അട്ടിമറിക്കുന്നില്ല. കൃത്യമായ പ്രസ്താവ്യ അജണ്ടയും തന്റെ സബ്ജക്റ്റില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ ദൃഢതയുമാണ് അവള്‍ക്കുള്ളത്. ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള ശത്രുത മെറ്റാഫിസിക്കലായിരുന്നോ അതോ ചരിത്രപരമായിരുന്നോ? ഉദാരവത്കൃതജനാധിപത്യത്തിന്റെ കാലഘട്ടം സാമ്രാജ്യത്തത്തിന്റേത് കൂടിയായിരുന്നുവെന്നത് വിരോധാഭാസമായിരുന്നോ അതോ അനിവാര്യതയായിരുന്നോ?ഒരു രാജ്യത്തിന്റെ സംസ്‌കാരത്തിനും ഭരണഘടനയില്‍ പ്രതിഷ്ഠിക്കപ്പെട്ട തത്വങ്ങള്‍ക്കും ഇടയിലുള്ള പരസ്പരബന്ധമെന്തായിരുന്നു.
നിഷ്‌കളങ്കയായ മാര്‍ഗരറ്റ് മാര്‍കസ് മതമൗലികവാദിയായ മര്‍യം ജമീലയായിത്തീര്‍ന്നതിനെക്കുറിച്ച് വാചാലയാകുന്ന ദെബോറ എങ്ങനെയാണ് ലിബറല്‍ ജനാധിപത്യത്തിന്റെ കാലഘട്ടം വിരോധാഭാസമെന്നോണം സാമ്രാജ്യത്തത്തിന്റേത് കൂടിയാണെന്ന് അറിയാനുള്ള കഠിനപ്രയത്‌നമൊന്നും പുസ്തകത്തിലോ അവരെഴുതിയ ലിഖിതങ്ങളിലോ നടത്തുന്നില്ല.
മറിയം ജമീലയുടെ പരിവര്‍ത്തിത ജീവിതത്തില്‍ റാഡിക്കലായി ഉള്‍ക്കൊള്ളപ്പെട്ട നിരവധി പേരെക്കുറിച്ച് പുസ്തകത്തില്‍ അവര്‍ സൂചിപ്പിക്കുന്നുണ്ട്. സയ്യിദ് ഖുതുബും മൗദൂദിയുമാണ് പ്രധാനപ്പെട്ട രണ്ടാളുകള്‍ . എന്നാല്‍ പടിഞ്ഞാറിന്റെ സാമ്രാജ്യത്ത അഹങ്കാരത്തെ സൂചിപ്പിക്കാന്‍ ഒരൊറ്റ പേരും ഡിബോറയുടെ പക്കലില്ല. അവള്‍ അജ്ഞാതയായിരുന്നോ? അല്ലാതിരിക്കാനാണ് സാധ്യത. അവളതിനെ അജ്ഞാതമാക്കുകയായിരുന്നോ? ഒരു പക്ഷെ ആയിരിക്കാം. അജ്ഞാതാവസ്ഥയാണ് അവളുടെ അഭിരുചി.
സര്‍വജ്ഞനായ ആഖ്യാതാവിന്റെ വിപത്തുകള്‍
“തീര്‍ച്ചയായും ഓരോ പ്രോജക്റ്റിന്റെയും അടിയന്തിരകാര്യങ്ങള്‍ വ്യത്യസ്തമാണ്. എല്ലാ സമയത്തും. തോന്നുമ്പോഴൊക്ക, എവിടെ വെച്ചാണെങ്കിലും പുകവലിക്കാന്‍ അലന്‍ ഗിന്‍സ്ബര്‍ഗിനെ നീ അനുവദിച്ചത് തെറ്റാണെന്ന് ഞാന്‍ വിചാരിക്കുന്നില്ലെങ്കിലും ( അദ്ദേഹം നന്ദിയുള്ളവനാകും എന്നു ഞാന്‍ സങ്കല്‍പിക്കുന്നു.) ഫലസ്തീന്‍ ചരിത്രത്തെ കുറിച്ച ഒരു പുസ്തകത്തില്‍ ഞാന്‍ അതൊരിക്കലും ചെയ്യുമായിരുന്നില്ല. എനിക്ക് തെളിയിക്കാന്‍ കഴിയുമെന്ന് തീര്‍ച്ചയുള്ള വിവരങ്ങള്‍ മാത്രം ഉള്‍പെടുത്തുന്നതില്‍ അതീവ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു”.
അമേരിക്കന്‍ എഴുത്തുകാരിയും ജീവചരിത്രകാരിയുമായ അഡിന ഹോഫ്റ്റ്മാന്‍ (Adina hoftman) ഡിബോറ ബേക്കറുമായുള്ള ഒരു സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങളാണിവ. (http/bomsite.com/issues/articles/4702/aaa)
എന്നാല്‍ അലന്‍ ഗിന്‍സ്ബര്‍ഗിലെ (Allen Ginsberg) സ്ഥിരമായി പുകവലിക്കുന്നയാളെ ഡിബോറ കണ്ടെത്തുന്നതിനെ തന്റെ പുസ്തകത്തില്‍ (The blue hand: The beats in india) അഡിന തെറ്റായി കാണുന്നില്ല. നവീന കണ്ടുപിടുത്തങ്ങള്‍ അപലപിക്കേത് ഒരു രാജ്യത്തെ കുറിച്ച ചരിത്രം എഴുതപ്പെടുമ്പോള്‍ (വ്യക്തികളെ കുറിച്ചല്ല) മാത്രമാണ് എന്നാണ് അഡിന അര്‍ഥമാക്കുന്നതെങ്കില്‍ സര്‍വ്വജ്ഞനായ ആഖ്യാതാവിനെ കുറിച്ച നമ്മുടെ സങ്കല്‍പങ്ങള്‍ക്കാണ് അവ പരിക്കേല്‍പിക്കുന്നത്. (കഥാസംഭവങ്ങളെ കുറിച്ചും വ്യത്യസ്ത കഥാപാത്രങ്ഹളുടെ ഉരിയാടാന്‍ കഴിയാത്ത ചിന്തകളെ കുറിച്ചും ഉദ്ദേശങ്ങളെ കുറിച്ചും സര്‍വജ്ഞനായ ആഖ്യാതാവിന് പൂര്‍ണ്ണമായ അറിവുണ്ട്. അതിനാല്‍ തന്നെ ജീവിതത്തെ കുറിച്ച് സംസാരിക്കാനുള്ള അവകാശം ആഖ്യാതാവിനുണ്ട്).
ഭക്ഷണത്തെ കൂടുതല്‍ സ്വാദിഷ്ടമാക്കാനും എരിവുള്ളതാക്കാനും മുന്‍പേ തന്നെ ശേഖരിച്ച് വെച്ച കലര്‍പ്പുകളും പദാര്‍ത്ഥങ്ങളും ചേര്‍ത്ത് കൊണ്ട് മറ്റൊരാളുടെ ജീവിത്തെ സ്വന്തം അടുക്കളയില്‍ പാചകം ചെയ്യാന്‍ സര്‍വ്വജ്ഞനായ ആഖ്യാതാവിന് കഴിയുമോ?
നുഴഞ്ഞു കയറ്റക്കാരായ ആഖ്യാതാക്കള്‍
ഒരു ഭ്രാന്താലയത്തില്‍ (പാഗല്‍ഖാന) എങ്ങനെയാണ് മറിയം ജമീല അടക്കപ്പെട്ടതെന്നാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം വിശദീകരിക്കുന്നത്. പടിഞ്ഞാറിലെ ആകുലതകള്‍ക്ക് പരിഹാരം ഇസ്‌ലാമിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടതെന്ന പോയിന്ററാണ് ഡിബോറ ഊന്നിപ്പറയുന്നതെന്നു തോന്നുന്നു. മതപരിവര്‍ത്തനവും പാകിസ്ഥാനിലേക്കുള്ള കുടിയേറ്റവും എല്ലാം ഈ ആകുലതയ്ക്കുള്ള പരിഹാരമായാണ് കണക്കാക്കപ്പെട്ടത്. പുകവലി അലന്‍ ഗിന്‍സ്ബര്‍ഗിന് രോഗശമനമായിരുന്നെങ്കില്‍ മറിയം ജമീലക്ക് ഇസ്‌ലാമായിരുന്നു. അതിനാല്‍ തന്നെ തന്റെ മാനസികരോഗത്തിന് യഥാര്‍ത്ഥ രോഗശമനം ഭ്രാന്താലയത്തിലാണ് അവള്‍ കണ്ടെത്തിയത്.
മറിയം ജമീലയുടെ ജീവിതത്തെ കുറിച്ച വ്യാഖ്യാനങ്ങളിലൂടെ മഹമൂദിയും ഡിബോറയും കത്തുകളിലൂടെ അവരുടെ സ്വന്തം ജീവിതകഥകളിലേക്ക് നുഴഞ്ഞു കയറിയെന്നതാണ് ആഖ്യാനരൂപത്തിലുള്ള ഈ പുസ്തകവുമായുള്ള എന്റെ പ്രശ്‌നം.
മാനസികരോഗത്തില്‍ നിന്നും രക്ഷ നേടാന്‍ മൗദൂദി ഒരു നിര്‍ദ്ദേശം മറിയം ജമീലക്ക് മുമ്പാകെ വെക്കുന്നു. ( വിവാഹത്തിന്റെ കാര്യത്തില്‍ നിന്നില്‍ ഞാന്‍ സമ്മര്‍ദ്ദം ചെലുത്തുകയില്ല. എന്നാല്‍ നീ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കാം. നല്ലൊരു പാകിസ്ഥാനി മുസ്‌ലിം യുവാവുമായി വിവാഹിതയാവാന്‍ ക്രമേണ നീ താത്പര്യപ്പെടും) ഇസ്‌ലാമിനെ ദേശസ്വത്വമായും മാര്യേജ് ബ്യൂറോയായുമാണ് മൗദൂദി ഇവിടെ കാണുന്നത്. പടിഞ്ഞാറ് വാഗ്ദാനം ചെയ്ത സ്വാതന്ത്ര്യത്തെ സ്വീകരിക്കാന്‍ കഴിയാതിരുന്ന മറിയം ജമീലയുടെ മാനസികവിഭ്രാന്തി ബാധിച്ച ആത്മാവിന് ഇസ് ലാം ഒരിക്കല്‍ പോലും രോഗശമനമായിരുന്നില്ലെന്നാണ് ഡിബോറ വാദിക്കാനാഗ്രഹിക്കുന്നത്. ( ഒരു പക്ഷെ മാര്‍ഗരറ്റിന്റെ ഇസ്‌ലാം ആശ്ലേഷം എന്നത് അവരുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കാനും ഭയാനകമായ അവരുടെ മാനസികനിലയെ അടക്കി നിര്‍ത്താനും വിസമ്മതിച്ച ഒരു സംസ്‌കാരത്തോടുള്ള പ്രതികരണമായിരിക്കാം.) അവരെക്കുറിച്ച ചരമക്കുറിപ്പില്‍ ഡിബോറ എഴുതുന്നു.
യഥാര്‍ത്ഥത്തില്‍ മറിയം ജമീലയായാലും മുഹമ്മദ് അസദായാലും ശരി (അസദിന്റെ മക്കയിലേക്കുള്ള പാതയാണ് മാര്‍ഗരറ്റ് മാര്‍കസിനെ പ്രചോദിപ്പിച്ചത്) പടിഞ്ഞാറ് സൃഷ്ടിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ആകുലതക്ക് ഇന്ന് സജീവമായി കൊണ്ടാടപ്പെടുന്ന ഇസ്‌ലാം ഒരിക്കലും രോഗശമനമല്ല. മക്കയിലേക്കുള്ള പാതയും നീതിയുടെയും സമാധാനത്തിന്റെയും വ്യത്യസ്തതയുടെയും സാഹോദര്യത്തിന്റെയും വാതിലുകളും കാലങ്ങളായി അടക്കപ്പെട്ടിരിക്കുന്നു.
അവസാനമായി, കാലങ്ങളായി മറിയം ജമീല തേടിക്കൊണ്ടിരുന്ന രോഗശമനം 2012 ഒക്ടോബര്‍ 31ന് മരണത്തിന്റെ രൂപത്തില്‍ അവരെ തേടിയെത്തി. അവരുടെ ജീവിതത്തെക്കുറിച്ച വ്യാഖ്യാനങ്ങളുടെയും ജീവിതത്തിന്റെയും പ്രഹേളികളില്‍ നിന്നും ഇപ്പോള്‍ മറിയം ജമീല സ്വതന്ത്രയാണ്. (അതിനി മൗദൂദിയുടേതോ ഡിബോറയുടേതോ ആവട്ടെ) ജീവിതത്തിലുടനീളം അന്വേഷിച്ചു കൊണ്ടിരിക്കുന്ന പ്രശാന്തതയും സമാധാനവും ദൈവം അവള്‍ക്ക് പ്രദാനം ചെയ്യുമാറാവട്ടെ.
Translator: സല്‍മി സഅദ്