നേര്‍വഴി എന്നാലെന്താണ്?
ഫാതിഹയിലെ ആറാമത്തെ സൂക്തം എന്നെ വല്ലാതെ ആശങ്കയിലകപ്പെടുത്തുന്നു. നേര്‍വഴി എന്ന ആശയം നരകത്തിലേക്കുള്ള വിശാലമായ, തിരക്കേറിയ വഴിയുടെയും സ്വര്‍ഗത്തിലേക്കുള്ള ഇടുങ്ങിയ പാതയുടെയും വിക്ടോറിയന്‍ വിവരണങ്ങളെ ഓര്‍മപ്പെടുത്തുന്നു. വഴി എന്ന ചിത്രവും ആത്മീയ ജീവിതമെന്ന യാത്രയും ഇസ്‌ലാമിലും ക്രിസ്തു മതത്തിലും പൊതുവായുള്ളതാണ്. ക്രിസ്തുമതത്തില്‍ ഈ ആശയങ്ങള്‍ വളരെ പ്രാധാന്യമുള്ളവയാണ്. എന്നാല്‍ ഇസ്‌ലാമില്‍ ഈ പ്രതീകങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് താങ്കള്‍ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ വഴിയുടെ വിശേഷണം നേരായത് എന്നാണ്. നേരായത് കവാടമാണ് (strait is the gate) എന്നതാണ് ക്രിസ്തീയ വിവക്ഷ. അതിനര്‍ത്ഥം പിന്തുടരാന്‍ പ്രയാസമുള്ളതും കുടുസ്സായതുമായ വഴിയാണത് എന്നാണ്. എന്നാല്‍ ഖുര്‍ആന്‍ ഈ പ്രതീകം വ്യത്യസ്തമായാണ് അവതരിപ്പിക്കുന്നത് എന്നാണ് മനസിലാവുന്നത്. ഇതൊന്ന് വിശദീകരിക്കാമോ? അവസാനമായി, ഈ പാത പിന്തുടരുന്നതില്‍ നിന്ന് മനുഷ്യനെ തടയുന്നതെന്താണ്?-മെഡലിന്‍ ബണ്ടിംഗ്
നേര്‍വഴിയിലെ വളവുകളും തിരിവുകളും
സിയാവുദ്ദീന്‍ സര്‍ദാര്‍
ഫാതിഹയില്‍ നാം ദൈവത്തിന്റെ മാര്‍ഗദര്‍ശനത്തിനായി പ്രാര്‍ത്ഥിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഈ ലോകത്തും പരലോകത്തും അന്തിമവിജയത്തിലെത്തിക്കുന്ന നേര്‍വഴിയിലൂടെ നയിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നു. അടിസ്ഥാനപരമായി സത്യവും സത്യത്തിലേക്കുള്ള വഴിയും പ്രകാശിതമാക്കാന്‍ ദൈവത്തോടാവശ്യപ്പെടുകയാണ് നമ്മള്‍ .
നമുക്കെല്ലാമറിയാവുന്നതു പോലെ സത്യം എന്താണെന്ന് വാക്കുകളിലൂടെ വിവരിക്കാന്‍ അത്ര എളുപ്പമല്ല. ചിലപ്പോഴെല്ലാം ഇസ്‌ലാം തന്നെ വിവരിക്കപ്പെടുന്നത് നേരായ മാര്‍ഗം എന്നാണ്. സത്യം ആണ് എന്നതു പോലെ ഇസ്‌ലാമും സങ്കീര്‍ണമാണ്. രണ്ടിലും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതകളുണ്ട്. അതുകൊണ്ട് തന്നെ ‘നേരായ മാര്‍ഗ’ത്തിന് വ്യത്യസ്തമായ നിരവധി നിര്‍വചനങ്ങള്‍ നല്‍കാം.
പാരമ്പര്യ മുസ്‌ലിം പണ്ഡിതന്‍മാര്‍ നേര്‍മാര്‍ഗത്തെ സമീപിക്കുന്നത് രണ്ട് ബിന്ദുക്കള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ദൂരമായ ഒരു നേര്‍രേഖ എന്ന നിലക്കാണ്. ചില ശിയാ മുസ്‌ലിംകള്‍ വാദിക്കുന്നത് അത് സൂചിപ്പിക്കുന്നത് പ്രവാചകന്റെ പിതൃവ്യപുത്രനും നാലാമത്തെ ഖലീഫയുമായിരുന്ന അലി (റ)യെ ആണെന്നാണ്. സൂഫികളും മിസ്റ്റിക്കുകളും ആന്തരികജ്ഞാനമാണത് എന്ന് വീക്ഷിക്കുന്നു.
ഒരു വഴിയുടെ വളവുകളും തിരിവുകളും പരിഗണിക്കാതെ, അതിന്റെ അതിരുകള്‍ പിന്തുടര്‍ന്നുകൊണ്ട് പോയിക്കൊണ്ടിരുന്നാല്‍ തീര്‍ച്ചയായും ലക്ഷ്യത്തിലെത്തിച്ചേരും എന്ന അര്‍ത്ഥത്തില്‍ നാം സഞ്ചരിക്കുന്ന ഏത് പാതയും നേര്‍മാര്‍ഗമാണ്. ഇതുവഴി മതപരമായ സംജ്ഞകളില്‍ ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെ പിന്തുടര്‍ന്നാല്‍ മതി എന്ന നിഗമനത്തിലെത്തുക എളുപ്പമാകുന്നു. പാരമ്പര്യത്തിന്റെ കാല്‍പ്പാടുകള്‍ പിന്തുടരുക, ആചാരങ്ങള്‍ അംഗീകരിക്കുന്നവ മാത്രം ചെയ്യുക- അതാണ് എപ്പോഴത്തെയും നേര്‍വഴി. പിന്നെ നിങ്ങളെന്തിന് വാദിക്കാന്‍ നില്‍ക്കുന്നു? പക്ഷേ ഇങ്ങനെയാണ് നേര്‍മാര്‍ഗത്തെ മനസിലാക്കേണ്ട ശരിയായ രീതി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
ഒരു ഭൂപടത്തിന്റെ സഹായത്തോടെ ഒരേ ലക്ഷ്യത്തിലേക്ക് നിരവധി വഴികള്‍ കണ്ടെത്താനാവും. അവയിലോരോന്നിലൂടെ സഞ്ചരിക്കുമ്പോഴും ഇത് തന്നെയാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കാന്‍ ഏറ്റവും അനുയോജ്യമായതെന്ന് തോന്നുകയും ചെയ്യുന്നു.
അപ്പോള്‍ ഏതാണ് ശരിയായ പാത? എവിടേക്കാണ് നമ്മള്‍ എത്തിച്ചേരാനുദ്ദേശിക്കുന്നത്? നമ്മുടെ എല്ലാ പ്രവൃത്തികളും പരിശോധിക്കപ്പെടുന്ന, വിധി നിര്‍ണയിക്കപ്പെടുന്ന പരലോകമാണ് നമ്മുടെ അവസാന ലക്ഷ്യസ്ഥാനം. അതുകൊണ്ട് എവിടേക്ക് പോവണം എന്നതിലുപരി എങ്ങനെ പോവണം എന്നതിനുള്ള കൃത്യമായ നിര്‍ദേശങ്ങളായിരിക്കണം മാര്‍ഗദര്‍ശനം. എവിടേക്കാണ് പോവുന്നത് എന്ന കാര്യത്തില്‍ നമുക്കാര്‍ക്കും സംശയം ഉണ്ടാവാനിടയില്ല- എല്ലാവരും മരിക്കുന്നു.
യാത്രയെക്കുറിച്ച് ഒരുപാട് ഉപമകള്‍ ഖുര്‍ആനിലുണ്ട്. ശരീഅ (ഇസ്‌ലാമിക നിയമം)ഉത്ഭവിച്ചത് വെള്ളക്കുഴിയിലേക്കുള്ള പാതയെ സൂചിപ്പിക്കുന്ന ഒരു വാക്കില്‍ നിന്നാണ്. മരുഭൂമിയില്‍ ഒരാള്‍ക്ക് നിലനിന്ന് പോകണമെങ്കില്‍ വഴിയിലുടനീളം വെള്ളക്കുഴികള്‍ കണ്ടുപിടിക്കണം.
അതുകൊണ്ട് നേര്‍മാര്‍ഗമെന്നത് ഒരു നാവിക ഉപകരണം നോക്കി യാത്ര ചെയ്യുന്നത് പോലെയാണ്, നമ്മള്‍ എവിടെയാണെന്നും ജീവിതയാത്രയില്‍ നമ്മള്‍ എവിടേക്കാണ് പോവുന്നതെന്നും നിര്‍ണ്ണയിക്കുന്ന ഒരു കൂട്ടം മാനദണ്ഡങ്ങളുണ്ട്. ഒരു കപ്പലിന് അപകടമേഖലകളെക്കുറിച്ചും സുരക്ഷിതസ്ഥാനങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്ന, മാര്‍ഗദര്‍ശിയായ ദീപസ്തംഭത്തെപ്പോലെ അത് തന്റെ ധര്‍മം നിര്‍വഹിക്കുന്നു. നേര്‍മാര്‍ഗത്തിലെ നേരെ സൂചിപ്പിക്കുന്നത് യാത്രയുടെ ഗതിയെയാണ് അല്ലാതെ നമുക്ക് മുന്നില്‍ കാണുന്ന പാതയെയല്ല.
‘ ഭൂമിയില്‍ക്കൂടി വിനയത്തോടെ നടക്കുന്ന, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്ന, രാത്രി നിന്ന് നമസ്‌കരിക്കുന്ന, തനിക്ക് നല്‍കപ്പെട്ടതില്‍ നിന്ന് മറ്റുള്ളവര്‍ക്കായി ചെലവഴിക്കുന്ന’ ദാസന്‍മാരായ യാത്രികര്‍ക്ക് ഖുര്‍ആന്‍ ഒരു നാവിക ഉപകരണമാണ്. ‘ക്ഷമ കൈക്കൊള്ളുന്നവരും സത്യം പാലിക്കുന്നവരും ഭക്തയുള്ളവരും ചെലവഴിക്കുന്നവരും രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍’ (3:17). അവന്‍ തിന്മയില്‍ നിന്നും നീചവൃത്തിയില്‍ നിന്നും തിരിഞ്ഞു കലയുന്നു(12:24), നമസ്‌കാരം നിലനിര്‍ത്തുന്നു, റമദാനില്‍ നോമ്പനുഷ്ഠിക്കുന്നു, സകാത്ത് നല്‍കുന്നു, ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്യുന്നു.
എങ്ങനെ ജീവിക്കണമെന്ന ദൈവത്തിന്റെ മാര്‍ഗദര്‍ശനമാണ് ഖുര്‍ആന്‍ . അതിന്റെ ധാര്‍മിക പരാമര്‍ശങ്ങള്‍ നമ്മെത്തന്നെ വ്യവസ്ഥപ്പെടുത്താന്‍, ശരിയായ പാതയിലേക്ക് തിരിച്ചു വരാന്‍ സഹായിക്കുന്ന ഒരു കൂട്ടം തത്വങ്ങളാണ്. നമ്മള്‍ക്ക് എന്തിനാണീ ഉപദേശങ്ങള്‍ ? കാരണം എല്ലാ മനുഷ്യരും തെരഞ്ഞെടുക്കാന്‍ സ്വതന്ത്രരാണ്. നമുക്ക് നന്മ ചെയ്യാനുള്ള സ്വതന്ത്രമായ ഇച്ഛാശക്തിയും കഴിവുമുണ്ട്. പക്ഷേ മനുഷ്യന്‍ ദുര്‍ബലനാണ്. ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും രക്തം ചിന്തുകയും (2:30) ചെയ്യുന്ന നമുക്ക് പിശാചാവാനും കഴിയും.നാം നമ്മുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കണം.
നിരവധി ദുരിതങ്ങളും വെല്ലുവിളികളും നിറഞ്ഞതാണ് നേര്‍മാര്‍ഗം- ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ധാര്‍മിക, ഭൗതിക, സാമൂഹിക, സാംസ്‌കാരിക സങ്കീര്‍ണതകളുമായുള്ള നിരന്തരമായ ഏറ്റുമുട്ടല്‍. നമുക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ള നിരവധി മാര്‍ഗങ്ങളില്‍ നിന്ന് എങ്ങനെയാണ് നേര്‍മാര്‍ഗം കണ്ടെത്തുക എന്നതാണ് പ്രശ്‌നം. ആശയപരമായ ഒരു ഉപകരണമെന്ന നിലക്ക് മികച്ചതിനും ഏറ്റവും മികച്ചതിനും അത് പോലെ മോശമായതിനും ഏറ്റവും മോശമായതിനും ഇടക്കുള്ള തെരഞ്ഞെടുക്കലാണത്. തെരഞ്ഞെടുപ്പുകള്‍ വെറും വ്യക്തിപരമല്ല. നേര്‍മാര്‍ഗമെന്നത് മറ്റുള്ളവരോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങളും നിര്‍ബന്ധബാധ്യതകളും കൂടിയാണ്. അതുകൊണ്ടു തന്നെ നാം മുസ്‌ലിമും അമുസ്‌ലിമും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ നന്മക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
നേര്‍മാര്‍ഗം ലളിതവുമാണെന്ന വാദത്തോട് ഞാന്‍ വിയോജിക്കുന്നു. അത് കൃത്യമല്ല, സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുന്നതാണത്, വ്യത്യസ്ത സമയങ്ങളില്‍ സാഹചര്യത്തിനനുസരിച്ച് അത് സ്വയം വെളിപ്പെടുന്നു. നിശ്ചയമായും നേര്‍മാര്‍ഗം പിന്തുടരുകയെന്നത് ഒരേ രീതിയില്‍ ആയിക്കൊള്ളണമെന്നില്ല.
സദ്‌വൃത്തരായി ജീവിക്കുകയെന്ന അനിവാര്യതയോട് മല്ലിടുന്ന ആദ്യത്തെയോ അവസാനത്തെയോ ജനതയല്ല നമ്മള്‍ എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫാതിഹ അവസാനിക്കുന്നത്. ഈ നിസ്സഹായാവസ്ഥയെ അഭിമുഖീകരിക്കുന്ന തലമുറകള്‍ക്കായി ഖുര്‍ആന്‍ അതിനെത്തന്നെ ചരിത്രത്തില്‍ സ്ഥാപിക്കുന്നു. ഭൂതകാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോഴും ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോഴും ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച അവസ്ഥയിലെത്തിക്കുന്ന ഗുണവത്തായ കണക്കു കൂട്ടലുകളുണ്ടാവണം. നിലനില്‍ക്കുന്ന സാഹചര്യത്തില്‍ , കൃത്യമായ അടിസ്ഥാനങ്ങളിലൂന്നി സാധ്യമായ ഏറ്റവും മികച്ച തെരഞ്ഞടുപ്പ്- ചുരുക്കിപ്പറഞ്ഞാല്‍ വെള്ളക്കുഴിയിലേക്കുള്ള മടക്കം നമ്മളെ നേര്‍മാര്‍ഗത്തിലെത്തിക്കും.
Connect
Connect with us on the following social media platforms.