സൈബര്‍ സെക്‌സ് അഡിക്ഷനില്‍ നിന്നും മോചനം
ഒരു അപ്പോയിന്റ്‌മെന്റിനായി എന്നെ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഇത്രയുമാണ് ‘ചെറിയൊരു പ്രശ്‌നത്തിന് ചെറിയൊരു പരിഹാരം’. വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു പോയ തന്റെ സഹോദരന്റെ സ്ഥാനത്ത് കണ്ട് സ്‌നേഹിക്കുന്ന അവളുടെ കസിന്റേതാണ് കേസ്. എന്തെങ്കിലും ചെറിയ പരിഹാരം കണ്ടെത്തി തീര്‍ക്കാന്‍ പറ്റുന്നതല്ല ഒരു പ്രശ്‌നവും, ഞാന്‍ പുഞ്ചിരിച്ചു. പലപ്പോഴും ഒരു കൗണ്‍സിലര്‍ എന്നത് എല്ലാ സഹായഹസ്തങ്ങളും പരാജയപ്പെടുമ്പോഴുള്ള നമ്മുടെ അവസാനത്തെ അഭയസ്ഥാനമാണ്.
നിശ്ചയിച്ച പ്രകാരം അവള്‍ അവനെയും കൊണ്ട് എന്റെയടുത്ത് വന്നു. എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നു തോന്നിപ്പോയി. ഒറ്റനോട്ടത്തില്‍ അവന് എളുപ്പത്തില്‍ പരിഹാരം നിര്‍ദേശിക്കാവുന്ന ചെറിയ പ്രശ്‌നമേ ഉള്ളൂ എന്ന് തോന്നി. ആരെയും ആകര്‍ഷിക്കുന്ന പുഞ്ചിരിയും പെരുമാറ്റവുമായിരുന്നു അവന്റേത്. ഒരു മാതാവിന്റെ ഉത്കണ്ഠയോടും ചേച്ചിയുടെ വാത്സല്യത്തോടെയും അവള്‍ അവന്റെ കാര്യം പറഞ്ഞു. ‘ ഇവന്‍ മിടുക്കനാണ്. ഈ വര്‍ഷത്തിന്റെ തുടക്കം വരെ എല്ലാ വിഷയങ്ങളും നന്നായി പഠിക്കാറുണ്ടായിരുന്നു. എന്നാല്‍ ഈയിടെയായി അവന്റെ പഠനനിലവാരം വല്ലാതെ കുറഞ്ഞിരിക്കുന്നു. അവന്റെ മാതാപിതാക്കള്‍ വിദേശത്താണ്. സ്‌കൂളിന് ഒരു മുതല്‍ക്കൂട്ടായി തങ്ങള്‍ അഭിമാനപൂര്‍വം കണ്ടിരുന്ന വിദ്യാര്‍ത്ഥിയില്‍ നിന്ന് അവനേറെ മാറിപ്പോയിരിക്കുന്നുവെന്ന് അധ്യാപകര്‍ അവനെക്കുറിച്ച് അവരോടു പറഞ്ഞു. അവരുടെ പരമാവധി അവര്‍ ശ്രമിച്ചു. അവന് പ്രത്യേക ട്യൂഷനും ക്ലാസുകളും നല്‍കി. കമ്പ്യൂട്ടറിന്റെ സഹായത്തോടെ അവനെ പഠിപ്പിക്കാന്‍ വലിയ തുക മുടക്കി ഒരു അധ്യാപകനെ മാതാപിതാക്കള്‍ ഏര്‍പ്പാടാക്കി. ഇതൊന്നും പക്ഷെ വിജയം കാണാതായതോടെ സ്‌കൂളധികൃതര്‍ അവരുടെ മുഖം രക്ഷിക്കാനായി ഒന്നുകില്‍ അവനെ പറഞ്ഞു വിടാനോ അല്ലെങ്കില്‍ തോല്‍പിക്കാനോ ഉള്ള നടപടിക്കൊരുങ്ങി. മകന്‍ തങ്ങളോടൊപ്പം വന്ന് താമസിക്കുകയോ ബോര്‍ഡിംഗ് സ്‌കൂളിലേക്ക് തിരിച്ചു പോവുയോ ചെയ്താല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് മാതാപിതാക്കള്‍ സമാധാനിച്ചു.
അവള്‍ക്ക് തന്റെ സഹോദരന്റെ മരണം സൃഷ്ടിച്ച ശൂന്യത നികത്തിയത് ഈ കസിനാണ്. അവനെ പിരിയുന്നത് പോയിട്ട് അതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എങ്കിലും വിദേശത്ത് പോകുന്നത് അവന് നന്മയാണെങ്കില്‍ അവള്‍ക്കതൊരു പ്രശ്‌നമല്ല താനും. അവള്‍ ധര്‍മസങ്കടത്തിലായി. അവള്‍ അവനോട് ഇതേപ്പറ്റി മുമ്പ് സംസാരിച്ചിരുന്നു. തനിക്ക് പഠനത്തില്‍ ശ്രദ്ധിക്കാനാവുന്നില്ല എന്നു മാത്രമാണ് അവന്‍ പറഞ്ഞത്. എന്താണവന്റെ പ്രശ്‌നമെന്ന് ഊഹിക്കാനേ അവള്‍ക്ക് കഴിഞ്ഞില്ല. തന്നോടു പറയാന്‍ ബുദ്ധിമുട്ടുള്ള എന്തോ കാര്യമാവുമെന്ന് വിചാരിച്ചു അവള്‍. വല്ല പ്രണയമോ ചീത്ത കൂട്ടുകെട്ടോ മറ്റോ ആണ് പ്രശ്‌നമെങ്കില്‍ അവള്‍ക്കത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാമായിരുന്നുവെന്ന് അവള്‍ വിശ്വസിച്ചു. എന്തോ ഒരു വല്ലാത്ത നിശബ്ദത അവനെ മൂടിയിരുന്നു. ഇടിയും മിന്നലോടും കൂടിയുള്ള ശക്തമായ പേമാരിക്കു മുമ്പുള്ള കറുത്തിരുണ്ട ആകാശം പോലെ. ഒരിക്കല്‍ അവന്‍ പൊട്ടിക്കരഞ്ഞു. അവള്‍ ആശ്വസിപ്പിക്കാന്‍ തുടങ്ങിയതും അവന്‍ മുറിയില്‍ കയറി വാതിലടച്ചു. ദുബായിലേക്ക് പോയാല്‍ അവന്റെ ഈ അവസ്ഥ കൂടുതല്‍ വഷളാകുകയേ ഉള്ളൂ എന്നവള്‍ മനസ്സിലാക്കി.
എനിക്കു മുന്നില്‍ മനസ്സ് തുറക്കാന്‍ അവന്‍ മടിച്ചു. ഒരു കാരണവുമില്ലാതെ ആര്‍ക്കും പെട്ടെന്ന് ഏകാഗ്രത നഷ്ടപ്പെടില്ല, ഞാനവനോടു പറഞ്ഞു. അവന്‍ മിണ്ടാതെയിരുന്നു. പോണോഗ്രാഫിയാണോ പ്രശ്‌നം? മറ്റെല്ലാ സാധ്യതകളെയും മാറ്റി നിര്‍ത്തി ഞാന്‍ ഊഹിച്ചു. അവന്റെ കണ്ണു നിറഞ്ഞു. വല്ലാതെ കരയാന്‍ തുടങ്ങി.
അവന് ഏഴു വയസ്സായപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കുറച്ചു കാലത്തേക്ക് അവരുടെ കൂടെ താമസിച്ച ഒരു ബന്ധു അവനെ ലൈംഗികമായി ഉപയോഗിച്ചു. തുടക്കത്തിലെ അവന്റെ പ്രതികരണം ഭയമായിരുന്നു. എന്നാല്‍ പിന്നെപ്പിന്നെ അവന്‍ അതില്‍ ആനന്ദം കണ്ടെത്തി. ആകസ്മികമായുണ്ടായ ദുരന്തമായിരുന്നുവിത്. പിരിമുറുക്കമുണ്ടാവുമ്പോഴൊക്കെ അവന്‍ പഴയതിലേക്ക് തിരിച്ചു പോയി സന്തോഷം കണ്ടെത്തി. ഇത് പലതവണ ആവര്‍ത്തിച്ചു. അത് അവനില്‍ സെക്‌സ് അഡിക്ഷന് തുടക്കം കുറിച്ചു. എന്നാല്‍ 15 വയസ്സാകുന്നതു വരെ ഇത്തരം ഭ്രമാത്മകത നിറഞ്ഞ വിചിത്രകല്‍പനകളല്ലാതെ ആനന്ദം കണ്ടെത്താനുള്ള വേറെ മാര്‍ഗങ്ങള്‍ അവനു മുമ്പിലുണ്ടായിരുന്നില്ല. മാതാപിതാക്കളും അധ്യാപകരും വളരെ കര്‍ശനമായി ഇന്റര്‍നെറ്റ് ഉപയോഗിക്കരുതെന്ന് അവനോട് താക്കീത് ചെയ്തിരുന്നു. റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണെങ്കില്‍ വളരെ കര്‍ക്കശമായ ജീവിതക്രമങ്ങളായിരുന്നു അവന്. കസിന്റെ മരണശേഷം ചേച്ചിയുടെ കൂടെ താമസിക്കാന്‍ തുടങ്ങിയതോടെ നേരത്തെ നിഷേധിക്കപ്പട്ട സ്വാതന്ത്ര്യത്തിന്റെ രുചി അവന്‍ അനുഭവിച്ചു തുടങ്ങി. അവന്റെ മനോവിഭ്രമത്തില്‍ നിലനിന്നിരുന്ന കാമനകള്‍ക്ക് അനുപൂരകമായ ബിംബങ്ങളെ ഇന്റര്‍നെറ്റ് തുറന്നു വിട്ടു. അങ്ങനെ യഥാര്‍ത്ഥത്തിന്റെയും അയഥാര്‍ത്ഥത്തിന്റയും ഇടയിലുള്ള വിടവ് നികന്നു പോയി.
അവനെ ബോഡിംഗ് സ്‌കൂളിലേക്ക് തിരികെ പറഞ്ഞയക്കുക എന്നത് നല്ലൊരു വഴിയല്ല. അവന്റെ പ്രശ്‌നമെന്താണെന്ന് ബോധ്യമായാലേ അവനത് തരണം ചെയ്യാനാവൂ. അതില്‍ നിന്നും ഒളിച്ചോടുകയല്ല പോംവഴി, ബലമായി അവനെ അതില്‍ നിന്നും പുറത്തുകൊണ്ടു വരികയും അല്ല. ശാന്തമായി അവനെ വിഷയത്തെ അഭിമുഖീകരിക്കാന്‍ സന്നദ്ധനാക്കണം, എന്താണ് പ്രശ്‌നമെന്ന് അവനെ ഇരുത്തി വിശകലനം ചെയ്യണം, അതിന്റെ ഉറവിടം കണ്ടെത്തണം. ഒരിക്കല്‍ അവന് സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇതാണ് ഒരേയൊരു പോംവഴി. പീഢനത്തിന് ശേഷം അവന്റെ സ്വഭാവത്തില്‍ നിഴലിട്ട ഭീതിയെന്ന പ്രതിരോധാവസ്ഥയ്ക്ക് പകരം അവന്റെ വ്യക്തിത്വത്തെ ഉറപ്പിക്കുന്ന ക്രിയാത്മകമായ ഒരു പ്രതികരണം നിലവില്‍ വന്നു. അത് അയഥാര്‍ത്ഥമോ യാഥാര്‍ത്ഥ്യത്തിനതീതമോ ആയ ലൈംഗിക മനോവിഭ്രമത്തില്‍ നിന്ന് ആദേശം ചെയ്ത ഒരു മാനസികാവസ്ഥയായിരുന്നു. ഇപ്പോള്‍ അവന്‍ ആഴ്ചയിലൊരു ദിവസം ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവഴിക്കുന്നു. ഇങ്ങനെ ക്രമേണ ഈ സമയം കുറച്ചു കൊണ്ടു വരുകയും അവന്റെ വ്യക്തിത്വത്തില്‍ ആത്മവിശ്വാസം വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നു. ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ ഇപ്പോഴും തുടരുന്നു.
ഇന്ന് ലൈംഗിക ചൂഷണങ്ങള്‍ വ്യാപകമായി വളര്‍ന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കാണുന്നു. ലൈംഗികതയുടെ അതിപ്രസരമുള്ള പൊതു ഇടവും വര്‍ദ്ധിച്ചു വരുന്ന ഉപഭോഗസംസ്‌കാരത്തിലധിഷ്ഠിതമായ സദാചാര സങ്കല്‍പങ്ങളുമുള്ള ഇന്ന് ഇത്തരം സംഭവങ്ങള്‍ അപവാദമല്ല. ലൈംഗികതയ്ക്ക് അടിമപ്പെടുന്നവരില്‍ 82% പേരും മുമ്പ് ലൈഗികമായി ചൂഷണം ചെയ്യപ്പെട്ടവരാണെന്നാണ് മനശ്ശാസ്ത്രജ്ഞനായ മിഷയേല്‍ ഹെര്‍കോവിനെപ്പാലുള്ളവരുടെ പഠനങ്ങള്‍ തെളിയിക്കുന്നത്. നമ്മുടെ കുട്ടികളുടെ സുരക്ഷക്കു മാത്രമല്ല ആരോഗ്യകരമായ സാമൂഹിക-കുടുംബ അന്തരീക്ഷം നിലനിര്‍ത്താനും വേണ്ടി നമ്മള്‍ വിചിന്തനം നടത്തേണ്ട ഒരു വിഷയമാണിത്. ഇതെക്കുറിച്ച് പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ എഴുതണമെന്ന് കരുതുന്നു.
1. ഇത്തരം വിഷയങ്ങള്‍ മോശം കാര്യങ്ങളാണെന്ന പൊതുധാരണ ഉള്ളതിനാല്‍ കുട്ടികള്‍ തങ്ങള്‍ ഇതിന് വിധേയരായിട്ടുണ്ടെന്ന സത്യം മറച്ചു വെക്കുന്നു.
2. ഇനി കുട്ടികള്‍ രക്ഷിതാക്കളോട് ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുകയാണെങ്കില്‍ തന്നെ അവരെ ആശ്വസിപ്പിക്കുന്നതിനു പകരം കുറ്റപ്പെടുത്തുകയാണ് അവര്‍ ചെയ്യുക. അതവരില്‍ വീണ്ടും കുറ്റവാളിയാണെന്ന ചിന്ത ജനിപ്പിക്കും. മൊത്തം സംഭവത്തില്‍ നമുക്കുണ്ടാവുന്ന നിരാശയും സങ്കടവുമാണ് അവരെ കുറ്റപ്പെടുത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഇത് തികച്ചും യുക്തിരഹിതമായ പ്രതികരണമാണ്. ഇങ്ങനെ വരുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളി പോറലൊന്നുമേല്‍ക്കാതെ രക്ഷപ്പെടുകയും യഥാര്‍ത്ഥ പ്രശ്‌നം കണ്ടുപിടിക്കപ്പെടാതെ പോകുകയും ചെയ്യും. ബാല്യത്തില്‍ ഉള്ളിലടക്കി വെക്കുന്ന ഇത്തരം വികാരങ്ങള്‍ കൗമാരത്തോടെ കൂടുതല്‍ ശക്തിയോടെ പുറത്തു വരുന്നു. തങ്ങളുടെ കുട്ടികള്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ വിവേകപൂര്‍വം സ്‌നേഹത്തോടെ ഇതിനോട് പ്രതികരിക്കുകയും കൗണ്‍സിലറെ കാണുകയോ ആണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.
Connect
Connect with us on the following social media platforms.