banner ad
October 25, 2012 By എം നൗഷാദ് { ജാബിര്‍ മലബാരി 0 Comments

ഹജ്ജ് ക്യാമ്പിലെ ജീവിതം

Hajj-Camp-KErala-Karipur

കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഒരു സാകല്യമാണ്. ഹാജിമാരും വളണ്ടിയര്‍മാരും യാത്രയയക്കുന്നവരും രാപ്പകലില്ലാതെ കര്‍മനിരതമാക്കുന്ന ഭക്തിയുടെ സ്‌നേഹസാന്ദ്രമായ ആത്മീയത. ജാബിര്‍ മലബാരിയുടെ ചിത്രങ്ങള്‍ . എം. നൗഷാദിന്റെ വിവരണം

ഹജ്ജ് ക്യാമ്പ് 
മലബാറിന്റെ സ്‌നേഹവും ഊഷ്മളതയും മാനുഷിക സമബോധവും ഇത്രമേല്‍ അകം നിറഞ്ഞ് ആവിഷ്‌കരിക്കപ്പെടുന്ന ഇടങ്ങള്‍ ഒരുപാടുള്ളതായി അനുഭവപ്പെട്ടിട്ടില്ല, കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് പോലെ. ഓരോ തവണ ചെല്ലുമ്പോഴും നന്മയുടെ ഒരു ആര്‍ദ്രാലിംഗനം കൊണ്ട് അത് നിങ്ങളുടെ ഉള്ളു നനക്കുന്നു. അകത്തെ ചില അഴുക്കുകള്‍ കണ്ണീരു വീണോലിച്ച് പോകുന്നു. ആയിരം കാതം അകലെ നിന്ന് കഅബയുടെ വിളിക്ക് ഒന്ന് കാതോര്‍ക്കാതെ, ഉമ്മമാരുടെ കണ്ണുകളില്‍ തുളുമ്പുന്ന സംസമില്‍ ഒരു മാത്ര നനയാതെ നിങ്ങള്ക്ക് അവിടെ നിന്നു മടങ്ങിപ്പോരുക പ്രയാസമാണ്.

DSC005373

ഓര്‍മയുടെ വിദൂരസ്തമായ കോണുകളില്‍, ഇബ്രാഹിം പ്രവാചകനും അദ്ധേഹത്തിന്റെ പത്‌നി ഹാജറയും അവരുടെ മകന്‍ ഇസ്മായീലും നില്‍ക്കുന്നു. വിടപറയലിന്റെ ചരിത്ര സന്ധികള്‍, വേര്‍പാടിന്റെ നിമിഷം വരെ ആഴം തിരിച്ചറിയപ്പെടാതെ കിടക്കാന്‍ വിധിക്കപ്പെട്ട സ്‌നേഹങ്ങള്‍ നിശബ്ദമായി, ഭാഷകള്‍ക്ക് കൈമാറാനാകാത്ത വേദനകള്‍ ഉള്ളില്‍ ചുമന്ന് യാത്ര ചോദിക്കുന്നു. ഒരു നോട്ടത്തിന്റെ സുതാര്യമായ അലിവില്‍ എല്ലാ പിണക്കങ്ങളും മറന്നു പോകുന്നു. ഒരു കെട്ടിപ്പിടുത്തത്തിന്റെ ആത്മീയ ഹൃദ്യതയില്‍, മനുഷ്യര്‍ എന്ന നിലക്ക് നമുക്കിടയിലുണ്ടായിരുന്ന അകലങ്ങള്‍, കൃത്രിമവും, കപടവുമായ മേനികള്‍ ഇല്ലാതാവുന്നു. അവര്‍ മടങ്ങുകയാണ്. അല്ലാഹുവിന്റെ അതിഥികളാവാന്‍. ഒരു കറുത്ത അടിമസ്ത്രീയുടെ അനാഥവും നിരാശ്രിതവുമായ കാലടികള്‍ പിന്തുടര്‍ന്ന് സഫാക്കും മര്‍വാക്കുമിടയില്‍ ഓടുവാന്‍. നിലനില്‍പ്പിന്റെ ദാഹജലം തേടാന്‍.  ഭൗമികതയുടെ പ്രലോഭനങ്ങളെ കുഞ്ഞുനാളിലേ തിരസ്‌കരിക്കാന്‍ തയ്യാറാവുന്ന ഇസ്മായീലിന്റെ നിഷ്‌കളങ്കതയില്‍ നിന്ന് സ്‌നേഹത്തിന്റെ ആത്മബലിയെന്ത് എന്ന് പഠിക്കുവാന്‍. ഇബ്രാഹീമിന്റെ ഏകാന്തമായ പുറപ്പാടുകളില്‍ നിന്ന് അനശ്വരതയിലേക്കുള്ള പാഥേയങ്ങള്‍ തുന്നുവാന്‍. ആ വൃദ്ധമായ കൈകള്‍ ലോകത്തിലെ ഏറ്റവും ലളിതമായ കെട്ടിടത്തെ എങ്ങനെയാണ് പടുത്തതെന്നും ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ പോരാട്ടങ്ങളെ എങ്ങനെയാണ് നയിച്ചതെന്നും അറിയാന്‍. ഇതുവരെ ഉണ്ടായിരുന്ന ഒരാളെ അതിലും നല്ല വേറൊരാളെ കൊണ്ട് പകരം വെക്കാന്‍. വംശങ്ങളുടെയും, ഗോത്രങ്ങളുടെയും സാമുദായികതകളുടെയും ദേശബോധങ്ങളുടെയും അല്പസന്‌കോചങ്ങളെ ബഹുമുഖമായി നിരാകരിക്കുന്ന അറഫയുടെ വിശാലതയിലേക്കാണ് പ്രിയപ്പെട്ടവരെ നമ്മള്‍ യാത്രയാക്കുന്നത്. കഅബക്ക് ചുറ്റുമുള്ള ഭ്രമണത്തില്‍, സൗരയൂഥങ്ങളുടെയും പ്രപഞ്ചങ്ങളുടെയും മഹാഭ്രമണ പദങ്ങളില്‍, അതിനിസ്സാരമായ ഒരണുവായി സ്വയം തിരിച്ചറിയുവാന്‍ . ലയിക്കുവാന്‍ . സ്‌നേഹത്തിന്റെ ലഹരിയില്‍ ജീവിതം ഒരു ആഘോഷ നൃത്തമായി മാറുവാന്‍.

വളണ്ടിയര്‍മാര്‍:
ഹജ്ജിനു പോകുന്നവരെ കഴിഞ്ഞാല്‍, ഹജ്ജ് ക്യാമ്പില്‍ നിങ്ങളെ ഏറ്റവും സ്പര്‍ശിക്കുക വളണ്ടിയര്‍മാരാണ്. DSC00557പരോപകാരത്തിന്റെ നിസ്വാര്‍ത്ഥതയെ ഈ മനുഷ്യര്‍ എത്ര ഉദാരമായാണ് ആവിഷ്‌കരിക്കുന്നത്. വിനയത്തിന്റെ, സൗമ്യതയുടെ, അനുനയത്തിന്റെ, സഹായത്തിന്റെ ശരീരഭാഷയാണവര്‍ക്ക്. അവരില്‍ ആണും പെണ്ണുമുണ്ട്. ചെറുപ്പക്കാരും, മധ്യവയസ്‌ക്കരും, വൃദ്ധരുമുണ്ട്. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ ഉപഭാഷകളില്‍ അവര്‍ സഹായം വാഗ്ദാനം ചെയ്യുകയും തിരക്ക് നിയന്ത്രിക്കുകയും ഇടമൊരുക്കുകയും ചെയ്യുന്നു. ലളിതമായ സൗകര്യങ്ങളില്‍ ഉണ്ടും ഉറങ്ങിയും, തങ്ങളുടെ ആരുമല്ലാത്ത മനുഷ്യര്‍ക്ക് ഒരു പ്രയാസം പോലുമേല്‍ക്കാതെ കാത്തു, ഇരുപതു ദിവസങ്ങള്‍ അവര്‍ ഹജ്ജ് ഹൗസിനെ ചടുലമാക്കുന്നു. വ്യവസായികള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കച്ചവടക്കാര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍… എല്ലാ തുറകളില്‍ നിന്നും വന്നവര്‍. സ്വന്തം തിരക്കുകള്‍ക്ക് അവധി കൊടുത്തവര്‍. ലഗേജ് രജിസ്‌ട്രേഷന്‍, എമിഗ്രേഷന്‍, ബാങ്കിംഗ്, ഭക്ഷണം, പ്രാര്‍ത്ഥന, താമസം, സെക്യൂരിറ്റി, ക്ലാസുകള്‍, പാര്‍കിംഗ്, മെഡിക്കല്‍ സെന്റര്‍, അനൗണ്‍സ്‌മെന്റ്, എയര്‍പോര്‍ട്ട് തുടങ്ങിയ നിരവധി ശാഖകളായാണ് നൂറു കണക്കിന് വളണ്ടിയര്‍മാരുടെ സേവനം. പുറമെ ഹജ്ജ് സെല്ലില്‍ ഡെപ്യൂട്ടേഷനില്‍ വന്ന 33 പേരും. ഹാജിമാര്‍ക്ക് പ്രയാസങ്ങളുണ്ടാവരുത് എന്ന ഒരൊറ്റ ലക്ഷ്യം അവരെ ഒരു സംഘശക്തിയാക്കി മാറ്റുന്നു.

DSC00579-680x1024പത്രക്കാരന്‍ എന്ന നിലയില്‍ വളണ്ടിയര്‍ ലീഡറെ നിങ്ങള്‍ ചെന്ന് കാണുന്നു. വൃദ്ധനായ ആ മനുഷ്യന്‍ ഹാജിമാര്‍ക്ക് വേണ്ടിയുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ നിങ്ങളെ ഗൗനിക്കുന്നില്ല. എന്റെ ഫോട്ടോ എടുക്കരുത് എന്നദ്ദേഹം അല്‍പം പരുഷമാകുന്നു. എനിക്കൊന്നും പറയാനില്ല എന്ന് തീര്‍പ്പ് പറയുന്നു. നിങ്ങള്‍ അതൃപ്തനും നിരാശനുമായി മാറി നില്‍ക്കുമ്പോള്‍ അദ്ദേഹം തിരക്കു കഴിഞ്ഞ് വന്ന് നിങ്ങള്‍ക്ക് കൈ തരുന്നു. ഹാജിമാര്‍ക്ക് സേവനം ചെയ്യലാണ് ഞങ്ങളുടെ പണി എന്നും പത്രക്കാര്‍ക്ക് അഭിമുഖം കൊടുക്കലല്ല എന്നും നേരത്തെ പറഞ്ഞതിലൊന്നും വിഷമം തോന്നരുത് എന്നും വാത്സല്യപ്പെടുന്നു. എന്നിട്ട് അപ്രത്യക്ഷനാകുന്നു. നിങ്ങള്‍ ചെന്നു കാണുന്ന ഓരോ വളണ്ടിയറും പടമായോ ഉദ്ധരണിയായോ പേരായിപ്പോലുമോ അടയാളപ്പെടുത്തപ്പെടാന്‍ പുഞ്ചിരിയോടെ വിസമ്മതിക്കുന്നു. എല്ലാം വിശദമാക്കിത്തരുമ്പോഴും തന്നെപ്പറ്റി ഒന്നും എഴുതരുതേ എന്ന് നിര്‍ബന്ധം പിടിക്കുന്നു. പലരും അഞ്ചും എട്ടും കൊല്ലമായി സ്ഥിരമായി വളണ്ടിയറായി വരുന്നവരാണ്. എയര്‍പോര്‍ട്ടിലേക്ക് ഹാജിമാരെ കൊണ്ടു പോകുന്ന ബസിനകത്ത് ഹാജിമാര്‍ക്ക് ‘ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക്’ (അല്ലാഹുവേ നിന്റെ വിളി ഞങ്ങള്‍ കേട്ടിരിക്കുന്നു, പങ്കുകാരനില്ലാത്ത നിന്റെ വിളിക്ക് ഞങ്ങള്‍ ഉത്തരം ചെയ്തിരിക്കുന്നു) എന്ന് ചൊല്ലിക്കൊടുത്തുകൊണ്ടിരുന്ന ഹജ്ജ് സെല്ലില്‍ ഡെപ്യൂട്ടേഷനില്‍ വന്ന പോലീസുദ്യോഗസ്ഥന്‍ ബസ് എയര്‍പോര്‍ട്ടിലേക്ക് കയറുമ്പോള്‍ ഹാജിമാരോട് പറഞ്ഞു-”നിങ്ങളുടെ ഹജ്ജും ഉംറയും അല്ലാഹു മഖ്ബൂലും മജ്ബൂദുമായി സ്വീകരിക്കട്ടെ, പൂര്‍ണ ആരോഗ്യത്തോടെയും സംതൃപ്തിയോടെയും സ്വന്തം കുടുംബങ്ങളിലേക്ക് നിങ്ങള്‍ മടങ്ങി വരാന്‍ വേണ്ടി ഇന്‍ഷാ അല്ലാഹ് ഞങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം. ഒപ്പം ഇവിടെ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് വേണ്ടിയും സമുദായത്തിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും നിങ്ങള്‍ അവിടെച്ചെന്ന് പ്രാര്‍ത്ഥിക്കണം.” ഈ പ്രാര്‍ത്ഥനയുടെ പ്രതീക്ഷയല്ലാതെ മറ്റൊന്നും ഈ മനുഷ്യര്‍ ആശിക്കുന്നില്ല എന്നത് എത്ര ഹൃദ്യമായ ആത്മീയ അനുഭവമാണ്. ഹാജിമാരെ വിട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് ഹജ്ജ് ഹൗസിലേക്ക് മടങ്ങുമ്പോള്‍ നെറ്റിയില്‍ ചന്ദനക്കുറി തൊട്ട കൊണ്ടോട്ടി എ.എസ.ഐ ചന്ദ്രന്‍ ഹജ്ജ് ക്യാമ്പിനെപ്പറ്റി വാചാലനായി. ഇവിടം വല്ലാത്ത തൃപ്തി തരുന്നു എന്നും ഹാജിമാരെ യാത്രയയക്കുമ്പോള്‍ ഹജ്ജ് ചെയ്ത അനുഭൂതി കിട്ടാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒരു കര്‍ഷകന്‍ കൂടിയായ ചന്ദ്രന്‍ ഇത് മൂന്നാം വര്‍ഷമാണ് ഹജ്ജ് ഹൗസില്‍ സേവനം ചെയ്യുന്നത്. ഇത്തവണ വൃദ്ധ ഹാജിമാര്‍ കൂടുതലാണ് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

DSC00671-1024x754

യാത്രയയപ്പ്

ഇഹ്‌റാം വേഷത്തിലാണ് ഹാജിമാര്‍ കരിപ്പൂരില്‍ നിന്നും പുറപ്പെടുക. സൗദി എയര്‍ലൈന്‍സിന്റെ കുറ്റമറ്റ സേവനത്തില്‍ നേരെ ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ ഇറങ്ങും. അവിടുന്ന് റോഡ് മാര്‍ഗം മക്കയിലേക്ക്. കേരളത്തില്‍ നിന്ന് അങ്ങോളമിങ്ങോളമായി 8000ത്തിലധികം ഹാജിമാരാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വിമാനം കയറിയത്. ഇതില്‍ ലക്ഷദ്വീപില്‍ നിന്ന് ഉള്ളവരും മാഹി (പോണ്ടിച്ചേരി) യില്‍ നിന്നുള്ളവരും പെടും. അഞ്ചു പേര്‍ 2 വയസിന് താഴെയുള്ള കുഞ്ഞുങ്ങളാണ്. 32 വിമാനങ്ങള്‍ .
യാത്രയയക്കാനെത്തുന്ന മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സുഹൃത്തുക്കളുടെയും അയല്‍വാസികളുടെയും ഊഷ്മളതയാണ് ഹജ്ജ് ക്യാമ്പിനെ ഒരു വലിയ വീടായി നിലനിര്‍ത്തുന്നത്. പിന്നെയും പിന്നെയും ചെന്നു കയറാവുന്ന, മനുഷ്യകുലത്തിന് സ്‌നേഹ സ്വാതന്ത്ര്യമുള്ള ഒരു കെട്ടിടം. അവിടെ ആരും മറ്റൊരാളുടെ പരിധിയെ സ്ഥിരമായി ലംഘിക്കുന്നില്ല. യാത്രയയക്കാനെത്തുന്നവര്‍ക്ക് ഇരിക്കാനും വെള്ളം കുടിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിമാനം ഉയരുന്നതിന് 14 മണിക്കൂര്‍ മുമ്പെ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹാജിമാര്‍ക്ക് പിന്നീട് ബന്ധുക്കളുടെ സാന്നിധ്യം ആവശ്യമില്ല എങ്കിലും പല ബന്ധുക്കളും അവിടെ തങ്ങുന്നു. അടുത്തുള്ളവര്‍ പോയി തിരിച്ചു വരുന്നു.

DSC00652-1024x675

യാത്രയയപ്പ് എപ്പോഴും വേദനയുടെ യാമമാണ്. പ്രത്യേകിച്ചും പ്രായം ചെന്നവരെ യാത്രയയക്കാനെത്തുന്ന മക്കളും മരുമക്കളും പേരക്കുട്ടികളും നിശബ്ദമായി വിതുമ്പുന്നത് കാണാം. അതില്‍ പല പ്രകാരേണ വികസിക്കുന്ന നഷ്ടബോധങ്ങളുണ്ട്, തന്നിലേക്ക് തിരിച്ച വരുന്ന കുറ്റബോധങ്ങളുണ്ട്, നാളെയിലേക്ക് കരുതി വെക്കുന്ന നേരിന്റെ ഊര്‍ജമുണ്ട്.ഉപഭോഗ സംസ്‌കാരത്തിന്റെയും ഇസ്‌ലാം പകുത്തെടുക്കലിന്റെയും സാംസ്‌കാരിക നഷ്ടങ്ങള്‍ക്കിടയിലും കരുണയും കരുത്തും കാത്തുവെക്കുന്ന നന്മയുടെ സമാഹൃതാവിഷ്‌കാരങ്ങള്‍ നമ്മില്‍ ബാക്കിയുണ്ടെന്ന അറിവ് പ്രത്യാശാജനകമാണ്.

 

 

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting