banner ad
December 29, 2015 By അംബുജാക്ഷന്‍ 0 Comments

ദി ബ്ലാക് ഹെന്‍ : നേപ്പാളി സിനിമയിലെ പുതു വിസ്മയം

The_Black_Hen-629231805-large

ഒരു രാജ്യത്തെ സിനിമ ആ നാടിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ അവസ്ഥകളെ പ്രതിഫലിപ്പിക്കണമെന്നുണ്ടെങ്കില്‍ ആ ദൗത്യം മനോഹരമായി നിര്‍വ്വഹിച്ച സിനിമയാണ് ദി ബ്ലാക്ക് ഹെന്‍. നേപ്പാളി സിനിമയെ ലോകശ്രദ്ധയിലേക്കെത്തിച്ച സംവിധായകന്‍ മിന്‍ ബഹാദൂര്‍ ഭാം (Min Bahadur Bham) തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ബ്ലാക്ക് ഹെന്‍. തിരുവനന്തപുരത്ത് നടന്ന ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദി ഫഌട്ട്, കാലോ കോട്ട്, ദി ലാസ്റ്റ് ബിഗിനിംഗ്, രന്‍ഗീന്‍ ഫോട്ടോ (The flute, Kalo Coat, The Last Beginning, Rangeen Photo) എന്നീ ചിത്രങ്ങള്‍ക്കുശേഷം മിന്‍ ബഹാദൂര്‍ ഭാം സംവിധാനം ചെയ്ത ദി ബ്ലാക്ക് ഹെന്‍ വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ആദ്യ നേപ്പാളി ചിത്രം കൂടിയാണ്.

താല്ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷമുള്ള വടക്കന്‍ നേപ്പാളിലെ ഒരു ഗ്രാമത്തിലാണ് ചിത്രം ആരംഭിക്കുന്നത്. വെടിയൊച്ചകളുടെ പ്രകമ്പനങ്ങളും രക്തത്തിന്റെ ഗന്ധവും ഉയര്‍ത്തുന്ന അസ്വസ്ഥതകളില്‍ നിന്നും ഗ്രാമീണര്‍ സമാധാനത്തിന്റെ ശുദ്ധവായു ശ്വസിക്കുന്നു. സവര്‍ണ്ണ-അവര്‍ണ്ണ സമുദായങ്ങളില്‍പ്പെട്ട പ്രകാശ്, കിരണ്‍ എന്നീ സഹപാഠികളായ ബാലന്മാരുടെ സൗഹൃദത്തിലൂടെയാണ് കഥ വികസിക്കുന്നത്. പ്രകാശിന് അവന്റെ സഹോദരി ഒരു കോഴിയെ നല്‍കുന്നതും അവന്‍ ഓമനിച്ചു വളര്‍ത്തുന്ന കോഴിയെ അവന്‍ സ്‌കൂളില്‍ പോകുന്ന സമയത്ത് അച്ഛന്‍ ഒരാള്‍ക്ക് വില്‍ക്കുന്നതും ആ കോഴിയെ എങ്ങനെയും തിരികെ എത്തിക്കാന്‍ ആ ബാലന്മാര്‍ നടത്തുന്ന അന്വേഷണവുമൊക്കെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നു. പ്രകാശ് എന്ന ബാലനിലൂടെ നേപ്പാളിലെ ദലിതരുടെ ജീവിതപരിസരങ്ങളെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട് സംവിധായകന്‍. സിനിമയിലുടനീളം അവന്‍ ധരിക്കുന്നത് നിരന്തരമായ ഉപയോഗം കൊണ്ട് നിറം മങ്ങിപ്പോയ ഒരു ജോഡി വസ്ത്രം മാത്രമാണ്. സ്‌കൂളില്‍ പോകുന്നതിന് മുന്‍പും വന്നതിനുശേഷവും അദ്ധ്വാനിക്കുന്ന ബാലന്റെ ചിത്രം വര്‍ണ്ണജാതി വ്യവസ്ഥയും അയിത്തവും മൂലം ഹൈന്ദവ ഗ്രാമങ്ങളുടെ പുറമ്പോക്കിലേക്ക് പിഴുതെറിയപ്പെട്ട ഒരു സമൂഹത്തിന്റെ അതിജീവനത്തിനായി പോരാടുന്ന നേര്‍ക്കാഴ്ച കൂടിയാണ്. രാജഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് നേപ്പാളിന്റെ ഭരണവ്യവസ്ഥ മാറിയെങ്കിലും ഇപ്പോഴും നേപ്പാള്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന ദലിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതായി ഈ ദൃശ്യങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഒരു കാലത്ത് ഇന്ത്യയുടെ ഭാഗമായിരുന്നു നേപ്പാള്‍ എന്നതിനാല്‍ ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ തിരുശേഷിപ്പുകളാണ് ആ നാടിന്റെ ജീവിതാവസ്ഥകളെയും ഗ്രസിക്കുന്നത്.

കറുത്ത കോഴി എന്ന പേര് പ്രതീകവല്‍ക്കരിക്കുന്നത് സമൂഹത്തിന്റെ ഇരുണ്ട പുറങ്ങളിലെ ജീവിതങ്ങളെയാണ്. ചിത്രത്തില്‍ കാണുന്ന കോഴി വെളുത്ത നിറമുള്ളതാണ്. കോഴിയും ചിത്രത്തില്‍ ഒരു കഥാപാത്രമാകുന്നുണ്ട്. കോഴിയും കുട്ടിയും തമ്മില്‍ തികച്ചും വൈകാരികമായ ഒരു ബന്ധം ഉടലെടുക്കുന്നു. കുട്ടിയായിരിക്കുമ്പോഴേ അമ്മയെ നഷ്ടപ്പെട്ടുപോയ ബാലന്
കോഴിയെ ലഭിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സംരക്ഷണബോധം ലഭിക്കുന്നു. ഊണിലും ഉറക്കത്തിലും കൂടെക്കൂട്ടി അവന്‍ ആ സംരക്ഷണം അനുഭവിക്കുകയും ചെയ്യുന്നു. കോഴിയെ വാങ്ങിക്കൊണ്ടുപോകുന്ന ആളില്‍ നിന്നും മുഴുവന്‍ പണം കൊടുത്ത് തിരികെ വാങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി കൈയിലുണ്ടായിരുന്ന പണം കൊടുത്തിട്ട് എടുത്തുകൊണ്ടു പോരുന്ന കോഴിയെ കറുത്ത ചായം പൂശി തന്റേതാക്കാന്‍ നിഷ്‌കളങ്കമായ ഒരു ശ്രമവും അവന്‍ നടത്തുന്നുണ്ട്. മാവോയിസ്റ്റ് സംഘത്തോടൊപ്പം ചേര്‍ന്ന് വീടുവിട്ടുപോയ സഹോദരി ഫോണ്‍ വിളിക്കുമ്പോള്‍ ഫോണിലൂടെ കോഴിമുട്ട ഉയര്‍ത്തിക്കാണിക്കുന്ന രംഗവും ബാല്യത്തിന്റെ നിഷ്‌കളങ്കത വിളിച്ചോതുന്നു. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും സന്തതസഹചാരിയായി, ജീവിതത്തോട് മല്ലിടുന്ന പ്രകാശ് പക്ഷേ വിങ്ങിപ്പൊട്ടി കരയുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍.

മാവോയിസ്റ്റുകളും സൈന്യവും തമ്മിലുള്ള ആക്രമണം നേരിട്ട് ചിത്രീകരിക്കാതെ വെടിയൊച്ചകളിലൂടെ അനുഭവിപ്പിക്കാനായത് സിനിമ ഉയര്‍ത്തുന്ന സന്ദേശത്തിന് അടി വരയിടുന്നു. ക്യാമറകണ്ണുകള്‍ക്ക് പരിധിയും പരിമിതിയുമില്ലെന്ന് തെളിയിക്കുന്ന അപൂര്‍വം സിനിമകളില്‍ ഒന്നാണിത്. അരികുവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങളുടെ ഉപ്പും മധുരവും കാണാന്‍ കഴിയുന്നില്ലെങ്കില്‍ ക്യാമറ എന്നത് വെറും ഉപകരണവും സിനിമ എന്നത് വിനോദോപാധി മാത്രമാവുകയും ചെയ്യും.

പ്രകാശ് എന്ന ബാലന്‍ അയിത്തജാതിക്കാരനാണെന്നും അവനോട് കൂട്ടുകൂടരുതെന്നുമുള്ള ജാതിവ്യവസ്ഥയുടെ ബാലപാഠങ്ങള്‍ സഹപാഠിയായ കിരണിന്റെ മുത്തച്ഛന്‍ അവന് ചൊല്ലിക്കൊടുക്കുന്നുണ്ട്. മുത്തച്ഛന്‍ പറഞ്ഞത് ശരിയാണെന്ന് പിന്നീട് ആ കുട്ടിയും വിളിച്ചുപറയുന്നു. എന്നാല്‍ ജാതിവ്യവസ്ഥയുടെ അങ്ങേത്തലക്കല്‍ നിന്നുകൊണ്ട് പ്രകാശിന്റെ അച്ഛന്‍ അവനോട് പറയുന്നത് നമ്മളൊക്കെ പാവങ്ങളാണെന്നും അവരൊക്കെ ഉയര്‍ന്ന ജാതിക്കാരും സമ്പന്നരുമാണെന്നും അതിനാല്‍ നീ പഠിച്ച് അധ്യാപകന്‍ ആകണമെന്നുമാണ്. സവര്‍ണ്ണരിലും അവര്‍ണ്ണരിലും ജാതീയത പ്രവര്‍ത്തിക്കുന്നത് രണ്ട് തലങ്ങളിലാണെന്ന വസ്തുത ഇവിടെ വെളിവാകുന്നു.

മാവോയിസ്റ്റ് പോരാട്ടങ്ങളില്‍ കൊല്ലപ്പെടുന്ന നിരപരാധികളായ ഗ്രാമീണ ജീവിതങ്ങളുടെ നേര്‍ക്ക് ക്യാമറ തുറക്കുകയാണ് സംവിധായകന്‍. കഴിഞ്ഞ പത്തുവര്‍ഷക്കാലം നാല്പ്പതിനായിരത്തോളം പേര്‍ ഈ പോരാട്ടങ്ങളില്‍ കൊല്ലപ്പെട്ടുവെന്നും അതില്‍ നാല്പ്പത് ശതമാനം സ്ത്രീകളും കുട്ടികളുമാണെന്നും കണക്കുകള്‍ നിരത്തി സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ശരിതെറ്റുകളിലേക്ക് കടക്കാതെ കൊല്ലപ്പെടുന്ന നിരപരാധികള്‍ക്കു വേണ്ടിയാണ് സിനിമ നിലകൊള്ളുന്നത്. ഇത്തരം പോരാട്ടങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷ ചിത്രം പങ്കുവയ്ക്കുന്നില്ല. അതുകൊണ്ടുതന്നെ പോരാട്ടത്തില്‍ മരിച്ച സൈനികരുടെ ചോരകൊണ്ട് പോരാട്ടങ്ങളെ പ്രതിരോധിക്കുന്ന കുട്ടികളെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. വെടിയൊച്ചകള്‍ നിലക്കാത്ത രാജ്യങ്ങളില്‍ അവര്‍ വീഴ്ത്തുന്ന ചോരകൊണ്ട് അതിജീവിക്കുകയും പ്രതിരോധിക്കുകയും ചെയ്യുമ്പോള്‍ തന്നെ, ശാന്തമായ പുഴയിലിറങ്ങി നഗ്‌നരായി നിന്ന് ചോര കഴുകിക്കളയുന്ന രംഗത്തിലൂടെ ഇവയില്‍ നിന്നൊക്കെ മോചനം കൊതിക്കുന്ന ഒരു പുതിയ തലമുറയെ സിനിമ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു.

ലോകസിനിമയില്‍ അത്രകണ്ട് പരിചിതമല്ലാത്ത നേപ്പാളിന്റെ ഗ്രാമഭംഗി ദൃശ്യവല്‍ക്കരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് അസീസ് സംബാക്കിയെവ് എന്ന ഛായാഗ്രാഹകന്‍. സുന്ദരമായ പ്രകൃതി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ വേണ്ടിമാത്രം കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന ഒരു രംഗം പോലും ഈ ചിത്രത്തിലില്ല. ഗ്രാമീണ ജീവിത സ്പന്ദനങ്ങളോട് ഇഴചേര്‍ന്നു നില്ക്കുകയാണ് ഓരോ ഫ്രെയിമും. അസീസ് സംബാക്കിയേവ് എന്ന ഛായാഗ്രാഹകന്റെ കൈയൊപ്പ് പതിഞ്ഞ ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട്. രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലൂടെ നടന്നുപോകുന്ന കുട്ടിയുടെ ലോങ്ങ്‌ഷോട്ട് ഒരുദാഹരണമാണ്. മാവോയിസ്റ്റുകളും സൈന്യവും തമ്മിലുള്ള ആക്രമണം നേരിട്ട് ചിത്രീകരിക്കാതെ വെടിയൊച്ചകളിലൂടെ അനുഭവിപ്പിക്കാനായത് സിനിമ ഉയര്‍ത്തുന്ന സന്ദേശത്തിന് അടി വരയിടുന്നു. ക്യാമറകണ്ണുകള്‍ക്ക് പരിധിയും പരിമിതിയുമില്ലെന്ന് തെളിയിക്കുന്ന അപൂര്‍വം സിനിമകളില്‍ ഒന്നാണിത്. അരികുവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങളുടെ ഉപ്പും മധുരവും കാണാന്‍ കഴിയുന്നില്ലെങ്കില്‍ ക്യാമറ എന്നത് വെറും ഉപകരണവും സിനിമ എന്നത് വിനോദോപാധി മാത്രമാവുകയും ചെയ്യും. ഗൗതമ ബുദ്ധന്‍ പിറന്ന മണ്ണില്‍ നിന്നും എത്തിയ തികച്ചും അഭിനന്ദനാര്‍ഹമായ ഒരു ചിത്രമാണ് ‘ദി ബ്ലാക്ക് ഹെന്‍.’

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting