banner ad
December 11, 2015 By അഷ്‌റഫ് മുഹമ്മദ്‌ 0 Comments

മനുഷ്യാവകാശത്തിന്റെ സാര്‍വലൗകിക യുക്തികളും അധിനിവേശ വിരുദ്ധ സംസാരങ്ങളും

amr

ഗസ്സയിലും ഇറാഖിലും സിറിയയിലും കൊല്ലപ്പെടുന്നത് മനുഷ്യരല്ലേ? പീഡനത്തിനിരയാവുന്ന മനുഷ്യരെ മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ടോ? മനുഷ്യരക്തം എല്ലായിടത്തും ഒരുപോലെയല്ലേ ഒഴുകുന്നത്? ഗസ്സ, ഇറാഖ്, സിറിയന്‍ പ്രശ്‌നം ഒക്കെ മനുഷ്യാവകാശ പ്രശ്‌നമല്ലേ? കിഴക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന സംസാരങ്ങളുടെ ഭാഗമായി വരുന്ന പ്രതികരണങ്ങളുടെ ചില സാമ്പിളുകള്‍ ആണിത്. തീര്‍ച്ചയായും ഹിംസയുടെ കഥകള്‍ കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും കാണുമ്പോഴും ഒക്കെ വായനക്കാര്‍ അനുഭവിക്കുന്ന വേദന, വിഷമം, ദുഃഖം, സങ്കടം തുടങ്ങിയ വികാരങ്ങള്‍ പ്രധാനമായി കാണേണ്ടതുണ്ട്. വാര്‍ത്തകളുടെ സ്വീകരണസ്ഥലത്തുവെച്ച് വായനക്കാര്‍ ഹിംസയെക്കുറിച്ച് പ്രകടിപ്പിക്കുന്ന ഉത്കണ്ഠകളെയും പ്രതികരണങ്ങളെയും ആ സവിശേഷ സാഹചര്യത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതൊക്കെ പരിഗണിക്കുമ്പോള്‍ത്തന്നെ, എന്തുകൊണ്ട് മനുഷ്യാവകാശം ആഗോള രാഷ്ട്രീയത്തെ മനസ്സിലാക്കുന്നതില്‍ ഏറെ സ്വീകരിക്കപ്പെടുന്നുവെന്ന അന്വേഷണം പ്രത്യേകമായിത്തന്നെ നടക്കേണ്ടതുണ്ട്.

ആഗോള രാഷ്ട്രീയ സംസാരങ്ങളുടെ ചട്ടക്കൂടുകള്‍

എല്ലാ രാഷ്ട്രീയവ്യത്യാസങ്ങളും മറന്ന് ആളുകള്‍ മനുഷ്യാവകാശത്തിനുവേണ്ടി ഒന്നിച്ചുനില്‍ക്കണം. മനുഷ്യാവകാശം അങ്ങനെ എല്ലാ വ്യത്യാസങ്ങളും മറന്ന് മനുഷ്യരെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയ ഇടമായി മാറിയിരിക്കുന്നു എന്ന നിര്‍ണ്ണയങ്ങള്‍ സാര്‍വദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങളില്‍ ധാരാളം കാണാം. രാഷ്ട്രീയപ്രശ്‌നങ്ങളെ അനുഭവപരമായി സമീപിക്കുന്നതിന്റെ പരിമിതികളെപ്പറ്റി സംസാരിക്കുന്ന ഇടതുപക്ഷ ഘടനാവാദികള്‍ പോലും മനുഷ്യാവകാശം എന്ന ചട്ടക്കൂട് (വിശിഷ്യ മുസ്‌ലിംകള്‍ ഉള്‍പ്പെട്ട ആഗോള രാഷ്ട്രീയ സമസ്യകളില്‍) എന്തുകൊണ്ട് എളുപ്പത്തില്‍ സ്വീകരിക്കുന്നു?

ഇറാഖ് അടക്കമുള്ള പ്രശ്‌നങ്ങളില്‍ ആഗോള മനുഷ്യാവകാശ വ്യവഹാരം പോലുള്ള ചില ചട്ടക്കൂടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? അങ്ങനെയുള്ള നിഗമനങ്ങള്‍ക്കുതന്നെ പ്രസക്തിയുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ത്തന്നെ പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ ജൂലൈ മുതല്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന പത്രസമ്മേളനങ്ങളുടെ വികാസം മാത്രം പരിശോധിക്കുക. ജൂണ്‍,ജൂലൈ മാസങ്ങളില്‍ ഇറാഖ്/സിറിയന്‍ മേഖലയില്‍ നടക്കുന്ന ഹിംസയും സംഘര്‍ഷങ്ങളും സുന്നി-ശിയാ മുസ്‌ലിംകള്‍ തമ്മില്‍ നടക്കുന്ന വിഭാഗീയ സംഘര്‍ഷം(sectarian conflict) എന്ന രീതിയിലാണ് മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ വിശദീകരിച്ചത്. എന്നാല്‍, ആഗസ്റ്റ് ആകുമ്പോള്‍ ഐ.എസ്.ഐ.എസ്(ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ശാം) ഇര്‍ബില്‍ അടക്കമുള്ള ഇറാഖിനകത്തെ അമേരിക്കക്ക് താല്‍പര്യമുള്ള തന്ത്രപ്രധാന മേഖലകളില്‍ എത്തുമെന്ന സ്ഥിതിയുണ്ടായി. അതോടെ, അമേരിക്കന്‍ നയതന്ത്രവാദങ്ങളില്‍ ചില മാറ്റങ്ങള്‍ വരുന്നു. തുടര്‍ന്ന്, വാര്‍ത്താ സമ്മേളനം നടത്തുന്ന ബറാക് ഒബാമ മുതലുള്ള അമേരിക്കന്‍ പ്രതിനിധികള്‍ യസീദികള്‍ അടക്കമുള്ളവരുടെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്നു. അങ്ങനെ, യസീദികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ബി.ബി.സിയും സി.എന്‍.എന്നും ഏറെ പ്രാധാന്യത്തോടെ തന്നെ കാണിച്ചുതുടങ്ങുന്നു. ഇവിടെ, ഇറാഖ്/സിറിയന്‍ പ്രതിസന്ധികളെ കുറിച്ച അമേരിക്കന്‍ രാഷ്ട്രീയ വര്‍ത്തമാനം മുസ്‌ലിംകള്‍ തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷം എന്ന ചട്ടക്കൂടില്‍നിന്ന് മനുഷ്യാവകാശ സംരക്ഷണം എന്നതിലേക്ക് മാറുന്നത് യാദൃച്ഛികമാണോ?

ഈ സാഹചര്യത്തില്‍ മറ്റു ചില ചോദ്യങ്ങള്‍ അമേരിക്കന്‍ മഹാസാമ്രാജ്യത്തിന്റെ രാഷ്ട്രീയ വിമര്‍ശകര്‍ ഉയര്‍ത്തുന്നത് അവഗണിക്കേണ്ടതില്ല. എന്തുകൊണ്ട് സിറിയയില്‍ അസദ് വിരുദ്ധ പ്രക്ഷോഭത്തില്‍ അമേരിക്ക ഏറെ പിന്തുണച്ച ഐ.എസ് എന്ന സായുധ സംഘത്തെ ഇപ്പോള്‍ ഇറാഖില്‍ ചില പ്രത്യേക പ്രദേശങ്ങള്‍ മാത്രം എത്തുമ്പോള്‍ എതിര്‍ക്കുന്നു? ഐ.എസ് ആദ്യഘട്ടത്തില്‍ കൊന്നവരില്‍ ബഹുഭൂരിപക്ഷവും സ്വന്തം മതത്തില്‍പെട്ടവരായിട്ടും അവര്‍ക്കൊന്നും കിട്ടാത്ത ആനുകൂല്യം എന്തുകൊണ്ട് യസീദികള്‍ക്ക് ലഭിക്കുന്നു? തെണ്ണൂറുകള്‍ മുതല്‍ അമേരിക്കയുടെ ഉപരോധത്തില്‍ ശ്വാസം മുട്ടി ഇറാഖില്‍ മരിച്ച ലക്ഷക്കണക്കിന് മനുഷ്യരില്‍ യസീദികളും ഉണ്ടായിരുന്നല്ലോ. അപ്പോള്‍ കാണാത്ത മനുഷ്യാവകാശ സ്‌നേഹം ഇപ്പോള്‍ യസീദികളുടെ കാര്യത്തില്‍ ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്? തീര്‍ച്ചയായും അമേരിക്കയുടെ രാഷ്ട്രീയ താല്‍പര്യം അവരുടെ സംസാരങ്ങളില്‍ തന്നെ പ്രകടമാണ്. പക്ഷേ, അമേരിക്കയുടെ രാഷ്ട്രീയ താല്‍പര്യത്തെ സഹായിക്കുന്ന വിശകലന ചട്ടക്കൂട് എന്ന നിലയില്‍ മനുഷ്യാവകാശം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? യസീദികള്‍ അടക്കമുള്ള വംശീയ/മത ന്യൂനപക്ഷങ്ങളോട് ഐക്യപ്പെടുമ്പോള്‍ തന്നെ അമേരിക്കന്‍ മഹാസാമ്രാജ്യത്തിന്റെ മനുഷ്യാവകാശ സംസാരങ്ങളുടെ പ്രത്യേകതകള്‍ വ്യത്യസ്തമായിത്തന്നെ പഠിക്കേണ്ടതുണ്ട്.

മനുഷ്യാവകാശത്തിന്റെ സാര്‍വലൗകിക യുക്തികള്‍

മനുഷ്യാവകാശ ചരിത്രകാരനും ഗവേഷകനുമായ സാമുവല്‍ മോയ്ന്‍(ലാസ്റ്റ് ഉട്ടോപ്യ: ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ഹിസ്റ്ററി / ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രസ് 2012) നിരീക്ഷിക്കുന്ന പോലെ മനുഷ്യാവകാശത്തിന്റെ സാര്‍വലൗകിക യുക്തി അമേരിക്കന്‍ ഐക്യനാടുകള്‍ നിയന്ത്രിക്കുന്ന ആഗോള രാഷ്ട്രീയത്തിന്റെ പ്രധാന വിശകലന ചട്ടക്കൂടായി മാറുന്നത് പലരും കരുതുന്നപോലെ മനുഷ്യോല്‍പത്തി മുതല്‍ ഒന്നുമല്ല. ഇന്നത്തെ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ശീതയുദ്ധാനന്തര രാഷ്ട്രീയ പ്രചാരണ പരിപാടിയിലെ മുഖ്യ ഇനമായിരുന്നു മനുഷ്യാവകാശം. ചരിത്രപരമായിത്തന്നെ എഴുപതുകള്‍ മുതല്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിശദീകരിക്കാന്‍ ജിമ്മി കാര്‍ട്ടര്‍ ഭരണകാലത്ത് വികസിപ്പിച്ച പ്രചാരണതന്ത്രങ്ങളില്‍ പ്രധാനമായിരുന്നു ‘ആഗോള മനുഷ്യാവകാശം. അത് പിന്നീട് മാറിവന്ന അമേരിക്കന്‍ ഭരണകൂടങ്ങളുടെ രാഷ്ട്രീയ പ്രചാരണ പരിപാടിയുടെ ഭാഗമായി മാറി. അങ്ങനെ ‘മനുഷ്യാവകാശം സംരക്ഷിക്കാനും’ ‘ജനാധിപത്യം കയറ്റി അയക്കാനും’ ‘കമ്യൂണിസ്റ്റ് ഇരുമ്പുമറകള്‍’ ഭേദിച്ച് പുറത്തുകടക്കാനും അമേരിക്കന്‍ സാമ്രാജ്യത്വം ശീതയുദ്ധകാലത്ത് മുന്‍കൈയെടുത്തുവെന്ന് മോയ്ന്‍ വാദിക്കുന്നു.

പക്ഷേ, ശീതയുദ്ധ കാലത്ത് അമേരിക്കന്‍ മഹാസാമ്രാജ്യം ആഗ്രഹിക്കുന്ന തരത്തില്‍ അമേരിക്കന്‍ വീക്ഷണത്തിലുള്ള മനുഷ്യാവകാശ സങ്കല്‍പം വിമര്‍ശനരഹിതമായി സ്വീകരിക്കപ്പെട്ടിരുന്നില്ല. ഉദാഹരണമായി, ഇതേ കാലയളവില്‍ അമേരിക്കന്‍ പ്രചാരവേലകളെ സമര്‍ഥമായി പ്രതിരോധിച്ച ബ്രിട്ടനിലടക്കമുള്ള ഇടതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ മനുഷ്യാവകാശമല്ല മുഖ്യ രാഷ്ട്രീയ പ്രശ്‌നമെന്നും വെല്‍ഫെയര്‍ സ്‌റ്റേറ്റിന്റെ സ്ഥാപനമാണ് പ്രധാന പ്രശ്‌നമെന്നും മുദ്രാവാക്യമുയര്‍ത്തിയാണ് സംസാരിച്ചിരുന്നത്. കേരളത്തില്‍തന്നെ സ്റ്റാലിനിസത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് പി. ഗോവിന്ദപ്പിള്ള നടത്തിയ അന്താരാഷ്ട്ര വിശകലനങ്ങളില്‍ അമേരിക്കന്‍ മഹാസാമ്രാജ്യത്വത്തിന്റെ മനുഷ്യാവകാശ വ്യവഹാരങ്ങളെ ‘കമ്യൂണിസ്റ്റ് വിരുദ്ധത’ എന്ന ബദല്‍ ചട്ടക്കൂടിലൂടെ ദീര്‍ഘകാലമായി വിമര്‍ശിച്ചതായി കാണാം. പക്ഷേ, ഈ വിമര്‍ശനങ്ങളുടെ രാഷ്ട്രീയപരമായ ചടുലത ശീതയുദ്ധത്തിനുശേഷം ഔദ്യോഗിക ഇടതുപക്ഷത്തിന് കൈമോശംവരികയോ അവര്‍ മേല്‍ക്കോയ്മാ യുക്തിയുടെ ഭാഗമാവുകയോ ചെയ്തുവെന്നും മോയ്ന്‍ ചൂണ്ടിക്കാട്ടുന്നു.

ശീതയുദ്ധാനന്തര കാലത്ത്, അഥവാ ചുവപ്പ് ഭീഷണി(red menace) അവസാനിച്ചു പച്ച ഭീഷണി(green menace) ആരംഭിച്ചതിനുശേഷം, ആഗോള പൗരസമൂഹത്തെ അദൃശ്യമായി നിയന്ത്രിക്കുന്ന ചട്ടക്കൂടായി മനുഷ്യാവകാശം എതിര്‍പ്പുകളില്ലാതെ സ്വീകരിക്കപ്പെട്ടുവെന്നു സാമുവല്‍ മോയ്ന്‍ നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ദേശരാഷ്ട്രങ്ങളുടെ സ്വതന്ത്രമായ നിലനില്‍പ്, തദ്ദേശീയ സമൂഹങ്ങളുടെ സ്വയംനിര്‍ണയാവകാശം, രാഷ്ട്രീയസാമ്പത്തികസാംസ്‌കാരിക അവകാശങ്ങള്‍, അധിനിവേശവിരുദ്ധ രാഷ്ട്രീയം തുടങ്ങിയ രാഷ്ട്രീയ ചട്ടക്കൂടുകളെക്കാള്‍, മനുഷ്യാവകാശം എന്ന സാര്‍വലൗകിക ചട്ടക്കൂട് അന്താരാഷ്ട്ര വിശകലനങ്ങളില്‍ സ്വീകരിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി. അതിലൂടെ നീതി, ഹിംസ, സമാധാനം ഇവയെക്കുറിച്ച് സംസാരിക്കുന്നതിനും ഇങ്ങനെയുള്ള സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ സങ്കീര്‍ണതകളെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതിനും സാധ്യതയുള്ള, അമേരിക്കന്‍ മനുഷ്യാവകാശ രാഷ്ട്രീയത്തിനു പുറത്തുള്ള വ്യത്യസ്തമായ രാഷ്ട്രീയ സംസാരങ്ങള്‍ പതുക്കെ നിലച്ചുപോവുകയോ അതിനു കേള്‍വിക്കാര്‍ ഇല്ലാതെപോവുകയോ ചെയ്തു.

ഇസ്രായേല്‍ ചെയ്യുന്നതും ഐ.എസ്.ഐ.എസ് ചെയ്യുന്നതും തമ്മിലെന്ത്?

ലോകത്തെ നാലാമത്തെ സൈനിക ശക്തിയായ, ഐക്യരാഷ്ട്രസഭയില്‍ അംഗത്വമുള്ള, ഇസ്രായേല്‍ എന്ന അധിനിവേശ സ്‌റ്റേറ്റ് ഗസ്സക്കു മേല്‍ നടത്തുന്ന ഹിംസപോലെയല്ല യാതൊരു അന്താരാഷ്ട്ര അംഗീകാരവും ഇല്ലാത്ത, സ്വന്തമായി ആയുധം നിര്‍മിക്കാത്ത, അമേരിക്ക നിയന്ത്രിക്കുന്ന ആയുധ വിപണിയെ ആശ്രയിച്ചുനില്‍ക്കുന്ന, നാറ്റോയുടെ പരോക്ഷ പിന്തുണ ധാരാളം ഉണ്ടായിരുന്ന, ഐ.എസ് എന്ന സായുധ/സ്‌റ്റേറ്റിതര സ്വഭാവമുള്ള പ്രസ്ഥാനം നടത്തുന്ന ഹിംസകള്‍ എന്ന് വളരെ വ്യക്തമാണ്. എന്നാല്‍ ഈ വ്യത്യാസങ്ങളെ വിശകലനപരമായി ഇല്ലാതാക്കാന്‍ ‘ഇരുപക്ഷത്തും കൊല്ലപ്പെടുന്ന മനുഷ്യര്‍’ എന്ന മുകളില്‍നിന്നുള്ള മനുഷ്യാവകാശ ചട്ടകൂടിന് കഴിയുന്നു.

അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മനുഷ്യാവകാശ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് താഴേ തട്ടിലെ ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ കണക്കിലെടുക്കുന്നു എന്നതിനേക്കാള്‍ മുകളില്‍നിന്ന് അവരുടെ താല്‍പര്യത്തിനൊത്ത് അടിച്ചേല്‍പിക്കുന്നുവെന്നാണ്. അമേരിക്കന്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഭാഗമായ മാധ്യമങ്ങള്‍ ഈ പ്രക്രിയയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

മാധ്യമ അധികാരവും ആഗോള മനുഷ്യാവകാശവും

ഫലസ്തീനില്‍ 60 വര്‍ഷമായി തുടരുന്ന അധിനിവേശത്തെക്കുറിച്ചുള്ള സംസാരങ്ങളില്‍ ആഗോള പൗരസമൂഹത്തിന്റെ മേഖലയില്‍ നടന്ന ചെറുത്തുനില്‍പുകള്‍ കാരണം മേല്‍കോയ്മ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. ഗസ്സയില്‍ ഇപ്പോള്‍ ഇസ്രായേല്‍ നടത്തിയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് പോലും രാഷ്ട്രീയപരമായി മിതത്വം പാലിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നുവെന്ന് ഹാമിദ് ദബാശിയെ പോലുള്ളവര്‍ നിരീക്ഷിക്കുന്നതു കാണാം. എന്നാല്‍, ഇറാഖ്/സിറിയന്‍ മേഖലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നടക്കുന്ന സംഘര്‍ഷം കാരണം അവിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ, മേല്‍ക്കോയ്മാ മാധ്യമങ്ങളില്‍ വരുന്ന കല്‍പിത കഥകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല എന്നു മാത്രമല്ല ഇറാഖ്/സിറിയന്‍ പ്രദേശങ്ങളിലെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് അവ വേറിട്ട ഉള്‍ക്കാഴ്ചയും നല്‍കുന്നില്ല.

നിഷ്പക്ഷ മാധ്യമങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പ്രയാസമുള്ള ചോദ്യങ്ങളുടെ ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം. എങ്ങനെയാണ് ഐ.എസ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉയര്‍ന്നുവരുന്നത്? ‘അറബ് വസന്തം’ എന്ന പ്രതിഭാസത്തിനു സിറിയയില്‍ എന്താണ് സംഭവിച്ചത്? അറബ് വസന്തത്തിനുള്ളിലെ പ്രതിവിപ്ലവ ശക്തികളുടെ രാഷ്ട്രീയമെന്താണ്? ഇറാഖിലെ വളരെ വ്യത്യസ്തമായ സാഹചര്യത്തിലേക്ക് സിറിയയിലെ പ്രതിസന്ധികള്‍ എങ്ങനെയാണ് പടര്‍ന്നത്? ഇസ്‌ലാം അടക്കമുള്ള മതങ്ങളുടെ സ്ഥാനം പ്രസ്തുത പ്രദേശങ്ങളില്‍ എന്താണ്? ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ വ്യത്യസ്ത രാഷ്ട്രീയ മുന്നണികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്തെല്ലാമാണ്? അവയൊക്കെ ഒരേ രീതിയിലാണോ പ്രവര്‍ത്തിക്കുന്നത്? ഐ.എസും മറ്റ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? സിറിയയിലെ ഇസ്‌ലാമിക സമൂഹം, പ്രസ്ഥാനങ്ങള്‍ ഒക്കെ ഒരുപോലെയാണോ മതന്യൂനപക്ഷങ്ങളെയും വംശീയ ന്യൂനപക്ഷങ്ങളെയും കാണുന്നത്? സിറിയയില്‍നിന്ന് വ്യത്യസ്തമായി ഐ.എസ് ഇറാഖില്‍ ചെയ്യുന്നത് എന്താണ്? ഈ വിഷയങ്ങളെ കുറിച്ച് സിറിയന്‍/ഇറാഖി മാധ്യമങ്ങളും തദ്ദേശീയ ബുദ്ധിജീവികളും സംസാരിക്കുന്നത് എങ്ങനെയാണ്? തീര്‍ച്ചയായും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ പലപ്പോഴും താഴെത്തട്ടില്‍നിന്നുള്ള വിവരങ്ങളുടെയും വാര്‍ത്തകളുടെയും അഭാവം തടസ്സം നില്‍ക്കുന്നുണ്ട്. അതിലേറെ, താഴേ തട്ടില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ അറിയാനോ കേള്‍ക്കാനോ അതിനെ വിശദീകരിക്കാനോ മേല്‍ക്കോയ്മ മാധ്യമങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ തടസ്സം നില്‍ക്കുന്നു.

ലബനീസ് ബുദ്ധിജീവി ആയ അസദ് അബ്ദുല്‍ ഖലീല്‍ 2012ല്‍ അല്‍ അഖ്ബാര്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് ന്യൂയോര്‍ക്ക് ടൈംസ് പോലും അറബി അറിയാവുന്ന റിപ്പോര്‍ട്ടറെ അല്ല സിറിയയില്‍ നിയോഗിക്കുന്നത് എന്നാണ്. അതുകൊണ്ടു തന്നെ, അറബി മാധ്യമങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ രാഷ്ട്രീയ ലാക്കോടെ പുറത്തുവരുന്നതിന്റെ പ്രശ്‌നങ്ങള്‍ കാണേണ്ടത് അത്യാവശ്യമാണ്. അസദ് അബ്ദുല്‍ ഖലീല്‍ വാദിക്കുന്നത് കേവല മനുഷ്യാവകാശ വ്യവഹാരങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ കിഴക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളില്‍ നടക്കുന്ന സങ്കീര്‍ണമായ സാമൂഹ്യ വിനിമയങ്ങളില്‍നിന്ന് ശ്രദ്ധ മാറ്റുകയും പ്രസ്തുത പ്രദേശങ്ങളില്‍ നടത്തുന്ന രാഷ്ട്രീയ ചലനങ്ങളെ അറിയുന്നതില്‍ നിലനില്‍ക്കുന്ന അവ്യക്തതകള്‍ ഒട്ടും പരിഗണിക്കാതെ വാര്‍ത്തകള്‍ നല്‍കുകയും ചെയ്യുന്നു എന്നാണ്. ഫലമോ, കഴിഞ്ഞ 60 വര്‍ഷമായി നിലനില്‍ക്കുന്ന ഫലസ്തീന്‍ പ്രശ്‌നം പോലെയല്ല മൂന്നു വര്‍ഷം മാത്രം ആയ സിറിയന്‍/ഇറാഖ് മേഖലയിലെ പുതിയ പ്രതിസന്ധി എന്ന യാഥാര്‍ഥ്യത്തെ അട്ടിമറിക്കുകയും ചെയ്യുന്നു. അതുവഴി, എല്ലാ പ്രശ്‌നവും മനുഷ്യാവകാശ പ്രശ്‌നം എന്ന യുക്തിക്ക് വ്യാപകമായ സ്വീകാര്യത ലഭിക്കുന്നു.

അധിനിവേശവിരുദ്ധ ഹിംസയുടെ പ്രതിസന്ധികളും മനുഷ്യാവകാശവും

ആഗോള രാഷ്ട്രീയ വിശകലനങ്ങളിലെ ലളിതമായ താരതമ്യങ്ങളെയും മുകളില്‍ നിന്നുള്ള മനുഷ്യാവകാശ നോട്ടങ്ങളെയും തള്ളിക്കളയുമ്പോള്‍ തന്നെ ഇറാഖ്/സിറിയന്‍ മേഖലയില്‍ ഹിംസയുടെ ദൃശ്യതയോട് എങ്ങനെയാണ് വ്യത്യസ്തമായി പ്രതികരിക്കാന്‍ കഴിയുക എന്ന പ്രതിസന്ധിയുണ്ട്. എങ്ങനെയാണ് ഐ.എസ് പോലുള്ള സായുധ പ്രസ്ഥാനങ്ങള്‍ നടത്തുന്ന ഹിംസയെ കുറിച്ച് വ്യത്യസ്തമായി സംസാരിക്കുക? ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ സൂചിപ്പിച്ചപോലെ താഴെ തട്ടില്‍നിന്ന് മനുഷ്യാവകാശത്തെക്കുറിച്ച വ്യത്യസ്തമായ പ്രതികരണങ്ങള്‍ ഉണ്ടാവുന്നതിനെ എങ്ങനെയാണ് മനസ്സിലാക്കുക? ലാറ്റിന്‍ അമേരിക്കന്‍ ചിന്തകനായ ജോസ്മാനുവല്‍ ബാരറ്റോ (ഹ്യൂമന്‍ റൈറ്റ്‌സ് ഫ്രം എ തേഡ് വേള്‍ഡ് പെസ്‌പെക്ടീവ്: ക്രിട്ടിക്, ലോ, ഇന്റര്‍നാഷ്‌നല്‍ ഹിസ്റ്ററി, കാംബ്രിഡ്ജ് സ്‌കോളേഴ്‌സ് പബ്ലിഷിംഗ്, 2013) നിരീക്ഷിക്കുന്നത് ഇന്നത്തെ ലോക രാഷ്ട്രീയ ഘടനക്കുള്ളില്‍നിന്ന് മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുക എന്നത് അത്യന്തം ശ്രമകരമായ രാഷ്ട്രീയ ഇടപെടലാണെന്നാണ്.

മനുഷ്യാവകാശത്തിന്റെ സാര്‍വലൗകിക യുക്തിയില്‍നിന്ന് മാറി അധിനിവേശ വിരുദ്ധ ഹിംസയുടെ പ്രതിസന്ധികള്‍ എന്ന പ്രശ്‌നത്തിനുള്ളില്‍ തന്നെ ഈ അന്വേഷണം വികസിപ്പിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. അധിനിവേശ വിരുദ്ധ ഹിംസയെക്കുറിച്ച് അധിനിവേശിത സമൂഹങ്ങളുടെ ഭാഗമായി ചിന്തിച്ച ഫ്രാന്‍സ് ഫനോനെ പോലുള്ളവരുടെ സമീപനങ്ങള്‍ മാറിയ സാഹചര്യത്തില്‍ പുനര്‍ വായനകള്‍ക്കു വിധേയമാകേണ്ടതിന്റെ ആവശ്യം ബാരറ്റോ കാണുന്നുണ്ട്.

അമ്പതുകളിലും അറുപതുകളിലും ഉത്തരാഫ്രിക്കയിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ പഠിക്കുമ്പോള്‍ ഫാനോന്‍ നടത്തിയ നിരീക്ഷണം ഐ.എസ് അടക്കമുള്ള സായുധ പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ ബാധകമാണ്. തീര്‍ച്ചയായും, അധിനിവേശ വിരുദ്ധ ഹിംസയുടെ ഭയാനകത കേവല മനുഷ്യാവകാശ ഉല്‍കണ്ഠയില്‍ അല്ല, മറിച്ച് അധിനിവേശ രാഷ്ട്രീയ ഘടനയുടെ യുക്തിക്കുള്ളില്‍ തന്നെയാണ് ഫനോന്‍ പ്രതിഷ്ഠിക്കുന്നത്. ഐ.എസ് അടക്കമുള്ളവരുടെ അധിനിവേശ വിരുദ്ധ വാചകമടികളെയും ഹിംസയുടെ അതിപ്രസരത്തെയും വിമര്‍ശിക്കുമ്പോള്‍ തന്നെ, അതിനെ സാര്‍വലൗകിക മനുഷ്യാവകാശത്തിന്റെ ലളിതമായ ചട്ടക്കൂടില്‍നിന്ന് മാറ്റി നിര്‍ത്തി, അധിനിവേശ രാഷ്ട്രീയത്തിന്റെ വിമര്‍ശനത്തിന്റെ ഭാഗമായി, വിപുലീകരിക്കപ്പെടേണ്ടതുണ്ട് എന്ന പ്രധാന പാഠം ഫനോന്‍ നല്‍കുന്നു.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting