മെര്‍നീസി ഉയര്‍ത്തിയ ചോദ്യങ്ങള്‍
ലിംഗസമത്വവുമായി ബന്ധപ്പെട്ട് ഒരു മതപണ്ഡിതന്‍ നടത്തിയ പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ സന്ദര്‍ഭത്തിലാണ് ഞാന്‍ ഫാത്തിമ മെര്‍നീസി അന്തരിച്ച വാര്‍ത്ത കേള്‍ക്കാനിടയാകുന്നത്. മെര്‍നീസിയുടെ പുസ്തകങ്ങള്‍ കേരളത്തില്‍ വ്യാപകമായി വായിക്കപ്പെട്ടതാണ്. അവരെഴുതിയ രണ്ട് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതാണ് അതിന്റെ കാരണം. The veil and the Male Elite എന്ന പുസ്തകമാണ് അതിലൊന്ന്. മതപരവും സാസംസ്‌കാരികപരവുമായ ചില പ്രധാന പദപ്രയോഗങ്ങള്‍ തെറ്റായി വിവര്‍ത്തനം ചെയ്യപ്പെട്ടതിനാല്‍ ആ പുസ്തകം വിവാദമാവുകയുണ്ടായി. കേരള ഹൈക്കോടതി ആ പുസ്തകം വില്‍ക്കുന്നത് നിരോധിക്കുകയും ചെയ്തു. അതിന് മുമ്പ് ‘അദര്‍ ബുക്‌സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ‘മുസ്‌ലിം സ്ത്രീകളും അപരവായനകളും’ എന്ന വിഷയത്തില്‍ ഒരു സംവാദം സംഘടിപ്പിച്ചിരുന്നു. മെര്‍നീസിയുടെ രചനകള്‍ അന്ന് സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കപ്പെടുകയുണ്ടായി. മെര്‍നീസി എഴുതിയ Dreams of Trespass: Tales of a Harem Girlhood എന്ന പുസ്തകം വി.എ കബീര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. അതിനാല്‍ തന്നെ കേരളത്തിന് അവരുടെ രചനകള്‍ പരിചിതമാണ്. ആമിന വദൂദ്, അസ്മ ബര്‍ലാസ്, കേഷ്യാ അലി തുടങ്ങിയവരില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിക പാരമ്പര്യത്തെ രൂക്ഷമായ ഭാഷയിലാണ് മെര്‍നീസി വിമര്‍ശിക്കുന്നത്.
‘The Veil and the Male Elite’ എന്ന പുസ്തകത്തില്‍ പ്രവാചകപത്‌നി ഉമ്മുസലമ പ്രവാചകനോട് ഒരു പ്രധാനപ്പെട്ട കാര്യം ചോദിക്കുന്നതായി പറയുന്നുണ്ട്.. ‘ പുരുഷന്‍മാരെക്കുറിച്ച് സംസാരിക്കുന്ന പോലെ എന്ത് കൊണ്ടാണ് ഖുര്‍ആന്‍ സ്തീകളെക്കുറിച്ച് സംസാരിക്കാത്തത്? എന്ന് ഞാനൊരിക്കല്‍ പ്രവാചകനോട് ചോദിച്ചു. ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഖുത്വുബ ശ്രവിക്കാന്‍ എനിക്കവസരം ലഭിച്ചു. അദ്ദേഹം പറയുകയാണ്: ‘ ജനങ്ങളേ, അല്ലാഹു പറയുന്നു: ‘ അല്ലാഹുവിന് കീഴൊതുങ്ങിയ സ്ത്രീകളും പുരുഷന്‍മാരും, വിശ്വസിച്ച സ്ത്രീകളും പുരുഷന്‍മാരും, അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കുകയും വരാനിരിക്കുന്ന ഒരു പ്രതിഫലത്തെക്കുറിച്ച് സന്തോഷവാര്‍ത്ത നല്‍കുകയും ചെയ്തിരിക്കുന്നു.’
മുസ്‌ലിം സമൂഹങ്ങളിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച ചോദ്യങ്ങളുയര്‍ന്ന് വരാന്‍ ഈ ചരിത്ര സംഭവം ഒരു പ്രധാന കാരണമായിരുന്നു. ഈ ഹദീസിന്റെ പ്രസക്തിയെക്കുറിച്ചും സാമൂഹ്യവും ലിംഗപരവുമായ അനീതികളോട് പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും Women’s readings of the Quran എന്ന ലേഖനത്തില്‍ മെര്‍നീസി സൂചിപ്പിക്കുന്നുണ്ട്. ഈ ഹദീസിനെ മുന്‍നിര്‍ത്തിയുള്ള അവരുടെ വിലയിരുത്തലുകള്‍ ആഴമേറിയതാണ്. ‘ ഉമ്മു സലമയോടുള്ള അല്ലാഹുവിന്റെ മറുപടി വളരെ വ്യക്തമാണ്. വിശ്വാസികളെന്ന നിലക്ക് തുല്യസമത്വമാണ് സ്ത്രീക്കും പുരുഷനും അല്ലാഹു നല്‍കുന്നത്. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും നേടിയെടുക്കുന്നതില്‍ സ്തീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസങ്ങളൊന്നും തന്നെയില്ല. വിശ്വാസമാണ് പരമപ്രധാനമായ കാര്യം.’
ചില മുസ്‌ലിം പണ്ഡിതര്‍ ലിംഗ സമത്വത്തെ നിഷേധിക്കുകയും ഇസ്‌ലാമിക പാരമ്പര്യത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള മുസ്‌ലിം സ്തീകളുടെ വ്യാഖ്യാന സാധ്യതകളെ നിഷേധിക്കുകയും ചെയ്യുന്ന സമകാലീക സന്ദര്‍ഭത്തില്‍ ഉമ്മു സലമയെപ്പോലുള്ള ഒരു ധീര വനിതയെയാണ് നമുക്കാവശ്യം. അതിനാല്‍ തന്നെ മെര്‍നീസിയുടെ വിയോഗം നമ്മെ സംബന്ധിച്ചിടത്തോളം നഷ്ടം തന്നെയാണ്.
Connect
Connect with us on the following social media platforms.