banner ad
November 3, 2015 By ദര്‍വീശ് 0 Comments

ഇസ്രയേല്‍ പുതിയ ഗോലിയാത്ത്

blu

വെറുപ്പിന്റെ പുസ്തകമെന്നു ജെറുസലേം പോസ്റ്റ് അടക്കമുള്ള സയണിസ്റ്റ് മാധ്യമങ്ങള്‍ പരിചയപ്പെടുത്തിയ കൃതിയാണ് മാക്‌സ് ബ്ലുമെന്തല്‍ എഴുതിയ ഗോലിയാത്ത്: ലൈഫ് ആന്റ് ലോതിംഗ് ഇന്‍ ഗ്രേറ്റര്‍ ഇസ്രയേല്‍ (നാഷന്‍ ബുക്‌സ് 2013). 512 പേജുള്ള ഈ പുസ്തകത്തിലെ ഓരോ അധ്യായവും ഇസ്രയേല്‍ ആന്തരികമായി അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയെപ്പറ്റിയുള്ള ചര്‍ച്ചയാണ്. 73 അധ്യായങ്ങളിലൂടെ, ഇസ്രയേല്‍ എങ്ങനെയാണ് സ്വയം ഗോലിയാത്ത് ആയി പരിവര്‍ത്തിക്കപ്പട്ടതെന്നു മാക്‌സ് ബ്ലുമെന്തല്‍ വിശദീകരിക്കുന്നു. ആധുനിക ഇസ്രയേല്‍ രാഷ്ട്രം അവര്‍ കരുതുന്നപോലെ വേദപുസ്തകത്തിലെ അടിച്ചമര്‍ത്തപ്പെട്ട ദാവീദിന്റെ പിന്‍ഗാമികള്‍ അല്ലെന്നു സമര്‍ഥിക്കുന്ന പുസ്തകമാണിത്.

ലോകപ്രശസ്ത വെബ്‌പോര്‍ട്ടലായ ആള്‍ട്ടര്‍നെറ്റില്‍ സീനിയര്‍ എഴുത്തുകാരനായ ബ്ലൂമെന്തല്‍ ഇസ്രയേല്‍ എന്ന വംശീയ/സൈനിക/സാമ്രാജ്യത്വ സമുച്ചയത്തിന്റെ പ്രത്യേകതകള്‍ തന്റെ പുസ്തകത്തിലൂടെ പുറത്തുകൊണ്ടുവരുന്നു. സയണിസ്റ്റ് രാഷ്ട്രീയം എങ്ങനെയാണ് ഇസ്രയേലിനകത്തെ വിമത സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതെന്ന് ശ്രദ്ധാപൂര്‍വമുള്ള ഗവേഷണത്തിലൂടെ ബ്ലുമെന്തല്‍ അവതരിപ്പിക്കുന്നു. ചടുലമായ അവതരണശൈലികൊണ്ടും ഇസ്രയേലിന്റെ ആന്തരിക രഹസ്യങ്ങള്‍ വലിച്ചു പുറത്തിട്ടതുകൊണ്ടുമൊക്കെ തന്നെ സയണിസ്റ്റ് അനുകൂല മാധ്യമങ്ങള്‍ ഇത്രയേറെ ആക്രമിച്ച ഒരു പുസ്തകം സമീപകാല ഫലസ്ത്വീന്‍ വായനാ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

എന്തുകൊണ്ട് ഇസ്രയേല്‍ തങ്ങളെ വിമര്‍ശിക്കുന്ന പുസ്തകങ്ങളെ ആക്രമിക്കുന്നു എന്ന ചോദ്യം ഈ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. ഗസ്സയിലെ ഇപ്പോഴത്തെ ഇസ്രയേല്‍ അക്രമത്തിന്റെ പാശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലായ് 29 ന് ന്യൂയോര്‍ക്ക് ടൈംസ് ഫലസ്ത്വീനി എഴുത്തുകാരന്‍ റാഷിദ് ഖാലിദിയുടെ ഗസ്സയെ കുറിച്ച ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. വന്‍തോതില്‍ സയണിസ്റ്റ് മുതല്‍മുടക്കുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ പോലും മാറിച്ചിന്തിക്കുന്നതിന്റെ തുടക്കമായാണ് ഹാമിദ് ദബാശിയെ പോലുള്ളവര്‍ പ്രസ്തുത ലേഖനത്തെ കാണുന്നത്. ഇസ്രയേല്‍ അനുകൂല മാധ്യമ പ്രചാരണ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ശക്തിയുടെയോ ആയുധത്തിന്റെയോ തലത്തില്‍ അല്ല ലോകത്തെ നാലാമത്തെ സൈനിക ശക്തിയായ ഇസ്രയേല്‍ ഇന്ന് ലോകത്ത് വെല്ലുവിളി നേരിടുന്നത്. ഇസ്രയേല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നയതന്ത്രത്തിന്റെയും ആഗോള അഭിപ്രായ രൂപീകരണത്തിന്റെയും മേഖലയിലാണ്. ഈ മേഖലയില്‍ തങ്ങളെ സ്വയം ന്യായീകരിക്കുന്നതില്‍ ഇസ്രയേല്‍ അമ്പേ പുറന്തള്ളപ്പെടുന്നതാണ് സമീപകാല ആഗോള പൗരസമൂഹത്തിന്റെ ചലനങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ബ്ലൂമെന്തല്‍ എഴുതിയ ഈ പുസ്തകം ആഗോള പൗരസമൂഹത്തെ നിയന്ത്രിക്കുന്ന ഇസ്രയേല്‍ അനുകൂല നിര്‍മിതികളെ പരുക്കേല്‍പ്പിക്കാന്‍ കെല്‍പ്പുള്ളതിനാലാണ് ഇത്രയേറെ എതിര്‍പ്പുകള്‍ നേരിടുന്നത്.

ആധുനിക ഇസ്രയേലിന്റെ കൊച്ചു പതിപ്പ് എന്ന് ബ്ലൂമെന്തല്‍ വിശേഷിപ്പിക്കുന്ന ടെല്‍അവീവിലെ ബെന്‍ഗൂരിയന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍നിന്ന് തുടങ്ങുന്ന ഈ പുസ്തകം ഏറെ ശ്രദ്ധയോടെ വായിക്കണം. എയര്‍പോര്‍ട്ടില്‍നിന്ന് തന്നെ ഇസ്രയേലില്‍ നിലനില്‍ക്കുന്ന വംശീയ യുക്തിയുടെ ടെസ്റ്റ് ഡോസ് നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇസ്രയേലി സുരക്ഷാ ഭടന്മാര്‍ എയര്‍പോര്‍ട്ടില്‍ നിങ്ങളെ വംശീയമായി വര്‍ഗീകരിക്കുന്നു. ഓരോരുത്തരെയും മതം, വംശം, നിറം അനുസരിച്ച് മാറ്റിനിറുത്തി സുരക്ഷാ പരിശോധന നടത്തുന്നു. ഇത് പെട്ടെന്നുള്ള സുരക്ഷാ കാരണം എന്നതിലുപരി ഇസ്രയേല്‍ എപ്പോഴും പുലര്‍ത്തുന്ന ഒരു വംശവിവേചന നയത്തിന്റെ കൂടി ഭാഗമാണ്.

എന്താണ് ആ എയര്‍പോര്‍ട്ടില്‍ നടക്കുന്നത്?
നിങ്ങള്‍ 1948ലോ 1967ലോ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്ത്വീനിയാണെങ്കില്‍ നിങ്ങളെ അടുത്ത വിമാനത്തില്‍ത്തന്നെ വന്ന സ്ഥലത്തേക്ക് തിരിച്ചയക്കും. നിങ്ങള്‍ ജൂതനാണെങ്കില്‍ പ്രത്യേക പരിഗണന സ്വാഭാവികം മാത്രം. നിങ്ങളുടെ മാതാപിതാക്കള്‍ ജൂതരാണെങ്കില്‍ പരിഗണന കുറച്ചുകൂടി ഉദാരമാവും. നിങ്ങളുടെ ബന്ധുക്കള്‍ ജൂതരാണെങ്കില്‍ എയര്‍പോര്‍ട്ടില്‍ പരിഗണനാ ഗ്രാഫ് പിന്നെയും ഉയരും. ഇനി നിങ്ങള്‍ ഇസ്രയേലില്‍ പോകുന്നത് നിങ്ങളുടെ ഗേള്‍ഫ്രണ്ടിനെ കാണാനാണെങ്കില്‍, ആ ബന്ധത്തില്‍ ഒരു സന്താനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കില്‍ പഞ്ചനക്ഷത്ര സ്വീകരണം തന്നെ പ്രതീക്ഷിക്കാം. കാരണം നിങ്ങള്‍ പോകുന്നത് ജനസംഖ്യ വര്‍ധിപ്പിക്കാന്‍ കൂടിയാണല്ലോ. ഫലസ്ത്വീനികളെ ജനസംഖ്യയില്‍ മറികടക്കാനുള്ള ത്വര ഇസ്രയേലില്‍ അത്രക്കുണ്ട് എന്ന് സാരം.

നാല് വര്‍ഷം ഇസ്രയേലിലുടനീളം സഞ്ചരിച്ചാണ് ഈ പുസ്തകമെഴുതുന്നതിനുവേണ്ട വിവരങ്ങള്‍ ബ്ലൂമെന്തല്‍ സമാഹരിച്ചത്. 2009ല്‍ ബ്ലുമെന്തല്‍ എഴുതിയ Republican Gomorrah: Inside the Movement that Shattered the Patry എന്ന പുസ്തകം അമേരിക്കന്‍ ഐക്യനാടുകളിലെ വലതുപക്ഷ റിപ്പബ്ലിക്കന്‍ ലോബിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ നൈതിക രാഹിത്യത്തെ (unehtical) കടന്നാക്രമിച്ച കൃതിയായിരുന്നു. മാറ്റ് റോംനി അടക്കമുള്ള സയണിസ്റ്റ് അനുകൂല റിപ്പബ്ലിക്കന്‍ ബ്ലോക്കിന്റെ രാഷ്ട്രീയ മനഃശാസ്ത്രത്തെ ബ്ലൂമെന്തല്‍ തുറന്നുകാട്ടി. ബ്ലൂമെന്തലിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയ അതേ സമയത്താണ് സയണിസ്റ്റ് ചരിത്രത്തിലെ തന്നെ എല്ലാം തികഞ്ഞ വംശീയവാദിയായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലിക്കുഡ് പാര്‍ട്ടി ഇസ്രയേലില്‍ വീണ്ടും അധികാരത്തില്‍ വരുന്നത്. അതോടെ അവരുടെ രാഷ്ട്രീയ പരിപാടി മാത്രമല്ല, ദൈനംദിന രാഷ്ട്രീയ ചലനങ്ങള്‍ വരെ സൂക്ഷ്മമായി പിന്തുടര്‍ന്ന ബ്ലുമെന്തല്‍ ഇസ്രയേലില്‍നിന്ന് തന്നെ ആളുകളുമായി സംസാരിച്ചും അഭിമുഖങ്ങള്‍ നടത്തിയുമാണ് ഈ പുസ്തകമെഴുതാന്‍ വേണ്ട തയാറെടുപ്പുകള്‍ നടത്തിയത്.

വാഷിംഗ്ടണ്‍ ഡീസീയില്‍ ജൂത/അമേരിക്കന്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ബ്ലുമെന്തല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് കൂടിയാണ് ഇങ്ങനെയൊരു പ്രോജക്റ്റ് ഏറ്റെടുക്കുന്നത്. ഏതൊരു അമേരിക്കന്‍ ജൂത ബാലനെയും പോലെ ഇസ്രയേലിലേക്ക് ജന്മം കൊണ്ട് തന്നെ സൗജന്യ പ്രവേശനം അനുവദിക്കപ്പെട്ട ബ്ലൂമെന്തല്‍ സയണിസ്റ്റ് രാഷ്ട്രീയ പരിപാടികള്‍ ജൂതായിസത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളെ വിഴുങ്ങുന്നത് തന്റെ അമേരിക്കന്‍ ജീവിതത്തില്‍ നേരിട്ട് കണ്ടു. തന്നോടൊപ്പം അമേരിക്കന്‍ ഐക്യനാടുകളില്‍ പഠിച്ച അഭയാര്‍ഥികളായ ഫലസ്ത്വീനികള്‍ക്ക് അവരുടെ സ്വന്തം നാട് അന്യദേശമാകുന്നതിന്റെയും ഫലസ്ത്വീനുമായി യാതൊരു ബന്ധവുമില്ലാത്ത തനിക്കു അത് സ്വന്തം ദേശമാകുന്നതിന്റെയും അനീതി നിറഞ്ഞ സമവാക്യം ബ്ലുമെന്തല്‍ തിരിച്ചറിഞ്ഞു. താനൊരു അമേരിക്കന്‍ ജൂതനായതു കൊണ്ടാണ് ഈ പുസ്തകം എഴുതാന്‍ സാധിച്ചത്. മാത്രമല്ല തന്നെക്കാള്‍ ഇതെഴുതാന്‍ അര്‍ഹതയും കഴിവുമുള്ള ഫലസ്ത്വീന്‍-അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും ഇസ്രയേല്‍ ഇതേ എയര്‍പോര്‍ട്ടിലൂടെ പ്രവേശനം നല്‍കില്ലെന്നും ബ്ലൂമെന്തല്‍ വിശദീകരിക്കുന്നു. ഓരോരുത്തരും അനുഭവിക്കുന്ന സാമൂഹിക പദവിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങളെ ശരിയായി മനസ്സിലാക്കുന്നതിലൂടെ മാത്രമേ അനീതിക്കെതിരായി വിപുലമായ ഐക്യദാര്‍ഢ്യ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന നിര്‍ണായക പാഠമാണ് ഇവിടെ ബ്ലൂമെന്തല്‍ നല്‍കുന്നത്.

ബ്ലൂമെന്തല്‍ മുന്നോട്ടുവെക്കുന്ന പ്രധാനവാദം, ഫലസ്ത്വീന്റെമേല്‍ സൈനിക രാഷ്ട്രീയ അധിനിവേശത്തിലൂടെ 1948ല്‍ നിലവില്‍വന്ന ഇസ്രയേല്‍ ഒരിക്കലും ഒരു ജനാധിപത്യ സ്‌റ്റേറ്റ് അല്ലെന്നാണ്. ഇപ്പോള്‍ ഇസ്രയേലികള്‍ പൗരന്മാര്‍ എന്ന നിലയില്‍ സ്വയം അനുഭവിക്കുന്നത് ഒരു അടിയന്തരാവസ്ഥ സ്‌റ്റേറ്റ് (State of emergency) ആണെന്ന് ബ്ലൂമെന്തല്‍ വിശദീകരിക്കുന്നു. പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ സ്‌റ്റേറ്റ് എന്ന സയണിസ്റ്റ് വാചകമടിയെ തന്നെയാണ് ബ്ലൂമെന്തല്‍ ലക്ഷ്യമിടുന്നത്. അതായത് ഇസ്രയേല്‍ നിലവില്‍വന്ന കൊല്ലം മുതല്‍ അത് മുന്നോട്ടു പോകുന്നത് അടിയന്തരാവസ്ഥ നിയമം (emergency law) നിലനിറുത്തിക്കൊണ്ടാണ്. രാഷ്ട്ര സുരക്ഷയെ വെല്ലുവിളിക്കുന്ന സാമൂഹിക ശക്തികള്‍ ഇസ്രയേലില്‍ തന്നെ സജീവമാണ് എന്നതാണ് സയണിസ്റ്റ് ഭരണകൂടം അടിയന്തരാവസ്ഥ നിയമം നിലനിറുത്താന്‍ നല്‍കുന്ന ന്യായം. അങ്ങനെ ദേശസുരക്ഷയുടെ പേരില്‍ എല്ലാത്തരം പൗരസ്വാതന്ത്ര്യവും നിയമപരിരക്ഷയും നിഷേധിച്ചാണ് ഇസ്രയേല്‍ സ്വയം നിലനില്‍ക്കുന്നത്. തങ്ങളുടെ സ്‌റ്റേറ്റിനെ ഒരു പരിധിവരെ അംഗീകരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ വരെ വകവരുത്താനും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കാനും ഇസ്രയേലിനു ഇതിലൂടെ വളരെ എളുപ്പം സാധിക്കുന്നു. ഇസ്രയേലിനകത്തെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തന്നെ ഇങ്ങനെ നിരന്തരം പീഡിപ്പിക്കപ്പെടുകയും തടവില്‍ കിടക്കുകയും ചെയ്യുന്നു. മാത്രമല്ല പൗരന്മാരുടെ സ്വകാര്യ ഫോണ്‍-ഇന്റര്‍നെറ്റ് സംഭാഷണങ്ങള്‍ നിരീക്ഷിച്ചു എവിടെയെങ്കിലും ഒരു മറുസ്വരം പുറത്തുവരുന്നുണ്ടോ എന്ന് നിരന്തരം വീക്ഷിക്കുന്നതും സംശയം ഉള്ളവരെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു ക്രൂരപീഡനത്തിനു ഇരയാക്കുന്നതും ഒരു അപവാദം അല്ല; മറിച്ചു ഇസ്രയേലില്‍ എല്ലാവരും അംഗീകരിക്കേണ്ട രാഷ്ട്രസംസ്‌കാരം തന്നെയാണെന്നു ബ്ലൂമെന്തല്‍ നിരവധി ഉദാഹരണങ്ങള്‍ സഹിതം പറയുന്നു.

ഇസ്രയേല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ ധാര്‍മിക ന്യായീകരണമായി പറയുന്നത് ഹോളോകാസ്റ്റും നാസി യൂറോപ്പില്‍ അവര്‍ അനുഭവിച്ച ക്രൂരതയുമാണല്ലോ. ബ്ലൂമെന്തല്‍ ഈ ധാര്‍മിക അടിസ്ഥാനത്തിന്റെ സമകാലിക പ്രയോഗങ്ങള്‍ വളരെ വിശദമായിത്തന്നെ പഠിക്കുന്നുണ്ട്. ഹോളോകാസ്റ്റ് ധാര്‍മിക മൂലധനമാക്കി നിലവില്‍വന്ന ഇസ്രയേല്‍ എങ്ങനെയാണ് നാസി ജര്‍മനിയില്‍ നിലനിന്ന വംശീയ/ഭരണനിര്‍വഹണ ഹിംസകളെ അതേപടി പിന്തുടരുന്നതെന്ന് ബ്ലൂമെന്തല്‍ വിശദീകരിക്കുന്നു. ഇസ്രയേല്‍ എന്ന വംശീയാധിപത്യ സ്‌റ്റേറ്റ് (Ethnocratic State) എല്ലാത്തരം ആന്തരിക ന്യൂനപക്ഷ സ്വരങ്ങളെയും അടിച്ചമര്‍ത്തിയാണ് നിലനില്‍ക്കുന്നത്. അറബ് മുസ്‌ലിംകള്‍, അറബ് -ക്രൈസ്തവര്‍, അറബ് ജൂതര്‍ ഒക്കെ അനുഭവിക്കുന്ന പീഡനങ്ങള്‍ വായനക്കാര്‍ക്ക് യാതൊരു പുതുമയും ഇല്ലാത്തതിനാല്‍ അതല്ലാത്ത രണ്ട് പ്രത്യേക സമുദായങ്ങളെ കുറിച്ച് വിശദീകരിക്കാം.

ആഫ്രിക്കയില്‍നിന്ന് ഇസ്രയേലില്‍ എത്തിപ്പെട്ട കറുത്ത ജൂതവംശജര്‍, ഇസ്രയേലില്‍ തന്നെയുള്ള അറബ് ഗോത്രങ്ങള്‍ ഇവരോട് സ്വീകരിക്കുന്ന വംശീയ വിവേചനത്തെകുറിച്ച് നമുക്ക് വായിക്കാം. എതോപ്യയില്‍നിന്ന് വന്ന ആഫ്രിക്കന്‍ ജൂത കുടിയേറ്റക്കാര്‍ ഇപ്പോള്‍ പറയുന്നത് തങ്ങള്‍ക്ക് എങ്ങനെയെങ്കിലും നാട്ടില്‍ മടങ്ങിപ്പോയാല്‍ മതിയെന്നാണ്. അവരെ അടിമകളെപോലെ തൊഴില്‍ എടുപ്പിച്ചതിനുശേഷം സിനാ മരുഭൂമിക്കു സമീപമുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്നു. അവിടെ ആഴ്ചയവസാനം ജോലി സ്ഥലത്തെ വിരസത അകറ്റാന്‍വരുന്ന വെളുത്ത ഇസ്രയേലി ചെറുപ്പക്കാര്‍ എതോപ്യക്കാരുടെമേല്‍ ചാടി വീണ്, അവരെ ക്രൂരമായി പീഡിപ്പിച്ച് തങ്ങളുടെ മാനസിക സമ്മര്‍ദം കുറക്കുന്നു.

ടെല്‍അവീവില്‍ അവശേഷിച്ച ആഫ്രിക്കന്‍ ജൂതര്‍ അനുഭവിക്കുന്ന വംശീയ അധിക്ഷേപങ്ങളും പീഡനങ്ങളും നേരിട്ടുള്ള അനുഭവ വിവരണങ്ങളിലൂടെ ബ്ലൂമെന്തല്‍ പുറത്തുകൊണ്ട് വരുന്നു. ആഫ്രിക്കന്‍ പശ്ചാത്തലമുള്ള ജൂതന്മാരെ ഇസ്രയേലില്‍നിന്ന് പുറത്താക്കാന്‍ തെല്‍അവീവിലെ യൂറോഅമേരിക്കന്‍ ജൂതരില്‍നിന്ന് ഭരണകൂടത്തിനുമേല്‍ വലിയ സമ്മര്‍ദം ഉണ്ട്. എവിടെ മോഷണം നടന്നാലും ആഫ്രിക്കന്‍ ജൂതന്മാരെ മറ്റുള്ളവര്‍ ചേര്‍ന്ന് തെരുവ് വിചാരണ നടത്തുന്നത് പതിവു കാഴ്ചയാണെന്ന് ബ്ലൂമെന്തല്‍ വിശദീകരിക്കുന്നു. ഇസ്രയേലി പോലീസില്‍ വംശവെറിയന്മാര്‍ക്ക് നല്ല പിടിയുള്ളതിനാല്‍ ജയിലുകളില്‍ നല്ലൊരു ഭാഗം ആഫ്രിക്കന്‍ ജൂതന്മാരാണ് എന്നതാണ് വസ്തുത.

നഗെവ് മരുഭൂമിയിലെ ബദുക്കള്‍ ആവട്ടെ സമാനമായ മറ്റൊരു പീഡനകഥയുടെ ഭാഗമാണ്. ഇസ്രയേലി സൈന്യത്തില്‍ തൊഴില്‍ നല്‍കി ചാവേറുകള്‍ ആവാന്‍ അവര്‍ക്ക് അവസരം നല്‍കുമെങ്കിലും ഇസ്രയേലില്‍ പൊതുജീവിതത്തിലെ മറ്റൊരു മേഖലയിലും അവര്‍ക്ക് പ്രവേശനമില്ല. ഒരിക്കലും പൗരത്വം നല്‍കാതെ അവരെ കേവലം സൈനികരാക്കി ഉപയോഗപ്പെടുത്തുന്നു. മാത്രമല്ല അവശേഷിച്ച ബദുക്കളെ വെള്ളം, വൈദ്യുതി, പാര്‍പ്പിടം ഒക്കെ നിഷേധിച്ച് മരുഭൂമിയില്‍ പ്രത്യേകം തയാറാക്കിയ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ എണ്‍പതിനായിരം മാത്രം അവശേഷിക്കുന്ന ആ ഗോത്ര സമൂഹം വ്യവസ്ഥാപിതമായ വംശഹത്യയുടെ ഇരകളാണ് എന്ന് ബ്ലൂമെന്തല്‍ പറയുന്നു.

ഫലസ്ത്വീനികളെ വിദേശി അപരര്‍ (External Other) ആക്കി നിലവില്‍വന്ന ഇസ്രയേല്‍ എങ്ങനെയാണ് പുതിയ ‘സ്വദേശി അപരരെ’ (internal Other) സൃഷ്ടിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങള്‍ ഈ പുസ്തകത്തില്‍ എമ്പാടുമുണ്ട്. വംശീയമായ വ്യത്യാസങ്ങള്‍ ധാരാളമുള്ള സ്വന്തം പ്രജകള്‍ക്കുമേല്‍ ഇസ്രയേലില്‍ നിലനില്‍ക്കുന്ന പീഡനമുറകള്‍ക്ക് നാസി ജര്‍മനിയിലെ ജൂതപീഡനവുമായുള്ള സമാനതകള്‍ ബ്ലൂമെന്തല്‍ പുറത്തുകൊണ്ടുവരുന്നു. ഫലസ്ത്വീനികളെ എങ്ങനെ ഇസ്രയേല്‍ കൈകാര്യം ചെയ്യുന്നുവെന്നതിനെപ്പറ്റി നിരവധി പഠനങ്ങളും അന്വേഷണ റിപ്പോര്‍ട്ടുകളും പുസ്തകങ്ങളുമൊക്കെ നമുക്ക് വായിക്കാം. പക്ഷേ ഇസ്രയേല്‍ സ്വന്തം പൗരന്മാരെ തരംതിരിച്ചു നടത്തുന്ന ഹോളോകാസ്റ്റില്‍ അധിഷ്ഠിതമായ ഭരണനിര്‍വഹണത്തെ കുറിച്ച് നല്‍കുന്ന വിവരണങ്ങള്‍ ഈ പുസ്തകത്തിന്റെ മാത്രം പ്രത്യേകതയാണ്.

എല്ലാ അനീതിക്കും സാക്ഷ്യം വഹിക്കുന്ന, എന്നാല്‍ ഇസ്രയേലില്‍ വലിയ പ്രതീക്ഷയോടെ എത്തിപ്പെട്ട നീതിബോധമുള്ള ജൂതരുടെ അവസ്ഥ ഇപ്പോള്‍ എന്താണ്?

ഈ പുസ്തകത്തിന്റെ അവസാനം നമുക്കത് വായിക്കാം. ന്യൂയോര്‍ക്കിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അവര്‍ ഒത്തുകൂടിയിരുന്നു. ഇസ്രയേലിലേക്ക് പോകാന്‍ അവര്‍ക്കിനി താല്‍പര്യമില്ല. കണക്കുകള്‍ പ്രകാരം പതിമൂന്നില്‍ ഒന്ന് എന്ന തോതില്‍ ഇസ്രയേലികള്‍ എപ്പോഴും വിദേശത്തു കഴിഞ്ഞു കൂടുന്നു. ഇസ്രയേലിലെ മനഃസാക്ഷി മരവിപ്പിക്കുന്ന ജീവിതത്തില്‍നിന്ന് മാറിനില്‍ക്കാന്‍ അവര്‍ ഇപ്പോള്‍ ആവുന്നത് ചെയ്യുന്നു. അവര്‍ പറയുന്നതു ഇസ്രയേല്‍ എന്നത് തങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടാത്ത, അനുഭവിക്കാന്‍ ഇഷ്ടപ്പെടാത്ത, അനീതി കൊടികുത്തിവാഴുന്ന, നാസി കാലത്തെ അനുസ്മരിപ്പിക്കുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പായി മാറിയിരിക്കുന്നുവെന്നാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ഇസ്രയേല്‍ നേരിടുന്ന വെല്ലുവിളി പുറത്തുനിന്ന് മാത്രമല്ല, മറിച്ചു സയണിസ്റ്റ് സ്‌റ്റേറ്റ് നില നില്‍ക്കുന്ന വംശീയ യുക്തി തന്നെ ഇസ്രയേലിനെ സ്വയം തകര്‍ക്കും എന്നാണ് ബ്ലൂമെന്തല്‍ സമര്‍ഥിക്കുന്നത്. ഈ പുസ്തകം പ്രധാനമായും അമേരിക്കന്‍ ഐക്യനാടുകളിലെ സയണിസ്റ്റ് ലോബിയുടെ പ്രചാരണങ്ങളില്‍ കുടുങ്ങിയ ജൂതരെ ലക്ഷ്യമിട്ടാണ് എഴുതിയിരിക്കുന്നതെങ്കിലും, ഇസ്രയേല്‍ ഒരു വംശീയ ദേശരാഷ്ട്രം എന്ന നിലയില്‍ സ്വന്തം പ്രജകളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നറിയാന്‍ താല്‍പര്യമുള്ളവരുടെ വായനക്കായി നിര്‍ദേശിക്കുന്നു.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting