banner ad
October 14, 2015 By സെയ്ഫ് അഹ്മദ് ഖാന്‍ 0 Comments

വലത് പക്ഷവും നവമാധ്യമങ്ങളും

Hindu-Portals

2004ല്‍ നാം കണ്ടത് തിരഞ്ഞെടുപ്പു പ്രവചനങ്ങളെയെല്ലാം പിന്തള്ളി കേന്ദ്രത്തില്‍ വാഴുകയായിരുന്ന എന്‍.ഡി.എ. ഭരണകൂടത്തെ ജനം വോട്ട് ചെയ്ത് പുറത്താക്കുന്നതാണ്. ജനം വിലക്കയറ്റത്തിന്റെയും ദാരിദ്ര്യത്തിന്റെയും വിഷമവൃത്തത്തില്‍പ്പെട്ട് ഉഴലുമ്പോള്‍ മുഴക്കിയ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യമാണ് ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തിയത്. വോട്ടര്‍മാര്‍ അതുമൊരു തിരഞ്ഞെടുപ്പ് തട്ടിപ്പു മാത്രമായി കണ്ടു. എന്നാല്‍, ‘ഇന്ത്യ തിളങ്ങുന്നു’ എന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പ്രഛന്നമായ ഒരനുഗ്രഹമായിരുന്നു എന്നു വിശ്വസിക്കാന്‍ ന്യായമുണ്ട്. പരമ്പരാഗതമായി ബി.ജെ.പി. ഒരു സാങ്കേതികവിദ്യക്കെതിരെ നിലകൊണ്ട പാര്‍ട്ടിയായിരുന്നു. 1980കളില്‍ രാജീവ്ഗാന്ധി കംപ്യൂട്ടര്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തിയപ്പോള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ അതിനെ എതിര്‍ക്കുകയും യന്ത്രവല്‍ക്കരണം തൊഴിലില്ലായ്മയിലേക്കു നയിക്കുമെന്നു വാദിക്കുകയും ചെയ്തു. സമാന വികാരങ്ങളാണ് സംഘപരിവാരവും പ്രതിധ്വനിപ്പിച്ചത്. 2004ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പ് സാങ്കേതികവിദ്യയോടുള്ള ബി.ജെ.പിയുടെ സമീപനത്തില്‍ മാറ്റംകൊണ്ടുവരുകയും കാവിപാര്‍ട്ടി ആദ്യത്തെ കംപ്യൂട്ടര്‍ കേന്ദ്രീകൃത തിരഞ്ഞെടുപ്പുപ്രചാരണം നടത്തുകയും ചെയ്തു. രാജ്യത്തിന്റെ സാമ്പത്തികനേട്ടങ്ങളും വ്യാവസായിക പുരോഗതിയും ആഗോളതലത്തില്‍ പ്രചരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഒരു ശ്രമമായിരുന്നു പ്രാരംഭത്തില്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യം. 2003 ഡിസംബറിനും 2004 ജനുവരിക്കുമിടയില്‍ 9000ത്തിലേറെ തവണ സര്‍ക്കാര്‍ വകയായി ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യം ടി.വിയില്‍ വന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍, ബി.ജെ.പി. ഈ മുദ്രാവാക്യം തട്ടിയെടുക്കുകയും തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്തു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ക്ഷണത്തില്‍ തന്നെ ഇതു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കമ്മീഷന്‍ ഇതു തിരഞ്ഞെടുപ്പുചട്ടലംഘനമാണെന്നു നിരീക്ഷിക്കുകയും 2002 മെയ് 10നു തിരഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ ഈ മുദ്രാവാക്യം ഉപയോഗിക്കുന്നതില്‍നിന്നു ബി.ജെ.പിയെ തടയുകയും ചെയ്തു. ഇത് ബി.ജെ.പിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കു കാരണമായി. എന്നാല്‍ കംപ്യൂട്ടര്‍ സാങ്കേതികവിദ്യ സ്വീകരിച്ചതും 21ാം നൂറ്റാണ്ടില്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി മനസ്സിലാക്കിയതും ബി.ജെ.പിക്കു പില്‍ക്കാലത്തു നേട്ടമായി. ഈ 10 വര്‍ഷക്കാലയളവിലാണ് നവസാമൂഹിക മാധ്യമങ്ങള്‍ ലോകത്തെങ്ങും അതിന്റെ സ്പര്‍ശിനികള്‍ വ്യാപിപ്പിക്കുന്നത്. മൈ സ്‌പേസ്, ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റുകളുടെ ഉദയത്തിന് ഈ ദശകം സാക്ഷ്യംവഹിച്ചു.

സാമൂഹികവും രാഷ്ട്രീയവുമായ ചലനങ്ങള്‍ക്കായി നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിത്തുടങ്ങിയതും ഈ ദശകത്തിന്റെ പ്രത്യേകതയാണ്.ഇതോടെ, മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ നിഷ്‌ക്രിയ സ്വീകര്‍ത്താക്കളാവുക എന്ന അവസ്ഥയ്ക്കു പകരം, തങ്ങളുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും പ്രസിദ്ധീകരിക്കാന്‍ സാധാരണ ജനത്തിനും ഒരു വേദി ലഭ്യമായി. സാമൂഹികവും രാഷ്ട്രീയവുമായ ബോധവല്‍ക്കരണങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ ഒപ്പുശേഖരണത്തിനും വിവിധ രാഷ്ട്രീയപ്രചാരണങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി. ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറിലെ പ്രകടനവും ഇന്ത്യയിലെ അണ്ണാ ഹസാരെ പ്രക്ഷോഭവും ഉദാഹരണം.

ലോകബാങ്കിന്റെ കണക്കുപ്രകാരം 2004ല്‍ ഇന്ത്യയിലെ രണ്ടുശതമാനം ജനത്തിനു മാത്രമാണ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിരുന്നത്. 2009 ഓടെ ഇത് അഞ്ചുശതമാനത്തിലും മീതെയായി. 2013ല്‍ 15 ശതമാനത്തിലേറെപ്പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരായി. 2009നും 2013നും ഇടയിലെ നാലുവര്‍ഷംകൊണ്ട് നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയോളമായി. യു.പി.എയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ഇത് ഏറെ പ്രയാസംപിടിച്ച കാലമായിരുന്നു. 2ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടങ്ങള്‍ തുടങ്ങിയ അഴിമതികളുടെ നിര ഭരണകക്ഷിയെ കരിനിഴലിലാഴ്ത്തി. രാജ്യം കോണ്‍ഗ്രസ്‌വിരുദ്ധ തരംഗത്തില്‍ മുങ്ങി.

ബി.ജെ.പിയോട് അനുഭാവം പ്രകടിപ്പിക്കുന്ന, സ്വന്തം രാഷ്ട്രീയ വികാര വിചാരങ്ങള്‍ നിഷ്പ്രയാസം പ്രകടിപ്പിക്കാന്‍ കഴിവുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കോണ്‍ഗ്രസ്സിനെയും ഇന്ത്യയിലെ സാമ്പ്രദായിക മാധ്യമങ്ങളെയും അതിശക്തമായി ആക്രമിച്ചു: ഇന്ത്യന്‍ മാധ്യമങ്ങള്‍ നടത്തുന്നത് കപട മതേതരക്കാരായ ബുദ്ധിജീവികളാണ്. അവര്‍ മുസ്‌ലിം പ്രീണനം നടത്തുന്നു എന്ന് തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. കോണ്‍ഗ്രസ്സിനെ അവര്‍ ‘ഖാന്‍ഗ്രസ്’ എന്നാണു വിളിച്ചത്. എന്‍.ഡി.ടി.വി. പോലുള്ള വാര്‍ത്താസംരംഭങ്ങള്‍ വിഷംതുപ്പുന്ന വലതുപക്ഷക്കാരുടെ നിരന്തരമായ ആക്രമണത്തിനിരയായി. വേശ്യാ ടെലിവിഷന്‍ എന്നതിന്റെ ഹിന്ദി വാക്കിലാണ് എന്‍.ഡി.ടി.വിയെ അവര്‍ അപഹസിച്ചത്. വെബ്‌സൈറ്റുകളിലെ വിപുലമായ ഈ വലതുപക്ഷ ഘടകങ്ങളെ ബി.ജെ.പി പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. നിരവധി ബി.ജെ.പി. നേതാക്കള്‍ സാമൂഹികമാധ്യമങ്ങളെ വാരിപ്പുണര്‍ന്നു. നരേന്ദ്ര മോദിയാണ് അതില്‍ മുന്‍നിന്നത്. എന്നാല്‍, നെറ്റ് വോട്ടര്‍മാരുടെ പിന്തുണ സമാഹരിക്കുന്നതിനായി ബി.ജെ.പിയുടെ ആശയാദര്‍ശങ്ങള്‍ക്കുകൂടി സമര്‍പ്പിതമായ പോര്‍ട്ടലുകള്‍ ആവശ്യമായിരുന്നു.
ബി.ജെ.പിയായിരുന്നു ഇതിന്റെ ഗുണഭോക്താവ്. ഈ സമയത്താണ് ഇന്ത്യയിലെ വലിയൊരുവിഭാഗം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ യു.പി.എക്കെതിരെ നിരാശ പ്രകടിപ്പിച്ചത്. വലതുപക്ഷ ഓണ്‍ലൈന്‍ അനുകൂലികളെ പ്രയോജനപ്പെടുത്താന്‍ ഓര്‍ഗനൈസറിനും പാഞ്ചജന്യക്കുമപ്പുറം പോവേണ്ടതുണ്ടായിരുന്നു. ‘ഇന്റര്‍നെറ്റ് ഹിന്ദു’ക്കളെ സംഘടിപ്പിക്കാനും അവരുടെ പിന്തുണയാര്‍ജിക്കാനും വെബില്‍ ഒരു പുതിയതരം ആദര്‍ശകേന്ദ്രിത പത്രപ്രവര്‍ത്തനം ആവശ്യമായി. സെന്‍ട്രല്‍ റൈറ്റ് ഇന്ത്യ, നീതി സെന്‍ട്രല്‍, സ്വരാജ് മാഗ് തുടങ്ങിയ വെബ് പത്രങ്ങളുടെ പിറവിക്ക് ഇതു കാരണമായി. ഈ വെബ്‌സൈറ്റുകളുടെ മുഖപ്പേജുകള്‍ ഇവയുടെ ദര്‍ശനത്തെ സംബന്ധിച്ച വ്യക്തമായ വിശദീകരണം നല്‍കുന്നുണ്ട്.

2014 പൊതുതിരഞ്ഞെടുപ്പുകാലത്ത് വിവിധ നിയോജകമണ്ഡലങ്ങളില്‍ ബി.ജെ.പി. അണിനിരത്തിയ സ്ഥാനാര്‍ഥികളെ ഈ വെബ്‌സൈറ്റുകള്‍ പരസ്യമായി തന്നെ പിന്തുണച്ചു. അതില്‍ പ്രഥമസ്ഥാനത്തായിരുന്നു 2014ല്‍ സ്വപന്‍ദാസ് ഗുപ്ത പത്രാധിപ ഉപദേശകസമിതി അധ്യക്ഷനായ ഗോവിന്ദ് രാജ്, പ്രസന്ന വിശ്വനാഥ് കൂട്ടുകെട്ട് സ്ഥാപിച്ച സ്വരാജ് മാഗ്. ‘ഭയാനകമാംവിധം സ്വാതന്ത്ര്യം’, ‘വലത് ഉദാരവാദികളുടെ വലിയ തമ്പ്’, ‘രാഷ്ട്രീയമായി പക്ഷംപിടിക്കാത്തത്’ എന്നൊക്കെ അവകാശവാദമുന്നയിക്കുന്നുവെങ്കിലും സ്വരാജ് മാഗിലെ സ്വപന്‍ദാസ് ഗുപ്തയുടെ സാന്നിധ്യം പത്രത്തിന്റെ രാഷ്ട്രീയച്ചായ്‌വ് നല്ലപോലെ തുറന്നുകാട്ടുന്നു. നരേന്ദ്ര മോദി ഭരണകൂടം പത്മഭൂഷണ്‍ നല്‍കിയത് ഈ വലതുപക്ഷ ടി.വി. സംവാദകനാണ്. എന്നാല്‍, വലതുപക്ഷ കാര്യപരിപാടി ഏറ്റവും കൂടുതല്‍ മുന്നോട്ടുവയ്ക്കുന്നതിനു സഹായിച്ചത് നീതി സെന്‍ട്രല്‍ ആണ്. നീതി ഡിജിറ്റലിന്റെ ഭാഗമാണ് ഈ വെബ്‌സൈറ്റ്. നരേന്ദ്ര മോദി ഗുജറാത്ത് ഇന്‍ഫോര്‍മാറ്റിക്‌സിന്റെ ഡയറക്ടറാക്കിയ, വിശ്വസ്ത മോദിസേവകനായ രാജേഷ് ജെയിന്‍ ആണ് ഇതിന്റെ ഉടമസ്ഥന്‍. അരുണ്‍ ഷൂരി, അശോക് മാലിക്, തവ്‌ലീന്‍ സിങ്, സ്വപന്‍ദാസ് ഗുപ്ത തുടങ്ങിയവരായിരുന്നു നീതി സെന്‍ട്രലിന്റെ മിക്ക ലേഖനങ്ങളും തയ്യാറാക്കിയത്. ‘ദൃഢം, വലതുപക്ഷം’ എന്നിങ്ങനെയുള്ള വാക്കുകള്‍ സൈറ്റിന്റെ ശീര്‍ഷകത്തിന്റെ കൂടെ ഉപയോഗിച്ചിട്ടുണ്ട്. ഈ മൂന്നു വെബ്‌സൈറ്റുകളും വലതുപക്ഷം എന്ന വാക്ക് ഉപയോഗിക്കുന്നുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രാഷ്ട്രീയാഖ്യാനം രൂപപ്പെടുത്തുന്നതില്‍ നീതി സെന്‍ട്രല്‍ നിര്‍ണായകമായ പങ്കുവഹിച്ചു. നരേന്ദ്ര മോദിയെ വിജയിപ്പിച്ചതില്‍ നീതി സെന്‍ട്രല്‍ വഹിച്ച പങ്ക് നല്‍കുന്ന അമിതമായ സുഖസന്തോഷവികാരമാണ് സൈറ്റില്‍ ഉപയോഗിച്ച ‘ചരിത്രപരം’ എന്ന പ്രയോഗം ധ്വനിപ്പിക്കുന്നത്. മോദിയുടെ വിജയത്തില്‍ ഈ സൈറ്റിന് കൂടി പങ്കുണ്ടെന്നാണ് അവകാശവാദം. ഹിന്ദുത്വ വെബ്‌സൈറ്റുകള്‍ക്കു മതിയായ പിന്തുണയും തുടര്‍ച്ചയും ലഭിക്കുന്നുണ്ട്. 1,38,270 അനുകൂലികള്‍ ഫേസ്ബുക്കിലും 30,907 പേര്‍ ട്വിറ്ററിലും നീതി സെന്‍ട്രല്‍ സൈറ്റിനു ലൈക്കടിച്ചിട്ടുണ്ട്. എന്നാല്‍, സെന്‍ട്രല്‍ റൈറ്റ് ഇന്ത്യക്ക് ആപേക്ഷികമായ ചെറിയ അനുയായിവൃത്തമാണുള്ളത്.,999, 4,585 എന്നിവയാണ് യഥാക്രമം ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലുള്ളത്. ഹിന്ദുത്വവിഷയങ്ങളുടെയും വികസനപ്രശ്‌നങ്ങളുടെയും രസകരമായ ചേരുവയാണ് ഈ വെബ്‌സൈറ്റുകള്‍. സെന്‍ട്രല്‍ റൈറ്റ് ഇന്ത്യ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ തലക്കെട്ടുകള്‍ ‘ലൗ ജിഹാദ്: എല്ലാം തീയില്ലാത്ത വെറും പുകയാണോ?’സംസ്‌കൃതപഠനത്തിന്റെ വൈരികള്‍, ക്രിസ്ത്യാനിറ്റിയെ സംബന്ധിച്ച് ഓരോ ഹിന്ദുവും അറിഞ്ഞിരിക്കേണ്ടതെന്ത് പുസ്തകവിമര്‍ശനം’ എന്നിങ്ങനെയാണ്.

ഈ വെബ്‌സൈറ്റുകള്‍ പലപ്പോഴും പ്രകോപനപരമായ പ്രസ്താവനകളും പ്രസിദ്ധീകരിക്കാറുണ്ട്. ഉദാഹരണമായി, സ്വരാജ് മാഗിലെ ശീര്‍ഷകം ഇപ്രകാരമാണ്: ‘അനാദരവോടെ പോപ്പിന് എന്തുകൊണ്ട് ജീവിക്കാന്‍ പഠിച്ചുകൂടാ?’ ഹിന്ദു(ത്വ)സമൂഹത്തില്‍നിന്ന് പോപ്പ് അനാദരവ് പഠിക്കണ(പ്രതീക്ഷിക്കണ)മെന്നാണ് സൈറ്റ് നിര്‍ദേശിക്കുന്നത്.

തങ്ങളുടെ പോര്‍ട്ടലുകള്‍ക്കു വേണ്ടി ലേഖനങ്ങളെഴുതിയ രാഷ്ട്രീയനേതാക്കളും ദാര്‍ശനികരുമാണ് ഹിന്ദുത്വമാധ്യമങ്ങളുടെ താരങ്ങള്‍. അരുണ്‍ ഷൂരിയായാലും സ്വപന്‍ദാസ് ഗുപ്തയായാലും ശ്രീ ശ്രീ രവിശങ്കര്‍ ആയാലും ഇവരെല്ലാം തന്നെ ബദല്‍ മാധ്യമാഖ്യാനത്തിനു സഹായകമായി തങ്ങളുടെ ഉള്ളടക്കശകലങ്ങള്‍ നല്‍കിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെ ബൈലൈനോടു കൂടിയ ഒരു ലേഖനം നീതി സെന്‍ട്രലില്‍ കാണാം. എന്നാല്‍, മൗലികമായ ചോദ്യം ഹിന്ദുത്വ വെബ്‌സൈറ്റുകള്‍ പിറവിയെടുത്തത് എങ്ങനെ എന്നതിനെ സംബന്ധിച്ചാണ്. ഹിന്ദുത്വ സൈറ്റുകള്‍ വലതുപക്ഷ ചിന്തകര്‍ സ്വതന്ത്രമായി തുടങ്ങിയതാണെന്നും തുടര്‍ന്ന് അവയെ ബി.ജെ.പിയുമായും ആര്‍.എസ്.എസുമായും സഹകരിപ്പിക്കുകയായിരുന്നുവെന്നും ചിലര്‍ വാദിച്ചേക്കാം. എന്നാല്‍, അവയുടെ തുടക്കം തന്നെ സംഘപരിവാര പിന്തുണയോടെയും ആജ്ഞയോടെയുമായിരുന്നു എന്നതാണു വാസ്തവം.

ഉദാഹരണത്തിന്, 2013ല്‍ രൂപപ്പെട്ടുവന്ന ‘ഉത്തരവാദഭരണത്തിനായി പൗരന്മാര്‍’ (സി.എ.ജി) എന്ന സന്നദ്ധസംരംഭത്തെക്കുറിച്ചു പരിശോധിക്കാം. കഥ പോവുന്നത് ഇങ്ങനെ: 2013 ജൂണില്‍, ആറു വ്യക്തികള്‍ (ഒരു വ്യവസായി, ബിരുദധാരി, വക്കീല്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, രണ്ട് ബ്ലേഡുകാര്‍) ഒരു റേസ്റ്റാറന്റില്‍ രാജ്യത്തു നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഇന്ത്യയെ ഉത്തരവാദ ഭരണ മാതൃകയാക്കുക എന്ന തങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനായി ഒന്നിച്ചുനിന്നു പ്രവര്‍ത്തിക്കാന്‍ അവര്‍ തീരുമാനിച്ചു. മാസങ്ങള്‍ക്കകം സംഘടന 45,000 ചാപ്റ്ററുകളുമായി രാജ്യത്തുടനീളം വ്യാപിച്ചു. വലിയ സമാപനച്ചടങ്ങോടെ മന്ഥന്‍ എന്ന പേരില്‍ അവര്‍ ഒരു അഖിലേന്ത്യാ മല്‍സരം സംഘടിപ്പിച്ചു. ഐ.ഐ.ടി, ഐ.ഐ.എം. എന്നിവിടങ്ങളില്‍നിന്നുള്‍പ്പെടെ 6,000 വിദ്യാര്‍ഥികള്‍ രാജ്യത്തുടനീളമുള്ള വിവിധ കലാലയങ്ങളില്‍നിന്നായി സമാപനസമ്മേളനത്തിന് എത്തിച്ചേര്‍ന്നു. പരിപാടിയില്‍ അവരെ അഭിസംബോധന ചെയ്തത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയല്ലാതെ മറ്റാരുമായിരുന്നില്ല. മാത്രമല്ല, ചന്ദ്രബാബു നായിഡുവുമായി മോദി വേദി പങ്കിട്ടു. വരാനിരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ടി.ഡി.പിയും സഖ്യമാവുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. കുറച്ചു മാസം കഴിഞ്ഞ് 2013ല്‍ സി.എ.ജി. സന്നദ്ധഭടന്മാര്‍ ബി.ജെ.പി. പ്രവര്‍ത്തകരുമായി ചേര്‍ന്ന് ‘റണ്‍ ഫോര്‍ യൂനിറ്റി മാരത്തണ്‍’ സംഘടിപ്പിച്ചു. സര്‍ദാര്‍ പട്ടേലിന്റെ ആദരാര്‍ഥം ഒരു ‘ഐക്യപ്രതിമ’ നിര്‍മിക്കുക എന്ന മോദി പദ്ധതിയുടെ കൂടി ഭാഗമായിരുന്നു കൂട്ടയോട്ടം. സി.എ.ജിയുടെ വളര്‍ച്ച അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അത്തരമൊരു വലിയ പരിപാടി സംഘടിപ്പിക്കുക പ്രാരംഭദശയിലുള്ള ഒരു സംഘടനയ്ക്കു സാധ്യമാവുന്നതായിരുന്നില്ല. തുടക്കത്തില്‍ തന്നെ സംഘപരിവാരത്തിന്റെ സഹായമില്ലാതെ സി.എ.ജിക്ക് ഇതെല്ലാം ചെയ്യാന്‍ കഴിഞ്ഞെന്നു വിശ്വസിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. സി.എ.ജി പിന്നീട് ഇന്ത്യന്‍ റിപബ്ലിക് എന്ന പേരില്‍ ഒരു മീഡിയ പോര്‍ട്ടല്‍ തുടങ്ങി. ഫേസ്ബുക്കില്‍ 2,00,000 അനുയായികള്‍ ഈ പോര്‍ട്ടലിനുണ്ട്. മറ്റെല്ലാ ഹിന്ദുത്വ മാധ്യമ വെബ്‌സൈറ്റുകളെപ്പോലെ തന്നെ ഈ സൈറ്റും ബി.ജെ.പി. അനുകൂല ഉള്ളടക്കമുള്ള കാവിപ്രചാരണോപകരണമായിരുന്നു. എന്നാല്‍, ഈ സൈറ്റ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമല്ല. സി.എ.ജിയുടെ ഇന്ത്യന്‍ റിപബ്ലിക്കിന് ഹ്രസ്വകാല ലക്ഷ്യമാണുണ്ടായിരുന്നതെന്ന് ഈ സംഭവം ശ്രദ്ധയോടെ പിന്തുടരുന്ന ഒരാള്‍ക്കു വ്യക്തമാവും. 2014 പൊതുതിരഞ്ഞെടുപ്പ് വരെ മോദി അനുകൂല, ബി.ജെ.പി. അനുകൂല ഉള്ളടക്കത്താല്‍ ഇന്റര്‍നെറ്റില്‍ പ്രളയം സൃഷ്ടിക്കുക എന്നതാണ്. ദൗത്യം പൂര്‍ത്തിയായപ്പോള്‍ പോര്‍ട്ടല്‍ നിശ്ശബ്ദമായി. എങ്കിലും ഹിന്ദുത്വമാധ്യമങ്ങളുടെ പരിണാമഗതിയെ സംബന്ധിച്ച സൂചന തരുന്ന രസകരമായ ഒരു പഠനമാതൃകയാണ് അതു നല്‍കുന്നത്.

‘നരേന്ദ്ര മോദിയുടെ പ്രചാരണത്തിന്റെ നൈതിക ശൂന്യത’ എന്ന തലക്കെട്ടില്‍ കാരവന്‍ മാഗസിനിലെ ഒരു ലേഖനത്തില്‍ ഹര്‍തോഷ്‌സിങ് ബാല്‍ സി.എ.ജിയില്‍ വ്യാപൃതരായിരുന്ന 85 വ്യക്തികളുടെയും വിദഗ്ധരുടെയും ജീവചരിത്രം വിലയിരുത്തുന്നുണ്ട്. ഈ വേദിയില്‍ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം പരിമിതമായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മിക്കവരും മേല്‍ജാതി ഹിന്ദുക്കളായിരുന്നു. ഭൂരിപക്ഷ വിദഗ്ധര്‍ക്കും സാങ്കേതികവിദ്യാഭ്യാസം ലഭിച്ചിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും നിര്‍ണായകമായ കണ്ടെത്തല്‍. ആകെ 85 പേരില്‍ 38 പേര്‍ എന്‍ജിനീയര്‍മാര്‍, 22 പേര്‍ എം.ബി.എ. ബിരുദമുള്ളവര്‍. തനിക്കെതിരേ വിദ്വേഷ മെയിലുകള്‍ അയച്ചവരെ സംബന്ധിച്ച രാമചന്ദ്ര ഗുഹയുടെ നിരീക്ഷണത്തിനു സമാനമാണ് ഹര്‍തോഷിന്റെ വിലയിരുത്തലും. ഗുഹയും ഹര്‍തോഷും നടത്തിയ നിരീക്ഷണങ്ങള്‍ ഹിന്ദുത്വമാധ്യമങ്ങളെ തുറന്നുകാട്ടുന്നതില്‍ സമഗ്രമാണ്. ഇരുകൂട്ടരും വിദ്യാസമ്പന്നരായ മേല്‍ജാതി ഹിന്ദുക്കളില്‍ പെട്ടവരും ഇന്ത്യയുടെ പ്രീണനരാഷ്ട്രീയത്തില്‍ നൊമ്പരപ്പെടുന്നവരും അതിനാല്‍ ഇന്ത്യയെ ഭൂരിപക്ഷാധിഷ്ഠിതമായ ഒരു ദര്‍ശനത്തിലേക്ക് വഴിതിരിച്ചുവിടാനായി വെബില്‍ ഒത്തുകൂടിയവരുമായിരുന്നു. മതനിരപേക്ഷതയോട് അവര്‍ക്ക് അഗാധമായ വെറുപ്പാണ്. ഇവര്‍ പഴയമട്ടിലുള്ള ആര്‍.എസ്.എസ്. പ്രചാരകവിദ്യാലയങ്ങളില്‍നിന്നുള്ളവരല്ല, മറിച്ച് അഭ്യസ്തവിദ്യരായ ഇന്ത്യയില്‍നിന്നുള്ളവരാണ്. അവരുടെയാരുടെയും ചിന്തകളില്‍ വലിയ വ്യത്യാസമുണ്ടായിരുന്നില്ല എന്നതാണു ഖേദകരം.

ലേഖകന്‍ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ്.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting