പട്ടേല്‍ സമുദായക്കാര്‍ സംവരണം അര്‍ഹിക്കുന്നുണ്ടോ?
ലക്ഷങ്ങളോളം ആളുകളെ സംഘടിപ്പിച്ചുകൊണ്ട്, സംവരണത്തിനുവേണ്ടി ആവശ്യപ്പെടുമ്പോഴും തങ്ങളുടെ പ്രശ്‌നങ്ങളെല്ലാം സംവരണം എന്ന ‘അടിമത്തം’ കാരണമാണ് ഉണ്ടായതെന്ന ഗുജറാത്തിലെ പട്ടേലുകളുടെ വാദം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അതുപോലെ, തങ്ങളുടെ സാമൂഹികാധികാരം ഉപയോഗിച്ച് പട്ടേലുകള്‍ ഒ.ബി.സി വിഭാഗങ്ങളില്‍ കയറിക്കൂടിയാല്‍ നിലവിലുള്ള ഒ.ബി.സി സംവരണത്തെ അത് വിഫലമാക്കുമെന്നും ജാതിസംവരണത്തിന് പകരം സാമ്പത്തികസംവരണം കൊണ്ടുവരാന്‍ വേണ്ടിയുള്ള ആര്‍.എസ്.എസിന്റെ നിഗൂഢ നീക്കമാണിതെന്നും പലരും വാദിക്കുന്നു. ഇതിന്റെ തെളിവായി 1985ല്‍ ഗുജറാത്തില്‍ സംവരണത്തിനെതിരെ നടന്ന കലാപങ്ങളില്‍ പട്ടേല്‍സമുദായക്കാര്‍ക്കുള്ള പങ്കും തുടര്‍ന്ന്, ദേശീയ പത്രദൃശ്യമാധ്യമങ്ങളില്‍ സംവരണത്തിനെതിരെ വന്ന നിരവധി ലേഖനങ്ങളും ചര്‍ച്ചകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടേലുകളാണ് ഗുജറാത്തില്‍ ബി.ജെ.പിയെ ഏറ്റവുമധികം പിന്തുണച്ച സമുദായമെന്നും ഗുജറാത്തില്‍ ബി.ജെ.പി നടത്തിയ മുസ്ലിം വംശഹത്യപോലും ഇത്തരം സമുദായങ്ങളുടെ സംവരണ വിരുദ്ധതയില്‍നിന്നാണ് തുടങ്ങുന്നതെന്നും മനസ്സിലാക്കുമ്പോള്‍, സംവരണം റദ്ദാക്കാനാണ് പട്ടേലുകള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന വാദത്തിന് ബലമേറുന്നു. എന്നിരുന്നാലും, വന്‍ കോര്‍പറേറ്റുകള്‍ക്ക് മാത്രം സ്ഥാനമുള്ള ഗുജറാത്ത് വികസനമാതൃകയുടെ ഇരകളാണ് പട്ടേലുകളെന്നും ഇപ്പോള്‍ പട്ടേലുകള്‍ക്ക് ആധിപത്യമുള്ള ചെറിയ മധ്യതലത്തിലുള്ള വ്യവസായശൃംഖലകള്‍ അവതാളത്തിലാണെന്നും പട്ടേല്‍സമുദായത്തിലെ കര്‍ഷകര്‍ ഒട്ടനവധി പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു സമയമാണിതെന്നും ദലിത്ബഹുജന പക്ഷത്തുനിന്നുള്ള വായനകള്‍പോലും സമ്മതിക്കുന്നു. ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്കും ആശങ്കകള്‍ക്കുമിടയില്‍ ഒരു ചോദ്യം മാത്രം: ഗുജറാത്തിലെ പട്ടേലുകള്‍ സംവരണം അര്‍ഹിക്കുന്നുണ്ടോ?
നിലവില്‍ സംവരണത്തിനര്‍ഹരായവര്‍ക്കെതിരെ കലാപം അഴിച്ചുവിട്ടിട്ട്, ഇപ്പോള്‍ സംവരണത്തിനാവശ്യപ്പെടുമ്പോള്‍പോലും അതിനെ തള്ളിപ്പറയുന്ന, ബാല്‍താക്കറെയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഹാര്‍ദിക് പട്ടേല്‍ നയിക്കുന്ന പ്രക്ഷോഭത്തെ തീര്‍ച്ചയായും ആര്‍ക്കും പിന്തുണക്കാനാവില്ല. ഇത് പട്ടേലുകളുടെ മാത്രം പ്രശ്‌നമല്ല. മറാത്ത, ജാട്ട് വിഭാഗങ്ങളും മറ്റുയര്‍ന്ന ശൂദ്രജാതികളും ഒ.ബി.സി വിഭാഗത്തിനുള്ളില്‍ സംവരണം ആവശ്യപ്പെടുന്ന സമയമാണിതെന്നതുകൊണ്ടും ഇത്ര ശക്തരായ സമുദായങ്ങളെ ഉള്‍ക്കൊള്ളുന്നത് ഒ.ബി.സി സംവരണത്തിനുതന്നെ അപകടമായതുകൊണ്ടും ദലിത്പിന്നാക്ക വിഭാഗങ്ങള്‍ പൊതുവെ പട്ടേല്‍സംവരണത്തിന് എതിരാണ്.
ജാതിമത മുന്നേറ്റങ്ങള്‍, ബ്രാഹ്മണാധിപത്യത്തെക്കുറിച്ചും ഇന്ത്യന്‍ ഭൂഖണ്ഡത്തിലെ നിരവധി സമുദായങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും മുന്നോട്ടുവെച്ച വ്യവഹാരങ്ങളുടെ ഫലമായാണ് നാട്ടുരാജാക്കന്മാരും കൊളോണിയല്‍ ഭരണാധികാരികളും രാഷ്ട്രീയവിദ്യാഭ്യാസഉദ്യോഗതലങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായത്. സ്വാതന്ത്ര്യത്തിനുമുമ്പ് സംവരണം എന്നത് കൊളോണിയല്‍ വ്യവസ്ഥയില്‍ വ്യത്യസ്ത സമുദായങ്ങളുടെ പങ്ക് ഉറപ്പിക്കാന്‍ സഹായിക്കുന്ന ഒരു ആധുനിക സംവിധാനമായിരുന്നു. ഇതനുസരിച്ച് ന്യൂനപക്ഷ മതസമുദായങ്ങള്‍ക്കും അബ്രാഹ്മണര്‍ക്കും അവര്‍ക്കുള്ളില്‍ തൊട്ടുകൂടായ്മ അനുഭവിക്കുന്ന സമുദായങ്ങള്‍ക്കും സംവരണം സാധ്യമായിരുന്നു. ഉദാഹരണത്തിന്, ഇവിടെ വിദ്യാഭ്യാസരംഗത്ത് എല്ലാ 14 സീറ്റുകളിലും ഇത്തരത്തിലാണ് സംവരണം ഏര്‍പ്പെടുത്തിയിരുന്നത്.അബ്രാഹ്മണര്‍ ആറ്, പിന്നാക്ക വിഭാഗ ഹിന്ദുക്കള്‍ രണ്ട്, ബ്രാഹ്മണര്‍ രണ്ട്, ഹരിജന്‍ രണ്ട്, ക്രിസ്ത്യന്‍ ഒന്ന്, മുസ്ലിം ഒന്ന്.
ഇങ്ങനെയൊരു സംവരണം ഭരണഘടനക്കെതിരാണ് എന്നുപറഞ്ഞ് ഇതിനെ റദ്ദാക്കിയ ചമ്പകം ദുരൈരാജന്‍ കേസിലും (1951), പിന്നീട് മൈസൂരുവില്‍ എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 75 ശതമാനത്തോളംവരുന്ന സംവരണം എടുത്തുകളഞ്ഞ എം.ആര്‍. ബാലാജി കേസിലും (1962) ജാതിമത സമുദായങ്ങളുടെ പ്രതിനിധാനത്തെ നിരാകരിച്ചുകൊണ്ടുള്ള നിരവധി വാദങ്ങളും കാണും.
ദേശീയ ലിബറല്‍ യുക്തിക്കനുസരിച്ച് സമുദായങ്ങള്‍ക്ക് സ്ഥാനം കൊടുക്കാതെ ദേശത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെയാണെന്നിരിക്കുമ്പോള്‍തന്നെ പരാധീനത അനുഭവിക്കുന്ന ചില സമുദായങ്ങളെ പരിരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ സംവരണം നടപ്പാക്കുന്നത്. അങ്ങനെയാണ് വ്യത്യസ്ത സമുദായങ്ങള്‍ക്കുള്ള പ്രാതിനിധ്യം എന്നതില്‍നിന്നുമാറി എല്ലാ സമുദായങ്ങളുമടങ്ങുന്ന ഒരു ദേശീയ സമുദായത്തെ സങ്കല്‍പിച്ചുകൊണ്ട് അതില്‍ ചിലര്‍ക്കുമാത്രം സംവരണം എന്ന പുതിയ കാഴ്ചപ്പാട് ഉയര്‍ന്നുവരുന്നത്. ഇതിന്റെ ഭാഗമായി തന്ത്രപൂര്‍വം മുസ്ലിം സമുദായങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കിക്കൊണ്ടും ഹിന്ദുക്കളായ ദലിതര്‍ക്ക് മാത്രം സംവരണം ഏര്‍പ്പെടുത്തിയുമാണ് (പിന്നീടാണ് സിക്ക്, ബുദ്ധമതങ്ങള്‍ ഇതിലേക്ക് വരുന്നത്) ദേശീയ രാഷ്ട്രീയം ഇന്നത്തെ സംവരണവ്യവസ്ഥക്ക് അടിത്തറയിടുന്നത്.
നിലവിലുള്ള ഈ വ്യവസ്ഥയും നിരവധി കീഴാള സമുദായങ്ങള്‍ക്ക് ആധുനികഘടനയില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ടെന്ന് വാദിക്കാമെങ്കിലും എല്ലാവരും തുല്യരാണെന്നിരിക്കെ അതിനുള്ളില്‍ ചിലര്‍ക്കുമാത്രം നല്‍കുന്ന പ്രത്യേകതരമായ പരിഗണന എന്ന കാഴ്ചപ്പാടിനകത്താണ് ഇതുപോലും സാധ്യമാകുന്നത്. ഇങ്ങനെയൊരു ദേശീയ ലിബറല്‍ പരിഗണന എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനെ മാത്രമാണ് (അതീവ വിഷമത്തോടെയാണെങ്കിലും) സവര്‍ണര്‍ സ്വീകരിക്കാന്‍ തയാറാകുന്നത്. ഇത് മറ്റു പിന്നാക്ക വിഭാഗങ്ങളിലേക്കും നീട്ടിയെഴുതിയ അംബേദ്കറുടെ പ്രയത്‌നത്തെ അത്ര എളുപ്പത്തില്‍ ഇവര്‍ സ്വീകരിക്കാന്‍ തയാറല്ല. ഇതുതന്നെയാണ് മണ്ഡല്‍ കാലത്ത് തെളിഞ്ഞുകണ്ടത്. ചുരുക്കം ചിലര്‍ക്കുള്ള പരിഗണന എന്നുള്ളതിനെ വളരെയധികം വിപുലപ്പെടുത്തുന്നതുകൊണ്ടും ഇതിലൂടെ സാമുദായിക പ്രാതിനിധ്യത്തിന് കൂടുതല്‍ സാധ്യതയുണ്ടായി വരുന്നതുകൊണ്ടുമാണ് സവര്‍ണര്‍ക്ക് ഒ.ബി.സി സംവരണം താങ്ങാന്‍ കഴിയാത്തത്. കേരളത്തില്‍ പലതവണ നടപ്പാക്കാന്‍ ശ്രമിച്ചതുപോലെയുള്ള സാമ്പത്തിക സംവരണം ഉപയോഗിച്ച് ഇതിനെ ദുര്‍ബലമാക്കാനാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നത്.
ദേശം/ദേശീയ സമുദായം (ഇന്ത്യ/കേരളം) എന്ന പരികല്‍പനയിലൂടെയാണ് ജാതിമത മുന്നേറ്റങ്ങള്‍ക്കെതിരെ സവര്‍ണ സമുദായങ്ങള്‍ സംഘടിച്ചുണര്‍ന്നത്. അതുകൊണ്ട്, മറ്റ് സമുദായങ്ങള്‍ക്കുള്ള പ്രാതിനിധ്യം ദേശീയ/സവര്‍ണ സമുദായത്തെ ദുര്‍ബലപ്പെടുത്തുമെന്ന ഭീതിയാണ് സംവരണത്തിലേക്ക് പുതിയ സമുദായങ്ങള്‍ കടന്നുവരുന്നതിനെതിരെ ഇത്ര ശക്തമായി പ്രതിരോധിക്കാന്‍ സവര്‍ണരെ സഹായിക്കുന്നത്.
മേല്‍ പറഞ്ഞതിന്റെയെല്ലാം ഏറ്റവുംവലിയ തെളിവ് സംവരണ വ്യവസ്ഥയിലെ ‘ജനറല്‍ കാറ്റഗറി’ തന്നെയാണ്. എല്ലാവര്‍ക്കും തുല്യാവസരം വാഗ്ദാനം ചെയ്യുന്ന ഈ പൊതുസ്ഥാനം കഴിഞ്ഞ 67 ദശകങ്ങളായി ബ്രാഹ്മണരുടെയും മേല്‍ജാതികളുടെയും കുത്തകയായി നിലനിര്‍ത്തപ്പെടുകയാണ്. ജനറല്‍ കാറ്റഗറിയില്‍ എത്തിപ്പെടാന്‍ കീഴാളസമുദായങ്ങള്‍ക്ക് കഴിയാത്തതുകൊണ്ട് മാത്രമല്ല ഇത്, സുദേഷ് എം. രഘു കേരളത്തിന്റെ പശ്ചാത്തലത്തില്‍ വാദിക്കുന്നതുപോലെ ജനറല്‍ കാറ്റഗറിയിലേക്ക് കയറാനുള്ള യോഗ്യതയുള്ളവര്‍പോലും നിര്‍ബന്ധപൂര്‍വം ഇതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയാണ്. ഇങ്ങനെയൊരവസ്ഥയില്‍, ദേശീയ ലിബറല്‍ ചിന്തയിലൂടെ ഉണ്ടായിവന്ന സംവരണ വ്യവസ്ഥയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുക എന്നത് പ്രധാനമാണ്. പട്ടേല്‍പ്രക്ഷോഭങ്ങള്‍ തുറന്നുതരുന്ന അവസരം ഉപയോഗിച്ച്, സംവരണത്തിനുമേലെയുള്ള 50 ശതമാനം പരിധി എടുത്തുമാറ്റാനാണ് (തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഉള്ളതുപോലെ) നാം ആവശ്യപ്പെടേണ്ടത്.
ഒ.ബി.സി വിഭാഗങ്ങളില്‍ ഉപവിഭാഗങ്ങള്‍ ഉണ്ടാക്കിയതിനുശേഷം അതിനെ 27 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ട് പട്ടേല്‍, ജാട്ട്, മറാത്ത വിഭാഗങ്ങള്‍ക്ക് സംവരണത്തില്‍ ഇടംനല്‍കാനാണ് ഈ അവസരത്തില്‍ ശ്രമിക്കേണ്ടത്. ഇത് പട്ടേലുകളെ ഉപയോഗിച്ച് സംവരണം നിര്‍ത്താനും ഒ.ബി.സി സംവരണം നിരര്‍ഥകമാക്കാനുമുള്ള രാഷ്ട്രീയ കുതന്ത്രത്തെ തടയാന്‍ ഏറ്റവും നല്ല ഉപാധിയായിരിക്കും.
Connect
Connect with us on the following social media platforms.