ജമാലുദ്ദീന്‍ അഫ്ഗാനിയും അപകോളനീകരണവായനകളും
ഫ്രാന്‍സില്‍ ജീവിച്ചിരുന്ന കാലത്ത് അലി ശരീഅത്തിയും സുഹൃത്തുക്കളും ജമാലുദ്ദീന്‍ അഫ്ഗാനിയെക്കുറിച്ച് പതിവായി ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു എന്ന് പങ്കജ് മിശ്ര എഴുതുന്നുണ്ട്. കൊളോണിയാലിറ്റി രൂപകല്‍പ്പന ചെയ്ത അധീശമായ സാമൂഹിക ഘടനകളെ ചോദ്യം ചെയ്യാന്‍ അഫ്ഗാനിയുടെ ചിന്തകള്‍ക്ക് കരുത്തുണ്ടെന്നായിരുന്നു ശരീഅത്തിയുടെ വിശ്വാസം. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ intellectual Godfather എന്നായിരുന്നു അഫ്ഗാനി അറിയപ്പെട്ടത്. ഇവിടെ ഞാന്‍ ശ്രമിക്കുന്നത് കൊളോണിയലിസത്തോടുള്ള അഫ്ഗാനിയുടെ ഇടപാടുകള്‍ എങ്ങനെയായിരുന്നു എന്നന്വേഷിക്കാനാണ്. സാധാരണ ഗതിയില്‍ ഇസ്‌ലാമിക ചിന്തകരെക്കുറിച്ച പഠനങ്ങളുടെയൊക്കെ ഒരു പ്രധാന പരിമിതി എന്നത് അവയെല്ലാം ആധുനികതയെ സംവാദങ്ങളുടെ കേന്ദ്രമായി കാണുന്നു എന്നതാണ്. സബാമഹ്മൂദുമായുള്ള അഭിമുഖത്തില്‍ തലാല്‍ അസദ് അത് സൂചിപ്പിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇന്ത്യ, തുര്‍ക്കി, ഫ്രാന്‍സ്, റഷ്യ, തുടങ്ങിയ രാജ്യങ്ങളിലായാണ് അഫ്ഗാനി തന്റെ കൊളോണിയല്‍ വിരുദ്ധ പ്രവര്‍ത്തന മേഖല വികസിപ്പിക്കുന്നത്. തുര്‍ക്കിയില്‍ വെച്ചാണ് ഇത്തിഹാദി ഇസ്‌ലാം ( Islamic Unity) എന്ന കണ്‍സപ്റ്റ് അഫ്ഗാനി വികസിപ്പിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ആഗോള മുസ്‌ലിം ഉമ്മ എന്ന ആശയമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. അഫ്ഗാനി എങ്ങനെയാണ് കൊളോണിയാലിറ്റിയെയും ആധുനികതയെയും കണ്ടതെന്ന് ഈ സന്ദര്‍ഭത്തില്‍ നാം മനസ്സിലാക്കേണ്ടതുണ്ട്.
ആധുനികതയുടെ ഉല്‍ഭവ കേന്ദ്രമായി അഫ്ഗാനി കാണുന്നത് യൂറോപ്പിനെയാണ്. പാശ്ചാത്യ സംസ്‌കാരത്തെ നിര്‍മ്മിക്കുന്ന ആഖ്യാനമായാണ് ആധുനികതയെ അദ്ദേഹം മനസ്സിലാക്കുന്നത്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വെസ്റ്റ് എന്നതിനെ ജ്ഞാനശാസ്ത്രപരമായ ഒരു അധികാര ശക്തി ( epistemic power)യായാണ് അഫ്ഗാനി വായിക്കുന്നത് എന്നതാണ്.
സര്‍ സയ്യിദ് അഹമ്മദ്ഖാനോട് എങ്ങനെയാണ് അഫ്ഗാനി എന്‍ഗേജ് ചെയ്തത് എന്ന് പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് വ്യക്തമാകും. സയ്യിദിനെ അഫ്ഗാനി വിശേഷിപ്പിക്കുന്നത് Parochial Westerner എന്നാണ്. കൊളോണിയല്‍ പവര്‍ നിര്‍മ്മിക്കുന്ന അധികാരഘടനകളെ തിരിച്ചറിയുന്നതില്‍ സയ്യിദ് പരാജയപ്പെട്ടു എന്നാണ് അഫ്ഗാനി വിലയിരുത്തുന്നത്. ഇഖ്ബാലിന്റെ സയ്യിദിനോടുള്ള പ്രധാന വിമര്‍ശനവും ഇതായിരുന്നു എന്ന് ഇഖ്ബാല്‍ സിംഗ് സേവ്യ തന്റെ പുതിയ പുസ്തകത്തില്‍ ( The Political Philosophy of Iqbal) പറയുന്നുണ്ട്. The Refutation of the Materialists എന്ന പുസ്തകത്തിലാണ് അഫ്ഗാനി സയ്യിദിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
കൊളോണിയലിസത്തിന്റെ സൂക്ഷമമായ വശങ്ങളെ തിരിച്ചറിഞ്ഞു എന്നതാണ് അഫ്ഗാനിയുടെ പ്രസക്തി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വിജ്ഞാനവും കൊളോണിയലിസവും തമ്മിലുള്ള സൂക്ഷമമായ ബന്ധത്തെക്കുറിച്ച് തിരിച്ചറിവ് നല്‍കുന്ന പഠനങ്ങളാണ് മുഹമ്മദ് അബ്ദുവുമായി ചേര്‍ന്ന് ഫ്രാന്‍സില്‍ ആരംഭിച്ച Urwath-al-wutqa ( The firmest robe) എന്ന ജേര്‍ണലില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചത്. കൊളോണിയാലിറ്റിയുടെ ജ്ഞാനശാസ്ത്രപരമായ അധികാരത്തെ (epistemic power) തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് അഫ്ഗാനി ഇത്തിഹാദീ ഇസ്‌ലാം (Pan Islamism) എന്ന കണ്‍സപ്റ്റിനെക്കുറിച്ച് സംസാരിക്കുന്നത്. ആധുനിക ദേശരാഷ്ട്രം എന്ന ആശയം വെസ്റ്റ് എന്ന എപ്പിസ്റ്റെമിനെ എതിരിടാന്‍ പര്യാപ്തമല്ല എന്ന തിരിച്ചറിവാണ് ഇത്തിഹാദി ഇസ്‌ലാം എന്ന കണ്‍സപ്റ്റിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് പ്രേരണയായത്. പലപ്പോഴും മെത്തഡോളജിക്കല്‍ നാഷണലിസത്തിന്റെ ചട്ടക്കൂടിനകത്ത് നിന്ന് ചിന്തിക്കുമ്പോഴാണ് അഫ്ഗാനിയെ മോഡേണിസ്റ്റ് എന്നോ നാഷണലിസ്റ്റ് എന്നോ നമുക്ക് വിളിക്കേണ്ടി വരുന്നത്. കൊളോണിയല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹം ചെയ്ത യാത്രകളൊന്ന് പരിശോധിച്ച് നോക്കൂ. അഫ്ഗാനിലും ഇറാനിലും ഇന്ത്യയിലുമാണ് അദ്ദേഹം തന്റെ പഠനം പൂര്‍ത്തിയാക്കുന്നത്. പിന്നീടദ്ദേഹം ഈജിപ്തിലേക്കും ഇസ്തംബൂളിലേക്കും യാത്ര ചെയ്യുന്നുണ്ട്. എട്ട് വര്‍ഷത്തോളം അദ്ദേഹം ഈജിപ്തില്‍ താമസിക്കുകയും ചെയ്തു. പാരീസില്‍ വെച്ചാണ് അദ്ദേഹം ഉര്‍വത്തുല്‍ വുസ്‌കാ എന്ന മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്. തന്റെ അവസാന കാലത്ത് സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ സംരക്ഷണത്തില്‍ ഇസ്തംബൂളിലാണ് അദ്ദേഹം ജീവിച്ചത്. അവിടെ വെച്ച് സുല്‍ത്താനുമായി ചേര്‍ന്നാണ് ഇത്തിഹാദി ഇസ്‌ലാം എന്ന ആശയം അദ്ദേഹം വികസിപ്പിക്കുന്നത്. ഈയാവശ്യാര്‍ത്ഥം വിവിധങ്ങളായ മുസ്‌ലിം നാടുകളിലേക്ക് അദ്ദേഹം കത്തുകളയക്കുകയും ശിയാ-സുന്നീ ഐക്യത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്നുണ്ട്.
പലപ്പോഴും അഫ്ഗാനിയുടെ ചിന്തകളെ വിലയിരുത്തുന്നവര്‍ പറയുന്നത് അദ്ദേഹം ഒരേസമയം traditionist ഉം modernist ഉം ആയിരുന്നു എന്നതാണ്. മോഡേണിറ്റിയുടെ കുളത്തിനകത്ത് നിന്ന് കൊണ്ടാണ് അവര്‍ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. അംറ്ബ്‌നു മഅ്‌റൂഫ് എന്ന ഖുര്‍ആനിക സങ്കല്‍പ്പത്തെ വിശകലനം ചെയ്ത്‌കൊണ്ട് മൈക്കല്‍ കുക്ക് നടത്തിയ പഠനത്തില്‍ ആധുനികത സാധ്യമാക്കുന്ന ജ്ഞാനശാസ്ത്രപരമായ ഈ വയലന്‍സിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
കൊളോണിയാലിറ്റിയുടെയും ആധുനികതയുടെയും അധികാരഘടനകളെക്കുറിച്ച് അഫ്ഗാനി ബോധവാനായിരുന്നു. യൂറോപ്യന്‍ നവോത്ഥാനം കൊണ്ടുവന്ന ആധുനിക മനുഷ്യന്‍ ( Modern Subject) എന്ന ആശയം എങ്ങനെയാണ് മാനവികതയുടെ മോഡലായി മാറിയതെന്ന് അദ്ദേഹം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. യൂറോകേന്ദ്രീകൃതമായ വാദങ്ങള്‍ ജ്ഞാനശാസ്ത്രപരവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന ഒന്നാണ് എന്ന തിരിച്ചറിവിന് നാം അഫ്ഗാനിയുടെ ചിന്തകളോട് ഏറെ കടപ്പെട്ടിരിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തീര്‍ച്ചയായും ഡീകൊളോണിയല്‍ രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി വികസിക്കുന്ന വായനകളില്‍ അഫ്ഗാനിയുടെ രാഷ്ട്രീയ ചിന്തകളും ഉള്‍പ്പെടേണ്ടതുണ്ട്.
Connect
Connect with us on the following social media platforms.