സ്വാദിനുമപ്പുറം: സൂഫീ അടുക്കളയും ഭക്ഷണവും
നല്ല ഭക്ഷണപാനീയങ്ങള്‍ എന്നും മനുഷ്യനെ ആകര്‍ഷിച്ചിട്ടുണ്ട്. അത് നിഷേധിക്കാനുള്ള ശ്രമങ്ങളെ അവന്‍ എന്നും തൃണവല്‍ഗണിച്ചിട്ടേ ഉള്ളൂ. അത്തരമൊരു തൃണവല്‍ക്കരണത്തിന്റെ ഭാഗമായാണല്ലോ ഭൂമിയിലെക്ക് അവന്‍ എത്തിപ്പെട്ടതും. എന്നിരുന്നാലും സ്വര്‍ഗീയ അന്ന ഭോജനത്തിന്റെ സ്വാദ് അവന്റെ ഇന്ദ്രിയങ്ങളില്‍ വേരു പിടിച്ചതാണ്. ലോകത്തെ ഒരു രുചിക്കും മനുഷ്യന്റെ തൃപ്തി അടക്കാന്‍ കഴിയുന്നില്ല. അതു കൊണ്ട് തന്നെ മുന്‍ഗാമികള്‍ ചൊരിഞ്ഞ് തന്ന മുഴുവന്‍ കൈപുണ്യവും ചേര്‍ത്ത് ഉണ്ടാക്കുന്ന എല്ലാത്തിലും അനന്യമായ രുചി ചേര്‍ക്കാന്‍ അവന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. സ്വയം പ്രചോദിപ്പിച്ച് തന്റെ ക്രിയ ഏറ്റവും പൂര്‍ണമാക്കുന്നു. അങ്ങനെ പാചകവും ഉദാത്തമായ ഒരു ധ്യാനമാക്കാനാണ് അവന്റെ ശ്രമം. ധ്യാനവും സ്വാദും തമ്മിലുള്ള ഈ ബന്ധം തന്നെ ആയിരിക്കണം തങ്ങളുടെ സാഹിതീ രചനകളിലും പഠനങ്ങളിലും അന്നത്തെയും ഭോജനത്തേയും ആലങ്കാരിക പ്രയോഗങ്ങളായി ഉപയോഗിക്കാന്‍ സൂഫിമാരെ പ്രേരിപ്പിച്ചത്. ദൗഖ് (രുചി) എന്ന പദം ഉദാഹരണത്തിന്, ദൈവിക പ്രസാദവുമായുള്ള മനുഷ്യന്റെ നേരിട്ടുള്ള പാരസ്പര്യത്തെ കാണിക്കാനും ഷുര്‍ബ് (വെള്ളം കുടിക്കല്‍ ) ദൈവ ഭക്തിയുടെ രസത്തിന്റെ മാധുര്യം സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.
മനുഷ്യ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമായ രണ്ട് ഘടകങ്ങളാണ് ബുദ്ധിയും ഭക്ഷണവും. ഇതു രണ്ടും നിഷേധിക്കാന്‍ പാടില്ല. വിശക്കുന്നവനെ ഊട്ടുക എന്നത് വിശ്വാസിയുടെ ഒരു സവിശേഷ ലക്ഷണമാണ്. അനുയായികള്‍ക്കുള്ള നിര്‍ദേശമാണ്. ഇത് പ്രവാചന്റെയും അനുയായികളുടേയും അടിസ്ഥാന സ്വഭാവ വിശേഷണങ്ങളില്‍ പെട്ട ഒന്നാണ്. ഭക്ഷണവും വെള്ളവും നിഷേധിക്കുന്നത് വിജ്ഞാനം നിഷേധിക്കുന്നതിനു തുല്യവും ഇതു രണ്ടൂം ഒരു പോലെ കുറ്റകരവുമാണ്. നേരെ മറിച്ച് ഇതു രണ്ടൂം നല്‍കുക എന്നത് ഒരു ആരാധനയുമാണ്. ഇതായിരിക്കുമോ പേര്‍ഷ്യന്‍ ലങ്ങാറുകളിലും ഇന്‍ഡ്യന്‍ ഖാന്‍ഖാഹുകളിലും ആയിരങ്ങള്‍ക്കു അളവറ്റ ഭക്ഷണം വിതരണം ചെയ്യപ്പെടുന്നതിന്റെ കാരണം? ഭക്ഷണം വില്‍ക്കുന്നത് ദൈവനിന്ദയും കുരുതിയുമായി കാണുന്ന ഒരു കൂട്ടം ഉല്‍ക്കൃഷ്ഠടരായ വ്യക്തികളാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇത്തരത്തില്‍ ബന്ധുക്കള്‍ക്കും അതിലുപരി അപരിചിതര്‍ക്കും നീട്ടുന്ന സഹായത്തിന്റെ കൈകള്‍ ലോകമെങ്ങുമുള്ള വിശ്വാസികളുടെ ഒരു പൊതു സവിശേഷതയാണ്. വിശുദ്ധ മസ്ജിദ് നബവിയുടെ തിരുമുറ്റത്ത് , നല്ല ചൂടുള്ള ഒരു റമളാന്‍ ദിനം, ഒരു കൊച്ചു കുഞ്ഞിന്റെ പാത്രത്തിലുള്ള അല്‍പം ഭക്ഷണം ഞാനും പങ്കിട്ടു. അന്‍സാര്‍ വംശജനായ ആ കുഞ്ഞിന്റെ മുഖത്ത് അന്ന് കണ്ട പുഞ്ചിരിയും നന്ദിയും ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട്. മദീനയിലെ പുണ്യാത്മാക്കള്‍ !! അവരുടെ ആത്മാര്‍ത്ഥതയും ആതിഥ്യ മര്യാദയും ലോകമെങ്ങുമുള്ള ജനങ്ങള്‍ എന്നുമോര്‍ക്കുന്നു.
ഒമാനില്‍ വെച്ചുണ്ടായ മറ്റൊരു സംഭവം കൂടി ഞാന്‍ ഓര്‍ക്കുന്നു. എന്റെ ഒരു സ്‌നേഹിതന്‍ കൂട്ടുകാര്‍ക്കൊപ്പമുള്ള യാത്രാ മദ്ധ്യെ അവിടത്തെ ഒരു പലചരക്ക് കടയില്‍ കയറി. സുഹൃത്ത് നോമ്പുകാരനാണെന്ന് മനസ്സിലാക്കിയതോടെ അയാള്‍ ഈത്തപ്പഴം വില്‍ക്കാന്‍ തയ്യാറായില്ല. ഉടനെ മതില്‍ ചാടിക്കടന്ന് വീട്ടീലേക്കു പോവുകയും വിഭവസമൃതമായ ഭക്ഷണം മൂന്നു പാത്രം നിറയെ കൊണ്ട് വന്നു കൊടുക്കുകയും ചെയ്തു. നന്നായി സല്‍ക്കരിച്ച് വയറു നിറച്ച് ഭക്ഷണം കഴിപ്പിച്ച ശേഷം മാത്രമേ അയാള്‍ അവരെ പറഞ്ഞയച്ചുള്ളൂ.
തീര്‍ത്തും അപരിചിതരായ തങ്ങളോടുള്ള അയാളുടെ പെരുമാറ്റം കണ്ട് അവര്‍ അമ്പരന്നു പോയി. അവരുടെ ചിന്തക്കു ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു സംഭാവമായിരുന്നു അത്. പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതത്തില്‍ നിന്നുള്ള ഈ സംഭവം ഇസ്‌ലാം അനുപാലിച്ച് പോരുന്ന സിസ്സ്വാര്‍ഥ സേവന സംസ്‌കാരത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശും. ഒരിക്കല്‍ പ്രവാചകന്റെ വീട്ടില്‍ ഒരു ആടിനെ അറുത്തു വിതരണം ചെയ്തു. തിരിച്ചു വീട്ടിലെത്തിയ പ്രവാചകന്‍ പ്രിയ പത്‌നി ആയിശയോട് ചോദിച്ചു:’എന്തെങ്കിലും ബാക്കിയുണ്ടോ? ”ഇല്ല, അതിന്റെ തോളെല്ലാതെ ഒന്നും ബാക്കിയില്ല” അവര്‍ മറുപടി പറഞ്ഞപ്പോള്‍ പ്രവാചകന്‍ അരുളി, ”എന്നാല്‍ അതിന്റെ തോളെല്ലാത്ത എല്ലാം ബാക്കിയുണ്ട്”.
മരണത്തിന്റെ കഠിന വേദനയില്‍ പോലും തന്നിലേക്ക് നീട്ടിയ പാനപാത്രം വേദനയില്‍ പുളയുന്ന സഹോദരന്നു കൈമാറിയ ആ മഹനീയ സ്‌നേഹിതര്‍ക്കു ചരിത്രത്തില്‍ എവിടേയും തൂല്യരില്ല. ഇങ്ങനെ ചെയ്യുക വഴി ഇവരോരോരുത്തരും അല്‍ കൗസറിന്റെ സ്വര്‍ഗീയാനന്ദം തങ്ങള്‍ക്കു വേണ്ടി റിസര്‍വ് ചെയ്ത് വെക്കുകയാണ് ചെയ്തത്.
പാചകക്കാരോടുള്ള റൂമീ നിര്‍ദ്ദേശങ്ങള്‍ , നെവിന്‍ ഹാലിസിയുടെ സൂഫി അടുക്കള
ഷമീര്‍
കവിഞ്ഞുയരുക എന്ന പൊതു ഗുണമുള്ളവയാണ് ഭക്ഷണവും ആദ്ധ്യാത്മ പഠനവും. ഉത്ഭവ സ്ഥാനവും കവിഞ്ഞവ ഒഴുകുന്നു.’കുടിയേറിപ്പാര്‍ക്കുന്നതാണ് ഭക്ഷണം, അതു പോലെ തന്നെയാണ് ആദ്ധ്യാത്മ പഠനവും.” എന്നൊരു ചൊല്ലുണ്ട്. ‘തുര്‍ക്കിയിലെ പ്രശസ്തമായ അടുക്കളയിലെ ചേരുവകള്‍ മുഴുവന്‍ മറ്റു രാജ്യങ്ങളില്‍ നിന്നു പറന്നു വന്നതാണു” എന്നുമൊരു ചൊല്ലുണ്ട്. ഈ തുര്‍ക്കിയില്‍ നിന്നു തന്നെയാണു ജലാലുദ്ദീന്‍ റൂമിയുടെ മെവ്‌ലാനാ പാരമ്പര്യവും വിരിഞ്ഞു വികസിച്ചത്. സുല്‍ത്താന്‍ അലാ ഉദ്ദീന്‍ കയ്ബാദ് ബിന്‍ കൈകാ ഉസ് ന്റെ ക്ഷണപ്രകാരം റൂമി വന്നു താമസിച്ച തുര്‍ക്കിയിലെ കൊന്യ എന്ന പ്രദേശമാണു പിന്നീട് അദ്ദേഹത്തിന്റെ അദ്ധ്യാത്മ ദര്‍ശനങ്ങളുടേയും മിസ്റ്റിക് സാഹിത്യത്തിന്റേയും കേന്ദ്രമായി മാറിയത്. നെവിന്‍ ഹാലിസിയുടെ അതി വിശിഷ്ടമായ പുസ്തകം ജന്മമെടുക്കാന്‍ കാരണം ഈ പ്രദേശമഓണെന്ന വിശേഷണം കൊന്യക്കു ഒരിക്കലും അധികമാവില്ല. പുസ്തകത്തിന്റെ മുഖവുരയില്‍ ക്ലോഡിയ റോടന്റെ കോറിയിട്ട വാക്കുകളിലൂടെ പുസ്തകത്തിന്റെ അന്ത:സത്ത മനസ്സിലാക്കാം: ‘പല തലങ്ങള്‍ ഈ പുസ്തകത്തിനുണ്ട്. ഇതൊരു സാംസ്‌കാരിക ചരിത്രവും, ഒരു കവിതാ സമാഹാരവുമാണ്. ഇതില്‍ പാചക സംബന്ധമായ സ്മരണകളുണ്ട്. പാചക വിധികളുടെ ഒരു കൂട്ടാണിത്. മാനവകുലത്തെ സ്‌നേഹത്തിലും ബഹുമാനത്തിലും സാഹോദര്യത്തിലും ഒരുമിപ്പിക്കാനുതകുന്ന അത്യാനന്ദ പ്രണയ കവിതകളിലൂടെ റൂമി അവതരിപ്പിച്ച ദര്‍ശനങ്ങളിലേക്കും ആത്മീയ ജ്ഞാനങ്ങളിലേക്കും ഉള്ള ഒരു ഉള്‍കാഴ്ചയും ഈ പുസ്തകം നല്‍കുന്നുണ്ട്.” (പേജ് 15) പാചകം ആത്മീയ പരിശീലനത്തിന്റെ ആദ്യ പടിയാണ്. അത് ക്ഷമയുടേയും പിടിച്ചു നില്‍ക്കുന്നതിന്റേയും അനുപാതത്തിന്റേയും മറ്റും ആദ്യ പാഠങ്ങള്‍ പഠിപ്പിക്കുന്നു.
റൂമിയുടെ വരികള്‍ വായിക്കുക:
‘മിണ്ടാതിരിക്കുക, പൊള്ളു പറയരുത്, കുട്ടകത്തിന്റെ മൂടി ഉയര്‍ത്തരുത്, പതുക്കെ തിളക്കട്ടെ, നീ ക്ഷമ പാലിക്കുക, കാരണം ഞാന്‍ നിന്നെയാണു വേവിക്കുന്നത്”
‘നിനക്കു വേണ്ടി വേവുന്ന ഒരു കുട്ടകം ഹൃദയത്തിനുണ്ട്. അത് വേവുന്നതു വരെ ക്ഷമയോടെ കാത്തിരിക്കൂ” ‘മധുര ദ്രവ്യം പോലെ നീ ഈ ലോകത്തിന്റെ പാചക പാത്രത്തില്‍ നിന്നും അകന്നു പോയിരിക്കുന്നു, കാരണം നിന്നെയിപ്പോള്‍ വേവിക്കുന്നത് ആ ലോകത്തിന്റെ തീന്മേശക്കു വേണ്ടിയാണ്.” അതു കൊണ്ട് തന്നെ വിദഗ്ധര്‍ക്ക് അടുക്കളയില്‍ പെരുമാറാന്‍ നിബന്ധനകളും നിയമങ്ങളും ക്രമവുമുണ്ട്. മേവ്‌ലാവി അടുക്കളയിലും ഇത്തരമൊരു ക്രമപ്പെടുത്തല്‍ കാണാം. പാചക തത്വശാസ്ര്തങ്ങള്‍ക്കു പുറമെ അഹ്മദ് ഇഫയുടെ ലഘു ചിത്രങ്ങളടങ്ങിയ സൂഫി പാചക വിധികളാണു ഈ പുസ്തകം മുഴുവന്‍ . ആട്ടിന്‍ കഴുത്ത്, കബാബ്, ഹല്‍വ്വ, തുര്‍ക്കീ വിഭവങ്ങളുടെ വിവിധ രൂപഭേദങ്ങള്‍ എല്ലാം തന്നെ ഈ പാചക വിധികളിലുള്‍പ്പെടുന്നു. കൊതി മൂത്ത് വെള്ളം നിറഞ്ഞ വായയോടൊപ്പം ദൈവകടാക്ഷത്താല്‍ പ്രകംബനം കൊള്ളുന്ന ഒരു ഹൃദയത്തോടു കൂടിയാണു നമ്മളീ പുസ്തകം വായിക്കുക.
‘പാചകം ചെയ്യുക , ദൈവത്തെ അറിയുക’ പാചകര്‍ക്കുള്ള റൗഫിന്റെ ലഘു ലേഖ
1911 ല്‍ ഇസ്താംബൂളിലാണു റൗഫ് ജനിച്ചത്. സ്പാനിഷ് സൂഫിയായ ഇബ്‌നു അറബിയുടെ അദ്ധ്യയനങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട അദ്ധേഹം സൂഫിമാര്‍ഗത്തിലേക്ക് പ്രവേശിച്ചു. Beshara School of Intensive Esrotic Education എന്ന സ്ഥാപനത്തിനു അദ്ദേഹമാണ് തുടക്കം കുറിച്ചത്. ഫുസൂസുല്‍ ഹിക്കം അടക്കമുള്ള ഇബ്‌നു അറബിയുടെ ഒട്ടേറെ പുസ്തകങ്ങള്‍ അദ്ദേഹം ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തിട്ടുണ്ട്. റൗഫിന്റെ മൗലിക സൂഫീ പ്രബോധനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നു പാചക കലയെ സംബന്ധിച്ചുള്ളതാണു. സ്‌കോട്ടിഷ് അതിര്‍ത്തിയിലുള്ള കിഷോം ഹൗസിന്റെ അടുക്കള അദ്ധേഹം സ്വയം തന്നെ സംവിധാനിച്ചതാണ്. (ഇവിടെയാണ് അദ്ദേഹം മരണപ്പെടുന്നത്.) കിഷോം ഹൗസിന്റെ അടുക്കളയില്‍ പാചകക്കാര്‍ക്കുള്ള റൗഫിന്റെ ചിന്തനീയമായ ലഘു ലേഖ നമുക്കു കാണാം. അറിയുക പാചകം ഒരു കലയാണ്. സേവനത്തിന്റെ ഒരു ബൃഹത്തായ മാര്‍ഗമാണത്, മനുഷ്യരോടുള്ള സേവനവും നിങ്ങള്‍ തയ്യാറാക്കുന്ന ഭക്ഷണത്തോടുള്ള സേവനവും. മനുഷ്യനു എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു മേഖലയുമില്ല. ലോകത്തിലെ മറ്റെല്ലാ ജീവ രൂപങ്ങളും മനുഷ്യനിലൂടെയാണ് ഉന്നതപദവിയിലെത്തുന്നത്. ചില ധാതുക്കളുടേയും പച്ചക്കറികളുടേയും മൃഗങ്ങളുടെയും നല്ല രീതിയിലുള്ള സംസ്‌കരണം വേവിക്കുന്നത്തിലൂടെ മാത്രമേ സാധ്യമാകൂ. ചേരുവകളെ അവയുടെ ഏറ്റവും മികച്ച രൂപത്തിലല്ലാതെ ഉപയോഗിക്കുന്നവര്‍ ജീവന്റെ മൂല്യത്തേയും അഭിജ്ഞതയേയും സേവന മൂല്യത്തേയും വിലകുറച്ച് കാണുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പാചകമെന്നത് ചേരുവകളുടെ മിശ്രണം എന്നതിലുപരി കലാമൂല്യങ്ങളുടേയും അനുരൂപമായ കൂട്ടിച്ചേര്‍ക്കലാണ്. ഈ കൂടിച്ചേര്‍ക്കലിനും ചേരുവകള്‍ക്കും ഏറ്റവും നല്ല പ്രകടന സാധ്യത നല്ല പാചകം നല്‍കുന്നു. ദൈവ കല്‍പനയുടെ ഔദാര്യവും കൃപയും ഉള്‍ക്കൊണ്ടും ബഹുമാനത്തോടും പരിഗണനയോടും കൂടി വേണം പാചക കലയെ ഏറ്റെടുക്കാന്‍ . സൗന്ദര്യബോധമില്ലാതെ ദൈവിക വെളിപാടിന് ഒരു തരത്തിലും ഉള്ള പ്രകടന സാധുതയില്ല. ചേരുവകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്നെ രുചിയുടെ (ദൗഖ്) അല്‍പ സൗന്ദര്യമാണ്. ദൈവ കല്‍പന പ്രകാരം മനുഷ്യന്‍ സ്പര്‍ശിക്കുന്ന എല്ലാ വസ്തുക്കളിലും രുചിയുണ്ടായിരുന്നുവെങ്കില്‍ , പാചകത്തിന്റെ ആവശ്യമേ ഉണ്ടാകുമായിരുന്നില്ല. സ്ഥിതി അപ്രകാരമല്ലാത്തതു കൊണ്ട് പച്ചക്കറികളുടേയെല്ലാം മൂല്യം കിടക്കുന്നത് അവയെ പച്ചയായി ഭക്ഷിക്കുമ്പോഴാണെന്ന് ധരിക്കുക അബദ്ധമാണ്. അതിനാല്‍ തന്നെ ചില പച്ചക്കറികളും പഴങ്ങളും നന്നായി വേവിച്ചതിനു ശേഷം മാത്രമേ കഴിക്കാവൂ. മനുഷ്യന്റെ വയറ് പശുക്കളുടേതു പോലെയോ പക്ഷികളുടേതു പോലെയോ അല്ല. അതു കൊണ്ടു തന്നെ മനുഷ്യന്‍ പശുക്കളേയോ പക്ഷികളേയോ അനുകരിക്കണമെന്നത് തെറ്റായ ഒരു വസ്തുതയാണ്. അതു കൊണ്ടു തന്നെ കൂടുതലോ കുറവോ വരാതെ ഉള്‍കാഴ്ചയോടും പൂര്‍ണ അറിവോടും കൂടി കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വമാണ് പാചകം. ഈ അടുക്കളയില്‍ സേവനം ചെയ്യാനുദ്ധേശിക്കുന്നവര്‍ക്ക് മരണം വരെ റൂമിയുടേ പാചകക്കാരനായിരുന്ന തപസ്വി ഷംസുദ്ദീന്‍ അതേഷ്ബാസ് വാലിയുടെ മനക്കരുത്തുണ്ടാവട്ടെ.
Translator: ഷമീര്‍ ഗസാലി (shameergazali@gmail.com)
Connect
Connect with us on the following social media platforms.