banner ad
July 13, 2015 By ഷമീര്‍.കെ.എസ് 0 Comments

ഇസ്‌ലാമും മൂന്നാം ലിംഗവും

alg_transgender_protest-1022x576

കൊളംബിയ സര്‍വകലാശാലയില്‍, അറബ് രാഷ്ട്രീയത്തിലും ധൈഷണിക ചരിത്രത്തിലും പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ജോസഫ് മസാദ് (1963) ഇന്ന് ജീവിച്ചിരിക്കുന്ന പ്രഥമഗണനീയനായ ഉത്തരകൊളോണിയല്‍ സൈദ്ധാന്തികനും രാഷ്ട്രമീമാംസാവിദഗ്ധനുമാണ്. ജോര്‍ദാന്‍കാരനായ മസാദിന്റെ അന്വേഷണ മേഖലകള്‍ വിഭിന്നമാണ്. എന്നാല്‍ ഇസ്രയേലിന്റെ അധിനിവേശ രാഷ്ട്രീയവും ഫലസ്തീന്റെ പ്രതിനിധാനങ്ങളും തന്റെ അധ്യാപകനായിരുന്ന എഡ്വേര്‍ഡ് സൈദിന്റേതു പോലെ മസാദിന്റെയും പ്രിയപ്പെട്ട വിശകലന വിഷയമാണ്. മറ്റൊന്ന്, പാശ്ചാത്യ ലിബറല്‍ ചിന്തയില്‍ ഇസ്‌ലാമിന്റെ അപരത്വവും ഇസ്‌ലാമിനെ ഒരു episteme ആയി സ്വീകരിക്കുന്നതിലെ വംശീയവുംഅധിനിവേശപരവുമായ അക്കാദമിക ആഭിമുഖ്യങ്ങളുമാണ്. ആ അര്‍ഥത്തില്‍ അദ്ദേഹത്തിന്റെ അന്വേഷണം ചെന്നെത്തിയ ഒരു മേഖലയാണ് ഭിന്ന ലൈംഗികതയെക്കുറിച്ചുള്ള സമകാലിക സംവാദങ്ങള്‍.

2007ല്‍ ജോസഫ് മസാദിന്റെ Desiring Arabs എന്ന പുസ്തകം പുറത്തിറങ്ങുകയുണ്ടായി. ഇതിലെ ‘Desiring’ എന്ന വാക്ക് ബോധപൂര്‍വ്വം ദ്വയാര്‍ഥമുള്ളതാണ് എന്ന് കാണാം. ഒന്നാമതായി ഒരു ക്രിയാനാമമായി (gerund) ഉപയോഗിക്കുമ്പോള്‍ അറബികളെക്കുറിച്ചുള്ള കാമനകളും അഭിലാഷങ്ങളും അഖ്യാനമായി വികസിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പുറത്ത് വരുന്നു. അറബികളെ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. അഥവാ യൂറോപ്പിന്റെ ഭീതിയും ആശങ്കകളും അറബികളെക്കുറിച്ചുള്ള അവരുടെ ആഗ്രഹമായി പുറത്ത് വരുത്തുന്നു. എന്താണ് ഈ ആഗ്രഹം. അതാണ് Desiring എന്ന വാക്കിന്റെ രണ്ടാമത്തെ അര്‍ഥം. വര്‍ത്തമാനകാല അംഗക്രിയ Present Participle ആയി വരുമ്പോള്‍ ഈ വാക്ക് നാമവിശേഷണമാവുന്നു(adjective). അപ്പോള്‍ ‘ആഗ്രഹിക്കുന്ന അറബികള്‍’ എന്നൊരു സാരവും കൈവരുന്നു. അഥവാ ലൈംഗിക തൃഷ്ണയിലും ആഗ്രഹത്തിലും കെട്ടിമറിയുന്ന അറബികളെക്കുറിച്ചൊരു ചിത്രം കൈവരുന്നു.

കാമാര്‍ത്തി നിറഞ്ഞ അറബ്-ഇസ്‌ലാം ലോകത്തെക്കുറിച്ചുള്ള യൂറോപ്യന്‍ സങ്കല്‍പം തന്നെയാണ് പ്രസ്തുത ലോകത്തെക്കുറിച്ചുള്ള നേര്‍വിരുദ്ധമായ ഒരു ചിത്രവും മുന്നോട്ട് വെക്കുന്നത് എന്നാണ് മസാദിന്റെ പക്ഷം. അതായത് റിച്ചാര്‍ഡ് ബര്‍ട്ടന്റെ ആയിരത്തൊന്ന് രാവുകളിലും യൂറോ-അറബ് സാഹിത്യകാരന്മാരുടെ സൃഷ്ടികളിലും കാണുന്ന ലൈംഗിക ജ്വരം ബാധിച്ച അറബ് ചിത്രമല്ല, അഥവാ ആഗ്രഹിക്കുന്ന അറബിയെക്കുറിച്ചുള്ള ചിത്രമല്ല ലൈംഗികതയെക്കുറിച്ചുള്ള നവീന സംവാദങ്ങള്‍ നടക്കുന്ന ആധുനിക-ഉത്തരാധുനിക പരിസരത്ത് നിലനില്‍ക്കുന്നത്. അവിടെ ഭിന്നലൈംഗികതയെ സ്വാഗതം ചെയ്യുന്ന യൂറോപ്പ് വികസിപ്പിച്ചെടുത്ത സാര്‍വ്വത്രികവത്കരിക്കപ്പെട്ട (universalised) ഭാഷക്ക് വെളിയില്‍, സ്വവര്‍ഗ ലൈംഗികതയില്‍ ഭീതിതമായ (Homophobic) അറബ്-ഇസ്‌ലാമിക ലോകത്തെക്കുറിച്ചുള്ള യൂറോപ്പിന്റെ അഭിലാഷങ്ങള്‍ അറിവായി പുനരുത്പാദിപ്പിക്കപ്പെടുന്നു. Desiring Arabs സിലെ മസാദിന്റെ നിഗമനങ്ങള്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗ്രന്ഥമായ Islam in Liberalism ത്തില്‍ ചുരുക്കി വിവരിച്ചിട്ടുണ്ട്. അതിന് പരിഭാഷ ആവശ്യമുണ്ട്.
പുസ്തകത്തിലെ (Desiring Arabs) എന്റെ പ്രധാനപ്പെട്ട വാദഗതികള്‍ ഇവയാണ്.

1.ലൈംഗികത ചരിത്രപരമായും സാംസ്‌കാരികമായും ‘സവിശേഷമാക്കപ്പെട്ട ‘ജ്ഞാനശാസ്ത്രപരവും അസ്തിത്വവാദപരവുമായ കാറ്റഗറിയാണ്. അത് ‘പ്രാപഞ്ചികമല്ല’. പ്രാപഞ്ചികവത്കരിക്കപ്പെടേണ്ട ആവശ്യകതയും അതിനില്ല. ലൈംഗികതയുടെ നിഷ്പത്തികളായ സ്വവര്‍ഗലൈംഗികത, എതിര്‍ വര്‍ഗ ലൈംഗികത (Heterosexualtiy), ഉഭയലൈംഗികത എന്നിവയും സവിശേഷമാണ്. പ്രാപഞ്ചികമല്ല (ഓരോ സംസ്‌കാരത്തിലും സവിശേഷമായ പ്രകാശനവും, സമീപനവും ലൈംഗികതക്കും ലൈംഗികതയോടും ഉണ്ടാവും; എല്ലായിടത്തും ഒരു പോലുള്ള പ്രകാശനമല്ല ഉണ്ടാവുക: വിവ). മുകളില്‍ പറഞ്ഞ ലൈംഗികതയുടെ നിഷ്പത്തികള്‍ ആരോഗ്യശാസ്ത്രപരവും നിയമപരവും സാമൂഹികവുമായ വിഭാഗങ്ങളായി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും രൂപീകൃതമായത് പാശ്ചാത്യ യൂറോപ്പിന്റെയും അമേരിക്കന്‍ ഐക്യനാടുകളുടെയും സവിശേഷതയാണ്. എതിര്‍വര്‍ഗാഭിമുഖ്യം (Heterocetnrism), എതിര്‍വര്‍ഗലൈംഗികവാദം (Heterosexism), സ്വവര്‍ഗ ഭീതി (Homophobia) എന്നിവ പാശ്ചാത്യ അസ്തിത്വത്തിന്റെ തലത്തില്‍ സാമൂഹികവും സാംസ്‌കാരികവുമായി സവിശേഷമാര്‍ന്ന രൂപങ്ങളായി വികസിച്ചു.
2.അമേരിക്കന്‍ ഗേ പ്രസ്ഥാനം അമേരിക്കയുടെ സാംസ്‌കാരികവും സാമൂഹികവുമായ ചരിത്രത്തിന്റെ ‘ സവിശേഷ’ ഘടകമായി വികസിച്ച സാമ്പ്രദായിക രീതിയായി ‘ നേര്‍ലൈംഗികത’യെ വികസിപ്പിച്ചു. (നേര്‍ലൈംഗികത ഒരു പ്യൂരിട്ടന്‍ ഘടകമായി ഗേ പ്രസ്ഥാനത്തിന്റെ നിഘണ്ടുവില്‍ സ്ഥാനം പിടിച്ചത് അമേരിക്കന്‍ അനുഭവത്തിന്റെ ഭാഗമായിട്ടാണ്). ഇത് ബ്രിട്ടനിലേക്കും ഇംഗ്ലീഷ് സംസാരിക്കാത്ത നാടുകളിലേക്കും കയറ്റി അയക്കപ്പെട്ടു. അതിന്റെ വക്താക്കള്‍ അത് പ്രാപഞ്ചികമാണെന്ന് വാദിക്കുകയും അത് പ്രാപഞ്ചികവത്കരിക്കുകയും ചെയ്തു. മറിച്ച് എല്ലാ ഭാഷകളിലും സംസ്‌കാരങ്ങളിലും അതിന് ‘സവിശേഷമായ’ ഇംഗ്ലീഷ് നാമങ്ങള്‍ ഉണ്ടായി.

3.സാംസ്‌കാരികമായും ചരിത്രപരമായും സവിശേഷമായ ഈ കാറ്റഗറികള്‍ പ്രാപഞ്ചികമാക്കപ്പെടണമെന്നും യൂറോ-അമേരിക്കന്‍ കീഴ്‌വഴക്കത്തിലേക്ക് ഉള്‍ച്ചേര്‍ക്കണമെന്നുമുള്ള പണ്ഡിതന്മാരുടെയും ആക്റ്റിവിസ്റ്റുകളുടെയും സാമ്രാജ്യത്വപരമായ ശാഠ്യം ഉണ്ടായി. എങ്കില്‍ മാത്രമേ നാഗരികനും ആധുനികനും ആകൂ എന്നും പാശ്ചാത്യ സഹിഷ്ണുതക്കും അംഗീകാരത്തിനും യോഗ്യത കൈവരൂ എന്നും വന്നു.
4. പരിഭാഷയിലൂടെ, ഈ അധിനിവേശപരമായ പ്രവര്‍ത്തനങ്ങള്‍ നേര്‍എതിര്‍ ദ്വന്ദ്വം (hetrosexual binary) സ്ഥാപിക്കുകയും ലോകത്തെ നേര്‍ ലൈംഗിക വത്കരിക്കുകയും ചെയ്തു.
5. ഫൂക്കോ ‘അടിച്ചമര്‍ത്തല്‍ സിദ്ധാന്തം’ എന്ന് വിളിച്ച ഒരു പ്രത്യേക സമീപനം പണ്ഡിതന്മാര്‍ക്കിടയിലും ആക്ടിവിസ്റ്റുകള്‍ക്കിടയിലും വളര്‍ന്നു വന്നു. ഇതനുസരിച്ച് യൂറോപിന്റെയും, യൂറോഅമേരിക്കയുടെയും വെളിയില്‍, വിശിഷ്യാ മുസ്‌ലിംകള്‍ക്കിടയില്‍, ലൈംഗികത ‘അടിച്ചമര്‍ത്തപ്പെട്ടതും, ജയിലിലടക്കപ്പെട്ടതും, നിയന്ത്രിക്കപ്പെട്ടതും’ ആണെന്ന വിധത്തില്‍ കാഴ്ചപ്പാടുണ്ടായി. തങ്ങളുടെ ‘ഇടപെടല്‍ കൊണ്ട്’ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയെ സ്വതന്ത്രമാക്കണമെന്നും, മുസ്‌ലിംകളെ ലൈംഗികത അമര്‍ച്ച ചെയ്യുന്നവരില്‍ നിന്ന് രക്ഷിക്കാമെന്നുമുള്ള വാദഗതികള്‍ ഉണ്ടായി. (Islam in Liberalism)
ലൈംഗിക ന്യൂനപക്ഷം (Sexual minorities) എന്ന് പൊതുവേ വ്യവഹരിക്കപ്പെടുന്ന വിഭാഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലും, വിശിഷ്യാ ദ്വിലിംഗ സാധ്യതയെ അതിജയിച്ച വിഭാഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലും (Transgender) പാശ്ചാത്യ ലിബറല്‍കൊളോണിയല്‍ വ്യവഹാരങ്ങള്‍ മുഴച്ച് നില്‍ക്കുന്നുണ്ട്. പൗരസ്ത്യ ലോകത്തിന്റെ, വിശിഷ്യാ ഇസ്‌ലാമിന്റെ അടിച്ചമര്‍ത്തലിന് വിധേയരായ പുരോഗമനാഭിമുഖ്യമുള്ള സ്വതന്ത്ര വ്യക്തിത്വങ്ങളുടെ വിമോചനമാണ് കുറഞ്ഞപക്ഷം പോളിസിയിലെങ്കിലും എല്‍.ജി.ബി.റ്റി ഗ്രൂപ്പുകളും, queer സൈദ്ധാന്തികരും ലക്ഷ്യമിടുന്നത്. ഫെമിനിസ്റ്റ് വായനകളുടെയും പ്രക്ഷോഭങ്ങളുടെയും പരിസരത്ത് എലാലി പോലുള്ള സംഘടനകള്‍ ചെയ്യുന്നത് പോലെ, സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും രൂപരേഖകളും നിബന്ധനകളും രീതിശാസ്ത്രങ്ങളും നിയന്ത്രിക്കുന്നത് എല്‍.ജി.ബി.റ്റി ഗ്രൂപ്പുകളും queer സൈദ്ധാന്തികരുമാണ്. അമേരിക്കയുടെ നേതൃത്വത്തില്‍ ഇന്ന് തുടര്‍ന്നു വരുന്ന മുതലാളിത്ത ലോകക്രമത്തിന്റെ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ നിശബ്ദത പാലിക്കുന്നു എന്ന് മാത്രമല്ല, പലപ്പോഴും അത്തരമൊരു അട്ടിമറിയെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടുന്നവരെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ക്കെതിരെയുള്ള പോരാട്ടമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.

ലൈംഗിക ന്യൂനപക്ഷങ്ങളെ പൊതുവെ അനുതാപത്തോടെ വിവക്ഷിക്കുന്ന സിയാവുദ്ദീന്‍ സര്‍ദാറിന്റെ വായനകളിലും യൂറോപ്യന്‍ queer group കളുടെ ലൈംഗിക പ്രോക്തമായ ചേഷ്ടകളെയും (mannerism) പ്രവര്‍ത്തനരീതികളെയും കുറിച്ചുള്ള വിമര്‍ശനം കടന്നുവരുന്നുണ്ട്. Reading Quran എന്ന പുസ്തകത്തിലെ Homosexualtiy എന്ന അദ്ധ്യായത്തില്‍ സിയാ എഴുതുന്നു: ‘ സമകാലിക സ്വവര്‍ഗ ലൈംഗിക വിഭാഗങ്ങള്‍ (gaylesiban) നോട്ടത്തിലും വേഷത്തിലും സംഗീതത്തിലും ലൂത്തിന്റെ ജനങ്ങളുടെ അതിര് കടക്കലിനെ ധ്വനിപ്പിക്കുന്നുണ്ട്. ലൈംഗികതയെക്കുറിച്ച് മാത്രം ചിന്തിക്കുകയും (obsessed) ശരീരത്തിന്റെ ലൈംഗികമായ തുറന്ന് കാട്ടലിന്റെ കമ്പോള സാധ്യതയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഫെറ്റിഷിസവും ഉപഭോഗ സംസ്‌കാരത്തില്‍ അധിഷ്ഠിതമായ (സെക്‌സ് ടോയ്‌ഷോപ്പുകള്‍) ജീവിത ശൈലിയും അധിനിവേശ കേന്ദ്രീകൃതമായ ഒരു ലോകക്രമത്തിന്റെ സംസ്‌കാരിക മൂലധനമായി ടെറി ഈഗിള്‍ട്ടണ്‍ വായിക്കുന്നുണ്ട്. അതു കൊണ്ട് മൂന്നാം ലൈംഗിക വിഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ യൂറോ കേന്ദ്രീകൃതമായ സാംസ്‌കാരിക മൂലധനത്തിന്റെ ഇടപെടലില്‍ നിന്ന് സ്വതന്ത്രമായ ഒരു വായന എങ്ങിനെ വികസിപ്പിക്കാം എന്നതാണ് വെല്ലുവിളി.

ഇസ്‌ലാമും ഭിന്നലൈംഗികതയും എന്ന വിഷയത്തില്‍ ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്ന എഴുത്തുകാരനാണ് സ്‌കോട്ട് സിറാജുല്‍ ഹഖ് കൂഗ്ല്!. ഇസ്‌ലാമിക പാരമ്പര്യം, ഭിന്നലൈംഗികത എന്നിവ തമ്മിലുള്ള ബന്ധത്തെ അക്കാദിമകമായി അപഗ്രഥിക്കുകയാണ് കൂഗ്ല്! ചെയ്യുന്നത്. ഭിന്നലൈംഗികത, ഇസ്‌ലാം എന്ന വിഷയത്തിലെ പാഠ്യപരവും പാഠ്യേതരവുമായ പാരമ്പര്യങ്ങളെ അന്വേഷിക്കുന്നയാള്‍ എന്ന നിലക്ക് ‘പ്രോഗ്രസീവ് മുസ്‌ലിംകള്‍’ എന്ന് പണ്ട് വിളിക്കപ്പെട്ടിരുന്ന, ഇപ്പോള്‍ നിലവിലില്ലാത്ത തത്വചിന്താ ആക്ടിവിസ്റ്റ് ഗ്രൂപ്പിനിടയില്‍ കൂഗിളിന്റെ സാന്നിധ്യവും സ്വാധീനവും വലുതായിരുന്നു.

എന്നാല്‍ ഇസ്‌ലാം, ഭിന്നലൈംഗികത എന്ന വിഷയത്തിലെ കൂഗിളിന്റെ എഴുത്തുകള്‍ മേല്‍ പറഞ്ഞതു പോലെ യൂറോകേന്ദ്രീകൃതമായ, വിഭാഗങ്ങളുടെ അയുക്തമായ സമ്മിശ്രണത്തില്‍ വരുന്നതാണ് (Conflation). ഒന്നാമതായി, ഫൂക്കോ History of Sexulaltiy-യില്‍ വിശദീകരിക്കുന്നത് പോലെ, യൂറോപ്പിന്റെ സവിശേഷമായ അനുഭവത്തിലുള്ള ഭിന്നലൈംഗികതാഭീതി (Homophobia)യും വിക്ടോറിയന്‍ പ്യൂരിറ്റാനിസവും അതേ അളവില്‍ ഒരു പ്രാപഞ്ചിക പ്രശ്‌നമായി ഇസ്‌ലാമികലോകത്ത് ആരോപിക്കുകയും, അതിന് വ്യാഖ്യാന ശാസ്ത്രപരമായ (Hermanitical) പരിഹാരം നിര്‍ദ്ദേശിക്കുകയുമാണ് കൂഗ്ല് ചെയ്യുന്നത്. ഇസ്‌ലാമിക പാരമ്പര്യം ഭിന്ന ലൈംഗികതയെ സ്വാഗതം ചെയ്തു എന്നര്‍ഥത്തിലല്ല പറയുന്നത്. പക്ഷേ, വിവിധയിനം മര്‍ദ്ദനോപാധികളിലൂടെ ലൈംഗികതയെ അധികാരനിയന്ത്രണത്തിന് വിധേയമാക്കിയ വിക്ടോറിയന്‍ മൂല്യത്തെ ഇസ്‌ലാമിക പാരമ്പര്യത്തിനുമേല്‍ വെച്ച്‌കെട്ടുന്ന നവഓറിയന്റലിസ്റ്റ് ടോപ്പില്‍ അറിയാതെ കൂഗല്‍നെപ്പോലുള്ളവര്‍ വീണു പോകുന്നുണ്ട്. യൂറോപ്പില്‍ മതദ്രോഹ വിചാരണയാണ് ഇസ്‌ലാമിലെ ‘മിന്‍ഹ’ എന്നു പറയുന്നതിലെ ലളിതവത്കരണമാണ് ഹോമോഫോബിയയുടെ കാര്യത്തിലും സംഭവിക്കുന്നത്.

ജേന്‍ ഹതവയുടെ ശ്രദ്ധേയമായ പുസ്തകമാണ് ഒട്ടോമന്‍ കൊട്ടാരത്തിലെ മുഖ്യ ഖുന്‍സ ആയിരുന്ന ബഷീര്‍ ആഗായുടെ ജീവചരിത്രം (Basheer Agha: Cheif Ennhc of Ottoman court, Jane Hathaway, Viva Publishers) യോദ്ധാക്കളും കൊട്ടാരം തന്ത്രജ്ഞരുമായ ഖുന്‍സമാരുടെ ജീവചരിത്രങ്ങള്‍ വിവിധങ്ങളായ മുസ്‌ലിം സാമ്രാജ്യത്തെക്കുറിച്ചുള്ള ചരിത്ര രേഖകളില്‍ ലഭ്യമാണ്. ഇവരില്‍ നിന്ന് ബഷീര്‍ ആഗാ വ്യത്യസ്തനാകുന്നത്, ഒട്ടോമന്‍ കൊട്ടാരത്തിലെ ലൈബ്രറി സൂക്ഷിപ്പുകാരന്‍ എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകളാലാണ്. അപൂര്‍വ്വമായ കയ്യെഴുത്ത് പ്രതികളും, ആര്‍ക്കൈവുകളും സംഭരിച്ച് സൂക്ഷിക്കുകയും ലൈബ്രറിയെ മികവുറ്റതാക്കുകയും ചെയ്തയാള്‍ എന്ന നിലക്ക് ഒട്ടോമന്‍ ചരിത്രത്തില്‍ തന്നെ ബഷീര്‍ ആഗാ തലയുയര്‍ത്തി നില്‍ക്കുന്നു. അദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ് വിവിധങ്ങളായ ഫിഖ്ഹ് മദ്ഹബുകളിലെ ഫത്‌വകളും മസ്അലകളും ക്രോഡീകരിക്കുകയും സൂക്ഷിക്കുകയും ചെയ്തു എന്നത്. ആ കാലഘട്ടത്തിലെ പ്രമുഖനായ കര്‍മശാസ്ത്ര പണ്ഡിതനും പ്രശ്‌ന നിര്‍ദ്ധാരകനുമായിരുന്നു ബഷീര്‍ ആഗാ.
എന്നാല്‍ ജേന്‍ ഹതവയുടെ ആഖ്യാനത്തില്‍ വരുന്ന ‘ ഓറിയന്റലിസ്റ്റ്’ ആയ ചില പരാമര്‍ശനങ്ങളുണ്ട്. അതവരുടെ സ്രോതസ്സിന്റെ പ്രശ്‌നം തന്നെയാണ്. അതെക്കുറിച്ചവര്‍ ബോധവതിയുമാണ്. എന്നാല്‍ മറ്റൊരു സ്രോതസിന്റെ അഭാവത്താല്‍ പ്രസ്തുത നിഗമനങ്ങളെപ്പോലും അവര്‍ക്ക് സ്വീകരിക്കേണ്ടി വരുന്നു.

അതില്‍ ശ്രദ്ധേയമായ നിരീക്ഷണമാണ് ആഫ്രിക്കയിലെ അടിമച്ചന്തയില്‍ നിന്ന് കൊട്ടാരത്തിലേക്ക് വാങ്ങിയ ബഷീര്‍ ആഗയെ, ആഫ്രിക്കന്‍ അടിമകളെ അന്ന് പൊതുവെ ചെയ്തിരുന്നതു പോലെ നിര്‍ബന്ധ വന്ധ്യംകരണത്തിന് വിധേയനാക്കി എന്നത്. പൊതുവെ യൂറോപ്യന്‍ ആഖ്യാനങ്ങളില്‍, ഖുന്‍സയെ ഇസ്‌ലാം വീക്ഷിക്കുന്നത് ലൈംഗികചിന്തയില്ലാത്തവര്‍ എന്നാണെന്ന് കാണപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമില്ലാത്തവരായി ‘സ്ത്രീകളെ ആഗ്രഹിക്കാത്തവര്‍’ എന്നൊരു വിഭാഗത്തെ ഖുര്‍ആന്‍ പരിചയപ്പെടുന്നിടത്ത്, അത് ഖുന്‍സയെക്കുറിക്കുന്നു എന്നൊരു ആഖ്യാനം ശ്രദ്ധേയമാണ്. ഈയൊരു വ്യാഖ്യാനവും വന്ധ്യംകരണ വ്യാഖ്യാനവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ജേന്‍ ഹതവ പരിശോധിക്കുന്നില്ല. പ്രത്യേകിച്ചും വന്ധ്യംകരണമായി ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങളെ എടുത്തുദ്ധരിക്കുന്നിടത്തു പോലും.

സ്ത്രീകളുടെ മുറികളിലേക്ക് വന്ധ്യംകരിക്കപ്പെട്ട ആഫ്രിക്കന്‍ അടിമകളെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജേന്‍ ഹതവെ ബ്രിട്ടീഷ് നയതന്ത്രജ്ഞനായിരുന്ന പോള്‍ റയ്‌കോട്ടിനെ ഉദ്ധരിക്കുന്നുണ്ട് (Paul Rycat). കറുത്തവര്‍ഗക്കാരായ അടിമകളില്‍ നിന്നുണ്ടാകുന്ന വെറുപ്പ് മൂലം സ്ത്രീകള്‍ അവരില്‍ നിന്ന് അകന്ന് നില്‍ക്കുമെന്നും, അവരെ വന്ധ്യംകരണത്തിന് വിധേയരാക്കിയതിനാല്‍ ലൈംഗികമായി അവര്‍ സ്ത്രീകളെ സമീപിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുമെന്നും റയ്‌കോട്ട് വിവക്ഷിക്കുന്നു.
കറുത്തവരോടുള്ള വെള്ളക്കാരുടെ വെറുപ്പിനെയും, യുറോ-അമേരിക്കന്‍ വംശീയതയുടെ മനോഭാവത്തെയും, മുന്‍വിധികളെയും മുസ്‌ലിം ലോകത്തേക്ക് കള്ളക്കടത്ത് നടത്തുന്ന റയ്‌കോട്ടിന്റെ നിലപാടുകളുടെ ഹതവ നിരീക്ഷണ വിധേയമാക്കുന്നുണ്ട്. ബിലാലിനെപ്പോലുള്ള ഒരു മഹാനുഭാവനെ ഇസ്‌ലാമിന്റെ ആഹ്വാനമായി അവതരിപ്പിച്ച ഒരു മനസിന് യൂറോപ്പിന്റേതു പോലെ കറുത്ത ശരീരത്തോട് വെറുപ്പ് തോന്നുമോ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ വിമര്‍ശന വിധേയമാക്കുമ്പോഴും, ജേന്‍ ഹതവയ്ക്ക് ആശ്രയിക്കാനുള്ള സ്രോതസ് റായ്‌കോട്ട്മാരാണെന്നുള്ളതാണ് പ്രശ്‌നം.

യൂറോപ്പ് നിര്‍മിച്ച അക്കാദമിക രീതി ശാസ്ത്രങ്ങളില്‍ നിന്നും സമീപനങ്ങളില്‍ നിന്നും ചട്ടക്കൂടുകളില്‍ നിന്നും ഭിന്ന ലൈംഗികതാ വ്യവഹാരത്തെയും ഖുന്‍സയെക്കുറിച്ചുള്ള ചര്‍ച്ചകളെയും വിമോചിപ്പിക്കുകയാണ്, ഈ വിഷയത്തിലുള്ള ഇസ്‌ലാമിക പാരമ്പര്യത്തെ സത്യസന്ധമായി വിലയിരുത്തുമ്പോള്‍ ചെയ്യേണ്ടത്.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting