അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും-3
ദൈവശാസ്ത്രപരമായ ഉള്ളടക്കം വളരെ കുറഞ്ഞ ഈ പുസ്തകം മുസ്ലിം ചെറുത്തുനില്‍പ്-പോരാളി സംഘടനകള്‍ക്കുള്ള കൈപുസ്തകം പോലെ വായിക്കാം. ദൈവശാസ്ത്രപരമായും കര്‍മശാസ്ത്രപരമായും വളരെ പ്രസക്തമാണ് അബൂ മുസ്അബ് അല്‍സൂരി രചിച്ച രണ്ടാമത്തെ ഗ്രന്ഥം. ഇസ്ലാനമിനെതിരെയും മുസ്ലിംകള്‍ക്കെതിരെയും കാലങ്ങളായി പടിഞ്ഞാറ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന കുരിശുയുദ്ധത്തിന്റെയും കടന്നാക്രമണത്തിന്റെയും ചരിത്രം രേഖപ്പെടുത്തുന്ന 1600 പേജ് വരുന്ന ബൃഹത്ഗ്രന്ഥമാണിത്. മുസ്ലിംകളുടെ നിലവിലെ പരാജയത്തെ കുറിച്ചും അടിമത്തത്തെക്കുറിച്ചും സമഗ്രമായി എഴുതുന്ന അല്‍സൂരി മുസ്ലിം നേതാക്കളെ തങ്ങളുടെ കൊളോണിയല്‍ യജമാനന്‍മാരെ സേവിക്കുന്നവരായിട്ടാണ് അവതരിപ്പിക്കുന്നത്. മാത്രമല്ല മുഹമ്മദ് അബ്ദു, മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയ മുസ്ലിം പരിഷ്‌കര്‍ത്താക്കളൊക്കെയും കപടന്‍മാരും മതപരിത്യാഗികളുമാണെന്നും അദ്ദേഹം വാദിക്കുന്നു. ഈ പരിഷ്‌കര്‍ത്താക്കളുടെ ഇസ്ലാമികവിശ്വാസത്തെ ചോദ്യംചെയ്യുന്ന ചില പാശ്ചാത്യ ചിന്തകരെ ഇദ്ദേഹം ഇടക്കിടെ ഉദ്ധരിക്കുന്നത് രസകരമാണ്.
ശരിയായ ഇസ്ലാം ഏതാണെന്നതിന് വഹാബികളുടെ അതെ നിലപാടാണ് ഗ്രന്ഥകാരനുമുള്ളത്. സൂഫികളും ശിയാക്കളും യുക്തിവാദികളും തത്വജ്ഞാനികളും എന്നു വേണ്ട വഹാബിസത്തിന് പുറത്തു നില്‍ക്കുന്ന അശ്അരി, മുതഹ്രിദി തുടങ്ങിയ ചിന്താധാരകളെയും വഴിപിഴച്ചവരും മതപരിത്യാഗികളുമായാണ് അദ്ദേഹം വിലയിരുത്തുന്നത്. ഓട്ടോമന്‍ ഖിലാഫത്തിനെതിരെ കലാപമുണ്ടാക്കുകയും അവരെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വഹാബി പ്രസ്ഥാനത്തെ കുറിച്ച് വിമര്‍ശനാത്മകമായി ഗ്രന്ഥകാരന് ഒന്നും പറയാനില്ല. എങ്കിലും ഇബ്‌ന് സഊദിനെ ഒറ്റുകാരനായും ബ്രിട്ടീഷ് ഏജന്റായും ഇദ്ദേഹം ചിത്രീകരിക്കുന്നുണ്ട്. തുടക്കത്തില്‍ വഹാബിസത്തിന്റെ സഹയാത്രികനായിരുന്ന അല്‍ സഊദ് പിന്നീട് ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് ഇഖ്‌വാനികള്‍ എന്നറിയപ്പെട്ടിരുന്ന വഹാബിസത്തിന്റെ പോരാളികളെ കശാപ്പ്് ചെയ്യുകയായിരുന്നു. മുസ്ലിംകളുടെ ദുരവസ്ഥ മാറ്റാനുള്ള പരിഹാരം സായുധപോരാട്ടം മാത്രമാണെന്നതില്‍ അല്‍സൂരിക്ക് സന്ദേഹമേതുമില്ല. സംഘര്‍ഷവും യുദ്ധവും മാത്രമാണ് ഭാവിയില്‍ പടിഞ്ഞാറിനെ തകര്‍ക്കാനുള്ള ഏകവഴി എന്നദ്ദേഹം സമര്‍ത്തിക്കുന്നു. ഇതിനിടയില്‍ മറ്റു മുസ്ലിംകളെ കൊല്ലുന്നതിലും പ്രശ്‌നമില്ല. കാരണം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭൂരിഭാഗം മുസ്‌ലിംകളും യഥാര്‍ത്ഥത്തില്‍ അവിശ്വാസികളാണ്. ശിയാക്കളും മറ്റു അവാന്തരവിഭാഗങ്ങളും ക്രിസ്ത്യനികളേക്കാളും ജൂതന്‍മാരേക്കാളും അപകടകാരികളും നിന്ദ്യരുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. .
മുസ്ലിംകള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും പീഡിപ്പിക്കപ്പെടുകയാണെന്നും അനിഷേധ്യമായ രീതിയില്‍ അവതരിപ്പിച്ച ശേഷം അബൂ മുസ്അബ് ഒരു ആലങ്കാരിക ചോദ്യം മുന്നോട്ടു വെക്കുന്നു:ഈ അവസ്ഥക്ക് മാറ്റം വരാന്‍ എന്താണ് പോംവഴി? പ്രാര്‍ത്ഥനകളും അദ്ധ്യാത്മദര്‍ശനങ്ങളും കൊണ്ടു മാത്രം ഒരു പ്രശ്‌നവും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം വാദിക്കുന്നു. അധികാരം കൈക്കലാക്കുന്നതിലും വൈജ്ഞാനികവിപ്ലവത്തിലും വിശ്വസിച്ച ആളുകള്‍ക്കും തെറ്റുപറ്റി എന്നതാണ് അനുഭവമെന്നും അദ്ദേഹം പറയുന്നു. പ്രധാനമായും മുസലിം ബ്രദര്‍ഹുഡ് പോലെയുള്ള രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെട്ട് ജനാധിപത്യത്തെയും ജനങ്ങളുടെ പരമാധികാരത്തെയും അംഗീകരിക്കാന്‍ തയാറായ ഇസ്ലാമിസ്റ്റുകളെ അബൂമുസ്അബ് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. രാഷ്ട്രീയപ്രക്രിയയുടെ ഭാഗമായതോടുകൂടി മുസ്ലിംബ്രദര്‍ഹുഡ് ദൈവനിഷേധം നടത്തിയെന്നും അവരുടെ പരിശ്രമങ്ങള്‍ നിരര്‍ത്ഥകമാണെന്നും അദ്ദേഹം പറയുന്നു. ആധുനികകാലത്തെ മുഴുവന്‍ ഇസ്ലാമികപ്രസ്ഥാനങ്ങളുടെയും തകര്‍ച്ചയെ വിശദീകരിച്ച ശേഷം അബൂ മുസ്അബ് ഇതിനുള്ള പരിഹാരമായി രണ്ടു കാര്യങ്ങള്‍ മുന്നോട്ടു വെക്കുന്നു. 1) പടിഞ്ഞാറുമായും അവരുടെ പാവഭരണകൂടങ്ങളുമായും സുദീര്‍ഘമായ പ്രതികാരയുദ്ധത്തിലേര്‍പ്പെടുക. 2) ക്രമേണ ലോകത്തെ മുഴുവന്‍ മുസ്ലിംകളുടെയും മാതൃഭൂമിയെയും അവരുടെ താത്പര്യങ്ങളുടെയും സംരക്ഷിക്കുന്ന ഒരു ഖിലാഫത്ത് സ്ഥാപിക്കുക. മേല്‍പറഞ്ഞ രണ്ടു ഗ്രന്ഥങ്ങളുടെയും ഉള്ളടക്കത്തില്‍ വളരെ വ്യക്തമായി, യാതൊരു പിഴവുമില്ലാതെ പറയുന്ന കാര്യം ഇവര്‍ക്ക് ഐക്യരാഷ്ട്രസഭയിലും അതിന്റെ അന്താരാഷ്ട്രനിയമങ്ങളിലും തെല്ലും വിശ്വാസമില്ല എന്നതാണ്.
അധപ്പതിച്ച അറബ് നേതാക്കള്‍, ആര്‍ത്തിയും വംശവെറിയും സ്വന്തമായുള്ള പാശ്ചാത്യഭരണകൂടങ്ങള്‍, തകര്‍ന്ന് തരിപ്പണമായ അറബ് ജനത, കടപുഴകി വീണ തദ്ദേശീയ ബുദ്ധീജീവികള്‍, തങ്ങള്‍ക്ക് ഇസ്ലാമിനു വേണ്ടി സംസാരിക്കാനാവുമെന്ന് ധരിച്ചുവശായി മോഹഭംഗം വന്ന ദുരഭിമാനികളായ വിദൂഷകന്‍മാര്‍;അതെ, ഇവരെല്ലാം ചേര്‍ന്ന് അറിഞ്ഞോ അറിയാതെയോ അറബ് വസന്തത്തെ കെടുത്തിക്കളയാനുള്ള ഗൂഢാലോചനയില്‍ പങ്കാളികളായി. എന്നാല്‍ ഹുറിയ്യ (സ്വാതന്ത്ര്യം) സ്വപ്‌നം കണ്ട് മരിച്ച ആയിരക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തിനു മേല്‍ സഹതാപത്തിന്റെ ഖേദപ്രകടനം അഭിനയിച്ചവര്‍ അമിതമായി ആത്മവിശ്വാസം കാണിക്കേണ്ട. കാരണം ഹുറിയ്യ എന്നത് കാര്യങ്ങളുടെ സ്വാഭാവിക നിയോഗമാണ്. ജീവിതം പോലെ തന്നെ അത് വീണ്ടും തളിര്‍ത്തുവരും. ഉഷ്ണകാലത്തെ അസ്വസ്ഥജനകമായ ചൂടിലും ഹേമന്തത്തിലെ ഊഷ്മളതയിലും വളരെ തണുപ്പുള്ള ശൈത്യത്തിലും അത് കിളിര്‍ത്ത് വരും.
വിവര്‍ത്തനം: അയൂബ് റഹ്മാന്‍ അല്‍ഗസാലി, ഹൈദരാബാദ് സര്‍വകലാശാലയില്‍ വിവര്‍ത്തനപഠനത്തില്‍ പി.എച്ച്.ഡി ചെയ്യുന്നു
കടപ്പാട് :എബിസി (ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍)