അല്ലാമാ ഇഖ്ബാലിന്റെ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍
കൊളോണിയല്‍ ഇന്ത്യയിലെ മുസ്‌ലിം ബുദ്ധിജീവികളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന
വ്യക്തിയാണ് അല്ലാമാ ഇഖ്ബാല്‍. പ്രാസംഗികന്‍, എഴുത്തുകാരന്‍, കവി, സംഘാടകന്‍, തത്വചിന്തകന്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്കെല്ലാം അര്‍ഹനായിരുന്നു അദ്ദേഹം. Political Philosophy of Muhammad Iqbal: Islam and Nationalism in Late Colonial India എന്ന പുസ്തകത്തിലൂടെ ഇഖ്ബാലിന്റെ ഫിലോസഫിയുടെ രാഷ്ട്രീയമാനത്തെക്കുറിച്ചന്വേഷിക്കുകയാണ് ഇഖ്ബാല്‍ സിംങ് സെവാ ചെയ്യുത്.
പ്രധാനമായും മൂന്ന് ചട്ടക്കൂടുകള്‍ വികസിപ്പിച്ചാണ് ഇഖ്ബാലിന്റെ രാഷ്ട്രീയ വീക്ഷണത്തെ സെവാ നമുക്ക് മുമ്പില്‍ അവതരിപ്പിക്കുത്. ഇഖ്ബാല്‍ ജീവിച്ച കാലത്തെയും പ്രദേശത്തെയുമാണ് അദ്ദേഹം ആദ്യം പരിശോധിക്കുന്നത്. അത്‌വഴി ഇഖ്ബാലിന്റെ രാഷ്ട്രീയ ഫിലോസഫിയുടെ പശ്ചാത്തലത്തെക്കുറിച്ച ധാരണ നമുക്ക് ലഭ്യമാകുന്നു. കൊളോണിയല്‍ പ്രത്യയശാസ്ത്രത്തെക്കുറിച്ച ഇഖ്ബാലിന്റെ പരിപ്രേക്ഷ്യം അവതരിപ്പിക്കുകയാണ് തുടര്‍ന്നദ്ദേഹം ചെയ്യുന്നത്. മാത്രമല്ല, ഇതര മുസ്‌ലിം ബുദ്ധിജീവികളില്‍ നിന്നും കൊളോണിയലിസത്തോടുള്ള അദ്ദേഹത്തിന്റെ നിലപാട് എങ്ങനെ വ്യത്യസ്തമാകുന്നുവെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. പോസ്റ്റ് കൊളോണിയല്‍ ഭാവിയെക്കുറിച്ച പ്രതീക്ഷകള്‍ നല്‍കിയ ദേശത്തെയും ദേശീയതയെയും ദേശരാഷ്ട്രത്തെയും കുറിച്ച ഇഖ്ബാലിന്റെ സവിശേഷമായ വീക്ഷണങ്ങളെ അവതരിപ്പിക്കുകയാണ് തുടര്‍ന്ന് സെവാ ചെയ്യുന്നത്.
കൊളോണിയല്‍ ഇന്ത്യയുടെ സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ജീവിച്ച ഇഖ്ബാലിന്റെ ബൗദ്ധികവികാസത്തെ ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരവും അതിനെ തുടര്‍ന്ന് മുസ്‌ലിംകള്‍ നേരിട്ട പരാജയവും നോര്‍ത്ത് ഇന്ത്യയിലെ അഷ്‌റഫി മുസ്‌ലിംകള്‍ക്കിടയില്‍ ഒരു പുതിയ രാഷ്ട്രീയാന്വേഷണത്തിന് വഴി തുറക്കുകയുണ്ടായി. കൊളോണിയല്‍ ഇന്ത്യയില്‍ വികസിച്ച ഇസ്‌ലാമിക ചിന്ത പാശ്ചാത്യ സാമൂഹിക ചിന്തകളില്‍ നിന്നും കടം കൊണ്ടതാണെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരം വാദങ്ങളെയെല്ലാം സെവാ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. ബൗദ്ധികമായ സംവാദങ്ങളാല്‍ വികസിച്ച ഒരു ചിന്താപദ്ധതിയായാണ് കൊളോണിയല്‍ ഇന്ത്യയിലെ ഇസ്‌ലാമിക ചിന്തയെ അദ്ദേഹം വായിക്കുന്നത്.
ബ്രിട്ടീഷ് കൊളോണിയല്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇസ്‌ലാമിന് പുതിയൊരര്‍ത്ഥം കണ്ടെത്തുന്നതിന് വേണ്ടി പരിശ്രമിച്ച പണ്ഡിതനായിരുന്നു സര്‍ സയ്യിദ് അഹമ്മദ് ഖാന്‍. അദ്ദേഹം വാദിച്ചത് ഇസ്‌ലാം ഒരു പ്രകൃതിമതമാണെന്നായിരുന്നു. ഇസ്‌ലാമും ശാസ്ത്രീയ തത്വങ്ങളും തമ്മില്‍ പരസ്പരവൈരുദ്ധ്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മുസ്‌ലിം ബുദ്ധിജീവികള്‍ക്കിടയില്‍ നീണ്ട സംവാദത്തിന് ഇത് തുടക്കം കുറിച്ചു. ഖുര്‍ആനും പ്രകൃതിയും തമ്മില്‍ വൈരുദ്ധ്യങ്ങളില്ല എന്ന് ദൈവം തന്നെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ഖാന്‍ വാദിച്ചത്. സയന്‍സും യുക്തിയുമായി ഇസ്‌ലാം താദാത്മ്യം പ്രാപിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യനായ ഷിബ്‌ലി നുഅ്മാനി അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുകയുണ്ടായി. ജീവിതത്തിന്റെ രണ്ട് വ്യത്യസ്തങ്ങളായ മേഖലകളെയാണ് സയന്‍സും ഇസ്‌ലാമും അഭിമുഖീകരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ ഇസ്‌ലാമിനെ സാമൂഹികവും നൈതികവുമായ ഒരു ജീവിത പദ്ധതിയായി മനസ്സിലാക്കിയ ഇഖ്ബാല്‍ മതത്തിന് മേലുള്ള അധീശമായ കൊളോണിയല്‍ അധികാരത്തിന്റെ ഭാഗമായാണ് സയന്‍സിനെയും യുക്തിയെയും കണ്ടത്. ഇഖ്ബാലിന്റെ ഈ നിലപാട് മൗദൂദിയെ ഏറെ സ്വാധീനിക്കുകയുണ്ടായി. പില്‍ക്കാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തെക്കുറിച്ച ആലോചനകള്‍ നടത്താന്‍ മൗദൂദിക്ക് പ്രചോദനമായത് ഇഖ്ബാലിന്റെ ജീവിതവ്യവസ്ഥയെക്കുറിച്ച ഇത്തരം ചിന്തകളായിരുന്നു.
കൊളോണിയല്‍ രാഷ്ട്രത്തെ ഒരു അധീശസ്ഥാപനമായാണ് ഇഖ്ബാല്‍ കണ്ടത്. കോളനിവല്‍ക്കരിക്കുന്നവനും കോളനിവല്‍ക്കരിക്കപ്പെടുന്നവനും തമ്മില്‍ പൊതുസമ്മതത്തോടെയുള്ള ഒരു അധികാരബന്ധം അത് നിര്‍മ്മിച്ചെടുത്തു. അതിന്റെ ഫലമായി കൊളോണിയല്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ അധീശമായ ആശയങ്ങള്‍ ഉടലെടുത്തതെങ്ങനെയെന്ന് ഇഖ്ബാല്‍ നിരീക്ഷിക്കുന്നുണ്ട്. വെസ്‌റ്റേണ്‍ ഫിലോസഫിയും അവിടത്തെ സാമൂഹിക ചിന്തകളും വായിക്കുന്നതില്‍ നിന്ന് അത്തരം ആശങ്കകളൊന്നും തന്നെ ഇഖ്ബാലിനെ തടഞ്ഞില്ല. അധീശമായ രാഷ്ട്രീയ ഭാവനകളുടെയെല്ലാം എതിര്‍പക്ഷത്ത് നിലയുറപ്പിച്ച പോരാളി എന്ന നിലക്കാണ് ഇഖ്ബാല്‍ തന്നെ സ്വയം സങ്കല്‍പ്പിക്കുന്നത്. മാത്രമല്ല, തന്റെ ജീവിത കാലത്ത് നിരവധി കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിട്ടുമുണ്ട്.
ദേശം, ദേശരാഷ്ട്രം, ദേശീയത തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളോട് മുസ്‌ലിംകള്‍ എങ്ങനെ എന്‍ഗേജ് ചെയ്തു എന്നതിനെക്കുറിച്ച നല്ലൊരു പഠനമാണ് ഈ പുസ്തകം. ദേശീയതയില്‍ നിന്നും ദേശരാഷ്ട്രത്തില്‍ നിന്നും വ്യത്യസ്തമാണ് ദേശം എന്നാണ് ഇഖ്ബാല്‍ പറയുന്നത്. കൊളോണിയല്‍ ദേശരാഷ്ട്രത്തിന് ബദലായി കൊളോണിയല്‍ വിരുദ്ധ ദേശരാഷ്ട്രത്തെ മുന്നോട്ട് വെച്ച ദേശീയവാദികളോട് അദ്ദേഹം വിയോജിച്ചു. ദേശരാഷ്ട്രത്തെ കൊളോണിയല്‍ പാരമ്പര്യത്തിന്റെ ഭാഗമായാണ് അദ്ദേഹം കണ്ടത്. ഡീകൊളോണിയല്‍ രാഷ്ട്രീയ ഭാവിയിലേക്ക് നയിക്കുന്ന പ്രബലമായ ഒരു മുസ്‌ലിം ദേശത്തിന്റെ സാധ്യതകളെ പരിഗണിക്കുമ്പോള്‍ മുസ്‌ലിംകള്‍ക്ക് ഒരു ദേശരാഷ്ട്രം വേണോ വേണ്ടയോ എ വിഷയം അപ്രധാനമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹത്തിന്റെ സാമൂഹ്യവീക്ഷണത്തെ തെറ്റായി വായിക്കുന്നത് കൊണ്ടാണ് പാക്കിസ്ഥാന്റെ പിതാവായി ഇഖ്ബാല്‍ അറിയപ്പെടുന്നത് എന്ന് ഈ പുസ്തകം വാദിക്കുന്നു. ഒരു ദേശമെന്ന നിലയില്‍ ഇസ്‌ലാമിന് പുതിയൊരു തുടക്കം നല്‍കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയും എന്ന വിശ്വാസത്തിന്റെ പുറത്ത് മാത്രമാണ് ഒരു മുസ് ലിം ദേശരാഷ്ട്രത്തെ ഇഖ്ബാല്‍ പിന്തുണച്ചത്.
കൊളോണിയല്‍ ഇന്ത്യയിലെ മുസ്‌ലിം ബുദ്ധിജീവികളുമായുള്ള ഇഖ്ബാലിന്റെ സംവാദങ്ങളെക്കുറിച്ചാണ് ഈ പുസ്തകം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ ദേശീയതയുടെ വകതാക്കളായ സവര്‍ണ്ണ ഹിന്ദുക്കളുമായുള്ള ഇഖ്ബാലിന്റെ രാഷ്ട്രീയ ഇടപാട് എങ്ങനെയായിരുന്നു എന്നന്വേഷിക്കാതെ അദ്ദേഹത്തിന്റെ ചിന്തകളിലുണ്ടായ വികാസത്തെ വിശദീകരിക്കാന്‍ കഴിയില്ല എന്നത് തീര്‍ച്ചയാണ്. ഈ പുസ്തകത്തിന്റെ ഒരു പ്രധാന പരിമിതിയും ഇത് തെയാണ്. എന്നിരുന്നാലും ഇഖ്ബാലിന്റെ സവിശേഷമായ രാഷ്ടീയ വീക്ഷണത്തെ മനോഹരമായി അവതരിപ്പിക്കുന്നതില്‍ ഈ പുസ്തകം വിജയിച്ചിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്.
Connect
Connect with us on the following social media platforms.