പശു ഒരു മതേതര മൃഗമാണ്
സംസ്ഥാന മൃഗസംരക്ഷണ നിയമപ്രകാരം 1976ലാണ് മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചത്. 1995ല്‍ ബി.ജെ.പി ശിവസേന അധികാരത്തില്‍ വന്നപ്പോള്‍, കാളകളെയും വണ്ടിക്കാളകളെയും കൊല്ലാന്‍ പാടില്ല എന്ന് കൂട്ടിച്ചേര്‍ത്ത് ഈ നിയമത്തിന് ഒരു ഭേദഗതി കൊണ്ടുവന്നു. ഇതിനാണ് കഴിഞ്ഞയാഴ്ച പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയത്. എന്നാല്‍, പത്രദൃശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം കാളകളെക്കുറിച്ചല്ല, പശുക്കളെക്കുറിച്ചും ഗോവധം നിരോധിച്ചതിനെക്കുറിച്ചുമാണ് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പോലും ഗോവധം നിരോധിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നാണ് ട്വിറ്ററില്‍ എഴുതുന്നത്. വാസ്തവത്തില്‍ ഇത് നടന്നത് 1976 ലാണ് താനും. കാളകളെ കൊല്ലുന്നത് നിരോധിക്കല്‍ ഒരുപാട് സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും ഇങ്ങനെ ഒന്ന് നടക്കുമ്പോള്‍ ‘ഗോവധം നിരോധിച്ചു’ എന്നപേരിലാണ് എല്ലാവരും സംസാരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇതുകൊണ്ട്, നമ്മുടെ ഭരണഘടനതന്നെ ഗോവധത്തെ നിരോധിക്കാനുള്ള പഴുതുകള്‍ തരുന്നുണ്ടെന്നും, ഇതുപ്രകാരം ഏകദേശമെല്ലാ സംസ്ഥാനങ്ങളിലും (കേരളവും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമൊഴിച്ച്) വളരെ മുമ്പുതന്നെ ഗോവധം നിരോധിച്ചുകഴിഞ്ഞിരിക്കുന്നുവെന്നതും പലരും കാണുന്നില്ല. കാണുന്നവര്‍ തന്നെ ഇതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കുന്നില്ല. പകരം, ബി.ജെ.പിയുടെ തീവ്ര ‘ഹിന്ദു’സ്വത്വത്തെ മതേതരത്വത്തിന്റെ പേരില്‍ എതിര്‍ക്കുന്ന ഒരു വ്യവഹാരമാണിവിടെ ഉണ്ടായി വരുന്നത്. ഇതിനടിത്തറയായ മൃദു ‘ഹിന്ദു’ രാഷ്ട്രീയങ്ങളെ തിരിച്ചറിയുകപോലും ചെയ്യുന്നില്ല.. എന്നാല്‍, കൂടുതല്‍ സൂക്ഷ്മമായി നോക്കിയാല്‍ പശുവെന്ന മൃഗവും അതിനെ കൊല്ലുന്നതിന് എതിരെയുള്ള വികാരവും ഇന്ത്യന്‍ മതേതരത്വത്തിന്റെ തന്നെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ കഴിയും.
വേദകാലങ്ങള്‍ മുതല്‍ ബ്രാഹ്മണര്‍ പശുക്കളെ കൊല്ലുകയും തിന്നുകയും ചെയ്തിരുന്നു എന്നാണ് ഡോ. അംബേദ്കര്‍ ‘The Untouchables: Who were they and why they became Untouchables?’ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നത്. എല്ലാ മൃഗങ്ങളോടും (മനുഷ്യരോടും) കരുണ കാണിക്കാന്‍ ആഹ്വാനംചെയ്തുകൊണ്ട് ഉയര്‍ന്നുവന്ന ബുദ്ധമതത്തെ ധാര്‍മികമായി വെല്ലാനാണ് ബ്രാഹ്മണര്‍ സസ്യഭുക്കുകളായതെന്നും പശുവിനെ പൂജിക്കാന്‍ തുടങ്ങിയതെന്നുമാണ് അംബേദ്കര്‍ വാദിക്കുന്നത്. പശുവിനെ ഒരു പുണ്യമൃഗമായി ഉയര്‍ത്തിയപ്പോള്‍ അതിനെ തിന്നുന്നത് ഉപേക്ഷിക്കാതിരുന്നവരാണ് തൊട്ടുകൂടാത്തവരായി മാറ്റിനിര്‍ത്തപ്പെട്ടത് എന്നും അംബേദ്കര്‍ വാദിക്കുന്നു. ഇവിടെ, ജാതിവ്യവസ്ഥയും പശുവെന്ന മൃഗവും തമ്മിലുള്ള ബന്ധത്തെയാണ് അംബേദ്കര്‍ തുറന്നുകാണിക്കുന്നത്.
ഇതുകൊണ്ടുതന്നെയായിരിക്കണം ബ്രാഹ്മണരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന പത്തൊമ്പതാം
നൂറ്റാണ്ടിലെ ‘ഹിന്ദു’ പരിഷ്‌കരണ സഭകള്‍ക്ക് പശു ഇത്ര പ്രധാനപ്പെട്ട ഒരു ചിഹ്നമായി മാറിയത്. വാസ്തവത്തില്‍, ഗുജറാത്തിലും പഞ്ചാബിലും പിന്നീട് മഹാരാഷ്ട്രയിലും നിരവധി ഗോസംരക്ഷണസഭകള്‍ തുറന്നുകൊണ്ടാണ് ആര്യസമാജ് പോലുള്ള ‘ഹിന്ദു’ പരിഷ്‌കരണ പ്രസ്ഥാനങ്ങളും ബാലഗംഗാധര തിലകിനെപ്പോലെയുള്ള നേതാക്കന്മാരും തങ്ങളുടെ പരിഷ്‌കരണപദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
എന്നാല്‍, ബുദ്ധമതത്തിനെതിരെയോ കീഴ്ജാതികള്‍ക്കെതിരെയോ അല്ല ഇവര്‍ പ്രവര്‍ത്തിച്ചത്. ഡേവിഡ് ഹാര്‍ഡിമാന്‍, ശബ്‌നം തേജാനി എന്നിവരുടെ പഠനങ്ങള്‍ കാണിക്കുന്നതുപോലെ, പശുവിനെ കൊല്ലാത്തവരുടെ നാടായ ഭാരതത്തിലേക്ക് പുറമെനിന്ന് കടന്നുവന്ന് പശുക്കളെ കൊല്ലാന്‍ തുടങ്ങിയവരായി മുസ്‌ലിം സമുദായത്തെ സങ്കല്‍പിച്ചുകൊണ്ട്, മുസ്‌ലിംകള്‍ക്കെതിരെയാണ് ഇവര്‍ നീങ്ങിയത്. മുഗള്‍ ഭരണകാലത്ത് ഗോവധം നിരോധിച്ചിരുന്നു എന്ന സത്യത്തിനെതിരെയാണ് ഇത്തരം മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ ഇവര്‍ നടത്തിയത്. ഇങ്ങനെയൊരു ദുഷ് പ്രചാരണം മൂലം വടക്കേ ഇന്ത്യയിലും മഹാരാഷ്ട്രയിലും വന്‍തോതിലുള്ള ഹിന്ദു-മുസ്‌ലിം കലാപങ്ങളുണ്ടായി. ഇതിലൂടെ പശുവിനെ തിന്നാത്ത ഒരു പുതിയ വിഭാഗത്തെ ‘ഹിന്ദു’ മതത്തിന്റെ പേരില്‍ വിഭാവനചെയ്യാനും കീഴ്ജാതികളുടെയും ദലിതരുടെയും ഇടയിലുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ അവരെപ്പോലും ഇതിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങാനും ബ്രാഹ്മണരുടെ ‘ഹിന്ദു’ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു.
ജാതിഘടനയുടെ അധികാരത്തില്‍ അടിസ്ഥാനപ്പെടുത്തിയ (മുസ്‌ലിം വിരുദ്ധമായ) ഇത്തരം കാഴ്ചപ്പാടുകള്‍ ഉപയോഗിച്ചുകൊണ്ടുതന്നെയാണ് ഗാന്ധി തന്റെ രാഷ്ട്രീയം മെനഞ്ഞത്. വാസ്തവത്തില്‍, ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്ത്വം ഗോസംരക്ഷണമാണെന്നും സ്വരാജ്യം നേടാന്‍വേണ്ടിപോലും ഗോസംരക്ഷണം മാറ്റിവെക്കാന്‍ കഴിയില്ലെന്നും ഗാന്ധി പല സന്ദര്‍ഭങ്ങളിലും പറഞ്ഞിട്ടുണ്ട്. ഭരണഘടന നിര്‍മാണ സഭയുണ്ടാക്കുമ്പോള്‍ ഇങ്ങനെയൊരു നേതാവിന്റെ സവര്‍ണരായ അനുയായികള്‍ക്കാണ് അതില്‍ ഭൂരിപക്ഷമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വളരെ വൈകാതെ, ഗോസംരക്ഷണം ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ഭാഗമാക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നു. എന്നാല്‍, ഈ സഭയുടെ ചെയര്‍മാനും ഗോവധ നിയന്ത്രണത്തിന്റെ രാഷ്ട്രീയത്തെ വ്യക്തിപരമായി മനസ്സിലാക്കുകയും ചെയ്തിരുന്ന അംബേദ്കര്‍ മൗലികാവകാശങ്ങള്‍ മനുഷ്യര്‍ക്കാണ്, മൃഗങ്ങള്‍ക്കല്ല എന്ന യുക്തി ഉപയോഗിച്ച് ഈ ആവശ്യത്തെ തള്ളിക്കളഞ്ഞു. പക്ഷേ, ഗോവധത്തെക്കുറിച്ചുള്ള ചര്‍ച്ചയെ തീര്‍ത്തും ഇല്ലാതാക്കാന്‍ അംബേദ്കര്‍ക്ക് കഴിഞ്ഞില്ല. പകരം, അതിനെ സംസ്ഥാന ഡയറക്ടീവ് പ്രിന്‍സിപ്പിളിലേക്ക് മാറ്റാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അങ്ങനെയാണ് ഭരണഘടനയുടെ നാല്‍പ്പത്തെട്ടാം
വകുപ്പുണ്ടാകുന്നത്.
സംസ്ഥാനങ്ങള്‍, കൃഷിയും മൃഗസംരക്ഷണവും ശാസ്ത്രീയവും ആധുനികവുമായി നടത്തണമെന്നാണ് ഈ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാല്‍, അതേസമയംതന്നെ ഗോഹത്യ നിരോധിക്കുന്നതിനെക്കുറിച്ചും ഇതിനൊപ്പം പാലും മറ്റും തരുന്ന കന്നുകാലികളെ വധിക്കുന്നതിനെ നിരോധിക്കുന്നതിനെക്കുറിച്ചും ഈ നിയമം പറയുന്നുണ്ട്. എന്നാല്‍, കോഴി, ആട് എന്നിങ്ങനെയുള്ള മൃഗങ്ങളെക്കുറിച്ച് ഈ വകുപ്പ് ഒന്നുംതന്നെ പറയുന്നില്ല.
ഈ വകുപ്പിനെയും ഇത് ഭരണഘടനാപരമായ സെക്കുലറിസത്തെ ബാധിക്കുന്ന രീതികളെയും വിശദമായി പഠിച്ച ശ്രദ്ധ ചിഗത്തെരി ഇതിനെ ഒരു ഇരട്ടത്താപ്പായിട്ടാണ് കാണുന്നത്. ഒരേസമയം ഹിന്ദു’വികാരങ്ങളെ പ്രതിനിധാനം ചെയ്യുകയും അതേസമയംതന്നെ അങ്ങനെ ചെയ്യാതിരിക്കുകയാണെന്ന് ഭാവിക്കുകയും ചെയ്യുന്ന’ ഒരുനിയമമായാണ് ശ്രദ്ധ ചിഗത്തെരി 48ാം വകുപ്പിനെ കാണുന്നത്.
എല്ലാ മതങ്ങളെയും സ്വീകരിക്കുമ്പോള്‍ (അല്ലെങ്കില്‍, നിരോധിക്കുമ്പോള്‍) തന്നെ ഒരു പ്രത്യേക മതത്തെ കേന്ദ്ര സ്ഥാനത്തുനിര്‍ത്തുന്ന ആധുനിക മതേതരത്വത്തിന്റെ പ്രശ്‌നമാണിത്. അതാണ് ബിജെ.പിയെപ്പോലെ പ്രത്യക്ഷമായി മതത്തിലൂന്നിയ (ഇത് ജാതിയാണെങ്കില്‍പ്പോലും) ഒരു പാര്‍ട്ടിയുടെ ‘ഹിന്ദു’ അജണ്ട മാത്രം നാം കാണുന്നത്. ഇതേ അജണ്ടയിലൂന്നിയ നിരവധി മതേതര സര്‍ക്കാറുകള്‍ എത്രയോ കാലംമുമ്പുതന്നെ ഇന്ത്യയിലെ ഏകദേശമെല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിയന്ത്രിച്ചതിനെക്കുറിച്ച് നാം ആകുലപ്പെടുകയില്ല. ഇങ്ങനെയൊരു പ്രക്രിയയെ മുന്നോട്ടുകൊണ്ടുപോയിക്കൊണ്ട് ബി.ജെ.പി കാളകളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുമ്പോഴാണ് നാം പശുക്കളെക്കുറിച്ച് സംസാരിക്കുന്നത്. വാസ്തവത്തില്‍, കാളകളെക്കുറിച്ച് മാത്രമേ നമുക്കിനി സംസാരിക്കാന്‍ കഴിയുകയുള്ളൂ. കാരണം, പശു പണ്ടേ ഒരു മതേതര മൃഗമായിക്കഴിഞ്ഞിരിക്കുന്നു.
Connect
Connect with us on the following social media platforms.